നേത്ര | ✍️ FAYIZA SHERIN | ഫുൾ പാർട്ട്‌


നേത്ര

*✍️_fαуιzα ѕнєяιи🦋*



"അത്തറ് പള്ളി... അത്തറ് പള്ളി...."

സാമാന്യം നല്ല സ്പീഡിൽ പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചതിന്റെ കൂടെ കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം ചെവിയിലേക്ക് ഇരച്ചു കയറിയതും അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു....
വിൻഡോ സീറ്റിലേക്ക് ചായ്ച്ചു വെച്ചിരുന്ന മുഖത്തേക്ക് കുത്തുന്ന സൂര്യപ്രകാശം തട്ടിയതും അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി ചിമ്മി...

"ഇവിടെയല്ലേ ഇറങ്ങാനുള്ളെ കൊച്ചേ.... പെട്ടെന്ന് ഇറങ്... സമയമില്ല...."

അടുത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റിന്റെ കമ്പിയിൽ അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് കണ്ടക്ടർ പറഞ്ഞത് കേട്ട് അവൾ നേരെയിരുന്ന് അയാളെ മുഖത്തേക്ക് നോക്കി ചെവിയിൽ നിന്ന് ഹെഡ്സെറ്റ് വലിച്ചൂരി...

"ഇത് തന്നെ അല്ലെ ചേട്ടാ....??"

"അതേ കൊച്ചേ... ഒന്ന് പെട്ടെന്ന് ഇറങ്...."

അവളുടനെ അടുത്ത സീറ്റിൽ വെച്ചിട്ടുള്ള ബാഗ് എടുത്ത് തോളിലേക്കിട്ട് ധൃതിയിൽ എണീറ്റ്,, തന്നെ കാത്ത് അക്ഷമയോടെ ഗിയറിൽ പിടിച്ച് തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ ഒന്ന് നോക്കിയ ശേഷം വേഗത്തിൽ സ്റ്റെപ് ഇറങ്ങി റോഡിലേക്ക് കാല് കുത്തി....
അതിനായി കാത്ത് നിന്ന പോലെ ബസ് ശരവേഗത്തിൽ പിറകിലൂടെ പാഞ്ഞു പോയതും മുഖത്തേക്ക് പാറി വന്ന ചെറുമുടിയിഴകളെ ഒതുക്കിക്കൊണ്ടവൾ ചുറ്റുമൊന്ന് നോക്കി...

അതൊരു നാലും കൂടിയ കവലയായിരുന്നു... ചുറ്റിലുമുള്ള ഒരുപാട് കടകളിൽ നിന്നും എല്ലാ കണ്ണുകളും തന്റെ നേരെയാണെന്ന് കണ്ടതും അവൾ പെട്ടെന്ന് കയ്യിലെ വാച്ചിലേക്കൊന്ന് നോക്കി...
പത്തിലുള്ള ചെറിയ സൂചിയെയും അഞ്ചിലേക്ക് ചലിച്ചു തുടങ്ങുന്ന വലിയ സൂചിയെയും ഒന്ന് നോക്കി നെടുവീർപ്പിട്ട ശേഷം അവൾ ടോപിന്റെ സൈഡ് സ്ലിറ്റിനുള്ളിലൂടെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്ത് ഓൺ ചെയ്തു.....

ഹെഡ്സെറ്റിലൂടെ ഒഴുകി വന്ന് കൊണ്ടിരുന്ന പാട്ട് നിന്നപ്പോഴേ ഊഹിച്ച പോലെ ഫോൺ ചാർജ് തീർന്ന് ഓഫ്‌ ആയിരുന്നു.... അവൾ വീണ്ടും മുഖമുയർത്തി ചുറ്റുമൊന്ന് നോക്കി.... പലരും ചെയ്യുന്ന ജോലികൾ പോലും നിർത്തി വെച്ച് തന്നെ സൂക്ഷിച്ചു നോക്കുകയാണ്...
അവളുടെ കണ്ണുകൾ പെട്ടെന്ന് മുന്നിലുള്ള ബാർബർ ഷോപ്പിൽ നിന്ന് പുറത്തേക്ക് നോക്കുന്ന പ്രായമായൊരു മനുഷ്യനിൽ എത്തി നിന്നു.....

മെല്ലെയവൾ മുന്നോട്ട് ചെന്ന് ആ ബാർബർ ഷോപ്പിലേക്കുള്ള സ്റ്റെപ് കയറിയതും തൊട്ടടുത്ത പീടികയിൽ പത്രം വായിച്ചു കൊണ്ടിരുന്നവർ എല്ലാം അവളെയൊന്ന് ഉഴിഞ്ഞു നോക്കി....
ബാർബർ ഷോപ്പിലുള്ള ആള് മെല്ലെ വാതിലിനടുത്തേക്ക് വന്നതും അവളൊന്ന് പുഞ്ചിരിച്ചു....

"ചേട്ടാ ഈ മൂസ ഹാജിയുടെ വീട് എവിടെയാണെന്ന് അറിയാമോ....??"

"കുട്ടി ഏതാ....?? ഇവിടെയൊന്നും മുന്നേ കണ്ടിട്ടില്ലല്ലോ...."

അയാളെന്തെങ്കിലും മറുപടി കൊടുക്കുന്നതിന് മുന്നേ കള്ളിമുണ്ടുടുത്തൊരു മനുഷ്യൻ അടുത്തുള്ള പീടികയിൽ നിന്ന് പത്രം മടക്കി വെച്ച് എണീറ്റതും അവൾ പുഞ്ചിരിയോടെ തന്നെ അയാളെയും നോക്കി....

"ഞാനിവിടെ ആദ്യമായിട്ടാ വരുന്നേ... അത് കൊണ്ടാ എന്നെ കണ്ട് പരിചയമില്ലാത്തെ...."

"മോളെന്തിനാ മൂസാക്കയെ ചോദിക്കുന്നെ....??"

പെട്ടെന്ന് മുന്നിൽ നിൽക്കുന്നയാൾ ചോദിച്ചതും അവൾ അയാളെ നേരെ തിരിഞ്ഞു...

"പോക്കരെ...."

അവളെന്തോ പറയാൻ തുടങ്ങുന്നതിന് മുന്നേ പിറകിൽ നിന്നൊരു വിളി കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞു നോക്കി....
അമ്പതിനോടടുത്ത് പ്രായം വരുന്നൊരു മനുഷ്യൻ അവരെ നേരെ നടന്ന് വരുന്നത് കണ്ടതും ഒരുവിധം എല്ലാവരും ബഹുമാനത്തോടെ എണീറ്റു.... അവളെ നോക്കി അദ്ദേഹമൊന്ന് പുഞ്ചിരിച്ചപ്പോൾ തന്നെ അവൾക്ക് ആളെ മനസിലായിരുന്നു....

"നമ്മടെ നാട്ടിൽ ആദ്യായിട്ട് വന്ന ഒരു കുട്ടിയോട് ഇങ്ങനാണോ നിങ്ങളൊക്കെ പെരുമാറുന്നെ....??"

കള്ളിമുണ്ടുടുത്ത അയാളെ നോക്കി അദ്ദേഹം ചോദിച്ചതും അയാൾ ഇഷ്ടക്കേടോടെ അവളെയൊന്ന് നോക്കി....

"നമ്മടെ പള്ളി മുക്രിയെ അന്വേഷിച്ച് അന്യ മതത്തിൽ നിന്നൊരു പെൺകുട്ടിക്ക് വരേണ്ട ആവശ്യമൊന്നും ഇല്ലല്ലോ... അത്കൊണ്ട് ചോദിച്ചതാ മൂസാക്കാ...."

"ദേ പോക്കരെ... ബാങ്ക് വിളിക്കുന്ന നാവാ എന്റേത്... ഇയ്യത് അശുദ്ധിയാക്കരുത്.... ഓന്റെയൊരു മതവും ജാതിയും...."

അദ്ദേഹത്തിന്റെ മുഖത്ത് പടരുന്ന ഗൗരവത്തിലും ശോഭയോടെ നെറ്റിയിൽ തെളിഞ്ഞു കാണുന്ന നിസ്കാരത്തയമ്പിലായിരുന്നു അവളുടെ ശ്രദ്ധ മുഴുവനും...
അതിന് വല്ലാത്തൊരു ആകർഷണ ഭംഗിയുള്ള പോലെ തോന്നി അവൾക്ക്....

"മോളല്ലേ ഉസ്താദ് പറഞ്ഞ....??"

പുഞ്ചിരിയോടെ അവളെ നേരെ തിരിഞ്ഞു കൊണ്ടദ്ദേഹം ചോദിച്ചതും അവളെ ചുണ്ടുകൾ വിടർന്നു....

"അതേ ഇക്കാ... ഞാൻ കുറച്ച് വൈകി... ഇങ്ങോട്ട് എപ്പോഴും ഒന്നും ബസ് ഇല്ലല്ലേ...."

"അത് സാരമില്ല... മോള് വായോ...."

മൂസാക്ക റോഡിലേക്ക് ഇറങ്ങി ചുറ്റുമൊന്ന് നോക്കിയതും അതുവരെ അവളെ സംശയത്തോടെ നോക്കിക്കൊണ്ടിരുന്ന എല്ലാ കണ്ണുകളും പിൻവലിഞ്ഞു...
പീടിക വരാന്തയിൽ അവരെത്തന്നെ നോക്കി നിൽക്കുന്ന പോക്കരിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൾ മൂസാക്കയെ അനുഗമിച്ചു....

കവലയിൽ നിന്ന് വലതു ഭാഗത്തെ റോഡിലൂടെ വേഗത്തിൽ നടക്കുന്ന മൂസാക്കയുടെ ഒപ്പമെത്താൻ അവൾ ബാഗ് തോളിലേക്ക് കുറച്ചൂടെ കയറ്റിയിട്ട് വേഗത്തിൽ ചുവടുകൾ വെച്ചു....
നീണ്ടു കിടക്കുന്ന റോഡിന്റെ സൈഡിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു പുളിമരത്തിന്റെ ചുവട്ടിൽ എത്തിയതും അദ്ദേഹമൊന്ന് നിന്ന് അവളെ തിരിഞ്ഞു നോക്കി... അപ്പോഴേക്കും അവൾ അദ്ദേഹത്തിനടുത്തേക്ക് എത്തിയിരുന്നു....

"ഇതിലെ...."

പുളിമരത്തിന് പിറകിലായി കാണുന്ന മൺപാതയിലേക്ക് ഇറങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞതും അവളും പിറകെ ഇറങ്ങി....
ഇപ്രാവശ്യം അദ്ദേഹം അവൾക്കൊപ്പം പതിയെയാണ് നടന്നത്...

"മോൾടെ പേര് ഞാൻ മറന്നൂട്ടോ... വായിൽ നിൽക്കാത്തൊരു പേര് പോലെ തോന്നി...."

അവളൊന്ന് ചിരിച്ചു....

"ദക്ഷ....!!"

"ആ... അതന്നെയാ ഉസ്താദ് പറഞ്ഞെ... പക്ഷെ എനിക്ക് ഓർമയിൽ നിക്കുന്നില്ല... മോള് നോക്കിക്കോ... ഞാനിനീം മറക്കും...."

അദ്ദേഹം ചിരിയോടെ പറയുന്നത് കേട്ട് അവളും ചിരിച്ചു....

"അതിന് ഇക്ക ദച്ചു എന്ന് ഓർത്ത് വെച്ചാൽ മതി...."

"ആഹ് അത് മതി... അല്ല മോള് പ്രശാന്ത് മാഷിന്റെ ആരാ....??"

മുന്നോട്ട് നടന്ന് കൊണ്ട് തന്നെ അദ്ദേഹം ചോദിച്ചതും അവൾ വെറുതെയൊന്ന് പുഞ്ചിരിച്ചു...

"മോളാ...."

"ആണോ....??"

അദ്ദേഹം പെട്ടെന്ന് ആശ്ചര്യത്തോടെ അവളെ നോക്കി...

"പ്രശാന്ത് മാഷ് പറഞ്ഞിട്ട് ഒരു കുട്ടി വരുന്നുണ്ടെന്ന് ഉസ്താദ് പറഞ്ഞപ്പോ അത് മാഷിന്റെ മോളായിരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല.... പഠിപ്പിച്ച ഏതേലും കുട്ടി ആയിരിക്കുമെന്നാ കരുതിയെ.... എന്നിട്ട് അച്ഛന് സുഖമല്ലേ മോളെ....??"

"ആഹ്...."

അവളിലെ മങ്ങാത്ത പുഞ്ചിരിയിലേക്ക് നോക്കി അദ്ദേഹവും ഒന്ന് നിറഞ്ഞ് പുഞ്ചിരിച്ചു...

"ദേ ആ കാണുന്നതാണ് എന്റെ വീട്...."

രണ്ട് ഭാഗവും വളർന്നു തുടങ്ങിയ കുറ്റിച്ചെടികൾ നിറഞ്ഞ ആ മൺപാതയുടെ വലതു വശത്തേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞതും അവളങ്ങോട്ട് നോക്കി....
ലളിതമായ വലിപ്പത്തിലുള്ളൊരു ഇരുനില വീടിന് നേരെ നോട്ടം എത്തി നിന്നതും അവളാ വീടൊന്ന് നോക്കി....

"ഇവിടെയൊക്കെ ചുറ്റും വീടുകളുണ്ട്.... പക്ഷെ ഇനിയങ്ങോട്ട് ആ ഒരൊറ്റ വീട് മാത്രമേ ഉള്ളു... മോൾക്ക് വിഷമാവോ....??"

"ഇല്ല ഇക്കാ... ഞാനാ പറഞ്ഞെ... എനിക്കാ വീട് മതിയെന്ന്...."

അദ്ദേഹം ആശ്വാസത്തോടെയൊന്ന് ചിരിച്ച് അവളുടെ മുന്നിലേക്ക് കയറി നടന്നതും അവിടെത്തെ ഇളം കാറ്റിനെ പോലും ആസ്വദിച്ചു കൊണ്ടവൾ അദ്ദേഹത്തിന്റെ പിറകെ നടന്നു....
ആ വഴി പിന്നീടൊരു വളവായിരുന്നു... ആ വളവ് തൊട്ട് വീടുകളൊന്നും ഇല്ല.... ഒരു അഞ്ച് മിനിറ്റ് കൂടി മുന്നോട്ട് നടന്നപ്പോൾ തന്നെ ഉയർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഓടിട്ടൊരു വീടിന്റെ മേൽക്കൂര ഭാഗം തെളിഞ്ഞു കാണാൻ തുടങ്ങിയിരുന്നു.....

"ഇതാണ് മോളെ വീട്...."

പെട്ടെന്ന് നിന്ന് കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് നിന്ന് മുന്നോട്ട് നോക്കി....
അവർ നിൽക്കുന്ന വഴിയിൽ നിന്ന് ഒരു ചെറിയ ഇറക്കമാണ് വീടിന്റെ മുറ്റത്തേക്ക്.... രണ്ട് നിലയുള്ള പഴയ ഓടിട്ട വീട്.... അദ്ദേഹം മുന്നോട്ട് നടന്നതും അവളും സൂക്ഷിച്ച് ചരൽ കല്ലുകളിലൂടെ താഴേക്ക് ഇറങ്ങി മുറ്റത്ത് എത്തി.....

"ഇത് ഞങ്ങടെ തറവാടായിരുന്നു... പിന്നെ ഓരോ പ്രശ്നങ്ങളൊക്കെ വന്ന് ആരും താമസിക്കാതെയായി.... മുഴുവൻ പൊടി പിടിച്ചു കിടക്കായിരുന്നു.... രണ്ടൂസം മുന്നേ ഉസ്താദ് പറഞ്ഞിട്ട് ഞാനും എന്റെ ഭാര്യയും മോളും കൂടി വന്ന് അടിച്ച് തുടച്ചിട്ടിരുന്നു...."

പറയുന്നതിന്റെ കൂടെ മുന്നിലെ രണ്ട് സ്റ്റെപ് കേറി അദ്ദേഹം മുൻവാതിൽ വലിയൊരു ശബ്ദത്തോട് കൂടി ഉള്ളിലേക്ക് തള്ളിത്തുറന്നതും അവൾ ചുറ്റുപാടും നോക്കുന്നത് നിർത്തി മുന്നോട്ട് നോക്കി....

"എന്ത് പ്രശ്നങ്ങൾ....??"

അവൾ പെട്ടെന്ന് ചോദിച്ചതും അകത്തേക്ക് കയറിയ അദ്ദേഹം തിരിഞ്ഞു നോക്കി....

"മോൾക്ക് ഈ ജിന്നിലൊക്കെ വിശ്വാസമുള്ളതാണോ....??"

അവൾ ചിരിയോടെ വിടരുന്ന ചുണ്ടുകളെ പെട്ടെന്ന് കൂട്ടിപ്പിടിച്ചു...

"അറിയില്ല... പക്ഷെ പേടിയില്ല....!!"

"എങ്കി മോള് ധൈര്യമായി കേറി വായോ...."

ചിരിച്ചു കൊണ്ട് അദ്ദേഹം അകത്തേക്ക് കയറിപ്പോയപ്പോ അവൾ വല്ലാത്തൊരു ആവേശത്തോടെ ആ വീടിന്റെ മുകൾഭാഗം വരെ മുഖമുയർത്തി നോക്കി.... പിന്നെ മെല്ലെ വലത് കാല് വെച്ച് അകത്തേക്ക് കയറി...

സിറ്റൗട്ട് പോലുള്ളൊരു ചെറിയ മുറിയായിരുന്നു അത്.... അകത്ത് നിന്ന് ഏതൊക്കെയോ വാതിലുകളും ജനലുകളും തുറക്കുന്ന ശബ്ദം ഉയരുന്നതിന്റെ കൂടെ അതുവരെ അവിടെ തിങ്ങി നിന്നിരുന്ന കറുപ്പിലേക്ക് വെളിച്ചം അലിഞ്ഞു ചേർന്നു....
വൃത്തിയാക്കി വെച്ചിട്ടുണ്ടെങ്കിലും ഓരോ മുക്കിലും മൂലയിലും സൂക്ഷിച്ചു നോക്കുന്ന അവളുടെ കണ്ണുകളിൽ പൊടികളും മറ്റും പെടുന്നുണ്ടായിരുന്നു.....

സിറ്റൗട്ട് കഴിഞ്ഞ് ഒരു നീണ്ട ഇടനാഴി പോലുള്ള വഴിയാണ്... അത് കഴിഞ്ഞ് ഹാൾ പോലെ ഇച്ചിരി വലിപ്പമുള്ളൊരു മുറി... അതിന്റെ ഒരു സൈഡിലായി മരത്തിന്റെ ഗോവണിയും....

"അടുക്കള ഇവിടെയാണ്‌ ട്ടോ... "

ആ ഗോവണിക്കപ്പുറം കാണുന്ന ഡോറിന്റെ മുന്നിൽ നിന്ന് കൊണ്ട് മൂസാക്ക പറഞ്ഞതും അവളൊന്ന് മൂളി...

"വീട് ഇഷ്ടായോ മോളെ....??"

"പിന്നല്ലാതെ.... അന്വേഷിച്ച് നടന്നത് തന്നെ കിട്ടി...."

എന്ന് പറഞ്ഞവൾ ചിരിച്ചു കൊണ്ട് വീണ്ടും അവിടെയുള്ള ഓരോ വസ്തുവിനെയും കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാൻ തുടങ്ങി....

"മോളിൽ മൂന്ന് മുറിയുണ്ട്... താഴെയും.... ആ വലതു വശത്ത് കാണുന്ന മുറി കാലങ്ങളായി അടച്ചിട്ടിരിക്കുന്നതാ... അത് മോള് തുറക്കാൻ നിക്കണ്ട... വേറെ ഏത് മുറിയിൽ വേണമെങ്കിലും മോൾക്ക് താമസിക്കാം...."

അവൾ മെല്ലെ ആ മുറിയുടെ നേരെയൊന്ന് തിരിഞ്ഞു നോക്കി പതിയെ മൂളി....

"മോള് വല്ലതും കഴിച്ചതാണോ....??"

"രാവിലെ പുറപ്പെടുന്നതിന് മുന്നേ ലഘുവായി കഴിച്ചിരുന്നു... എനിക്കൊന്നും വേണ്ട... വിശപ്പില്ല...."

"എന്നാ മോള് ചെന്ന് റസ്റ്റ്‌ എടുത്തോ... ബാത്രൂം പുറത്തെ ഉള്ളു ട്ടോ.... ഞാൻ പള്ളിയിലേക്ക് ചെല്ലട്ടെ... മോള് വന്നാ പെട്ടെന്ന് അറിയിക്കാൻ പറഞ്ഞിട്ടുണ്ട് ഉസ്താദ്.... "

അവൾ പുഞ്ചിരിയോടെ മൂളിയതും അദ്ദേഹം മുന്നോട്ട് നടന്നു.... പെട്ടെന്ന് നിന്ന് അവളെ തിരിഞ്ഞു നോക്കി...

"മോൾക്ക് വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞിട്ട് പ്രശാന്ത് മാഷിന് ഞാൻ വിളിച്ചു നോക്കിയിരുന്നു... കിട്ടിയില്ലല്ലോ...."

"എന്റെ ഫോൺ ചാർജ് തീർന്ന് ഓഫ്‌ ആയിപ്പോയി... അച്ഛൻ ഇപ്പൊ ഫോൺ അധികം യൂസ് ചെയ്യാറില്ല.... കേടാ... എന്തേലും ആവശ്യമുണ്ടെങ്കിൽ മെയിൽ അയക്കാറാ പതിവ്... അല്ലേൽ ഇങ്ങോട്ട് അയച്ച പോലെ കത്ത്...."

അദ്ദേഹമൊന്ന് ചിരിച്ചു....

"എങ്കി മോള് ഈ വാതിൽ അടച്ചേക്ക്... ഉച്ചത്തേക്കുള്ള ഭക്ഷണം ഞാനെന്റെ മോളെ കയ്യിൽ കൊടുത്ത് വിടാം.... മോള് വരുന്നുണ്ടെന്ന് കേട്ടപ്പോ തുടങ്ങിയതാ അവൾക്ക് കാണാൻ ആഗ്രഹം... ആ പെണ്ണിന് അങ്ങനെ ഓരോ വട്ടുകളാ...."

മകളോടുള്ള വാത്സല്യം തുളുമ്പുന്ന ആ മുഖത്തേക്ക് നോക്കി ദച്ചു പുഞ്ചിരിയോടെ നിന്നു...

"ശെരി മോളെ... വാതിൽ അടച്ചേക്ക്...."

അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതും അവൾ വാതിൽക്കൽ നിന്ന് നോക്കി..
കയ്യിലെ സിൽവർ കളർ വാച്ചിലേക്ക് നോക്കി ധൃതിയിൽ മുന്നോട്ട് നടക്കുന്ന ആ മനുഷ്യനെ ഒന്ന് നോക്കിയ ശേഷം അവൾ പതിയെ ഡോർ അടച്ച് ശ്വാസം വലിച്ചു വിട്ടു....
ശേഷം മേൽക്കൂര മുഴുവനൊന്ന് കണ്ണോടിച്ച ശേഷം അകത്തേക്ക് കയറി....

ആദ്യമേ നോട്ടം എത്തി നിന്നത് പൂട്ടിക്കിടക്കുന്ന ആ മുറിയുടെ വാതിലിലേക്കായിരുന്നു.... ഒരു പുഞ്ചിരിയോടെ തുരുമ്പ് പിടിച്ച് കിടക്കുന്ന അതിന്റെ പൂട്ട് ഒന്ന് നോക്കിയ ശേഷം അവൾ ഗോവണിയുടെ അടുത്തേക്ക് ചെന്നു.... ശബ്ദമുണ്ടാക്കുന്ന ഓരോ പടികളും മെല്ലെ അമർത്തി ചവിട്ടി കയറി അവൾ മുകളിലെ നിലയിലെത്തി.... നീണ്ട് കിടക്കുന്നൊരു ഇടനാഴിയിലേക്കാണ് എത്തി നിന്നത്... രണ്ട് സൈഡിലും ആ ഇടനാഴിയുടെ അവസാനത്തിലുമായി ഓരോരോ മുറികൾ....
അവൾ പതിയെ വലതു ഭാഗത്തുള്ള മുറിയുടെ ഡോർ അകത്തേക്ക് തള്ളിത്തുറന്നു.... ഒരു പ്രത്യേക ശബ്ദത്തോടെ അത് തുറന്നതും അകത്തെ വിശാലമായ മുറിയിലേക്ക് അവളൊന്ന് നോക്കി....

ഒരു മൂലയിൽ പഴകിയൊരു കട്ടിലും പിന്നെയൊരു മേശയും അല്ലാതെ ആ മുറിയിൽ വേറൊന്നും ഇല്ലായിരുന്നു...
മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത് നോക്കിക്കൊണ്ട് അകത്തേക്ക് കയറി അവൾ ആദ്യമേ ചെന്ന് ഇരുമ്പിന്റെ കൊളുത്തുകൾ വേർപ്പെടുത്തി ജനലുകൾ മുഴുവൻ തുറന്നിട്ടു.... വല്ലാത്തൊരു ആവേശത്തോടെ കാറ്റും വെളിച്ചവും ആ മുറിയിലേക്ക് പാഞ്ഞു കയറിയതും അവളുടെ മുഖം വിടർന്നു..... ശ്വാസം നീട്ടി വലിച്ച് വിട്ട് കൊണ്ട് തോളിലുള്ള ബാഗ് ബെഡിലേക്ക് ഇറക്കി വെച്ച ശേഷം സൈഡിലുള്ള സിബ് തുറന്ന് ചാർജർ പുറത്തേക്ക് എടുത്ത് ചുറ്റുമൊന്ന് നോക്കി.....

മേശയോട് ചാരിയുള്ള ചുമരിൽ പഴകിയൊരു സ്വിച്ച് ബോർഡ്‌ കണ്ടതും അങ്ങോട്ട്‌ ചെന്ന് ചാർജർ പ്ലഗ് ചെയ്യാൻ നോക്കിയെങ്കിലും കഴിയുന്നില്ലായിരുന്നു.... നെറ്റി ചുളിച്ചു കൊണ്ടവൾ സൂക്ഷിച്ചു നോക്കെ പ്ലഗ് ചെയ്യാനുള്ള ഓട്ടയിലൊക്കെ ചിതൽ കണ്ട് അവൾ നാവ് കടിച്ചു പിടിച്ചു....
പിന്നെ ചുറ്റുമൊന്ന് പരതി നോക്കി... നിലത്ത് കിടക്കുന്നൊരു ഈർക്കിൽ കമ്പിൽ നോട്ടം എത്തി നിന്നതും മുന്നോട്ട് ചെന്ന് അതെടുത്ത് വന്ന് പതിയെ ചിതൽ തോണ്ടി പുറത്തേക്കിടാൻ തുടങ്ങി.... ഏകദേശം പ്ലഗ് ചെയ്യാനുള്ള ഹോൾസ് തെളിഞ്ഞു വന്നതും അവൾ ചാർജർ പ്ലഗ് ചെയ്ത് പതിയെ ചൂണ്ട് വിരൽ നീട്ടി സ്വിച്ച് ഓൺ ചെയ്തു.....
പ്രതീക്ഷിച്ച പോലെ പൊട്ടലും ചീറ്റലും ഒന്നും കേൾക്കാത്തത് കാരണം അവൾ പതിയെ ചാർജറിനറ്റത്തേക്ക് ജീനിന്റെ പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്ത് കണക്ട് ചെയ്തു....

ഓഫ്‌ ആയി കിടന്നിരുന്ന സ്ക്രീനിൽ പെട്ടെന്ന് ചാർജിങ് കാണിച്ചതും അവൾ ഫോൺ മേശയിലേക്ക് വെച്ച് തിരിഞ്ഞ് ബാഗിനടുത്തേക്ക് ചെന്നു...
മാറ്റിയിടാനുള്ള ഡ്രസ്സ്‌ എടുത്ത് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി സ്റ്റെപ്സ് ഇറങ്ങി താഴെയെത്തി.... കിച്ചൻ എന്ന് പറഞ്ഞ് കാണിച്ചു തന്ന ഡോറിനടുത്തേക്ക് ചെന്ന് അവൾ അകത്തേക്ക് നോക്കി.....
പഴകിയൊരു ഗ്യാസ് സ്റ്റവ്,, പിന്നെ അടുപ്പും... അത്യാവശ്യം വേണ്ട പാത്രങ്ങളും ഒരു മേശയും.... എല്ലാം വെറുതെയൊന്ന് നോക്കിയ ശേഷം അവൾ കിച്ചണിന്റെ സൈഡിലുള്ള ഡോർ തുറന്നു നോക്കി.... പ്രതീക്ഷിച്ച പോലെ പുറത്തേക്കുള്ള ഡോർ ആണെന്ന് കണ്ടതും അവൾ സ്റ്റെപ്പിലേക്ക് ഇറങ്ങി നിന്ന് ഡോർ അടച്ചു....

അവൾക്കെന്ന പോലെ സ്റ്റെപ്പിൽ പുതിയൊരു ജോഡി ചെരിപ്പ് ഇരിക്കുന്നത് കണ്ട് പുഞ്ചിരിയോടെ അതിട്ട് കൊണ്ടവൾ മുറ്റത്തേക്ക് ഇറങ്ങി.... അധികം അന്വേഷിക്കാതെ സൈഡിൽ തന്നെ വലിയൊരു മുറി രണ്ടായി തിരിച്ച് ടോയ്‌ലെറ്റും ബാത്രൂമും കണ്ടു.... പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേൽക്കൂര വലിച്ചു കെട്ടിയ അതിന്റെ അവിടെയും ഇവിടെയും പൊളിഞ്ഞ ഡോറിലേക്ക് അവൾ സംശയത്തോടെ കുറച്ച് നേരം നോക്കി നിന്നു......
പിന്നെ പതിയെ ചുറ്റുമൊന്ന് നോക്കി.... അവളല്ലാതെ അവിടെയൊന്നും ഒരു മനുഷ്യക്കുഞ്ഞും ഇല്ലാന്നുള്ള വിശ്വാസത്തിൽ ഡോർ തുറന്നവൾ അകത്തേക്ക് കയറി.....

പഴകിയൊരു അലുമിനിയം ബക്കറ്റ്,, പകുതി പൊട്ടിയ കോപ്പ,, പായൽ പിടിച്ചൊരു ടാപ്... സോപ്പും ബ്രഷും പേസ്റ്റുമെല്ലാം പുതിയതായി അവിടെ സൈഡിലുള്ള അലക്കുകല്ലിൽ ഇരിക്കുന്നുണ്ടായിരുന്നു....
ചുമരിനോട് ചേർന്ന് മാറാല പിടിച്ച് കിടക്കുന്ന അയയെ കൈ കൊണ്ട് വൃത്തിയാക്കി കയ്യിലുള്ള ഡ്രസ്സ്‌ അവൾ അതിന്മേലേക്ക് വെച്ചു.... ശേഷം ചുറ്റുമൊന്ന് നോക്കിയ ശേഷം ഡോറിന്റെ കൊളുത്ത് ഇട്ട് കഴുത്തിലുള്ള സ്കാഫ് മുക്കാൽ ഭാഗം മാത്രം ഉയരമുള്ള ഡോറിന്റെ മുകളിലൂടെ വിടവുകളെല്ലാം മറയുന്ന രീതിയിൽ വിരിച്ചിട്ടു.... എങ്കിലും തെളിഞ്ഞു കാണുന്ന വിടവുകളെ ഇച്ചിരി നീരസത്തോടെ നോക്കിയ ശേഷം അവൾ മുന്നോട്ട് തിരിഞ്ഞ് ടാപ് തുറന്നു....

അലക്കാനുള്ള ഡ്രസ്സ്‌ എല്ലാം കല്ലിൽ തന്നെ വെച്ച് ഫ്രഷ് ആയി ഇറങ്ങി അവൾ മുന്നോട്ട് നടന്നു....
ഇട്ടിരിക്കുന്ന ടീഷർട്ടിനെ നനക്കുന്ന അരയോളമുള്ള മുടിയിഴകളെ ടർക്കി കൊണ്ടവൾ ഇടക്കെല്ലാം അമർത്തി തുടക്കുന്നുണ്ടായിരുന്നു.... ഡോർ തുറന്ന് അകത്തേക്ക് കയറി ഡോർ ഭദ്രമായി അടച്ച ശേഷം മുകളിലേക്ക് ചെന്നവൾ റൂമിലെത്തി ആദ്യമേ ഫോണിലേക്ക് നോക്കി... ഇപ്പോഴും 5% എന്ന് കാണിക്കുന്ന സ്ക്രീനിലേക്ക് പരിഭവത്തോടെ നോക്കിക്കൊണ്ട് മെല്ലെ ആദ്യം കണ്ട സ്വിച്ച് ഇട്ടു... മുകളിലായി തൂങ്ങി കിടക്കുന്ന മഞ്ഞ ബൾബ് പ്രകാശിച്ചതും അവളത് ഓഫ്‌ ചെയ്ത് അടുത്തുള്ളത് ഇട്ടു....

വലിയൊരു മുഴക്കത്തോടെ ഫാൻ ഓൺ ആയതും അവൾ മുഖമുയർത്തി നോക്കി.... ഫാൻ വല്ലാതെ കിടന്ന് ഇളകുന്നത് കണ്ട് അവൾ പെട്ടെന്ന് സ്വിച്ച് ഓഫ്‌ ചെയ്തു... പിന്നെയെന്തോ ഓർത്ത് ചിരിയോടെ കയ്യിലുള്ള ടവൽ കട്ടിലിന്റെ കാലിലേക്ക് വിരിച്ചിട്ടു....
ജനലുകളെല്ലാം കട്ടിലിന്റെ വലതു ഭാഗത്ത് ആയിരുന്നത് കൊണ്ട് കാറ്റും വെളിച്ചവും കട്ടിലിൽ കിടന്നാൽ അത്രയധികം കിട്ടില്ലായിരുന്നു....
അത് മനസിലാക്കിയ പോലെ പഴകിയ ഭാരം കുറഞ്ഞയാ കട്ടിൽ നിഷ്പ്രയാസം ജനലിന്റെ അടുത്തേക്ക് നീക്കിയിട്ട ശേഷം ഒരു നെടുവീർപ്പിട്ടു കൊണ്ടവൾ കട്ടിലിലേക്ക് കയറി കിടന്നു..... ചെരിഞ്ഞു കിടന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്നവളുടെ പുഞ്ചിരിക്ക് മാറ്റ് കൂട്ടാനെന്ന പോലെ ഒരിളം തെന്നൽ അവളെ തഴുകി കടന്ന് പോയി....
അവൾ നിറഞ്ഞ പുഞ്ചിരിയോടെ പതിയെ കണ്ണുകളടച്ചു....

അപ്പോഴും പുതിയ അഥിതി ആരാണെന്ന രീതിയിൽ ഭിത്തിയിലിരിക്കുന്ന രണ്ട് പല്ലികൾ അവളെത്തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.....

* * *

ആരോ വിളിക്കുന്ന പോലുള്ള ശബ്ദം കേട്ടിട്ടാണ് അവൾ പിന്നെ ഞെട്ടി എണീറ്റത്....
ഏറെനേരം ഉറങ്ങിയത് കൊണ്ടവണം തലക്ക് വല്ലാത്ത ഭാരമുള്ള പോലെ തോന്നുന്നുണ്ടായിരുന്നു.... ജനലിലൂടെ അരിച്ചെത്തുന്ന കുത്തുന്ന വെളിച്ചത്തിലേക്ക് നോക്കാൻ കഴിയാതെ കണ്ണുകൾ ഇറുകെ മൂടി അവൾ പതിയെ മറുസൈഡിലേക്ക് ചെരിഞ്ഞു കിടന്നു....

അപ്പോഴും ഡോർ ശക്തിയിൽ മുട്ടുന്ന ശബ്ദം നന്നായി കേൾക്കുന്നുണ്ടായിരുന്നു.... എന്താണെന്ന് മനസിലായില്ലെങ്കിലും ആരോ വിളിക്കുന്നുണ്ടെന്ന് മനസിലായി.... പെട്ടെന്ന് എണീറ്റിരുന്നു കൊണ്ടവൾ അനുസരണയില്ലാതെ പരന്നു കിടക്കുന്ന മുടിയിഴകൾ മുഴുവനായി ഉച്ചിയിലേക്ക് വാരിക്കെട്ടി വെച്ച ശേഷം മുന്നോട്ട് ചെന്ന് ടേബിളിൽ ഇരിക്കുന്ന ഫോൺ നോക്കി....
സ്‌ക്രീനിൽ അപ്പോഴും 10% എന്ന് കണ്ട് അവളുടെ മുഖമൊന്ന് ചുളിഞ്ഞു... പിന്നെ ചാർജർ ഒന്നൂടെ അമർത്തി വെച്ച ശേഷം റൂമിന് പുറത്തേക്ക് ഇറങ്ങി...

ശബ്ദമുണ്ടാക്കി ഓരോ സ്റ്റെപ് ഇറങ്ങുമ്പോഴും വാതിലിൽ തട്ടുന്നതിന്റെ കൂടെ ആരോ ചേച്ചി എന്ന് വിളിക്കുന്നത് കേൾക്കാൻ തുടങ്ങിയിരുന്നു...
വേഗത്തിൽ ചെന്ന് മുന്നിലെ ഡോർ തുറന്നതും തൊട്ട് മുന്നിൽ നിൽക്കുന്ന പെൺകുട്ടി അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു...

"അള്ളോഹ്,, ചേച്ചി ഉറക്കത്തിലായിരുന്നോ....??"

എന്തോ തെറ്റ് ചെയ്ത പോലെ മുഖം ചുളിച്ചു കൊണ്ടവൾ ചോദിച്ചതും ദച്ചു ചിരിച്ചു....

"ഇല്ല വന്നപ്പോ കിടന്നതാ... കുറേനേരം ഉറങ്ങിയെന്ന് തോന്നുന്നു...."

"തോന്നലല്ല... നേരം മൂന്ന് മണി ആവാറായി... ചേച്ചി ലഞ്ച് കഴിച്ചിട്ടുണ്ടാവില്ലല്ലോ എന്നോർത്ത് ഓടിപ്പാഞ്ഞു വന്നതാ ഞാൻ...."

പറയുന്നതിന്റെ കൂടെ കയ്യിലെ പാത്രം മേലിലേക്ക് ചേർത്ത് പിടിച്ച് മറുകൈ കൊണ്ട് തലയിലെ തട്ടം ശെരിയാക്കി അവൾ ദച്ചൂനെ മറികടന്ന് അകത്തേക്ക് കയറി...
ഒരുനിമിഷം അകത്തേക്ക് കയറിപ്പോകുന്നവളെ ഒന്ന് നോക്കി നിന്ന ശേഷം വാതിൽ അടച്ച് ദച്ചുവും അകത്തേക്ക് നടന്നു...

"ശോ... ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നുവല്ലേ...."

കിച്ചണിലെ സൈഡിലുള്ള മരത്തിന്റെ മേശയിലേക്ക് കയ്യിലുള്ള പാത്രം വെച്ച് കൊണ്ടവൾ തിരിഞ്ഞു നോക്കിയതും ദച്ചു പുഞ്ചിരിച്ചു....

"മൂസാക്കാന്റെ മോളല്ലേ....??"

"ഉപ്പ പറഞ്ഞിരുന്നല്ലേ....??"

പുഞ്ചിരി വിടാതെ തന്നെ ദച്ചുവൊന്ന് മൂളി...

"എന്റെ പേര് ഫാത്തിമ മെഹ്‌റ... ഞാനിവിടത്തെ സ്കൂളിൽ മലയാളം ടീച്ചർ ആണ്...."

"എന്നിട്ടാണോ എന്നെ ചേച്ചി എന്ന് വിളിക്കുന്നെ....??"

ദച്ചു ചിരിയോടെ ചോദിച്ചു കൊണ്ട് മുന്നോട്ട് വന്ന് ടേബിളിലെ പാത്രം തുറന്ന് നോക്കി....

"എനിക്കാകെ 20 വയസേ ആയുള്ളൂ... ഇവിടെ സ്കൂളിൽ പഠിപ്പിക്കാനൊന്നും ആളില്ലാഞ്ഞിട്ട് ടീച്ചർ ആയതാ ഞാനൊക്കെ... അപ്പൊ ശരാശരി ഒരു 22 വയസ്സുള്ള ആളെ ചേച്ചി എന്ന് വിളിക്കണ്ടേ...."

"പക്ഷെ നിന്റെ വിളി കേൾക്കുമ്പോ എനിക്ക് 42 വയസായ പോലെ ഫീൽ ചെയ്യുന്നു.... സോ കാൾ മി ദച്ചു..."

അച്ചാറിൽ വിരൽ മുക്കി നാവിലേക്ക് തൊട്ട് ചിരിയോടെ ദച്ചു പറഞ്ഞതും അവളൊന്ന് ഇളിച്ചു കാണിച്ചു...

"ഓക്കേ... ബഹുമാനം വേണ്ടായെങ്കിൽ വേണ്ടാ... എന്നാ മോള് അങ്ങോട്ട്‌ ഇരിക്ക്... ഞാൻ വിളമ്പി തരാം...."

മറുത്തൊന്നും പറയാതെ ചിരി കളയാതെ ദച്ചു ടേബിളിനടിയിൽ നിന്ന് സ്റ്റൂൾ വലിച്ചിട്ട് അതിലേക്ക് ഇരുന്നപ്പോഴേക്കും അവൾ പ്ലേറ്റ് കഴുകി മുന്നിൽ വെച്ച് കൊടുത്തിരുന്നു....

"നീ കഴിച്ചതാണോ....??"

"ഹാ... ഫുഡ്‌ ഒക്കെ ഇഷ്ടാവുമോ എന്നറിയില്ല.... ഉമ്മാക്ക് ഹോസ്പിറ്റലിൽ പോവാൻ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം ഞാനാ ഉണ്ടാക്കിയെ...."

"ഈ അച്ചാറും....??"

"ഏയ്... അത് ഉമ്മയാ ഉണ്ടാക്കിയെ...."

"ഇതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...."

വീണ്ടും വീണ്ടും അച്ചാർ തൊട്ട് നാവിൽ വെക്കുന്ന ദച്ചൂനെ നോക്കി അവൾ ചിരിച്ചു....

"അല്ല... എങ്ങനെയാ കുളിച്ചേ...??"

"പുറത്തെ ബാത്‌റൂമിൽ നിന്ന്...."

"പടച്ചോനെ... അവിടെത്തെ ഡോർ പകുതിയോളം ഓപ്പൺ അല്ലെ..."

"ഇവിടെ കാണാനൊന്നും ആരും ഇല്ലല്ലോ...."

ദച്ചു കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഒരുരുള വായിലേക്ക് വെച്ചു....

"അത് ബെസ്റ്റ്... ആരും കാണാനില്ലെന്ന് വെച്ച് ശെരിയാവില്ലല്ലോ... ഉപ്പാനോട് ഞാൻ പറഞ്ഞതായിരുന്നു കുളിക്കാൻ വേണ്ടി വീട്ടിലേക്ക് വരാൻ പറയാൻ.... ഉപ്പ മറന്നിട്ടുണ്ടാവും...."

"അതിന്റെയൊന്നും ആവശ്യമില്ല മെഹ്‌റു... എനിക്കിവിടെ ഓക്കേ ആണ്...."

"പക്ഷെ എനിക്കല്ല...."

അവൾ രണ്ട് പിരികവും മാറി മാറി പൊക്കുന്നത് കണ്ട് ദച്ചു ചിരി കടിച്ചു പിടിച്ചു....

"നാളെത്തൊട്ട് അവിടെ വന്ന് കുളിച്ചാൽ മതി... കേട്ടോ ദക്ഷേ..."

ആ 'ദക്ഷേ' എന്നുള്ള വിളിക്ക് ഒരാക്കലിന്റെ സ്വരത്തിന്റെ കൂടെ നീളം കൂടി കൂടുതലായിരുന്നതിനാൽ അത് കേട്ട് ദച്ചു പെട്ടെന്ന് പൊട്ടിച്ചിരിച്ചു.... ആ ചിരിയിൽ പങ്ക് ചേർന്ന് കൊണ്ട് മെഹ്‌റു അവളെ അടുത്തേക്കായി ഇരുന്നു....

"ചിരിച്ചോണ്ടിരിക്കാതെ കഴിച്ചൂട്...."

അവളുടനെ ചിരി നിർത്താൻ പാട് പെട്ട് കൊണ്ട് മെഹ്‌റൂന്റെ നേരെ തിരിഞ്ഞു....

"നീയെനിക്കൊരു ഹെല്പ് ചെയ്യാമോ മെഹ്‌റു....??"

"അതൊക്കെ ഞാൻ ചെയ്യാം... അതിന് മുന്നേ എനിക്കൊരു കാര്യം അർജെന്റ് ആയിട്ട് അറിയേണ്ടതുണ്ട്...."

ടേബിളിലേക്ക് കൈ കുത്തിവെച്ച് മുന്നോട്ട് ആഞ്ഞു കൊണ്ട് മെഹ്‌റു പറയുന്നത് കേട്ട് ദച്ചു എന്താണെന്ന രീതിയിൽ അവളെ നോക്കി നെറ്റി ചുളിച്ചു....

"ദച്ചു എന്തിനാ ഇത്രയും ദൂരെ വന്ന് നിൽക്കുന്നെ....?? അതായത് ഈ നാട്ടിലേക്ക് വരാനുള്ള കാരണം എന്താ....??"

ഒരുനിമിഷം സംശയത്തോടെ തന്നെ ഉറ്റു നോക്കുന്ന മെഹ്‌റൂനെ ഒന്ന് നോക്കിയ ശേഷം മെല്ലെ തല കുനിച്ചു മുന്നിലെ ഭക്ഷണത്തിലേക്ക് നോക്കി ദച്ചു പതിയെ പുഞ്ചിരിച്ചു...!!

"പറ...."

മെഹ്‌റു വീണ്ടും പറഞ്ഞതും ദച്ചു മുഖമുയർത്തി അവളെ നോക്കി...

"അപ്പൊ അത് ഉപ്പ പറഞ്ഞില്ലേ നിന്നോട്....??"

"ആഹ് പറഞ്ഞു.... എന്തോ എഴുതാൻ ആണെന്ന്...."

മെഹ്‌റു നെറ്റി ചുളിച്ചതും ദച്ചു മനോഹരമായൊന്ന് പുഞ്ചിരിച്ചു....

"അത് തന്നെയാ...."

മെല്ലെ പറഞ്ഞ് കൊണ്ടവൾ വീണ്ടും ഫുഡ്‌ കഴിക്കാൻ തുടങ്ങി....
തലയിൽ നിന്ന് ഊർന്ന് വീഴുന്ന ഷാൾ നേരെയിട്ട് കൊണ്ട് മെഹ്‌റു ദച്ചൂനെ ഉറ്റു നോക്കി....

"ദച്ചു ഇപ്പോൾ ചെന്നൈന്നല്ലേ വരുന്നേ...??"

അവളൊന്ന് മൂളി....

"അവിടെന്ന് ഇത്രയും ദൂരം എഴുതാനാണോ വന്നേ....??"

മെഹ്‌റൂന് വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ടുള്ള പോലെ തോന്നി....

"അതേ പെണ്ണേ...."

ദച്ചൂന് ചിരി വരുന്നുണ്ടായിരുന്നു....

"അതെന്താ ചെന്നൈയിൽ ഇരുന്നാൽ എഴുതാൻ പറ്റില്ലെ....??"

മെഹ്‌റു വീണ്ടും ചോദിക്കുന്നത് കേട്ട് ദച്ചു കഴിക്കുന്നത് നിർത്തി അവളെ നേരെ തിരിഞ്ഞു....

"എഴുത്തെന്ന് പറഞ്ഞാൽ അങ്ങനെയാണ്.... ചിലപ്പോ നമ്മൾ പോലും വിചാരിക്കാത്തതെ നടക്കൂ...."

മെഹ്‌റു ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ചു... ദച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് പ്ലേറ്റും കൊണ്ട് എണീറ്റ് സിങ്കിനടുത്തേക്ക് നടന്നു....

"എനിക്കൊന്നും മനസിലാവുന്നില്ല ദച്ചൂ... എഴുതാൻ വേണ്ടി ഇത്രയും ദൂരം ഒരാൾ വരാ എന്നൊക്കെ പറഞ്ഞാൽ.... അതും കേട്ട് കേൾവി പോലും ഇല്ലാത്തൊരു നാട്ടിലേക്ക്...."

"അതാണ് ഈ നാടിന്റെ സ്പെഷ്യാലിറ്റി...."

കൈ കഴുകി സിങ്കിനോട് ചേർന്നുള്ള റാക്കിലേക്ക് ചാരി നിന്ന് കൊണ്ട് ദച്ചു മെഹ്‌റൂനെ നോക്കി....

"ഞാനൊരു കാര്യം ചോദിക്കട്ടെ നിന്നോട്...."

മെഹ്‌റു തല കുലുക്കി....

"ഈ നാടിന് എന്ത് കൊണ്ടാ അത്തറ് പള്ളി എന്ന പേര് വന്നേ....??"

"അതിവിടെത്തെ പള്ളി കാരണം.... പണ്ടെങ്ങാനോ ഏതോ വലിയൊരു പണ്ഡിതൻ പണി കഴിപ്പിച്ച പള്ളിയാണ്... നല്ല പഴക്കമുണ്ട്... അയാൾ അത്തറ് അഡിക്റ്റ് ആയിരുന്നെന്നാ പറഞ്ഞ് കേൾക്കുന്നെ.... പള്ളിയിൽ എപ്പോഴും അത്തറ് ഉണ്ടാവും... പള്ളിയും പരിസരവും എല്ലാം അത്തറിന്റെ സുഗന്ധമായിരിക്കും... അയാളെ മരണശേഷവും ഇതൊക്കെ അങ്ങനെതന്നെ തുടർന്നപ്പോ പിന്നെ ആളുകൾ അത്തറ് പള്ളി എന്ന് പറഞ്ഞ് പറഞ്ഞ് ആ പള്ളി അങ്ങനെ അറിയപ്പെടാൻ തുടങ്ങി.... കൂട്ടത്തിൽ പള്ളിയുടെ ചുറ്റുവട്ടത്തുള്ള പത്തു മുന്നൂറോളം വരുന്ന മുസ്ലിം കുടുംബങ്ങൾ താമസിക്കുന്ന ചെറിയ നാടിനും ആ പേര് വന്നു....
ഇതൊക്കെയേ എനിക്കറിയൂ...."

മെഹ്‌റു പറയുന്നത് മുഴുവൻ പുഞ്ചിരിയോടെ കേട്ട് നിന്ന ദച്ചു പതിയെ കൈ രണ്ടും മാറിലേക്ക് കെട്ടി വെച്ചു....

"എന്നിട്ട് ഇപ്പോഴും പള്ളിയിൽ അത്തറ് ഉണ്ടോ....??"

"പിന്നില്ലാതെ... പള്ളിയുടെ മുന്നിലെ റോഡിലൂടെ നടന്നാൽ പോലും മൂക്കിലേക്ക് അത്തറിന്റെ മണമിങ്ങനെ തുളച്ചു കയറും....
വർഷത്തിലൊരിക്കൽ ആ പണ്ഡിതന്റെ പേരിൽ നേർച്ചയുണ്ടാകും.... അന്ന് ഓരോ വീട്ടിലേക്കും ഓരോ അത്തറ് കുപ്പി കൊടുക്കും.... ഈ പുത്തൻപള്ളിയിലെ വെളിച്ചെണ്ണ എന്നൊക്കെ പറയുന്ന പോലെയാ ഇവിടെത്തെ അത്തറ്.... എന്ത് അസുഖം ഉണ്ടെങ്കിലും അന്ന് നേർച്ച കഴിഞ്ഞ് കിട്ടിയ അത്തറ് യൂസ് ചെയ്‌താൽ മാറുമെന്നാ എല്ലാവരുടെയും വിശ്വാസം...."

"നിന്റെയും....??"

മെഹ്‌റു ഒന്ന് ചിരിച്ചു....

"അനുഭവം ഉണ്ടാവുമ്പോൾ ആരായാലും വിശ്വസിക്കുമല്ലോ...."

ദച്ചു അതേ ചിരിയോടെ മുന്നോട്ട് വന്നു....

"എന്നാൽ എന്നെയും കൂടി ആ പള്ളിയിലൊന്ന് കൊണ്ട് പോകാമോ....??"

"അള്ളോഹ്....!!"

അരുതാത്തതെന്തോ കേട്ട പോലെ മെഹ്‌റൂന്റെ മുഖം വിവർണമായതും ദച്ചു എന്തേയെന്ന് പുരികം പൊക്കി...

"ഞങ്ങളെ വിശ്വാസം അനുസരിച്ച് പെണ്ണുങ്ങൾ പള്ളിയിലൊന്നും കേറില്ല ട്ടോ.... അതോണ്ട് അത് നടക്കില്ല...."

"എന്നാ എനിക്കൊരു അത്തറ് കുപ്പി കിട്ടിയാലും മതി...."

"ആരേലും അറിഞ്ഞാൽ പ്രശ്നമാണ്... എന്നാലും ഞാൻ തരാം...."

"അതെന്താ പ്രശ്നം....??"

"അതീ എല്ലാ നാട്ടിലും ഉണ്ടാവുമല്ലോ കണ്ണ് തട്ടാതിരിക്കാൻ വേണ്ടി കുറച്ച് കീടങ്ങൾ.... അതുപോലെ ഇവിടെയും ഉണ്ട് കുറച്ചെണ്ണം... ഭൂമിയിൽ മുസ്ലിങ്ങൾ മാത്രം മതിയെന്നും പറഞ്ഞ് മറ്റുള്ള മതക്കാരോട് മുഴുവൻ ശത്രുതയുമായി നടക്കുന്ന കുറച്ചെണ്ണം...."

മെഹ്‌റൂന്റെ പുച്ഛവും കളിയാക്കലും ചേർന്ന മുഖഭാവം കണ്ട് ദച്ചു പെട്ടെന്ന് ചിരിച്ചു പോയി....

"ഇത് തന്നെയാണ് ഞാനീ നാട് സെലക്ട്‌ ചെയ്യാൻ കാരണം...."

മെഹ്‌റു പെട്ടെന്ന് ദച്ചൂനെ സംശയത്തോടെ നോക്കി...

"ഈ നാടിനും ഇവിടെത്തെ മനുഷ്യർക്കുമെല്ലാം ഒരുപാട് നിഗൂഢതകളുണ്ട്.... എന്റെ കഥയിൽ ഈ സ്ഥലത്തിന് വളരെ വലിയൊരു പങ്കുണ്ട്... വർഷം രണ്ടായി ഞാൻ അന്വേഷിച്ചു നടക്കായിരുന്നു ഇങ്ങനൊരു സ്ഥലത്തിന് വേണ്ടി.... അപ്പൊ പിന്നെ കിട്ടിയപ്പോ ഓടി ഇങ്ങോട്ട് വരാതിരിക്കോ...
എല്ലാം ഞാൻ അനുഭവിച്ച് നോക്കിയിട്ട് എഴുതണമെന്ന് എനിക്ക് അത്രത്തോളം നിർബന്ധമുണ്ട്...."

മെഹ്‌റു പതിയെ പുഞ്ചിരിച്ചു...

"എഴുതാൻ അത്രക്കും ഇഷ്ടമാണോ....??"

"എഴുത്തിലാണ് ശെരിക്കുമെന്റെ ജീവൻ.... അച്ഛേടെ കഴിവാണെന്ന് അമ്മ എപ്പോഴും പറയാറുണ്ട്.... അങ്ങനെ വിശ്വസിക്കാനാ എനിക്കും ഇഷ്ടം... പക്ഷെ അച്ഛ പറയും ഞാൻ അച്ഛയെക്കാൾ ഉയരത്തിൽ എത്തുമെന്ന്....."

"അച്ഛനും അമ്മയ്ക്കും ദച്ചു മാത്രമേ ഉള്ളോ....??"

ദച്ചു ചിരിയോടെ മൂളി....

"ഇവിടെ എത്തിയിട്ട് അവരെയൊന്ന് വിളിക്കാൻ പറ്റിയില്ല... എന്റെ ഫോൺ ഓഫ്‌ ആയിപ്പോയി... രണ്ട് പേരും എന്റെ വിവരം അറിയാഞ്ഞിട്ട് വേവലാതിപ്പെടുന്നുണ്ടാവും...."

"എന്റെ ഫോൺ ഞാൻ എടുത്തോണ്ട് വരാം...."

ഇരുന്നിടത്ത് നിന്ന് എണീക്കാൻ നിന്ന മെഹ്‌റൂന്റെ കയ്യിൽ ദച്ചു പെട്ടെന്ന് പിടിച്ചു...

"അതൊന്നും വേണ്ട... ഇവിടെത്തെ സ്വിച്ച് ബോർഡ്‌ പഴക്കം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ചാർജിങ് ഭയങ്കര സ്ലോ ആണ്... എന്റെ പവർ ബാങ്ക് ഞാൻ പോരുന്ന ധൃതിയിൽ ചാർജ് ചെയ്തിടാൻ മറന്നിരുന്നു... നീ അതൊന്ന് കൊണ്ട് പോയി ചാർജ് ചെയ്ത് കൊണ്ട് വന്നാൽ മതി...."

"അതിനെന്താ....!!"

മെഹ്‌റു ചിരിച്ചതും ദച്ചു പുഞ്ചിരിയോടെ കിച്ചണിൽ നിന്ന് മുന്നോട്ട് നടന്നു.... അവൾ റൂമിലേക്ക് കയറിയപ്പോ മെഹ്റുവും പിറകെ കയറി....

"സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞതേയില്ല.... സത്യത്തിൽ ഞാനിവിടെ പോസ്റ്റ്‌ ആണ്... എന്നെ മാത്രമേ ഇവിടെയിപ്പോ കെട്ടിച്ചയക്കാത്തതുള്ളു... അതും എന്റെ നിരാഹാരസമരം പേടിച്ചിട്ട്...."

മെഹ്‌റു വലിയ കാര്യത്തിൽ പറയുന്നത് കേട്ട് ദച്ചു അവളെ നോക്കി ചിരിച്ചു...

"അപ്പൊ ആ പോസ്റ്റിങ്ങ്‌ മാറ്റാൻ വേണ്ടിയാ സ്കൂളിൽ പഠിപ്പിക്കാൻ പോവാൻ തുടങ്ങിയെ... ബട്ട്‌ അവിടെ അതിലും വലിയ പോസ്റ്റ്‌ ആണ്...."

"അതെന്തേ....??"

"ആകെ കുറച്ച് കുട്ടികളുണ്ട്... അവർക്ക് തന്നെ രാവിലെത്തൊട്ട് വൈകുന്നേരം വരെ മലയാളം എടുക്കാൻ കഴിയില്ലല്ലോ.... അരമണിക്കൂറോളം ഒക്കെയേ എനിക്ക് ജോലി കാണൂ.... അത് കഴിഞ്ഞാൽ ഞാനിങ് പോരും...."

ദച്ചു അപ്പോഴേക്കും പവർ ബാങ്ക് എടുത്ത് അവളെ നേരെ നീട്ടിയിരുന്നു...

"അപ്പൊ ഇവിടെ ഒരാൾ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ എനിക്കായിരുന്നു ആക്രാന്തം... ഒന്നുല്ലെങ്കിലും ചുമ്മാ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളെ കിട്ടുമല്ലോ...."

രണ്ടാളും ഒരുപോലെ ചിരിച്ചു...
ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ അവരുടെ ഇടയിലൊരു വലിയ അടുപ്പം രൂപം കൊണ്ടത് അവർ ഒരുപോലെ അറിയുന്നുണ്ടായിരുന്നു....

"എങ്കിൽ ഞാൻ ചെല്ലട്ടെ.... മഗ്‌രിബ് വിളിക്കുന്നതിന്‌ മുന്നേ വീട്ടിൽ കേറണം...."

"ആ വിശ്വാസം ഞങ്ങൾക്കും ഉള്ള പോലെത്തന്നെയാണോ.... പെൺകുട്ടികൾ സന്ധ്യയാവുന്നതിന് മുന്നേ വീട്ടിൽ കയറിയില്ലെങ്കിൽ...."

എന്ന് പറഞ്ഞ് ദച്ചു ചിരിച്ചതും മെഹ്‌റു കണ്ണിറുക്കി കാണിച്ച് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി....

"രാത്രിയുള്ള ഫുഡ്‌ കൊണ്ട് വരാട്ടോ ഞാൻ... ചിലപ്പോ ഉപ്പ ആവും വരുന്നത്.... അപ്പൊ നാളെ കാണാം...."

"നാളെ നീ ഈ നാടൊക്കെ എനിക്കൊന്ന് കാണിച്ച് തരണം... എനിക്ക് കിച്ചണിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനും ഉണ്ട്..."

"ഡബിൾ ഓക്കേ...."

എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് ഭക്ഷണം കൊണ്ട് വന്ന പാത്രം എടുത്ത് മെഹ്‌റു പുറത്തേക്കിറങ്ങി....

"എന്തേലും ആവശ്യം ഉണ്ടേൽ കുറച്ച് മുന്നോട്ട് വന്നാൽ തന്നെ വീട് കാണാം ട്ടോ...."

ദച്ചു ശെരിയെന്ന് തല കുലുക്കി...

"അപ്പൊ ശെരി... ഇത് ചാർജ് ചെയ്തിട്ട് ഫുഡിന്റെ കൂടെ കൊണ്ട് വരാം...."

പുഞ്ചിരിയോടെ പറഞ്ഞ് കൊണ്ട് വേഗത്തിൽ തിരിഞ്ഞു നടക്കുന്ന മെഹ്‌റൂനെ നോക്കി നിന്ന ശേഷം അവൾ പതിയെ വാതിൽ അടച്ച് ലോക്ക് ചെയ്ത് ഒന്ന് നെടുവീർപ്പിട്ടു.... ഒരുപാട് ആളുകളുണ്ടായിരുന്ന വീട്ടിൽ പെട്ടെന്ന് ഒറ്റക്കായ പോലെ തോന്നി അവൾക്ക്...
മെഹ്‌റൂന്റെ ഓരോ സംസാരവും ഭാവവും ഓർത്ത് ചിരിച്ചു കൊണ്ടവൾ റൂമിലേക്ക് നടന്നു....

* * *

എന്തോ പാത്രം വീണ പോലുള്ള ശബ്ദം കേട്ടതും ഡയറിയിലെ തുറന്ന് വെച്ച ശൂന്യമായ പേജിലേക്ക് പേന കുത്തി നിർത്തി എന്തോ ചിന്തിച്ചു കൂട്ടുകയായിരുന്ന അവൾ പെട്ടെന്ന് ഞെട്ടി....
പാത്രം നിലത്ത് കിടന്ന് കറങ്ങുന്നതിന്റെ ശബ്ദം നിലച്ചിട്ടില്ലായിരുന്നു.... അവൾ തുറന്നിട്ട ജനാലയിലൂടെ ഇരുട്ട് നിറഞ്ഞ ആകാശത്തേക്ക് ഒന്ന് നോക്കിയ ശേഷം ചെയറിൽ നിന്ന് വേഗത്തിൽ എണീറ്റ് റൂമിന് പുറത്തേക്ക് വന്ന് കഴിയും വിധം ശബ്ദമുണ്ടാക്കാതെ സ്റ്റെപ് ഇറങ്ങി കിച്ചണിലേക്ക് ചെന്ന് ലൈറ്റ് ഇട്ടു..

"മ്യാവൂ...."

അവളെ പേടിപ്പിച്ചു കൊണ്ടൊരു പൂച്ച റാക്കിൽ നിന്ന് ചാടിയിറങ്ങി പകുതിയോളം തുറന്ന് കിടക്കുന്ന ഡോറിനുള്ളിലൂടെ പുറത്തേക്ക് പോയതും അവൾ തുറന്ന് കിടക്കുന്ന ഡോറിലേക്ക് നോക്കി നെറ്റിയിലേക്ക് കൈ ചേർത്ത് വെച്ചു...
പിന്നെ വേഗത്തിൽ മുന്നോട്ട് ചെന്ന് ഡോർ വലിച്ചടച്ച് ലോക്ക് ചെയ്തു...

"ഇതെപ്പോ തുറന്നിട്ടതാ... ഇനിയിപ്പോ ആരെങ്കിലും അകത്ത് കേറിയിട്ടുണ്ടാവുമോ....??"

"മോളെ....!!"

സ്വയം ചോദിച്ചു കൊണ്ടവൾ നാവ് വായിലിടുന്നതിനും മുന്നേ ഉച്ചത്തിലുള്ള വിളി കേട്ട് പെട്ടെന്ന് ഞെട്ടിക്കൊണ്ടവൾ ശ്വാസം നീട്ടി വലിച്ചു വെട്ടിത്തിരിഞ്ഞു നോക്കി...
ഒറ്റ സെക്കൻഡ് കൊണ്ട് വിളി കേട്ടത് പുറത്ത് നിന്നാണെന്നും ആ ശബ്ദം മൂസാക്കയുടേതാണെന്നും തിരിച്ചറിഞ്ഞ് അവൾക്ക് ശ്വാസം നേരെ വീണു....

മുന്നോട്ട് വന്ന മുടിയിഴകളെ ചെവിക്ക് പിറകിലേക്ക് ഒതുക്കിക്കൊണ്ടവൾ ധൃതിയിൽ മുൻവശത്തെ ഡോറിനടുത്തേക്ക് നടന്നു....

"ഹ... മോള് കിടന്നിരുന്നോ....??"

ഡോർ തുറന്നുയുടനെ മുന്നിൽ പുഞ്ചിരിയോടെ നിക്കുന്ന മൂസാക്കയെ കണ്ട് അവളും മുഖത്ത് ചിരി വരുത്തി വാതിൽക്കലേക്ക് നിന്നു....

"ഇല്ല ഇക്കാ... അകത്തേക്ക് വാ...."

"വേണ്ട മോളെ... പള്ളിയിൽ മൗലൂദ് ഉണ്ട്... ഇഷാ ബാങ്ക് വിളിക്കാൻ ആയി... ഞാനീ ഭക്ഷണം തരാൻ വേണ്ടി വന്നതാ...."

കയ്യിലുള്ള കവർ അവളെ നേരെ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞതും സ്റ്റെപ്പിലേക്ക് ഇറങ്ങി നിന്നു കൊണ്ടവൾ അത് കയ്യിൽ വാങ്ങി...

"മെഹ്‌റൂന്റെ കയ്യിൽ മോള് കൊടുത്ത് വിട്ട സാധനം അതിലുണ്ട് ട്ടോ...."

അവൾ ചിരിയോടെ ഒന്ന് മൂളി...

"പിന്നെ അച്ഛൻ വിളിച്ചില്ലേ....??"

"ഫോൺ ഓഫ്‌ ആയിരുന്നത് കൊണ്ട് അച്ഛേടെ കോളൊന്നും വന്നില്ലായിരുന്നു... ഉള്ള ചാർജ് വെച്ച് ഫോൺ ഓൺ ചെയ്ത് ഞാനങ്ങോട്ട് വിളിച്ചിട്ടുണ്ട്.... "

"അത് നന്നായി.... അവർക്കിപ്പോ സമാധാനായിക്കാണും...."

അവൾ പുഞ്ചിരിച്ചതെ ഉള്ളു...

"പിന്നെ ഉസ്താദ് വേറൊരു കാര്യം പറയാൻ ഏൽപ്പിച്ചിരുന്നു...."

പുഞ്ചിരി വിടാതെ തന്നെ എന്താണെന്ന മട്ടിൽ അവളദ്ദേഹത്തെ ഉറ്റു നോക്കി....

"ഇവിടെ അടുത്തൊന്നും അമ്പലങ്ങളില്ല... കുറച്ചധികം പോണം... മോൾക്ക് പോണം എന്നുണ്ടേൽ ആരെയേലും കൂടെ അയക്കാമെന്ന് പറഞ്ഞു... ഒറ്റക്ക് പോണ്ടാന്ന്...."

"ഏയ് അതൊന്നും വേണ്ട ഇക്കാ... ദൈവവിശ്വാസത്തെ കാണിക്കാൻ അമ്പലത്തിലൊന്നും പോവേണ്ട ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന ആളാ ഞാൻ.... ഈശ്വരൻ തൂണിലും തുരുമ്പിലും ഉണ്ടെന്ന് പറയുമ്പോൾ പിന്നെ അമ്പലത്തിലൊന്നും പോയി കാണേണ്ടല്ലോ...."

അവൾ പറയുന്നത് കേട്ട് അദ്ദേഹം പെട്ടെന്ന് പൊട്ടിച്ചിരിച്ചു....

"ആയിക്കോട്ടെ... മോൾടെ ഇഷ്ടം പോലെ... എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കണ്ട... മെഹ്‌റു നമ്പർ തന്നിരുന്നോ....??"

"ഇല്ല അത് ഞാൻ നാളെ വാങ്ങിക്കോളാം....."

"മ്മ്... പേടി തോന്നാണേൽ അങ്ങോട്ട്‌ വന്നേക്കണേ മോളെ... ഒരു മടിയും കരുതണ്ട...."

അവൾ പുഞ്ചിരിയോടെ തല കുലുക്കി...

"എങ്കി മോള് ചെന്ന് ഭക്ഷണം കഴിക്ക്... ഞാൻ ചെല്ലട്ടെ...."

ഷർട്ട്‌ ഇച്ചിരി പൊക്കി അരയിൽ തിരുകിയിരുന്ന ടോർച്ച് പുറത്തേക്കെടുത്ത് ഓൺ ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ മൂളിക്കൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു...
കിച്ചണിലേക്ക് ചെന്ന് കയ്യിലുള്ള കവർ ടേബിളിൽ വെച്ച ശേഷം അതിൽ നിന്ന് പവർ ബാങ്ക് എടുത്ത് സ്റ്റെയർ കയറി റൂമിലെത്തി ബെഡിൽ കിടക്കുന്ന ഫോണിലേക്ക് കണക്ട് ചെയ്തു...
ഫോണിലെ ബ്ലാക്ക് സ്‌ക്രീനിൽ ചാർജിങ് എന്ന് കാണിച്ചതും അവൾ പതിയെ തിരിഞ്ഞ് മേശയിലിരിക്കുന്ന ഡയറിയുടെ മുന്നിലേക്കിരുന്നു....

* * *

ഏതോ ഒരു കിളിയുടെ ശബ്ദം ചെവിയിലേക്ക് കുത്തിത്തുളച്ചു കയറിയപ്പോഴാണ് ഉറക്കം വിട്ടവൾ ആലസ്യത്തോടെ കണ്ണുകൾ വലിച്ചു തുറന്നത്.... ബെഡിൽ നിന്ന് എണീക്കാൻ തീരെ ആഗ്രഹമില്ലാത്തതിനാൽ അവൾ പില്ലോ ഒന്നൂടെ ചേർത്ത് പിടിച്ച് അതിലേക്ക് കവിൾ ചായ്ച്ച് കണ്ണുകളടച്ചു...

അപ്പോഴേക്കും ആ കിളിയുടെ സൂചി കുത്തുന്ന പോലുള്ള ശബ്ദവും ജനലിൽ മുട്ടും കേട്ട് ചിണുങ്ങിക്കൊണ്ടവൾ കണ്ണുകൾ വീണ്ടും തുറന്നു....
പെട്ടെന്നെന്തോ ബോധം വന്ന പോലവൾ ബെഡിലേക്ക് എണീറ്റിരുന്ന് ചെവി കൂർപ്പിച്ചു.... തൊട്ട് മുന്നിലുള്ള ജനാലയിൽ ഏതോ കിളി മുട്ടുകയാണെന്ന് ബോധ്യം വന്നതും കട്ടിലിൽ നിന്ന് വേഗത്തിൽ ഇറങ്ങി ഇരുമ്പ് കൊളുത്ത് അഴിച്ച് അവളാ മരത്തിന്റെ ജനാല തള്ളിത്തുറന്നു....
ഉടനെ ബഹളം വെച്ചു കൊണ്ടാ കിളി പിടച്ചിലോടെ ദൂരേക്ക് പാറിപ്പോയതും അവൾ പുഞ്ചിരിയോടെ അത് പോയ വഴിയേ നോക്കി....

ജനലിലൂടെ കാണുന്ന പുറത്തെ തണുത്ത അന്തരീക്ഷം മനസിന്‌ വല്ലാത്ത കുളിർമ നൽകുന്നത് കൊണ്ട് തന്നെ അവളുടെ ചുണ്ടുകൾ വല്ലാതെ വിടർന്നിരുന്നു....
തുരുമ്പ് പിടിച്ച ജനൽക്കമ്പികൾക്കടുത്തേക്ക് മുഖം ചേർത്ത് വെച്ച് കൊണ്ടവൾ കണ്ണുകളടച്ചു തണുത്ത കാറ്റിനെ മുഖത്തേക്ക് ക്ഷണിച്ചു....

"ദക്ഷേ...."

ഉച്ചത്തിൽ നീട്ടിയുള്ള ആ വിളിയുടെ പ്രത്യേക താളം മെഹ്‌റൂന്റെയാണെന്ന് തിരിച്ചറിഞ്ഞ് അവൾ കണ്ണുകൾ തുറന്ന് താഴേക്ക് നോക്കി....
കൈ രണ്ടും ഇടുപ്പിൽ കുത്തി മുറ്റത്ത് തന്നെ നോക്കി നിൽക്കുന്ന മെഹ്‌റൂനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ചു....

"എണീറ്റില്ലേ ഇതുവരെ....??"

മെഹ്‌റു ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നത് കേട്ട് ഞാനങ്ങോട്ട് വരാമെന്ന് കൈ കൊണ്ട് കാണിച്ച ശേഷം ദച്ചു അവിടെ നിന്ന് പിൻവലിഞ്ഞു...
മെഹ്‌റു പതിയെ വീടിന്റെ പിറക് വശത്തേക്ക് നടന്നെത്തിയതും പ്രതീക്ഷിച്ച പോലെ ദച്ചു ഡോർ തുറന്ന് പുറത്തേക്കിറങ്ങി....

"എണീറ്റതെ ഉള്ളു... മുഖം കഴുകട്ടെ...."

"കുളിക്കാൻ അങ്ങോട്ട്‌ വരണമെന്ന് പറഞ്ഞതല്ലേ ഞാൻ...."

"അതിന് ഞാനിപ്പോ കുളിക്കുന്നില്ലല്ലോ...."

"അതെന്നെ കണ്ടത് കൊണ്ടല്ലേ.... അല്ലേൽ കുളിക്കുമായിരുന്നു... എനിക്കറിയാം നീയങ്ങോട്ട് വരാൻ പോകുന്നില്ല എന്ന്... അതോണ്ട് ഉമ്മ കയ്യോടെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞിട്ട് വന്നതാ ഞാൻ...."

ബാത്‌റൂമിലേക്ക് കയറി ബ്രെഷിൽ പേസ്റ്റ് തേക്കുകയായിരുന്ന ദച്ചു പെട്ടെന്ന് തിരിഞ്ഞു നോക്കി....

"ഉമ്മയാണോ പറഞ്ഞെ....??"

"ആ ഇതെനിക്ക് തോന്നി... ഉമ്മാക്ക് നിന്നോട് വിരോധമുണ്ടാകുമോ എന്ന് വെച്ചിട്ടാവും നീ വരാതിരിക്കുന്നെ എന്ന്...."

ദച്ചു പല്ല് കാണിച്ച് ചിരിച്ച ശേഷം ബ്രഷ് പല്ലിലേക്ക് ചേർത്ത് വെച്ചു....

"എടി പൊട്ടിക്കാളി...."

ബ്രഷ് ചെയ്തോണ്ടിരുന്ന ദച്ചു എന്തേയെന്ന് പുരികം പൊക്കി... അത് കണ്ട് മെഹ്‌റു നെറ്റിയിൽ കൈ വെച്ചു പോയി....

"പള്ളിമുക്രിയായ എന്റെ ഉപ്പ വരെ നിന്നോട് വിരോധം കാണിക്കുന്നില്ല.... പിന്നെ അദ്ദേഹത്തിന്റെ സൽസ്വഭാവിയും സുന്ദരിയുമായ ഒരു മോളും...."

അത് കേട്ടതും ദച്ചു മനപ്പൂർവം ചുമച്ചു കൊണ്ട് തലയിൽ കൊട്ടാൻ തുടങ്ങി... മെഹ്‌റു ഉടനെ അവളെ നോക്കി പേടിപ്പിച്ചു...

"പിന്നെങ്ങനാടി എന്റുമ്മാക്ക് വിരോധം ഉണ്ടാവുന്നെ... ഉമ്മാക്ക് നിന്നെ കാണാൻ നല്ല ആഗ്രഹമുണ്ട് ദച്ചൂ... എന്റുമ്മ ഒരു പാവമാണേ.... ഈ നാട്ടിലെ കീടങ്ങളിൽ എന്റുമ്മ പെടില്ല...."

വായിലുള്ളത് തുപ്പിയ ശേഷം ദച്ചു അവളെ നോക്കിയൊന്ന് ചിരിച്ചു...

"ഞാൻ വരാം...."

മെല്ലെ പറഞ്ഞ് കൊണ്ട് ദച്ചു ടാപ്പിനടുത്തേക്ക് തിരിഞ്ഞതും മെഹ്‌റു പുഞ്ചിരിയോടെ തിരിഞ്ഞ് വെറുതെ ചുറ്റും വളർന്ന് കിടക്കുന്ന മരങ്ങളെയൊക്കെ ഒന്ന് നോക്കി....

"ഡ്രസ്സ്‌ എടുത്തിട്ട് മുന്നിലൂടെ വരാമേ...."

ബാത്‌റൂമിന്റെ ഡോർ അടച്ച് കൊണ്ട് പറയുന്നവളെ നോക്കി മെഹ്‌റു മൂളിയതും അവൾ വേഗത്തിൽ അകത്തേക്ക് കയറിപ്പോയി....
മെഹ്‌റു മുൻവശത്തേക്കും...

റൂമിലെത്തിയ ദച്ചു ബാഗിൽ നിന്നൊരു സ്ലീവ്ലസ് ടോപ്പും ജീൻസും സ്കാഫും എടുത്ത് പുറത്തേക്ക് വെച്ച ശേഷം ഇട്ടിരിക്കുന്ന ടീഷർട് ഒന്ന് നേരെയാക്കി....
മുടിയെല്ലാം ഒന്നൊതുക്കി കെട്ടി ഡ്രെസ്സും എടുത്ത് ഫോണിനടുത്തേക്ക് നടന്ന് കൈ നീട്ടി പിന്നെന്തോ വേണ്ടാന്നുള്ള മട്ടിൽ ഫോൺ അവിടെത്തന്നെ വെച്ചവൾ താഴേക്ക് ഇറങ്ങി.....

"അതേയ്... നിനക്ക് പുറത്ത് പോവണമെന്ന് പറഞ്ഞില്ലേ....??"

വാതിൽ തുറന്നുയുടനെ മെഹ്‌റു ചോദിച്ചത് കേട്ട് ദച്ചു മൂളി....

"നമുക്ക് അവിടെന്ന് നേരെ പോവാം... എന്തേലും എടുക്കാനുണ്ടെങ്കിൽ എടുത്തോ...."

"എന്നാ ഞാൻ ബാഗ് എടുക്കട്ടെ... നീയീ ഡ്രസ്സ്‌ പിടിക്ക്...."

കയ്യിലുള്ള ഡ്രസ്സ്‌ മെഹ്‌റൂന്റെ കയ്യിലേക്ക് കൊടുത്ത ശേഷം ദച്ചു വീണ്ടും അകത്തേക്ക് കയറി...
വേഗത്തിൽ റൂമിലെത്തി സൈഡ് ബാഗ് എടുത്ത് ഫോൺ അതിലേക്ക് വെച്ച് തിരിച്ചു വന്ന് സ്റ്റെയർ വേഗത്തിൽ ഇറങ്ങി നിന്നതും പെട്ടെന്ന് നോട്ടം എത്തി നിന്നത് പൂട്ടിക്കിടക്കുന്ന ആ മുറിയിലേക്കായിരുന്നു....
ഒരുനിമിഷം അവളൊന്ന് നിന്നു...
ഇന്നലെ താനീ മുറിയുടെ കാര്യം മറന്ന് പോയല്ലോ എന്നോർത്ത് കൊണ്ട് അതിനെയൊന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അവൾ മെല്ലെ പുറത്തേക്ക് നടന്നു...

"പോവാം...."

മെഹ്‌റു ചോദിച്ചയുടനെ മൂളിക്കൊണ്ട് ഡോർ അടച്ച് ദച്ചു പുറത്തേക്കിറങ്ങി....

* * *

"ഉമ്മാ... ദേ ദച്ചു വന്നിട്ടുണ്ടേ...."

"ദാ വരുന്നു...."

സിറ്റൗട്ടിലേക്ക് കയറിയ മെഹ്‌റൂന്റെ പിറകെ ദച്ചു പതിയെ സ്റ്റെപ്പിലേക്ക് കയറിയപ്പോഴേക്കും ധൃതിയിലൊരു സ്ത്രീ അകത്ത് നിന്ന് വന്നിരുന്നു...
മെഹ്‌റൂനെ പോലെത്തന്നെ ഗോതമ്പിന്റെ നിറവും വിടർന്ന കണ്ണുകളുമുള്ള ഉമ്മാനെ ദച്ചു ഒരുനിമിഷം നോക്കി...

"അവിടെ നിക്കാതെ ഇങ്ങ് കയറി വാ മോളെ...."

മുന്നോട്ട് വന്ന് മടിച്ചു നിൽക്കുന്ന ദച്ചൂന്റെ കയ്യിൽ പിടിച്ചവർ അകത്തേക്ക് കയറ്റിയതും ദച്ചു പുഞ്ചിരിച്ചു....

"ഞാൻ പ്രതീക്ഷിച്ച പോലെത്തന്നെ... ഞങ്ങളെന്ത് കരുതുമെന്ന് മോള് ചിന്തിച്ച് കാണും അല്ലെ...."

അവളൊന്നും മിണ്ടാതെ പുഞ്ചിരിയോടെ തന്നെ മെല്ലെ മെഹ്‌റൂനെ നോക്കി...

"ഇക്ക പറഞ്ഞു... മോള് ആദ്യമേ കണ്ടത് ആ പോക്കരെ ആണെന്ന്.... ഓൻ അങ്ങനെയൊരു സാധനം ആണ് മോളെ... ഓനെക്കൊണ്ട് എന്നാ ഈ നാടിനും ഒരുപകാരം ഇല്ല... ഇവിടെ എന്ത് നല്ലത് നടക്കുമ്പോഴും അവനതിൽ എന്തേലും ഗുലുമാല് ഒപ്പിക്കും... മോള് ഓനെ കണ്ടതും ഓൻ പെരുമാറിയതും ഒന്നും ഇനി ഓർക്കാൻ നിക്കണ്ട... മോൾക്ക് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് കയറി വരാം... കേട്ടല്ലോ...."

മെഹ്‌റൂനെ പോലെത്തന്നെ ഒരു പരിചയവുമില്ലാത്ത തന്നെ ഇത്രത്തോളം ചേർത്ത് പിടിക്കുന്ന ആ ഉമ്മാനെ നോക്കി ദച്ചു നിറഞ്ഞ് പുഞ്ചിരിച്ചു...

"എന്നാ മോള് പോയി കുളിച്ചിട്ട് വായോ... മെഹ്‌റു,, ദച്ചു മോളെ നിന്റെ റൂമിലെ ബാത്‌റൂമിലേക്ക് കൊണ്ട് പൊയ്ക്കോ... ഞാനപ്പോഴേക്കും ചായ എടുക്കാം...."

"വാ...."

അവർ പറഞ്ഞ് നിർത്തിയ ഉടനെ മെഹ്‌റു ദച്ചൂന്റെ കയ്യിൽ പിടിച്ച് സ്റ്റെയറിന്റെ നേരെ നടന്നതും ദച്ചു അവളെ കൂടെ ചെന്നു...

* * *

"കുളിച്ചോ മോളെ....??"

ടവൽ മുടിയിൽ ചുറ്റിക്കെട്ടി വെച്ച് കിച്ചണിലേക്ക് ചെന്നയുടനെ പച്ചക്കറി അരിയുകയായിരുന്ന ഉമ്മ ദച്ചൂനെ നോക്കി ചോദിച്ചതും അവൾ പുഞ്ചിരിയോടെ മൂളി...

"എന്നാ ഇനി ഞാൻ പോയി ഫ്രഷ് ആവട്ടെ...."

ടേബിളിന് അടുത്തുള്ള ചെയറിൽ ഫോണിൽ തോണ്ടി ഇരുന്നിരുന്ന മെഹ്‌റു എണീറ്റ് പോയതും ദച്ചു ഉമ്മാനെ നോക്കി....

"മോളെന്നാ ഇരിക്ക്... ഞാൻ ദോശ എടുക്കാം...."

"മെഹ്‌റു വന്നിട്ട് ഒരുമിച്ച് കഴിക്കാം...."

"എന്നാ മോളാ കസേരയിലേക്ക് ഇരിക്ക്...."

"ഞാൻ ഇവിടെ ഇരുന്നോളാം...."

എന്ന് പറഞ്ഞ് കൊണ്ട് ദച്ചു റാക്കിലേക്ക് കയറിയിരുന്നതും അവരവളെ നോക്കിയൊന്ന് ചിരിച്ചു...

"മോളിന്നലെ ശെരിക്ക് ഉറങ്ങിയോ....??"

മറുപടിയായി പുഞ്ചിരിയോടെ അവളൊന്ന് മൂളി...

"മോളെന്തിനാ അവിടെ ഒറ്റക്ക് താമസിക്കുന്നെ....?? ഇവിടെ നിന്നൂടെ മോൾക്ക്.... "

"ഏയ് അതൊന്നും വേണ്ട...."

"അച്ഛനോടും അമ്മയോടും ഒക്കെ പറഞ്ഞിട്ടില്ലേ അങ്ങനൊരു വീട്ടിൽ ഒറ്റക്ക് താമസിക്കുകയാണെന്ന്...."

ഉണ്ടെന്നവൾ മൂളി...

"മോള് മാത്രേ ഉള്ളു അവർക്ക്....??"

"ആഹ്... ഉമ്മാക്ക് മെഹ്‌റു മാത്രേ ഉള്ളു....??"

"ഏയ് അല്ല... അവളെ മേലെ ഒരുത്തൻ കൂടിയുണ്ട്... അവൻ ഗൾഫിലാ...."

അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവർ അരിയുന്ന പച്ചക്കറിയിലേക്ക് സൂക്ഷിച്ചു നോക്കി...

"ആരും താമസിക്കുന്നില്ലെങ്കിൽ പിന്നെന്താ ആ തറവാട് വീട് പൊളിച്ചു കളയാത്തെ....??"

അവളെ ചോദ്യം കേട്ട് അവർ പുഞ്ചിരിയോടെ അവളെ നോക്കി....

"ഞാൻ നിങ്ങളെ കുടുംബകാര്യത്തിലൊന്നും കൈ കടത്തുന്നില്ല ട്ടോ...."

"അതിന് മാത്രം രഹസ്യൊന്നും ഇല്ല പെണ്ണെ...."

അവർ പൊട്ടിച്ചിരിച്ചു....

"ആ വീട് ഇക്കാന്റെ ഉപ്പ ഉണ്ടാക്കിയതല്ലേ... അപ്പൊ അത് പൊളിച്ചു മാറ്റാനൊരു വിഷമം...."

"അവിടെ താമസിക്കാൻ അപ്പൊ വേറാരുമില്ലേ....??"

"ഇക്കാക്ക് ഇഷ്ടം പോലെ ആങ്ങളമാരും പെങ്ങന്മാരും ഒക്കെയുണ്ട്... പക്ഷെ അവിടെ താമസിക്കാൻ ആർക്കും ഇഷ്ടവും ഇല്ല... ധൈര്യവും ഇല്ല..."

ദച്ചൂന്റെ നെറ്റി ചുളിഞ്ഞു... കണ്മുന്നിൽ പൂട്ടിക്കിടക്കുന്ന ആ മുറി തെളിഞ്ഞു....

"മോളവിടെ പൂട്ടിക്കിടക്കുന്ന ഒരു മുറി കണ്ടിട്ടില്ലേ....??"

ഉണ്ടെന്നവൾ തല കുലുക്കി....

"മോൾക്ക് ഈ ജിന്നിലൊക്കെ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല... ഇക്കാന്റെ മൂത്ത പെങ്ങളെ മേത്ത് ജിന്ന് കയറി ആകെ പ്രശ്നം ആയപ്പോ ഇത്താനെ ആ മുറിയിലായിരുന്നു പൂട്ടിയിട്ടത്... ഭക്ഷണം കൊടുക്കാൻ മാത്രം ആ മുറി തുറക്കും... അതും ഉമ്മ മാത്രം... ഉപ്പ പോയതിൽ പിന്നെ ഉമ്മയായിരുന്നു ഗൃഹനാഥ... ഉമ്മാക്കല്ലാതെ വേറാർക്കും ഇത്താന്റെ അടുത്ത് പോവാൻ ധൈര്യം ഉണ്ടായിരുന്നില്ല.... ഭ്രാന്ത്‌ പിടിച്ചവരെ പോലെ ഇത്ത ഉറക്കെ അലറുകയൊക്കെ ചെയ്യും.... രാത്രി പലപ്പോഴും ഞാനും കേൾക്കാറുണ്ട്... എനിക്ക് പോയി നോക്കാൻ നല്ല ആഗ്രഹായിരുന്നു... പക്ഷെ എനിക്കപ്പൊ മെഹ്‌റൂനെ പള്ളേലുള്ള നേരാ... അതോണ്ട് ഉമ്മ ആ ഭാഗത്തേക്കേ എന്നെ അടുപ്പിക്കില്ല....
അങ്ങനെ മെഹ്‌റൂനെ പെറ്റ് 40 കഴിഞ്ഞ് ഞാനെന്റെ വീട്ടിൽ നിന്ന് വന്നതിന് ശേഷം ഒരുദിവസം ചോറ് കൊടുക്കാൻ ഉമ്മ വാതിൽ തുറന്നപ്പോ ഇത്ത അതിലില്ല...."

അവരുടെ ഓരോ മുഖഭാവങ്ങളും ഒപ്പിയെടുക്കുകയായിരുന്ന ദച്ചൂന്റെ മുഖം പെട്ടെന്ന് ചുളിഞ്ഞു....

"എവിടെപ്പോയെന്നോ എന്താ ഉണ്ടായെന്നോ ഇന്നും ആർക്കും അറിയില്ല... പുറത്തേക്ക് പൂട്ടിയിടുന്ന മുറിയിൽ നിന്ന് ഇത്ത എവിടെ പോവാനാ.... ജിന്നിന്റെ കളിയാണെന്ന് എല്ലാരും ഉറപ്പിച്ചു... മെഹ്‌റു ആണേൽ രാവെന്നോ പകലെന്നോ ഇല്ലാതെ കരച്ചിലും അസ്വസ്ഥത കാണിക്കലും ഒക്കെയായപ്പോ ഉമ്മ എടുത്ത തീരുമാനാ എല്ലാരും അവിടെന്ന് ഇറങ്ങി വീട് പൂട്ടിയിടാൻ...."

ദച്ചു ഒന്നും മിണ്ടിയില്ല...
എന്നാലും എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നൊരു വലിയ ചോദ്യത്തിൽ കെട്ട് പിണഞ്ഞു കിടക്കുകയായിരുന്നു അവളുടെ ചിന്തകൾ....

"മോളാ മുറിയുടെ അടുത്തേക്കൊന്നും പോണ്ടാട്ടോ.... അങ്ങനെ ജിന്നിലൊന്നും വിശ്വാസമില്ലെങ്കിലും...."

"വിശ്വാസമില്ലെന്നൊന്നും പറയാൻ പറ്റില്ല... നമ്മുടെ കൂടെ എപ്പോഴും ഓരോ നെഗറ്റീവ് എനെർജിയും പോസിറ്റീവ് എനെർജിയും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാ ഞാൻ...."

അവൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ലെങ്കിലും അവർ വെറുതെ പുഞ്ചിരിച്ച് അവളെ നോക്കി....

"ഇപ്പോഴത്തെ മക്കൾക്കൊക്കെ എന്ത് ചെയ്യണ്ട എന്ന് പറഞ്ഞോ അത് ചെയ്യാനാ താല്പര്യം... മോള് വെറുതെ വേണ്ടാത്തതൊന്നും ചെയ്ത് വെക്കല്ലേ... ഇക്ക എന്റെ തലയെടുക്കും...."

അവൾ ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ചിരിച്ചു....

"അപ്പൊ ശെരിക്കും ഈ ജിന്നൊക്കെ ഉള്ളത് തന്നെയാണോ....??"

ഒന്ന് രണ്ട് സെക്കൻഡ് മൗനമായി എന്തോ ചിന്തിച്ച ശേഷം ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ അവൾ ചോദിച്ചതും ഉമ്മ അവളെ നോക്കി....

"ഞങ്ങളെ വിശ്വാസം അനുസരിച്ചുമ്മാ അത് സത്യമാ മോളെ... ഖുർആനിൽ ഒരു സൂറത്ത് (അധ്യായം) തന്നെയുണ്ട്,, ജിന്ന് എന്ന് പറഞ്ഞിട്ട്.... പിന്നെ ചരിത്രങ്ങളിലും ഇന്നും കാണുന്ന പല കാഴ്ചകളിലും എല്ലാം അത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഓരോന്ന് ഉണ്ടാവാറുണ്ട്...."

"ജിന്ന് അപ്പൊ അത്രത്തോളം അപകടകാരിയാണോ....??"

അരിഞ്ഞു കഴിഞ്ഞ പച്ചക്കറികൾ പാത്രത്തിലേക്ക് എടുത്ത് കൊണ്ട് അവർ അവളെ നോക്കി പുഞ്ചിരിച്ചു....

"അല്ല മോളെ... മനുഷ്യരിൽ ഉള്ള പോലെത്തന്നെ ജിന്നുകളിലും നല്ലവരും ചീത്തവരും ഒക്കെ ഉണ്ടെന്നാ പറയുന്നേ.... ഒരാളുടെ മേലിൽ നല്ല ജിന്നാണ് കയറുന്നതെങ്കിൽ അയാൾ പിന്നെ നന്നായി.... എപ്പോഴും ഇബാദത് ചെയ്തോണ്ടുള്ള ജീവിതം ആവും...
ഇവിടെ ഉണ്ടായിരുന്നു അങ്ങനൊരു ഉമ്മുമ്മ... ഒരു നാലഞ്ച് കൊല്ലം മുന്നെയാ മരിച്ചേ.... മെഹ്‌റൂന് ഒരുവട്ടം മേലിൽ മുഴുവൻ ചുവന്ന് കടിച്ചിട്ട് ഡോക്ടറെ കാണിച്ചിട്ടൊന്നും മാറുന്നില്ലായിരുന്നു... പിന്നെ ഇക്ക അവളെ എടുത്തോണ്ട് അവരെ അടുത്ത് പോയി... കണ്ടപ്പോഴേ കാര്യം മനസിലായ പോലെ അവർ മന്ത്രിച്ചൂതിയ വെള്ളം തന്ന് മേലിൽ തേക്കാൻ പറഞ്ഞു.... അതുപോലെ ചെയ്തപ്പോ അത് മാറി...."

ദച്ചൂന്റെ കണ്ണുകളൊന്ന് വിടർന്നു....

"ഇങ്ങനൊക്കെ നടക്കുമ്പോ ആർക്കായാലും വിശ്വാസം വരില്ലേ...."

അവർ ചിരിച്ചതും അവളും കൂടെ ചിരിച്ചു....

"പിന്നെ ഇത്താന്റെ മേലിൽ കൂടിയ പോലെ ചീത്ത ജിന്നാണ് കൂടുന്നതെങ്കിൽ പറയണ്ട... അതോടെ തീർന്നു ജീവിതം... ഭ്രാന്തികളെ പോലെ അലറി വിളിച്ച്...."

"ഈ ജിന്നിനെ ഒഴിപ്പിക്കാൻ പറ്റില്ലെ...??"

"ജിന്ന് അതിന് ബാധയൊന്നും അല്ല മോളെ... ചിലപ്പോ ശെരിയാവും... അല്ലേൽ പിന്നേ...."

പൂർത്തിയാക്കാതെ അവർ ചെയ്യുന്ന ജോലി തുടർന്നതും എന്തൊക്കെയോ ചിന്തിച്ചു കൂട്ടിക്കൊണ്ട് ദച്ചു അവരെത്തന്നെ നോക്കി....

"ഉമ്മ എന്റെ ദച്ചൂന്റെ ചെവി തിന്നോ....??"

കുളി കഴിഞ്ഞ് കിച്ചണിലേക്ക് കയറി വന്ന് കൊണ്ട് മെഹ്‌റു ചോദിച്ചതും ദച്ചു ചിന്തകൾ മാറ്റി വെച്ച് അവളെ നോക്കി പുഞ്ചിരിച്ചു....

"അല്ല മോളെ.... ഒരു കാര്യം ഞാൻ ചോദിക്കാൻ വിട്ട് പോയി... മോൾടെ അച്ഛനും ഉസ്താദും തമ്മിൽ എങ്ങനെയാ പരിചയം....??"

ഉമ്മാന്റെ ആ ചോദ്യം കേട്ട് അവർ പെട്ടെന്ന് വിഷയം മാറ്റിയ പോലെയാണ് ദച്ചൂന് തോന്നിയത്... മെഹ്‌റു അപ്പോഴേക്കും ചെയറിലേക്ക് ഇരുന്നിരുന്നു....

"അത് അച്ഛ കുറച്ച് കാലം ദുബായിൽ വർക്ക്‌ ചെയ്തിരുന്നു.... അവിടെന്നുള്ള പരിചയം ആണ്... കൂടുതലൊന്നും എനിക്കറിയില്ല...."

"അതൊക്കെ പിന്നെ പറയാം ഉമ്മാ... വെശക്കുന്നു... കഴിക്കാൻ വല്ലോം തായോ...."

മെഹ്‌റു ചിണുങ്ങിയതും ഉമ്മ അവളെ നോക്കി കണ്ണുരുട്ടി ഒരു പ്ലേറ്റിലേക്ക് മൂന്ന് നാല് പത്തിരി ഇട്ട് അവളെ മുന്നിലേക്ക് വെച്ച് കൊടുത്തു....

"മോളിങ്ങോട്ട് ഇറങ്ങിയിരിക്ക്...."

ചിക്കൻ കറി പാത്രത്തിലേക്ക് ഒഴിച്ചു കൊണ്ട് അവർ പറഞ്ഞതും ദച്ചു റാക്കിൽ നിന്നിറങ്ങി മെഹ്‌റൂന്റെ അടുത്തുള്ള ചെയറിലേക്ക് ഇരുന്നു....

"മോള് ചിക്കൻ കൂട്ടുമല്ലോ ല്ലെ....??"

"ഇന്നത്തെ കാലത്ത് ചിക്കൻ കഴിക്കാത്തവരോ...."

ദച്ചു സ്വയം പറഞ്ഞു കൊണ്ട് ചിരിച്ചതും മെഹ്‌റു ലീഗ് പീസ് എടുത്ത് കടിച്ച് കാണിച്ച് കൊടുത്തു....
ഉമ്മ അപ്പോഴേക്കും ദച്ചൂന് പത്തിരിയും ചിക്കൻ കറിയും വിളമ്പിയിരുന്നു....
ഒരു പീസ് പത്തിരി കറിയിൽ മുക്കി വായിലേക്ക് വെച്ചപ്പോ തന്നെ പ്രത്യേകമായൊരു രുചി വായിലേക്ക് നിറഞ്ഞതറിഞ്ഞ് ദച്ചു നാവ് ഞൊട്ടിക്കൊണ്ട് ഉമ്മാനെ നോക്കി....

"ഉഫ്... എന്ത് ടേസ്റ്റാ ഉമ്മാ ഇത്....!!"

അവളുടെ മുഖഭാവം കണ്ടതും ഉമ്മാന്റെ മുഖം വല്ലാതെ വിടർന്നു....

"ഇന്നലെ മോള് കഴിച്ചത് ഇവള് ഉണ്ടാക്കിയതാ.... ഇവൾക്ക് എന്ത് മടിയാണെന്നറിയോ അടുക്കളയിലൊന്ന് കേറാൻ... ഇവളെ പ്രായത്തിൽ ഉള്ളവർക്കൊക്കെ ഒക്കത്തൊരു കുട്ടിയായി....."

ഉമ്മ പറയുന്നത് കേട്ട് ദച്ചു ചിരി കടിച്ച് പിടിച്ചു മെഹ്‌റൂനെ നോക്കി... അവളാണേൽ നമ്മളിതൊക്കെ എത്ര കേട്ടതാ എന്ന മട്ടിൽ മൈന്റ് ചെയ്യാതെ കഴിക്കുന്ന തിരക്കിലാണ്....

"ഇനി മുതൽ വായക്ക് രുചിയുള്ളത് ഞാൻ തന്നെ ഉണ്ടാക്കി കൊടുത്ത് വിടാം...."

"വേണ്ടുമ്മാ.... കുക്കിംഗ്‌ എനിക്കിഷ്ടാ... ഞാൻ ചെയ്തോളാം.... സാധനങ്ങൾ വാങ്ങാനെ ഉള്ളു...."

"കേട്ട് പടിക്കെടി..."

മെഹ്‌റു അപ്പോഴും അതൊന്നും അവളെ ബാധിക്കുന്നതേ അല്ലെന്ന മട്ടിൽ കഴിക്കുന്നത് കണ്ട് ദച്ചു പൊട്ടിവന്ന ചിരിയെ ബുദ്ധിമുട്ടി പിടിച്ച് നിർത്തി....

* * *

"ഇരുട്ടുന്നതിന് മുന്നേ രണ്ടാളും തിരിച്ചു വരണം ട്ടോ...."

"ആഹ് ഉമ്മാ വന്നോളാം...."

മെഹ്‌റു വിളിച്ചു പറഞ്ഞു കൊണ്ട് വഴിയിലേക്ക് ഇറങ്ങി പിറകെ വരുന്ന ദച്ചൂനെ നോക്കി....

"എന്തായിരുന്നു നിങ്ങൾ രണ്ടാളും കൂടി ഞാൻ കുളിക്കുന്ന സമയത്ത് രഹസ്യം പറഞ്ഞിരുന്നെ....??"

പുരികം രണ്ടും പൊക്കി ഗൗരവം കാണിച്ചു കൊണ്ട് മെഹ്‌റു ചോദിച്ചതും ദച്ചു ചിരിച്ചു...

"നിന്നോട് പറയാൻ സൗകര്യമില്ല...."

മെഹ്‌റു ഉടനെ അവളെയൊന്ന് കൂർപ്പിച്ചു നോക്കിയതും ദച്ചു കണ്ണിറുക്കി കാണിച്ച് മുന്നോട്ട് നടന്നു...

"റാബിമ്മായിയെ കുറിച്ച് ഉമ്മ നിന്നോട് പറഞ്ഞോ....??"

ദച്ചു മനസിലാവാത്ത മട്ടിൽ മെഹ്‌റൂനെ നോക്കി നെറ്റി ചുളിച്ചു...

"ആ പൂട്ടിയിട്ട മുറി....!!"

ദച്ചൂന്റെ ചുളിവ് വീണ നെറ്റി നിവർന്നു.... അവളൊന്ന് മൂളി....

"എനിക്ക് അമ്മായിയെ കുറിച്ച് ഒന്നും അറിയില്ല.... ഉപ്പയും ഉമ്മയും ഒക്കെ പറഞ്ഞ് കേട്ട അറിവേ ഉള്ളു... അതൊക്കെ വെച്ച് അമ്മായി ഒരു പാവമായിരുന്നു...."

മെഹ്‌റു പതിയെ പുഞ്ചിരിച്ചതും ദച്ചൂന്റെ ചുണ്ടുകളും വിടർന്നു....

"നീയും വിശ്വസിക്കുന്നുണ്ടോ ഈ ജിന്നിലൊക്കെ....??"

ദച്ചു സംശയത്തോടെ മെഹ്‌റൂനെ നോക്കിയതും അവൾ ഉണ്ടെന്ന് മൂളി....

"അപ്പോ ശെരിക്കും ആ റൂമിൽ നിന്ന് അവർ എവിടെ പോയതായിരിക്കും....??"

"ആർക്കറിയാം... ഞാനിത് ഇടക്കിങ്ങനെ ഉമ്മാനോട് ചോദിക്കുമ്പോ ഉമ്മ എന്നോട് ദേഷ്യപ്പെടും എന്നല്ലാതെ ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കിത് വരെ കിട്ടിയിട്ടില്ല...."

"നമുക്കതങ് കണ്ടെത്തിയാലോ....??"

അരുതാത്തതെന്തോ കേട്ട പോലെ മെഹ്‌റു നടത്തം നിർത്തി ദച്ചൂനെ ഒന്ന് നോക്കി... ദച്ചു ഉടനെ കണ്ണിറുക്കി കാണിച്ചു....

"മദ്രസിൽ പഠിക്കുന്ന സമയത്ത്,, ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്ന റൂമുകളിൽ ജിന്ന് താമസിക്കുമെന്ന് ഉസ്താദ് പറഞ്ഞ് തന്നത് ഇപ്പോഴും ഓർമ്മയുണ്ട് എനിക്ക്... അങ്ങനെയാണെങ്കിൽ ആ വീട് മുഴുവൻ ഇപ്പോൾ ജിന്നുകളുടെ കൊട്ടാരം ആകും.... അതിനിടയിലേക്കാണ് നീ കയറി ചെന്നിട്ടുള്ളത്.... ഇനി അതും പോരാഞ്ഞിട്ട് ആ റൂം തുറക്കണം എന്നല്ലേ....
നടന്നത് തന്നെ... നീയൊന്ന് പോയേ ദക്ഷേ...."

മുഖം വെട്ടിച്ചു കൊണ്ട് മെഹ്‌റു വേഗത്തിൽ മുന്നോട്ട് നടന്നതും ദച്ചു പതിയെ അവളെ പിറകെ നടന്നു....

"നിനക്കപ്പോ ഇതുവരെ ആ മുറി തുറന്ന് നോക്കണമെന്ന് തോന്നിയിട്ടില്ലേ....??"

മെഹ്‌റു ഒന്ന് നിന്നു.... ദച്ചു അപ്പോഴേക്കും അടുത്തെത്തിയതും മെഹ്‌റു അവളെ നോക്കി....

"ഈ കാര്യം കേൾക്കുന്ന ഏതൊരു മനുഷ്യക്കുഞ്ഞിനും തോന്നുന്ന സംശയമാണ് അമ്മായി എവിടെപ്പോയെന്ന്.... സ്വാഭാവികമായും ആ മുറിക്കുള്ളിൽ എന്താണെന്ന് അറിയാനും ആഗ്രഹം കാണും...."

"ആഗ്രഹം ഉണ്ടേൽ പിന്നത് വെച്ചോണ്ടിരിക്കാൻ പാടുണ്ടോ.... നമുക്കാ മുറി തുറക്കാം ന്നെ...."

മെഹ്‌റു ദച്ചൂനെ രൂക്ഷമായൊന്ന് നോക്കിയതും ദച്ചു പെട്ടെന്ന് മെഹ്‌റൂന്റെ കയ്യിൽ പിടിച്ച് നിർത്തി...

"നോക്ക് മെഹ്‌റൂ.... ആ മുറിയിൽ നിന്ന് പുറത്തേക്ക് വേറെ വല്ല വഴികളും ഉണ്ടെങ്കിലോ.... അമ്മായി അത് വഴി പോയതാണെങ്കിലോ..."

മെഹ്‌റു ഒന്നും മിണ്ടിയില്ല....

"ഇനി പുറത്ത് നിന്ന് ആരെങ്കിലും തുറന്ന് കൊടുത്ത് പൂട്ടിയതാണെങ്കിലോ.....??"

"ആ മുറിയുടെ ചാവി എപ്പോഴും ഉമ്മുമ്മ മുണ്ടിന്റെ കോന്തലയിൽ കെട്ടി നടക്കുന്നതാ.... പിന്നത് വേറാർക്ക് കിട്ടാനാ...."

"കണ്ടോ... ഇപ്പൊത്തന്നെ ഒരുപാട് ചോദ്യങ്ങളായി.... ഇത്രയൊക്കെ ആയിട്ടും ആ മുറിയൊന്ന് തുറന്ന് നോക്കി അതിനുള്ളിൽ നിന്ന് വല്ല ക്ലൂവും കിട്ടുവോ എന്നറിയാൻ നിനക്ക് ആഗ്രഹമില്ലേ....??"

മെഹ്‌റു ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചോണ്ട് തല താഴ്ത്തി നിന്നു...
ദച്ചു ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് പതിയെ മുന്നോട്ട് നടന്നു...

"ഞാനെന്തായാലും ആ മുറി തുറക്കും....!!"

മെഹ്‌റു ഞെട്ടലോടെ മുഖമുയർത്തി മുന്നോട്ട് നടക്കുന്നവളെ നോക്കി....
പിന്നെ മനസ്സിൽ കലങ്ങി മറിയുന്ന ചിന്തകളുമായി അവൾക്ക് പിറകെ നടന്നു.... റോഡ് സൈഡിലുള്ള പുളിമരത്തിനടുത്തെത്തി ദച്ചു ഒന്ന് നിന്നതും മെഹ്‌റു അവളെ അടുത്തേക്ക് കയറി നിന്നു....

"ഞാനും വരാം....!!"

ദച്ചൂന്റെ ചുണ്ടുകൾ പതിയെ വിടർന്നു....

"പേടിയുണ്ടോ നിനക്ക്....??"

"അറിയില്ല....!!"

ദച്ചു അതേ ചിരിയോടെ തന്നെ മെഹ്‌റൂന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു....

ഇന്നലെ അവൾ ബസ് ഇറങ്ങിയ സ്ഥലത്ത് എത്തിയതും അതുപോലെ തന്നെ പല കണ്ണുകളും അവളെ വിടാതെ നോക്കുന്നത് രണ്ട് പേരും ഒരുപോലെ അറിയുന്നുണ്ടായിരുന്നു....
കുറച്ചൂടെ മുന്നോട്ട് നടക്കവേ മുണ്ടും മടക്കി കുത്തി ഒരു പച്ചക്കറി കടയുടെ മുന്നിൽ നിൽക്കുന്ന പോക്കരിനെ കണ്ടതും ദച്ചു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആ കടയിലേക്ക് കയറി.... അയാൾ അവളെയൊന്ന് അടിമുടി നോക്കി സൈഡിലേക്ക് കാറിത്തുപ്പി....
മെഹ്‌റു അറപ്പോടെ അയാളെ രൂക്ഷമായി നോക്കി....

"സ്വർഗത്തിലേക്ക് ഓടിച്ചെല്ലാനുള്ളതാ നിന്റെ ഉപ്പ... ഇയ്യ് അതിനി കണ്ട കാഫിറീങ്ങളോട് (അന്യമതക്കാർ) കൂട്ട് കൂടി ഇല്ലാതാക്കണ്ട...."

"ഞങ്ങൾ സഹിച്ചു....."

അയാൾ മെഹ്‌റൂനെ നോക്കി പറഞ്ഞയുടനെ മെഹ്‌റു പുച്ഛത്തോടെ പറഞ്ഞതും അയാൾ ഇഷ്ടക്കേടോടെ ദച്ചൂനെ ഒന്നിരുത്തി നോക്കി റോഡിലേക്ക് ഇറങ്ങി...

"ഇയാൾക്കൊക്കെ എലിവിഷം കലക്കി കൊടുക്കണം...."

മെഹ്‌റു ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് ദച്ചൂനെ നോക്കിയതും അവൾ പൊട്ടിവന്ന ചിരിയെ കടിച്ചു പിടിച്ചു....

"കിണിച്ചോണ്ട് നിക്കാതെ വാങ്ങാനുള്ളത് വാങ്ങ്...."

ദച്ചു ഉടനെ തല കുലുക്കിക്കൊണ്ട് അവരെ നോക്കി നിൽക്കുന്ന കടക്കാരന്റെ നേരെ തിരിഞ്ഞു....

* * *

"അതേയ്...."

രണ്ട് കയ്യിലുമുള്ള ഒരുപാട് കവറുകൾ കൂട്ടിപ്പിടിച്ച് നടക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ മെഹ്‌റു വിളിച്ചത് കേട്ട് ദച്ചു അവളെ നോക്കി....

"നീ ജിന്നുകളെ കുറിച്ചാണോ സ്റ്റോറി എഴുതുന്നെ....??"

ചോദ്യം മനസിലാവാത്ത പോലെ ദച്ചൂന്റെ മുഖം ചുളിഞ്ഞു....

"അല്ല,, അതാണല്ലോ ചോദിച്ചറിയുന്നത് മുഴുവൻ...."

ദച്ചു ഒന്ന് ചിരിച്ചു....

"നിന്നോട് ഞാൻ പറഞ്ഞില്ലെ മെഹ്‌റൂ... ഈ നാടിന്റെ സ്പെഷ്യാലിറ്റി കൊണ്ടാണ് ഈ നാട് ഞാൻ സെലക്ട്‌ ചെയ്യാൻ കാരണമെന്ന്.... അതിൽ പെടുന്നതല്ലേ ഇതും.... "

മെഹ്‌റു ഒന്ന് ശ്വാസം നീട്ടി വലിച്ച് വിട്ട് അവളെ കയ്യിലും ഉള്ള കവറുകൾ ഒന്നൂടെ നേരെ പിടിച്ചു....

"അതായത് ഈ നാടിന്റെ നിഗൂഢതകളിൽ പെടുന്നതാണ് ആ പോക്കര് അടക്കം നിന്റെ തറവാട് വീട്ടിൽ പൂട്ടിക്കിടക്കുന്ന മുറി വരെ.... അത്കൊണ്ട് എനിക്കാ നിഗൂഢതകളിലേക്കൊക്കെ ഇറങ്ങിച്ചെന്നെ മതിയാകൂ.... എന്നിൽ നിന്ന് പിറവിയെടുക്കുന്ന ഓരോ വാക്കുകൾക്കും ജീവനുണ്ടായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്....!!"

ദച്ചൂന്റെ മുഖത്തുണ്ടായ പ്രസന്നതയിലേക്ക് മെഹ്‌റു ഒരുനിമിഷം ഉറ്റു നോക്കി....

"അപ്പൊ നീ എഴുതാൻ പോകുന്നത് ഒരു നാടിന്റെ കഥയാണോ....??"

ദച്ചു അല്ലാന്ന് മൂളി....

"പിന്നെ....??"

മെഹ്‌റു നെറ്റി ചുളിച്ചതും ദച്ചു മനോഹരമായൊന്ന് പുഞ്ചിരിച്ചു...

"ഞാൻ ജന്മം നൽകാൻ പോകുന്നത് അവൾക്കാണ്.... എന്നിലൂടെ ജീവനെടുക്കാൻ പോകുന്നതൊരു പച്ചയായ പെണ്ണിന്റെ ജീവിതമാണ്....!!"

മെഹ്‌റൂന്റെ കണ്ണുകളൊന്ന് വിടർന്നു... എവിടെയോ അവളിൽ വല്ലാത്ത ആകാംഷ മുളപൊട്ടി....

"അവളെന്ന് പറയുമ്പോൾ....??!!"

മനോഹരമായ ആ പുഞ്ചിരിയുടെ കൂടെ ദച്ചൂന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം രൂപപ്പെട്ടു....

*"നേത്ര....!!"*

ദച്ചൂന്റെ ഏറ്റവും മനോഹരമായ ഭാവമാണ് താനിപ്പോൾ കാണുന്നതെന്ന് മെഹ്‌റൂന് തീർച്ചയായിരുന്നു....
അവളും മനോഹരമായൊന്ന് പുഞ്ചിരിച്ചു...

"നേത്ര...!! കേൾക്കുമ്പോ തന്നെ ഉള്ളിലൊരു തണുപ്പ് പോലെ...."

ദച്ചു പുഞ്ചിരിച്ചതെ ഉള്ളു...

"സാങ്കൽപ്പികം ആണല്ലോ അല്ലെ....??!

"തികച്ചും....!!"

ദച്ചു ചിരിച്ചതും മെഹ്റുവും കൂടെ ചിരിച്ചു...

* * *

"ഇന്നിനി ഇത്ര നേരായില്ലേ ഉമ്മാ... ഞാൻ ദച്ചൂന്റെ കൂടെ നിന്നോളാം... ഉപ്പാനോട് നിങ്ങള് പറഞ്ഞേക്കി..."

"ഇയ്യ് ചുമ്മാ ഇനി അവളെ കൂടെ നിന്ന് പേടിപ്പിക്കല്ലേ മെഹ്‌റൂ...."

"ഇല്ലുമ്മാ.... എനിക്ക് പേടിയൊന്നുല്ല...
ദച്ചു ഉണ്ടല്ലോ കൂടെ..."

"ശെരി എന്നാൽ.... എന്തേലും പേടി തോന്നാണേൽ ഉടനെ വിളിച്ചോണം.. ഇക്ക ഇനി എന്തൊക്കെ പറയുമോ ആവോ...."

"അത് നിങ്ങള് സോപ്പിട്ട് മയക്കിയാ മതി... ഞാൻ വെക്കുവാ... ദച്ചൂനെ ഹെൽപ്പട്ടെ...."

മറുപടിക്ക് കാത്ത് നിൽക്കാതെ കാൾ എൻഡ് ചെയ്ത് ഫോൺ ടേബിളിലേക്ക് വെച്ച ശേഷം മെഹ്‌റു അടുത്തിരിക്കുന്ന ദച്ചൂനെ നോക്കി...

"എന്ത് പറഞ്ഞു...?? സമ്മതിച്ചോ....??"

പ്ലേറ്റിലെ ചപ്പാത്തിയുടെ അവസാന പീസ് എടുത്ത് വായിലേക്ക് വെച്ച് കൊണ്ട് ദച്ചു ചോദിച്ചതും മെഹ്‌റു പ്ലേറ്റിലേക്ക് നോക്കി....

"പിന്നല്ല... ചോദിച്ചത് ഈ മെഹ്‌റു അല്ലെ...."

പുരികം പൊക്കി അവൾ കണ്ണിറുക്കിയതും ദച്ചു ഉവ്വ ഉവ്വ എന്ന് പറഞ്ഞോണ്ട് ഒഴിഞ്ഞ പ്ലേറ്റും എടുത്ത് ഇരുന്നിടത്ത് നിന്ന് എണീറ്റു....

"പെട്ടെന്ന് കഴിക്ക്.... പാതിരാത്രി ആവാനൊന്നും ഉള്ള ക്ഷമ എനിക്കില്ല... എത്രയും പെട്ടെന്ന് ആ റൂമിൽ എന്താണെന്ന് അറിഞ്ഞാൽ മതി...."

ദച്ചു പറയുന്നത് കേട്ട് ഒന്നമർത്തി മൂളിക്കൊണ്ട് മെഹ്‌റു ഒരു പീസ് ചപ്പാത്തി പിച്ചിയെടുത്തു....

ദച്ചു പാത്രം കഴുകി വെച്ചപ്പോഴേക്കും മെഹ്‌റൂന്റെ കഴിച്ച് കഴിഞ്ഞിരുന്നു....
അവൾ എണീറ്റ് പാത്രം കഴുകാൻ തുടങ്ങിയതും ദച്ചു പുറത്തേക്ക് നടന്ന് ആ മുറിയുടെ മുന്നിൽ ചെന്ന് നിന്നു...
പൂട്ടിക്കിടക്കുന്ന മുറിയിലേക്ക് തന്നെ ഉറ്റു നോക്കുന്ന ദച്ചൂന്റെ അടുത്തേക്കായി മെഹ്‌റു വന്ന് നിന്നു....

"ഇതെങ്ങനെ തുറക്കും....??"

"അടിച്ച് പൊട്ടിച്ചാലോ....??"

ദച്ചു പുരികം പൊക്കിയതും മെഹ്‌റു അവളെ നോക്കി പേടിപ്പിച്ചു....

"ഉപ്പ അറിയാൻ പാടില്ല നമ്മളീ മുറി തുറന്നത്... അറിഞ്ഞാ എന്റെ മയ്യിത്ത് എടുക്കുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല.... അതോണ്ട് നോക്കിയും കണ്ടും തുറക്കാൻ നോക്ക്...."

"ഹെയർ പിൻ ഉണ്ടോ....??"

ദച്ചു പെട്ടെന്ന് ചോദിച്ചതും മെഹ്‌റു ഷാൾ മാറ്റി മുടിയിൽ നിന്നൊരു പിൻ വലിച്ചൂരി അവളെ നേരെ നീട്ടി...
അവളത് വാങ്ങി പൊടി പിടിച്ചു കിടക്കുന്ന തുരുമ്പിച്ച പൂട്ട് തട്ടി വൃത്തിയാക്കി കയ്യിലെടുത്തു....
പിന്നെ വളരെ സൂക്ഷ്മതയോടെ പിൻ കീ ഹോളിലേക്ക് ഇറക്കി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചതും വല്ലാത്തൊരു ശബ്ദത്തോടെ പൂട്ട് തുറന്നു...
ദച്ചു ഉടനെ ചിരിയോടെ കണ്ണും തള്ളി നിൽക്കുന്ന മെഹ്‌റൂനെ നോക്കി പുരികം പൊക്കി കളിച്ചു...

"നിനക്കിതിൽ നല്ല എക്സ്പീരിയൻസ് ഉണ്ടോ ദച്ചൂ....??"

"ഒന്ന് പോടീ അവിടെന്ന്.... ഇതൊക്കെ ഏതോ കാലത്തെ ലോക്കാ... സിംപിൾ ആയിട്ട് തുറക്കാം... അല്ലാണ്ട് എനിക്ക് എക്സ്പീരിയൻസ് ഉണ്ടായിട്ടൊന്നും അല്ല...."

മെഹ്‌റു അമർത്തി മൂളിയതും ദച്ചു ആ വാതിലിന്റെ നേരെ തിരിഞ്ഞു....

"തുറക്കാൻ പോവാണേ...."

"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌...."

പ്രത്യേക താളത്തിൽ ഉറക്കെ മെഹ്‌റു പെട്ടെന്ന് സ്വലാത്ത് ചൊല്ലുന്നത് കേട്ട് ദച്ചു അന്തം വിട്ടോണ്ട് അവളെ തിരിഞ്ഞു നോക്കി... അവളുടനെ ഇളിച്ചു കാണിച്ചതും പൊട്ടി വരുന്ന ചിരിയെ തടഞ്ഞ് നിർത്തിക്കൊണ്ട് ദച്ചു കൈകൾ രണ്ടും ഉയർത്തി വാതിലിലേക്ക് ചേർത്ത് വെച്ചു...
കയ്യിൽ പൊടി പറ്റിയതിന്റെ കൂടെ നേരിയ രീതിയിൽ പഴകിയ മരം ഉരയുന്നതിന്റെ ശബ്ദം ഉയർന്നു....
ഒന്ന് ശ്വാസം വലിച്ചു വിട്ട് കൊണ്ട് അവളാ വാതിൽ അകത്തേക്ക് തള്ളിത്തുറന്നു....

വല്ലാത്തൊരു നിലവിളി പോലുള്ള ഉയർന്ന ശബ്ദം അവിടെ നിറഞ്ഞു നിന്നു... മെഹ്‌റു ചെവി പൊത്തിക്കൊണ്ട് മുഖം ചുളിച്ചു മുന്നോട്ട് ഉറ്റു നോക്കി....
ഹാളിൽ നല്ല വെളിച്ചം ഉണ്ടായിട്ട് പോലും അതിന്റെ ഒരംശത്തെ പോലും സ്വീകരിക്കാതെ പൂർണമായും ഇരുട്ടിൽ നിറഞ്ഞു നിൽക്കുന്ന ആ മുറിയിലേക്ക് അവർ രണ്ട് പേരും പകപ്പോടെ ഉറ്റു നോക്കി....

ഒന്നും കാണുന്നില്ലായിരുന്നു....!!
ഇരുട്ട് മാത്രം... തുറന്ന് കിടക്കുന്ന വാതിലിന്റെ രണ്ട് പൊളികളും ആടിക്കളിക്കുന്നതിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്... കൂട്ടത്തിൽ പൊടി തറയിലേക്ക് ചാടുന്നതിന്റെ നേരിയ ശബ്‍ദവും....
മുന്നിലെ കാഴ്ചയെ മറച്ചതിലെ ചെറുതല്ലാത്ത പങ്ക് അവിടെ നിറഞ്ഞു നിൽക്കുന്ന മാറാലക്കും ഉണ്ടെന്ന് ദച്ചൂന് മനസിലായി....
അവൾ പതിയെ വലതു കാലെടുത്ത് ആ മുറിക്കുള്ളിലേക്ക് വെച്ചു...

അടുത്തനിമിഷം....!!
ഇരുമ്പ് ചങ്ങല തറയിൽ ഉരസുന്നതിന്റെ വലിയ ശബ്ദം അവിടെ ഉയർന്ന് കേട്ടതും ശ്വാസം പോലും എടുക്കാൻ മറന്ന് ദച്ചു അവിടെ നിന്ന് പോയി....
മെഹ്‌റു വായിൽ വന്ന ദിക്‌റുകളെല്ലാം ഉരുവിട്ട് കൊണ്ട് കൂടിയ ഹൃദയമിഡിപ്പോടെ ദച്ചൂനെ തന്നെ ഉറ്റു നോക്കി....
ആ ഇരുമ്പ് ചങ്ങല അവർക്കടുത്തേക്ക് ഇഴഞ്ഞു വരുന്ന പോലെ ശബ്ദം കൂടിക്കൂടി വന്നതും എവിടുന്നോ കിട്ടിയ ധൈര്യത്തിൽ മെഹ്‌റു മുന്നോട്ടാഞ്ഞ് ദച്ചൂന്റെ കൈ പിടിച്ച് പുറത്തേക്ക് വലിച്ചു....

"ദച്ചൂ പോവാം...."

അവൾ പറഞ്ഞ് നാവ് വായിലിടുന്നതിന് മുന്നേ ഘോരമായ ശബ്ദത്തോടെ അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടക്കപ്പെട്ടതും അലറിക്കൊണ്ട് മെഹ്‌റു ദച്ചൂനെ വാരിപ്പുണർന്നു....
ദച്ചു അപ്പോഴും ഒരു രോമം പോലും അനക്കാതെ വല്ലാത്തൊരു വിശ്വാസക്കുറവോടെ ആ വാതിലിലേക്ക് ഉറ്റു നോക്കി....

"ദച്ചൂ... വാ പോവാം...."

വരാൻ കൂട്ടാക്കാതെ നിൽക്കുന്ന ദച്ചൂന്റെ കയ്യിൽ പിടിച്ച് ബലമായി വലിച്ചു മെഹ്‌റു...
കരച്ചിലിന്റെ വക്കിലെത്തിയ പോലെ മെഹ്‌റു അവളെ കയ്യും പിടിച്ച് മുന്നോട്ട് ഓടുമ്പോഴും ദച്ചു ആ മുറിയിലേക്ക് തന്നെ തിരിഞ്ഞു നോക്കുകയായിരുന്നു....

* * *

"ഉമ്മാാാ....."

മെഹ്‌റൂന്റെ അലർച്ച കേട്ട് വെപ്രാളത്തോടെ അവർ പെട്ടെന്ന് പുറത്തേക്ക് ഓടി വന്നു....

"എന്താടി....?? എന്തിനാ അലറുന്നെ....?? ഈ രാത്രി രണ്ടും കൂടി എങ്ങോട്ടാ പോണേ....??"

"ഉമ്മാ... അവിടെ... എന്തൊക്കെയോ സൗണ്ട് ഒക്കെ കേൾക്കുന്നുണ്ട്...."

കിതപ്പ് ഒരുവിധം അടക്കിക്കൊണ്ട് പിറകിലേക്ക് ചൂണ്ടിക്കൊണ്ട് മെഹ്‌റു പറഞ്ഞതും ഉമ്മ നെഞ്ചിൽ കൈ വെച്ച് എന്തോ മെല്ലെ മൊഴിഞ്ഞു... പിന്നെ ശാന്തമായി,, എന്നാൽ പതർച്ചയോടെ നിൽക്കുന്ന ദച്ചൂനെ നോക്കി....

"നിന്നോട് ഞാൻ പറഞ്ഞതാ മെഹ്‌റു അവിടെ പോയി നിന്നിട്ട് ദച്ചൂനെ കൂടി പേടിപ്പിക്കല്ലേന്ന്.... ഇനിപ്പോ രണ്ടാളും അകത്തേക്ക് കയറ്...."

"അത് വേണ്ടുമ്മാ... ഞാൻ അവിടെത്തന്നെ നിന്നോളാം...."

ദച്ചു പെട്ടെന്ന് പറഞ്ഞതും മെഹ്‌റു അവളെ കയ്യിൽ പിടി മുറുക്കി....

"ഏയ് ഇനി അത് വേണ്ട.... ഇവള് മോളേം പേടിപ്പിച്ചിട്ടുണ്ടാവും... ഇനിപ്പോ നാളെ രാവിലെ കുളിയൊക്കെ കഴിഞ്ഞ് പോവാം... മോള് അകത്തേക്ക് കയറ്...."

"വേണ്ട ഞാൻ...."

"മോളൊന്നും പറയണ്ട.... മെഹ്‌റൂ നീ ദച്ചൂനെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോ...."

മെഹ്‌റു ഉടനെ പിടിച്ച പിടിയാലെ ദച്ചൂനെയും കൊണ്ട് അകത്തേക്ക് കയറി....
അവർ പോവുന്നത് നോക്കി നിന്ന ശേഷം ഉമ്മ പതിയെ ശ്വാസം വലിച്ചു വിട്ടു...

"അള്ളാഹ്.. നിന്റെ കാവൽ എന്റെ മക്കളെ കൂടെ ഉണ്ടാവണമേ...."

കണ്ണുകളടച്ചു ഒരുനിമിഷം ദച്ചൂനെയും മെഹ്‌റൂനെയും ഓർത്ത് മൊഴിഞ്ഞു കൊണ്ട് അവരും അകത്തേക്ക് നടന്നു....

* * *

ക്ലോക്കിൽ മണി പന്ത്രണ്ട് അടിച്ചതും ദച്ചു പതിയെ കണ്ണ് തുറന്ന് അടുത്ത് കിടക്കുന്ന മെഹ്‌റൂനെ നോക്കി...
അവൾ നല്ല ഉറക്കമാണ്...
തന്റെ മേലിലുള്ള അവളെ കൈ എടുത്ത് മാറ്റി ദച്ചു പതിയെ ബെഡിലേക്ക് എണീറ്റിരുന്നു....

മനസ്സിൽ മുഴുവൻ ആ മുറിയും അതിൽ നിന്ന് കേട്ട ശബ്ദങ്ങളും മാത്രമാണ്.... അതിനകത്ത് എന്താണെന്ന് അറിയാതെ ഇനി തനിക്ക് ഉറക്കം വരില്ലെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു....

അവൾ പതിയെ ബെഡിൽ നിന്ന് നിലത്തേക്കിറങ്ങി... ഉറങ്ങിക്കിടക്കുന്ന മെഹ്‌റൂനെ ഒന്നൂടെ നോക്കിയ ശേഷം ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നടന്നവൾ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... മെഹ്‌റൂനെ ഒന്നൂടെ തിരിഞ്ഞു നോക്കി ശബ്ദമുണ്ടാക്കാതെ ഡോർ അടച്ച ശേഷം പതിയെ ഓരോ കാലടിയും വെച്ച് താഴേക്ക് ഇറങ്ങി.... ചുറ്റും നോക്കി നിശബ്ദത മാത്രമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉള്ളിലേക്ക് ലോക്ക് ചെയ്തിട്ടുള്ള മെയിൻ ഡോർ ശബ്ദമുണ്ടാക്കാതെ തുറന്നവൾ പുറത്തേക്ക് ഇറങ്ങി....

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ കൈവിരലുകൾ കൊണ്ട് ഒപ്പിയെടുത്ത ശേഷം അവൾ നടത്തതിന് വേഗത കൂട്ടി... ദൂരെ നിന്നേ നിലാവിന്റെ വെളിച്ചത്തിൽ ഓടിട്ടയാ വീട് തെളിഞ്ഞു കണ്ടതും അവളെ ഹൃദയമിടിപ്പ് കൂടി വന്നു....
വീടിന് മുന്നിലെത്തിയതും ആ വീട്ടിലേക്ക് മാത്രമായി നിലാവ് ഉദിച്ചു നിൽക്കുന്ന പോലെ തോന്നി അവൾക്ക്....

പതിയെ മുറ്റത്തേക്ക് ഇറങ്ങി തുറന്ന് കിടക്കുന്ന ഡോറിനുള്ളിലൂടെ വീടിനകത്തേക്ക് കയറി....
ശാന്തമായ അന്തരീക്ഷം....!!
അവളുടെ പതിഞ്ഞ കാലടികളും ഉയർന്ന ഹൃദയമിടിപ്പും മാത്രം....

അടഞ്ഞു കിടക്കുന്ന ആ മുറിയുടെ മുന്നിലെത്തിയതും അവൾ ഒന്ന് നിന്നു.... പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ രണ്ട് കൈകൾ കൊണ്ടും വാതിൽ അകത്തേക്ക് തള്ളിത്തുറന്നു....

തൊട്ട് മുന്നിൽ വെളുത്ത പുകമറ പോലെ ഒരു രൂപം തെളിഞ്ഞു വന്നതും അവൾ നിശ്ചലമായി...
തൊണ്ടയിലേക്ക് ഇച്ചിരി ഉമിനീര് ഇറക്കിയപ്പോഴേക്കും ആ രൂപം കൊടുങ്കാറ്റ് പോലെ അവളെ നേരെ തിരിഞ്ഞിരുന്നു....

* * *

"ഹാഹ്....!!"

ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു ദച്ചു....
കണ്ടത് സ്വപ്നമാണെന്ന് മനസിലാക്കാൻ ഒന്ന് രണ്ട് സെക്കൻഡ് വേണ്ടി വന്നു അവൾക്ക്...
ഫാൻ ഫുൾ സ്പീഡിൽ ആയിട്ട് പോലും ശരീരത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികളെ മനസിലാക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നു....

പതിയെ തല ചെരിച്ചു അടുത്തായി തന്നെ ചുറ്റിപ്പിടിച്ചു കിടക്കുന്ന മെഹ്‌റൂനെ നോക്കി....
അപ്പോഴും കണ്ട സ്വപ്നത്തിന്റെ ഹാങ്ങോവർ പോയിട്ടില്ലായിരുന്നു.... സ്വപ്നത്തിലാണെങ്കിലും ആ റൂം ഒറ്റക്ക് പോയി തുറന്ന് നോക്കാൻ തനിക്കെങ്ങനെ ധൈര്യം വന്നു എന്നോർക്കുകയായിരുന്നു അവൾ...
ശ്വാസം നീട്ടി വലിച്ചു വിട്ടു കൊണ്ടവൾ പതിയെ മറുപുറത്തേക്ക് ചെരിഞ്ഞു കിടന്നു...

മനസിലേക്ക് ഇഴഞ്ഞു വരുന്ന വേണ്ടാത്ത ചിന്തകളെയെല്ലാം ആട്ടിപ്പായിച്ചു കൊണ്ട് കണ്ണുകളടക്കാൻ തുടങ്ങേ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് പതിയെ വെളിച്ചം കയറി വരുന്ന പോലെ അവൾക്ക് തോന്നി... നെറ്റി ചുളിഞ്ഞതും മുന്നിലെ ചുമരിൽ പിറകിലാരോ പതിയെ വാതിൽ തുറക്കുന്നതിന്റെ നിഴൽ തെളിഞ്ഞു വന്നു.....

ദച്ചൂന് ഹൃദയം പോലും നിലച്ച പോലെ തോന്നി... ശ്വസിക്കാൻ പോലും മറന്നവൾ കണ്ണുകൾ വിടർത്തിപ്പിടിച്ച് ആ ചുമരിലേക്ക് തന്നെ ഉറ്റു നോക്കി... ഇത് സ്വപ്നമല്ല തികച്ചും യാഥാർഥ്യമാണെന്ന് ഓർക്കേ അവളിലെ ഓരോ രോമം പോലും ഭയത്തോടെ നിശ്ചലമായി....

നോക്കി നിൽക്കെ പകുതിയോളം തുറന്ന വാതിലിന് മുന്നിൽ ഒരു രൂപത്തിന്റെ നിഴൽ തെളിഞ്ഞതും കിട്ടിയ ധൈര്യത്തിൽ അലറി വിളിച്ചു കൊണ്ട് ദച്ചു എണീറ്റിരുന്നു....

"ഉമ്മാാാ....."

ദച്ചൂന്റെ അലർച്ച കേട്ട് മെഹ്റുവും നിലവിളിച്ചു കൊണ്ട് ചാടിയെണീറ്റതും റൂമിൽ ലൈറ്റ് വീണിരുന്നു....

"അള്ളോഹ് മെഹ്‌റു ഞാനാ.....!!"

ബെഡിൽ നിന്ന് ചാടിയിറങ്ങിയ ദച്ചു ഒരുനിമിഷം ആ ശബ്ദത്തിനുടമയെ നോക്കി....
മെഹ്‌റൂനെ നോക്കി തലയിൽ കൈ വെച്ചോണ്ട് നിക്കുന്നയാ രൂപം പച്ചയായ ഒരു മനുഷ്യനാണെന്ന് കണ്ടതും പൊട്ടിപ്പോകാൻ പാകത്തിന് മിടിച്ചിരുന്ന ദച്ചൂന്റെ ഹൃദയമിടിപ്പ് മെല്ലെ കുറഞ്ഞു വന്നു....

"എന്താ മക്കളെ....??"

അപ്പോഴേക്കും ഓടി വന്ന മൂസാക്കയും ഉമ്മയും ഒരുനിമിഷം മെഹ്‌റു നിന്ന പോലെ അന്തം വിട്ടോണ്ട് അവിടെ നിന്നു.... പിന്നെ പെട്ടെന്ന് അകത്തേക്ക് കയറി അയാളുടെ അടുത്തേക്ക് ചെന്നു...

"ലാ ഹൗല വലാ... ഈ ചെക്കനെന്താ ഇവിടെ....??"

ഉമ്മ നെഞ്ചിൽ കൈ വെച്ചോണ്ട് ചോദിക്കുന്നത് കേട്ട് ബോധം തിരിച്ചു കിട്ടിയ പോലെ മെഹ്‌റു പാഞ്ഞു വന്ന് അയാളുടെ വയറ്റിൽ ആഞ്ഞു കുത്തി...

"ഔ ന്റുമ്മാ...."

വേദന കൊണ്ടയാൾ കുനിഞ്ഞപ്പോഴും ദച്ചു ഒന്നും മനസിലാകാതെ അവരെ ഉറ്റു നോക്കുകയായിരുന്നു....

"പണ്ടാരക്കാലൻ ഇബ്‌ലീസ്.... മനുഷ്യന്റെ ജീവൻ കളയാൻ ആണോടാ പാതിരാത്രി നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ.....??"

"അത് ഞാൻ സർപ്രൈസ്...."

മെഹ്‌റു നിന്ന് വിറക്കുകയായിരുന്നു.... അയാൾ ഇപ്പൊ കരയുമെന്ന മട്ടിൽ പറയുന്നത് കേട്ട് മെഹ്‌റു വീണ്ടും കൊടുത്തു കയ്യിനിട്ട് ഒരു കുത്ത്...

"ഇക്കാക്ക ആണെന്നൊന്നും ഞാൻ നോക്കില്ല കോപ്പേ... ചുരുട്ടിക്കൂട്ടി കിണറ്റിലിടും...."

"മെഹ്‌റു നീ മിണ്ടാതിരി... അവൻ വന്ന് കയറിയതല്ലേ ഉള്ളു...."

"ഉപ്പാക്ക് മോനെ ഇനിയും കാണാൻ ആഗ്രഹം ഉണ്ടേൽ വിളിച്ചോണ്ട് പൊക്കോണം ഇവിടുന്ന്... മനുഷ്യന്റെ ജീവൻ കളയാനായിട്ട് അവന്റെയൊരു കോപ്പിലെ സർപ്രൈസ്....."

അവനൊന്നും മിണ്ടാതെ തല താഴ്ത്തി നിപ്പാണ്...

"പറയുമ്പോലെ ഇങ്ങനെയാണോടാ സർപ്രൈസ് കൊടുക്കുന്നെ... ആ കൊച്ചുങ്ങളെ പേടിപ്പിക്കാനായിട്ട്... ഇങ്ങ് വന്നേ നീ...."

ഉമ്മ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് കൊണ്ട് പോയതും വാതിൽക്കലെത്തി അവൻ തന്നെത്തന്നെ ഉറ്റു നോക്കുന്ന ദച്ചൂനെയൊന്ന് തിരിഞ്ഞു നോക്കി....!!

അവൾ പെട്ടെന്ന് നോട്ടം മാറ്റിയതും മൂസാക്ക അവളെ നേരെ തിരിഞ്ഞു...

"മോള് പേടിച്ചോ....??"

പതിയെ ഇല്ലെന്ന് മൂളിക്കൊണ്ടവൾ പുഞ്ചിരിക്കാനായി ഒരു ശ്രമം നടത്തി... ശ്വാസം വലിച്ചു വിട്ട് മെഹ്‌റൂനെ ഒന്ന് നോക്കിക്കൊണ്ട് മൂസാക്ക പുറത്തേക്ക് നടന്നു...
മെഹ്‌റു ഉടനെ മുന്നോട്ട് വന്ന് ദച്ചൂനെ വാരിപ്പുണർന്നതും ദച്ചു കണ്ണുകളടച്ചു.... മെഹ്‌റു പതിയെ അവളെ മുതുകിൽ തലോടിയതും ഹൃദയമിടിപ്പ് ശാന്തമായി വരുന്നത് ദച്ചു അറിഞ്ഞു.....

"സാരല്ല പോട്ടെ.... അവനുള്ളത് ഞാൻ കൊടുത്തോളാം...."

അവളെ അടർത്തി മാറ്റി മെഹ്‌റു പറഞ്ഞതും ദച്ചു പുഞ്ചിരിച്ചു....

"വന്ന് കിടക്ക്...."

ഡോർ അടച്ച് ലോക്ക് ചെയ്തോണ്ട് മെഹ്‌റു പറഞ്ഞതും ദച്ചു പതിയെ ബെഡിലേക്ക് ഇരുന്നു....

* * *

"മോള് ഇത്ര നേരത്തെ കുളിയൊക്കെ കഴിച്ച് പോകുവാണോ....??"

"എങ്ങനെ പോകാതിരിക്കും... നിങ്ങടെ പുന്നാര മോൻ അമ്മാതിരി പണിയല്ലേ ഇന്നലെ ഒപ്പിച്ചു വെച്ചേ...."

ഉമ്മ ചോദിച്ചയുടനെ മെഹ്‌റു ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും കോട്ടിക്കൊണ്ട് പറഞ്ഞതും ദച്ചു ചിരിച്ചു....

"അതൊന്നും അല്ലുമ്മാ... കുളിച്ചിട്ട് ഇന്നലെ ഇട്ടത് തന്നെയല്ലേ ഇട്ടേ... പോയി ചേഞ്ച്‌ ചെയ്യണം.... പിന്നെ ഫോണും അവിടെയാ.... അച്ഛയും അമ്മയും ഒക്കെ കുറേ വിളിച്ചിട്ടുണ്ടാവും...."

"അത് ശെരിയാ... എങ്കി മോള് ചായ കുടിച്ചിട്ട് പൊക്കോ...."

"വേണ്ട... ഞാൻ ഉണ്ടാക്കിക്കോളാം...."

"എങ്കി ഉച്ചക്ക് ഇങ്ങോട്ട് വരണം... റംസു വന്നതോണ്ട് ഇന്നിവിടെ നല്ല ചിക്കൻ ബിരിയാണി വെക്കുന്നുണ്ട്...."

അവൾ പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ട് പുറത്തേക്ക് ഇറങ്ങി നടന്നു...

"നോക്കി പോണേ മോളെ...."

"ആഹ്...."

വീടിന് മുന്നിലെത്തി മുറ്റത്തേക്ക് ഇറങ്ങുന്നതിന് മുന്നേ ആദ്യം നോക്കിയത് ഡോറിലേക്ക് ആയിരുന്നു... ഇന്നലെ മൂസാക്ക അടച്ചിട്ടതാവണം.... പതിയെ മുറ്റത്തേക്കിറങ്ങി സ്റ്റെപ് കയറി അവൾ ഡോർ തുറന്നു...
തികച്ചും ശാന്തമായ അന്തരീക്ഷം....

അകത്തേക്ക് കയറി ഡോർ അടച്ച് ഹാളിലേക്ക് ചെന്ന് ആദ്യം നോക്കിയത് ആ മുറിയിലേക്കായിരുന്നു....
അടഞ്ഞു കിടക്കുന്ന വാതിലും തുറന്ന് കിടക്കുന്ന പൂട്ടും കണ്ടതും അവൾ വേഗത്തിൽ മുന്നോട്ട് നടന്ന് സ്റ്റെപ് കയറി റൂമിലേക്ക് ചെന്നു....

* * *

"ഓയ് കഥാകാരി....!!"

മുറ്റത്തേക്ക് നോക്കി സ്റ്റെപ്പിൽ ഇരിക്കുന്നതിനിടയിൽ ഉച്ചത്തിലുള്ള വിളി കേട്ട് ദച്ചു പെട്ടെന്ന് മുഖമുയർത്തി നോക്കി...
മുണ്ട് മടക്കി കുത്തിക്കൊണ്ട് പുഞ്ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി വരുന്നവനെ കണ്ടതും അവൾ പതിയെ സ്റ്റെപ്പിൽ നിന്ന് എണീറ്റു...

"താൻ ഇവിടെ ഇരുന്ന് കഥ ആലോചിക്കുകയാണോ.....??"

പ്രത്യേകമായൊരു ചിരിയോടെ അവൻ ചോദിച്ചതും അവളും ചിരിച്ചു....

"ഇന്നലെ ഞാൻ ആക്ച്വലി അങ്ങനെ അല്ലാട്ടോ പ്രതീക്ഷിച്ചേ.... ഇങ്ങനൊരാള് അവിടെയുള്ള കാര്യം ഞാൻ അറിയില്ലല്ലോ.... പോരാത്തതിന് താൻ ഉണർന്ന് കിടക്കായിരുന്നു.... ഞാൻ മെഹ്‌റൂനെ ഒന്ന് പേടിപ്പിക്കാനും എല്ലാർക്കും സർപ്രൈസ് കൊടുക്കാനും ഒക്കെ വേണ്ടിയാ ആരോടും പറയാതെ വന്നേ... അതിപ്പോ ഇങ്ങനെയായി...."

ചമ്മലോടെ താടി ചൊറിഞ്ഞോണ്ട് അവൻ പറയുന്നത് കേട്ട് ദച്ചൂന് ചിരി പൊട്ടി വന്നു...

"അത് സാരല്ല... ഞാൻ പെട്ടെന്ന് കണ്ടപ്പോ പേടിച്ച് ബഹളം വെച്ചതാ...."

അവനൊന്ന് പുഞ്ചിരിച്ചു...

"ദക്ഷ എന്നല്ലേ പേര്....??"

അവൾ ആണെന്ന് മൂളി...

"മെഹ്‌റു എല്ലാം പറഞ്ഞു....."

അവനിലെ പ്രത്യേകമായ ചിരി കണ്ട് അവളുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

"തനിക്കാ മുറിയിൽ എന്താണെന്ന് അറിയാൻ അത്രക്ക് ആഗ്രഹമാണോ....??"

അവളൊന്ന് ഞെട്ടി...
മെഹ്‌റു എന്തിനാ ഇതൊക്കെ പറയാൻ പോയേ എന്നോർത്ത് അവൾ കണ്ണുകൾ ഇറുക്കിയടച്ചു...

"എടൊ.. ഞാനും അവളും അങ്ങനെയാ... ഞങ്ങൾ പരസ്പരം ഒന്നും ഷെയർ ചെയ്യാതിരിക്കാറില്ല... അവളെ കെട്ടിച്ചു വിടാതെ ഇപ്പോഴും നിർത്തിയേക്കുന്ന കാരണം എന്താണെന്നാ അവൾ തന്നോട് പറഞ്ഞിട്ടുള്ളെ....??"

"അവൾ നിരാഹാരം കിടന്നിട്ടാണെന്ന്...."

"തേങ്ങാക്കൊല.... ഉമ്മ ഒരു വടിയെടുത്താൽ പൂച്ചക്കുഞ്ഞ് ആവുന്ന പെണ്ണാ അത്... ഞാൻ കാരണമാ അവളിങ്ങനെ നിക്കുന്നെ... ഞാൻ സമ്മതിക്കാഞ്ഞിട്ട് എന്ന് പറയാം.... അവളെ പിരിയാൻ കഴിയാഞ്ഞിട്ടാണെന്നും പറയാം...."

ദച്ചൂന്റെ ചുണ്ടുകൾ വിടർന്നു...

"ഹ... അത് പോട്ടെ... താനെന്നിട്ട് കഥയൊക്കെ എഴുതി തുടങ്ങിയോ....??"

വീട് അടിമുടി നോക്കിക്കൊണ്ടാണ് അവനത് ചോദിച്ചത്....

"എഴുത്തൊക്കെ തുടങ്ങിയിട്ട് കുറേയായി.... പകുതിയിൽ വെച്ച് വഴിമുട്ടി പോയപ്പോ തിരഞ്ഞെടുത്ത വഴിയാണ് ഇത്...."

അവൻ പെട്ടെന്ന് നെറ്റി ചുളിച്ചോണ്ട് അവളെ നോക്കി...

"എന്ന് വെച്ചാൽ....??"

"എന്ന് വെച്ചാ.... സ്റ്റോറി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ എനിക്കൊത്തിരി അനുഭവിച്ചറിയാൻ ഉണ്ടെന്ന് മനസിലായി.... അതിന് പറ്റിയൊരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു.... രണ്ട് വർഷത്തോളം വേണ്ടി വന്നു ഈ നാടൊന്ന് കണ്ട് പിടിക്കാൻ...."

അവൻ പെട്ടെന്ന് അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി അവളെ നോക്കി...

"രണ്ട് വർഷമായിട്ട് ഒരു കഥയുടെ പിറകെയാണെന്നോ....??"

അവൾ ചിരിയോടെ അതേയെന്ന് തല കുലുക്കി...

"താൻ ആള് കൊള്ളാല്ലോ.... എന്നാ ആ കഥ വായിച്ചിട്ട് തന്നെ കാര്യം...."

"കുറച്ച് മാസങ്ങൾ കൂടി... എഴുത്ത് കഴിഞ്ഞാൽ പബ്ലിഷ് ചെയ്തയുടനെ വായിക്കാം...."

"ഹാ ബെസ്റ്റ്... താനിനിയും രണ്ട് വർഷം കൂടി എടുക്കില്ലെന്ന് ആര് കണ്ടു...."

ദച്ചു പെട്ടെന്ന് ചിരിച്ചു പോയി....

"താൻ എനിക്ക് എഴുതിയ വരെയെങ്കിലും വായിക്കാൻ താടോ...."

അവളുടനെ ഇല്ലാന്ന് തലയാട്ടി...

"ഇപ്പൊ,, ഈ നിമിഷം തനിക്ക് ഞാനാ മുറി തുറന്ന് അകത്തുള്ളത് കാണിച്ച് തരാം... പകരമായി വായിക്കാൻ തന്നാൽ മതി... പറ്റുവോ....??"

ദച്ചു ശെരിക്കും അമ്പരന്ന് പോയിരുന്നു.... എന്ത് പറയണമെന്നറിയാതെ അവളൊരു നിമിഷം അവനെ ഉറ്റു നോക്കി...

"തനിക്കൊറ്റക്ക് ഇനിയെന്തായാലും ആ മുറിയിൽ കടക്കാൻ പറ്റില്ല... ഉപ്പ പുതിയ ലോക്ക് വാങ്ങണം എന്ന് പറയുന്നത് കേട്ടു... പിന്നെ ഹെയർ പിൻ ഒന്നും മതിയാവില്ല...."

അവളൊരു നിമിഷം എന്ത് വേണമെന്നറിയാതെ ആശങ്കയോടെ അവനെ നോക്കി.... അവനുടനെ അവളെ തൊട്ട് മുന്നിൽ വന്ന് നിന്നു...

"എടൊ എന്റെ പേര് മുഹമ്മദ്‌ റംസാൻ... ഞാനും മൂസ ഹാജിയുടെയും റുഖിയാന്റെയും മോൻ തന്നെയാ.... അതായത് മെഹ്‌റൂന്റെ ഇക്കാക്ക... അവരെ തനിക്ക് വിശ്വസിക്കാമെങ്കിൽ എന്നെയും വിശ്വസിച്ചൂടെ....??"

അവളൊന്നും മിണ്ടിയില്ല....

"ഞാൻ ഇപ്പൊ കാണിച്ച് തരാം ആ മുറി.... അത് കഴിഞ്ഞിട്ട് താനെനിക്ക് വായിക്കാൻ തന്നാൽ മതി...
വേറൊന്നും ഞാൻ ചോദിച്ചില്ലല്ലോ... നേത്ര ആരാണെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടല്ലെടോ...."

അവൾ പെട്ടെന്ന് അന്താളിപ്പോടെ അവനെ നോക്കിയതും അവൻ പുഞ്ചിരിച്ചു...
ആ മുറിയിൽ എന്താണെന്ന് അറിയാനുള്ള ഏറ്റവും നല്ലൊരു അവസരമാണ് മുന്നിൽ വന്ന് നിൽക്കുന്നതെന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല...
പക്ഷെ നേത്ര....!! അവളിപ്പോ തന്റെ മാത്രമല്ലെ... അവളെ മറ്റുള്ളവരിലേക്ക് പറത്തി വിടാൻ താൻ തയാറായില്ലല്ലോ....??
ദച്ചൂന്റെ മനസ്സിൽ വളരെ വലിയൊരു ആശയക്കുഴപ്പം തന്നെ രൂപപ്പെട്ടു...

"എടൊ... ആ കഥയിൽ നിന്ന് ഒരുവരി പോലും പുറത്താരോടും ഞാൻ പറയില്ല... പടച്ചോനാണെ സത്യം.... തനിക്കെന്നെ വിശ്വസിക്കാം...."

അവളവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...
ആ കണ്ണുകളിൽ മൂസാക്കയുടേത് പോലുള്ള സത്യസന്ധത മാത്രമാണെന്ന് അവൾക്ക് തോന്നി...
അവളൊന്ന് മൂളി....!!
അവന്റെ ചുണ്ടുകൾ വിടർന്നു....

"എങ്കി വായോ... മെഹ്‌റു വരുന്നതിന് മുന്നേ വേണം... അല്ലേൽ അവൾക്ക് പേടിപ്പനി വല്ലതും വരും...."

അവളുടെ മറുപടിക്കൊന്നും കാത്ത് നിൽക്കാതെ അവൻ അകത്തേക്ക് കയറിപ്പോയതും ഒരുനിമിഷം അവിടെത്തന്നെ നിന്ന ശേഷം ദച്ചുവും പതിയെ അകത്തേക്ക് നടന്നു...

"ആ റൂമിൽ മൊത്തത്തിൽ ഇരുട്ടാവും... ഇവിടെ പഴയ വിളക്ക് വല്ലതും ഉണ്ടാവും... ഞാൻ നോക്കട്ടെ.... "

മുന്നോട്ട് നടക്കുന്നതിനിടയിൽ പറഞ്ഞു കൊണ്ടവൻ കിച്ചണിലേക്ക് കയറിപ്പോയതും അവളും അവന് പിറകെ അങ്ങോട്ട്‌ ചെന്നു....
അവൻ തല താഴ്ത്തി പിടിച്ചും പൊക്കിപ്പിടിച്ചും എല്ലാം കിച്ചണിന്റെ ഓരോ മൂലയും പരിശോധിക്കുന്നത് നോക്കി ദച്ചു വാതിൽക്കൽ നിന്നു....

"ഹ... കിട്ടി...."

അവന്റെ കയ്യിലിരിക്കുന്ന മണ്ണെണ്ണ വിളക്കിലേക്ക് ഒന്ന് നോക്കി ദച്ചു മുന്നോട്ട് ചെന്ന് ലൈറ്റർ എടുത്ത് അവന്റെ മുന്നിലേക്ക് വെച്ച് കൊടുത്തു....
അവൻ എവിടുന്നൊക്കെയോ പഴകിയൊരു മണ്ണെണ്ണക്കുപ്പി തിരഞ്ഞെടുക്കുന്നതും തിരി റെഡിയാക്കുന്നതും ഒക്കെ നോക്കി ദച്ചു അവിടെത്തന്നെ നിന്നു.....
എല്ലാം ശെരിയാക്കി വിളക്ക് കത്തിച്ചു കൊണ്ടവൻ അവളുടെ നേരെ തിരിഞ്ഞു...

"വായോ...."

പുഞ്ചിരിയോടെ പറഞ്ഞ് കൊണ്ട് അവൻ മുന്നോട്ട് നടന്നതും അവളും കൂടെ നടന്നു....
വാതിലിന് മുന്നിലെത്തി അവളെയൊന്ന് തിരിഞ്ഞു നോക്കിയ ശേഷം ഒരു കൈ കൊണ്ടവൻ വാതിൽ അകത്തേക്ക് തള്ളിത്തുറന്നു....
ഇന്നലെ കേട്ട പോലെ ചെവി കുത്തിത്തുളക്കുന്ന രീതിയിലൊരു ശബ്ദം അവിടെ ഉയർന്നു.... ദച്ചു പതിയെ അവന്റെ പിറകിലേക്കായി നിന്നു....

"നോക്ക്... ഈ പകലും ഇവിടെ നല്ല ഇരുട്ടാ...."

അവൻ വിളക്ക് മുന്നോട്ട് പിടിച്ച് അകത്തേക്ക് കയറിയതും അവൾ ചെവി കൂർപ്പിച്ചു പിടിച്ചു..... പക്ഷെ പ്രതീക്ഷിച്ച പോലെ ഒരു ശബ്ദവും കേട്ടില്ല....

"നിറയെ പൊടിയും മാറാലയും ആണ്..."

വിളക്കിന്റെ വെളിച്ചത്തിലവൻ കൈകൊണ്ട് മുന്നിൽ മറ തീർത്ത മാറാലയെ വകഞ്ഞു മാറ്റുന്നത് നോക്കി അവൾ വാതിലിന് പുറത്ത് തന്നെ നിന്നു....

"ഹ... ഇത് നല്ല കഥ... അകത്തേക്ക് വാടോ...."

അവൻ തിരിഞ്ഞു നോക്കി വിളിച്ചതും അവൾ വേണോ വേണ്ടേ എന്ന മട്ടിലൊന്ന് ചിരിച്ചു കാണിച്ചു...

"എടൊ പേടിക്കണ്ട... ഇതിനുള്ളിൽ അത്യാവശ്യം എലിയും പാമ്പും ഒക്കെ കാണും... ഇന്നലെ ചങ്ങലന്റെ ശബ്ദം കേൾക്കാൻ കാരണം വല്ല എലിയും അതിന് മുകളിലൂടെ ഓടിക്കാണും... പിന്നെ ഡോർ അടഞ്ഞത്,, പഴയ കാലത്തെ ഉറപ്പില്ലാത്ത ഡോറല്ലേ... ഒരു കാറ്റിൽ അടയാവുന്നതേ ഉള്ളു...."

അവൻ തന്നെ ആശ്വസിപ്പിക്കുകയാണോ എന്ന് തോന്നിപ്പോയി അവൾക്ക്....
എങ്കിലും അവൾ പതിയെ അകത്തേക്ക് കാലെടുത്ത് വെച്ചു.... മൂക്കിലേക്ക് പൊടി കയറുന്നത് കാരണം അവൾ പതിയെ മൂക്ക് പൊത്തിപ്പിടിച്ചു.... അപ്പോഴേക്കും അവൻ ഒരുവിധം മാറാലയെല്ലാം വൃത്തിയാക്കിയിരുന്നു....

"ദേ നോക്ക്...."

വിളക്ക് താഴേക്ക് കാണിച്ചു കൊണ്ടവൻ പറഞ്ഞതും അവൾ നിലത്തേക്ക് നോക്കി....
ഇരുട്ടിൽ വിളക്കിൽ നിന്ന് വരുന്ന മങ്ങിയ പ്രകാശത്തിൽ തറയിൽ അലക്ഷ്യമായി കിടക്കുന്ന തുരുമ്പ് പിടിച്ച ഇരുമ്പ് ചങ്ങലയവൾ കണ്ടു....

"ഇത് അമ്മായിയെ കെട്ടിയിട്ടിരുന്ന ചങ്ങലയാ...."

പെട്ടെന്നവളെ കാലിലൂടെ എന്തോ പാഞ്ഞതും നിലവിളിച്ചു കൊണ്ടവൾ മുന്നോട്ട് കുതിച്ചു അവന്റെ കയ്യിൽ മുറുകെ പിടിച്ചു...

"അള്ളോഹ് അതൊരു എലിയാ....."

അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു.... അവൾ ചമ്മലോടെ കണ്ണുകൾ ഇറുക്കി ചിമ്മി അവന്റെ മേലിൽ നിന്ന് കയ്യെടുത്തപ്പോഴും അവന്റെ ചിരി നിന്നിട്ടില്ല....

"ഈ വീട്ടിൽ ഒറ്റക്ക് താമസിക്കാണെന്ന് കേട്ടപ്പോൾ ഞാൻ കരുതി താൻ വലിയ വീരശൂര പരാക്രമി ആയിരിക്കുമെന്ന്.... എന്റുമ്മാ..... ഹ്ഹഹ..."

"അത് പിന്നെ... പെട്ടെന്ന്...."

അവൾ പരുങ്ങലോടെ അവനെ നോക്കിയതും അവൻ ചിരി കഷ്ടപ്പെട്ട് പിടിച്ച് നിർത്തി...

"ഞാൻ പറഞ്ഞില്ലേ... വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മുറിയാ... ഇതിനുള്ളിൽ എന്തൊക്കെ ഉണ്ടെന്ന് പടച്ച തമ്പുരാന് മാത്രമേ അറിയൂ... അധികനേരം നിൽക്കാൻ പറ്റില്ല...."

അവൾ മനസിലായെന്ന മട്ടിൽ മൂളി...

"ദേ ഈ റൂമിൽ ഈയൊരു കട്ടിൽ മാത്രമേ ഉള്ളു...."

വിളക്ക് നാല് ഭാഗത്തേക്കും ചുറ്റിച്ചു കൊണ്ട് അവൻ പകുതിയോളം നാശമായ കാട്ടിലിന് നേരെ കാണിച്ച് കൊണ്ട് പറഞ്ഞതും അവളതിലേക്ക് സൂക്ഷിച്ചു നോക്കി....

"ഈ റൂമിൽ നിന്ന് ഏതായാലും പുറത്തേക്ക് വഴിയൊന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം... ഇനി അമ്മായി ഓട് മാറ്റി പോയിട്ടുണ്ടാവുമോ എന്തോ...."

അവൻ മുഖമുയർത്തി മേലോട്ട് നോക്കുന്നത് കാര്യമാക്കാതെ അവൾ ചുറ്റും തന്റെ കണ്ണുകളെ പായിച്ചു....
ആ കുത്തുന്ന ഇരുട്ടിൽ വിളക്കിന്റെ ചെറിയ പ്രകാശം ഒന്നുമല്ലാത്തത് കൊണ്ട് തന്നെ പ്രതീക്ഷിച്ച പോലെ അവൾക്കാ റൂമിനെ കാണാൻ കഴിയുന്നില്ലായിരുന്നു....

"ദച്ചൂ...."

പുറത്ത് നിന്ന് മെഹ്‌റൂന്റെ വിളി കേട്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി....

"മതി വായോ...."

അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നതും അവളും അവന് പിറകെ നടന്നു... വാതിൽക്കലെത്തി പുറത്തേക്ക് കാലെടുത്ത് വെക്കാൻ നിന്നതും പെട്ടെന്നവളെ കാതുകളിലേക്ക് ചങ്ങല അനങ്ങുന്നതിന്റെ ശബ്ദം തുളച്ചു കയറി...
അവളൊന്ന് നിന്നു....

"വാ ദച്ചൂ...."

അവൻ വിളിച്ചതും അവൾ പെട്ടെന്ന് ഞെട്ടി അവനെ നോക്കിയ ശേഷം പെട്ടെന്ന് പുറത്തേക്കിറങ്ങി....

"ഇക്കാക്കാക്ക് ഇവിടെന്താ പണി....??"

ഹാളിലേക്ക് കയറി വന്ന മെഹ്‌റു എതിരെ വരുന്ന റംസൂനെ നോക്കി ചോദിച്ചതും അവൻ പിറകെ വരുന്ന ദച്ചൂനെയൊന്ന് നോക്കി....

"ഞാൻ ചുമ്മാ... ദച്ചൂനെയൊന്ന് പരിചയപ്പെടാൻ...."

മെഹ്‌റു ഉടനെ രണ്ട് പേരെയും സൂക്ഷിച്ചു നോക്കി...

"അത് വെറുതെ... നിങ്ങളാ മുറി തുറന്നില്ലെ...."

റംസു ഉടനെ ഇളിച്ചു കാണിച്ചതും മെഹ്‌റു അവനെ കൂർപ്പിച്ചു നോക്കിയ ശേഷം പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ നിൽക്കുന്ന ദച്ചൂനെ നോക്കി....

"എന്തായാലും രണ്ടാളും വായോ... ഉമ്മ അന്വേഷിക്കുന്നുണ്ട്...."

"നീ നടക്ക്... ഞാൻ ഫോണെടുത്തിട്ട് വരാം..."

ദച്ചു പെട്ടെന്ന് റംസൂനെ ഒന്ന് നോക്കി സ്റ്റെയർ ലക്ഷ്യം വെച്ച് നടന്നു...

"ദച്ചൂന്റെ കൂടെ അങ്ങോട്ട്‌ വായോ... ഞാൻ ചെല്ലട്ടെ...."

അവൻ മൂളിക്കൊണ്ട് തല കുലുക്കിയതും അവൾ പുറത്തേക്ക് ഇറങ്ങി... സിറ്റൗട്ടിലേക്ക് ചെന്ന് മെഹ്‌റു പോവുന്നത് നോക്കി നിന്നപ്പോഴേക്കും ദച്ചു അവന്റെ പിറകിൽ വന്ന് നിന്നിരുന്നു....
അവൻ തിരിഞ്ഞു നോക്കിയതും അവളൊരു ഡയറി അവന്റെ നേരെ നീട്ടി....
മിഴികൾ താഴ്ത്തിപ്പിടിച്ചിട്ടുള്ള അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അവനാ ഡയറി വാങ്ങി...

"പൂർണമല്ല....!!"

അത്രമാത്രം പറഞ്ഞു കൊണ്ടവൾ അവനെ മറികടന്ന് മുറ്റത്തേക്ക് ഇറങ്ങി.... നിറഞ്ഞ പുഞ്ചിരിയോടെ അവൾ നടന്ന് നീങ്ങുന്നത് നോക്കി നിന്ന ശേഷമവൻ കയ്യിലെ ഡയറി പതിയെ തുറന്നു....
ആദ്യ പേജിൽ തന്നെ വളരെ മനോഹരമായി *നേത്ര* എന്നെഴുതിയത് കണ്ടവന്റെ കണ്ണുകൾ വല്ലാതെ വിടർന്നു.... ഹൃദയം ഒന്ന് തുടിച്ച പോലെ...
അവൻ വേഗത്തിൽ അടുത്ത പേജിലേക്ക് മറിച്ചു....!!

*** *** ***

"നേത്രാ.....❤️"

കഴുത്തിലേക്ക് പതിഞ്ഞ ചുടുനിശ്വാസത്തിന്റെ കൂടെ ചെവിക്കരികിൽ പ്രണയത്തിൽ കുതിർന്ന സ്വരം....!!

അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു....
ചുണ്ടുകൾ വല്ലാതെ വിടർന്നു.... സ്വപ്നമാണെന്ന് വിശ്വസിക്കാൻ പ്രയാസമുള്ള പോലെ ആ ചൂട് ഇപ്പോഴും തന്നെ വലയം ചെയ്തിരിക്കുന്ന പോലെ ആ പെണ്ണിന് തോന്നി....

"എണീറ്റില്ലേ മോളെ നീ....?? ഇന്ന് അമ്പലത്തിൽ പോവുന്നൊന്നും ഇല്ലേ....??"

അടുക്കളയിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം മുറി വരെ എത്തിയതും അവളൊരു ഞെട്ടലോടെ എണീറ്റിരുന്നു....

"ഈശ്വരാ... ഇന്നത്തെ ദിവസം...."

പരിഭവത്തോടെ പറഞ്ഞു കൊണ്ടാ പെണ്ണ് നെറ്റിയിലേക്ക് കൈ വെച്ചടിച്ച ശേഷം വേഗത്തിൽ എണീറ്റ് റൂമിൽ നിന്ന് പുറത്തേക്കോടി....

"പതുക്കെ പോടീ...."

അടുക്കളയിൽ നിന്ന് എത്തി നോക്കിക്കൊണ്ട് അമ്മ വിളിച്ച് പറയുന്നതൊന്നും കേട്ടില്ലെന്ന് നടിച്ചു കൊണ്ടവൾ ആ നാലുകെട്ടിന്റെ പിന്നാമ്പുറത്തേക്കുള്ള കുളപ്പടവിലേക്ക് ധൃതിയിൽ ഓടി....

അരമണിക്കൂറോളം കഴിഞ്ഞപ്പോഴേക്കും ചുവപ്പും സ്വർണനിറവും കലർന്ന ദാവണിയിൽ അതിസുന്ദരിയായി അവൾ പുറത്തേക്ക് വന്നിരുന്നു...

"അമ്മാ ഞാൻ പോവാണേ...."

"ഭക്ഷണം കഴിച്ചിട്ട് പോ മോളെ...."

ആ വാക്കുകൾ പറഞ്ഞു തീരുന്നതിന് മുന്നേ ഉമ്മറത്തിരിക്കുന്ന അച്ഛന്റെ കവിളിൽ അമർത്തി മുത്തിക്കൊണ്ടാ പെണ്ണ് മുറ്റത്തേക്ക് ഓടിയിറങ്ങിയിരുന്നു....
പാടവരമ്പിലൂടെ അവളെക്കാൾ വേഗത്തിൽ പായുന്ന കൊലുസിന്റെ ശബ്ദം കേട്ട് പലരും പുഞ്ചിരിയോടെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ആ പെണ്ണിനെ....

പാടം അവസാനിക്കുന്നിടത്ത് നിന്ന് റോഡിലേക്ക് കയറി വളവ് തിരിഞ്ഞ് അമ്പലത്തിലേക്ക് ഓടിക്കയറി ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിലവൾ കൈ കൂപ്പി കണ്ണുകളടച്ചു നിന്നു....
ഉയർന്ന് താഴുന്ന ശ്വാസഗതിയെ ശാന്തമാക്കാനും ചൊടികളിൽ പുഞ്ചിരി നിറക്കാനും ആ പെണ്ണിനുള്ളം പ്രാർത്ഥിക്കുന്ന ആഗ്രഹങ്ങൾക്ക് കഴിവുണ്ടായിരുന്നു....

"നീണ്ട കാത്തിരിപ്പിന് ഇന്ന് അവസാനാ ല്ലെ...??"

പ്രസാദം കൊടുക്കുന്നതിനിടയിൽ പൂജാരി ചിരിയോടെ ചോദിച്ചത് കേട്ട് അവളുടെ കണ്ണുകളൊന്ന് തിളങ്ങി... ചിരിയോടെ മൂളിക്കൊണ്ടവൾ തിരിഞ്ഞോടി....
പാടത്തേക്ക് ഇറങ്ങുന്നതിന് പകരം റോഡിലൂടെ മുന്നോട്ട് നടന്ന് രണ്ട് വീടുകൾക്കപ്പുറമുള്ള വീടിന്റെ മുറ്റത്തേക്കവൾ ഓടിക്കയറി...

"അപ്പച്ചീ...."

ഉമ്മറത്തേക്ക് കയറിക്കൊണ്ടവൾ വിളിച്ചപ്പോഴേക്കും അകത്ത് നിന്ന് മറുപടി വന്നിരുന്നു...

"അകത്തേക്ക് വായോ മോളെ...."

ചിരിയോടെ അകത്തേക്ക് കയറിയവൾ നേരെ അടുക്കളയിലേക്ക് ചെന്നു....

"ആഹാ... എന്റെ മോള് സുന്ദരിയായല്ലോ...."

കവിളിൽ പിച്ചിക്കൊണ്ട് അപ്പച്ചി പറഞ്ഞത് കേട്ടവൾ നിറഞ്ഞ് പുഞ്ചിരിച്ചു....

"മോള് വല്ലതും കഴിച്ചതാണോ....??"

"ഇല്ല...."

"എങ്കി മോള് ഇരിക്ക്... അപ്പച്ചി മോൾക്ക് ഇഷ്ടമുള്ള വെള്ളപ്പവും ചട്ണിയും എടുക്കാം...."

"വേണ്ട അപ്പച്ചി... വിച്ചേട്ടൻ വന്നിട്ട് ഒരുമിച്ച് കഴിച്ചോളാം...."

അത് പറയുമ്പോൾ ആ പെണ്ണിന്റെ മിഴികളിൽ തെളിഞ്ഞു കണ്ട ഭാവത്തിലേക്ക് അവരൊരു നിമിഷം നോക്കി നിന്നു....

"വിച്ചു ഇന്ന് വരില്ല മോളെ...."

ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരി ഒറ്റനിമിഷം കൊണ്ട് മങ്ങി...

"അവന് പെട്ടെന്നെന്തോ ജോലിത്തിരക്ക് വന്നെന്ന് പറഞ്ഞ് കുറച്ച് മുന്നേ വിളിച്ചിരുന്നു.... അടുത്ത മാസം വരാമെന്ന്...."

ചങ്കിലെന്തോ കൊളുത്തി വലിച്ച പോലെ തോന്നി ആ പെണ്ണിന്...
അനുസരണയില്ലാതെ മിഴികൾ നിറയുന്നു....

"മോള് വിഷമിക്കണ്ട... ഒരു മാസം കൂടിയല്ലേ..."

മുടിയിഴകളിൽ തലോടുന്ന അപ്പച്ചിയെ നോക്കി ജീവനില്ലാത്ത ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു...

"മോള് പോവാണോ....??"

മറുപടി ഉണ്ടായില്ല...
ഓടിപ്പിടിച്ചു വന്നവൾ ജീവനില്ലാത്ത പോലെ തിരിച്ചു പോകുന്നത് നോക്കി ആ സ്ത്രീ നിരാശയോടെ നിന്നു....
പുറത്ത് അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു.... അതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലെന്ന മട്ടിലവൾ മുറ്റത്തേക്കിറങ്ങി നടന്നു....

ദാവണി ശരീരത്തിലേക്ക് നനഞ്ഞൊട്ടി.... മഴത്തുള്ളികൾ ദേഹം മുഴുവൻ നനച്ചുവെങ്കിലും കണ്ണിൽ ഉരുണ്ട് കൂടിയിരുന്ന കണ്ണുനീർ പുറത്തേക്ക് വന്നില്ല...
അവൾ വീണ്ടും അമ്പലത്തിലേക്ക് കയറി... നിമിഷങ്ങൾക്ക് മുന്നേ പുഞ്ചിരിയോടെ നിന്ന കൃഷ്ണന്റെ മുന്നിൽ ചെന്ന് നിറഞ്ഞ കണ്ണുകളോടെ,, നീറുന്ന ഹൃദയത്തോടെ,, നനഞ്ഞൊട്ടിയ ശരീരത്തോടെ നിന്നു....

"എന്നെ... പറ്റിച്ചു... ല്ലേ...."

ആ പെണ്ണിന്റെ ചുണ്ടുകൾ വിതുമ്പി വിറച്ചു... കണ്ണുനീർത്തുള്ളികൾ കവിളിലേക്ക് ചാടിയിറങ്ങി....

"വിഷമിക്കണ്ടാന്ന്... ഒരു മാസം കൂടിയല്ലേ ന്ന്.... അങ്ങനെ എത്ര ഒരുമാസങ്ങൾ.... എന്നെ... എന്നെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നെ കണ്ണാ.... എന്നോട് നിനക്ക്... അത്രയും ഇഷ്ടക്കുറവാണോ...
ഇത്രത്തോളം കാത്തിരുന്നില്ലേ ഞാൻ.... ഒരു പരാതിയും പറയാതെ... പിന്നെ... എന്തിനാ എന്നോടിങ്ങനെ... തൊട്ടടുത്ത് കൊണ്ട് വെച്ചിട്ട്... മോഹിപ്പിച്ചിട്ട്.... എന്നോട് മാത്രമെന്താ ഇങ്ങനെ...."

വിതുമ്പിക്കരഞ്ഞു കൊണ്ടാ പെണ്ണ് കണ്ണുകൾ ഇറുകെ മൂടി.... മഴയുടെ താളത്തിൽ അവളിൽ നിന്നുയർന്ന തേങ്ങലുകൾ അലിഞ്ഞില്ലാതായി...

"വിച്ചേട്ടൻ... ന്റെ പ്രണാനല്ലേ....!!"

വിറക്കുന്ന ചുണ്ടുകൾ മൊഴിഞ്ഞ അടുത്ത നിമിഷം നനഞ്ഞൊട്ടിയ ദാവണിക്ക് മുകളിലൂടെ വയറ്റിലൂടെ അരിച്ചെത്തിയ കൈകളവളെ ചുറ്റിപ്പിടിച്ച് പിറകിലേക്ക് ചേർത്ത് പിടിച്ചു...
ശ്വാസം നിലച്ചാ പെണ്ണ് മിഴികൾ വെട്ടിത്തുറന്നു....

*"നേത്രാ.....!!❤️"*

കഴുത്തിടുക്കിൽ ചുടുനിശ്വാസം....
ചെവിക്കരികിൽ പ്രാണനായവന്റെ സ്വരം...
ഇത്രമേൽ മനോഹരമായി ആർക്കാണ് തന്റെ പേരുച്ചരിക്കാൻ കഴിയുന്നത്.... ഇത്രമേൽ പ്രണയത്തോടെ ആർക്കാണ് തന്നെ ചേർത്ത് പിടിക്കാൻ കഴിയുന്നത്...
അവനെക്കൊണ്ട് മാത്രം കഴിയുന്നത്... അവനിലെ പ്രണയത്തിന് മാത്രം കഴിയുന്നത്....!!

വിറച്ചു കൊണ്ട് നിശബ്ദമായ ഹൃദയത്തെ അറിഞ്ഞു കൊണ്ടവൾ വിശ്വാസക്കുറവോടെ ഞെട്ടി മുഖം തിരിച്ചു നോക്കി....
മൂക്കുകൾ തമ്മിൽ കൂട്ടിമുട്ടി...
നിശ്വാസങ്ങൾ പരസ്പരം തഴുകിയിറങ്ങി.... അണുവിട പോലും വ്യത്യാസമില്ലാതെ അത്രമേൽ അടുത്ത് തന്റെ പ്രാണന്റെ മുഖം...

"നേത്രാ.....!!"

തന്നെ പ്രണയത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിക്കാൻ കഴിവുള്ള സ്വരം... ആ വിളി...
പൊട്ടിക്കരഞ്ഞു കൊണ്ടവൾ കണ്മുന്നിൽ നിൽക്കുന്ന തന്റെ പ്രാണനെ വാരിപ്പുണർന്നു....!!

*** *** ***

"ഇക്കാക്കാ....."

റംസു പെട്ടെന്ന് ഞെട്ടി മുഖമുയർത്തി നോക്കി....
ഒരുനിമിഷം വേണ്ടി വന്നു അവന് യാഥാർഥ്യത്തിലേക്ക് തിരിച്ചു വരാൻ..

"നല്ല ആളാ... അങ്ങോട്ട്‌ വരാൻ പറഞ്ഞതല്ലേ ഞാൻ...."

"ഹ.. ദാ വരുന്നു...."

വഴിയിൽ നിന്ന് തന്നെ നോക്കുന്ന മെഹ്‌റൂനോടായി പതിയെ പറഞ്ഞു കൊണ്ട് അവൻ സ്റ്റെപ്പിൽ നിന്ന് എണീറ്റു...
അപ്പോഴും മറ്റേതോ ലോകത്തെന്ന പോലെ അവന്റെ മനസ്സിൽ നിറയെ നേത്രയായിരുന്നു.... കൂടെ അവളുടെ വിച്ചേട്ടനും....

അതിനേക്കാളുമൊക്കെ അവന്റെ ഹൃദയമിടിപ്പിനെ വർധിപ്പിച്ചതെന്തെന്നാൽ,,
ഓരോ വാക്ക് വായിക്കുമ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്ന നേത്രക്ക് ദച്ചൂന്റെ മുഖമാണെന്നുള്ളതായിരുന്നു....
നിമിഷങ്ങൾക്ക് മുൻപവൾ വാരിപ്പുണർന്ന അവളുടെ വിച്ചേട്ടന് തന്റെ മുഖവും....!!


* * *

"നേത്രാ.....!!"

വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴും റംസൂന്റെ മനസ്സിൽ ആ സ്വരം തന്നെയായിരുന്നു....
അതിനെന്തോ മാന്ത്രികതയുള്ള പോലെ തോന്നി അവന്....

റൂമിലേക്ക് ചെന്ന് കയ്യിലുള്ള ഡയറി ടേബിളിലേക്ക് വെച്ച ശേഷമാണ് അവൻ കിച്ചണിലേക്ക് ചെന്നത്.... ആദ്യമേ കണ്ടത് ഉമ്മയും മെഹ്റുവും ദച്ചുവും കൂടി എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതാണ്....
അവനൊരു നിമിഷം ദച്ചൂന്റെ ചിരിയിലേക്ക് നോക്കി നിന്നു....
മനസ്സിൽ നിറഞ്ഞ പുഞ്ചിരിയോടെ കൂപ്പു കയ്യുമായി നിന്ന ഒരു പെൺകൊടിയുടെ മുഖം തെളിഞ്ഞു വന്നു.... അതേ,, ദച്ചൂന്റെ മുഖം....!!

അവനാ നിമിഷം വീണ്ടും വീണ്ടും ഓർത്ത് നോക്കി.... പിറകിൽ നിന്നവളെ പുണരുന്ന മനുഷ്യന് തന്റെ മുഖം തന്നെയാണ്.... എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല...
വല്ലാത്ത പരിഭ്രമം തോന്നി അവന്....
വായിച്ചിട്ടുള്ള ഭൂരിഭാഗം കഥകളുടെയും നായകന്മാർക്ക് സ്വന്തം മുഖഛായയായിരുന്നെന്ന് ഓർത്ത് സമാധാനിച്ചു കൊണ്ടവൻ കിച്ചണിലേക്ക് കയറി....

മെഹ്‌റു അരിഞ്ഞു കൊണ്ടിരിക്കുന്ന ക്യാരറ്റിൽ നിന്ന് ഒരു പിടിയെടുത്ത് വായിലേക്കിട്ട് അവളെ തലക്കൊരു കൊട്ട് കൂടി കൊടുത്ത് അവൻ ഉമ്മാനെ ഹെല്പ് ചെയ്യുന്ന ദച്ചൂനരികിലായി വന്ന് നിന്നു....

"ബിരിയാണി ഇന്നെങ്ങാനും ആവുമോ.....??"

"അതെന്താടാ നിനക്ക് അങ്ങനൊരു ചോദ്യം....??"

"ഒന്നുല്ലേ...."

അവൻ ഇടക്കണ്ണിട്ട് ദച്ചൂനെ നോക്കിയപ്പോ അവളവനെ നോക്കി പേടിപ്പിക്കുകയായിരുന്നു....

"ഞാനെന്നാ കവലയിലൊന്ന് പോയിട്ട് വരാം...."

"ഉച്ചക്കിങ് എത്തിക്കോണേ റംസു...."

"നിസ്കാരം കഴിഞ്ഞിട്ട് ഉപ്പാന്റെ കൂടെ വരാം...."

അതിന് ഉമ്മ മൂളിയതും അഴിഞ്ഞു തുടങ്ങുന്ന മുണ്ട് മടക്കിക്കുത്തിക്കൊണ്ടവൻ പുറത്തേക്ക് നടന്നു....

* * *

"നിനക്ക് ലീവുണ്ടോ റംസു....??"

കഴിക്കുന്നതിനിടയിൽ മൂസാക്കാന്റെ വകയാണ് ചോദ്യം...

"മൂന്ന് മാസം കാണും...."

"എന്നാ അതിന് മുന്നേ നികാഹ് നടത്തിക്കൂടെ...."

പെട്ടെന്ന് ഉമ്മ പറയുന്നത് കേട്ട് അവൻ മുഖമുയർത്തി അവരെ നോക്കി....

"ഇനി നീ എന്നാ വരാ.... അപ്പോഴേക്കും നിനക്കെത്ര വയസാവും റംസു..."

"നികാഹ് നടത്തിയിട്ട് എന്തിനാ ഉമ്മാ... ഞാൻ പോയാൽ ആ പെണ്ണ് വീണ്ടും ഞാൻ വരുന്നതും കാത്തിരിക്കണ്ടേ...."

വായിലേക്ക് വെച്ച ഉരുള ഇറക്കാൻ മറന്ന് കൊണ്ട് ദച്ചു ഒരുനിമിഷം മിഴികളുയർത്തി അവനെ നോക്കി...

"ഇത് നല്ല കഥ... പിന്നെ പ്രവാസികളുടെ ഭാര്യമാർ അങ്ങനെത്തന്നെയല്ലേ...."

"എനിക്കതിനോട് തീരെ യോജിപ്പില്ല... നികാഹ് ചെയ്തോണ്ട് വന്നിട്ട് ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോ ഒരു രണ്ട് മൂന്ന് മാസം മാത്രം കൂടെ താമസിക്കാ....
എനിക്കതിനോട് താല്പര്യമില്ല.... നികാഹ് ചെയ്യുന്നെങ്കിൽ പിന്നെ മരണം വരെ അവളെ കൂടെത്തന്നെ ഉണ്ടാവണമെന്നാ എന്റെ ആഗ്രഹം...."

"ഇയ്യെന്താ പറഞ്ഞ് വരുന്നേ....??"

മൂസാക്ക പതിയെ ചോദിച്ചതും അവൻ പ്ലേറ്റിലേക്ക് നോട്ടം മാറ്റി...

"ഇപ്പൊ എനിക്ക് നികാഹ് വേണ്ട... അത്ര തന്നെ...."

"പിന്നെന്താ നിന്റെ ഉദ്ദേശം റംസു... മെഹ്‌റൂനെ കെട്ടിക്കണ്ടേ.... നീ കല്യാണം വേണ്ടാ എന്ന് പറഞ്ഞാൽ വാശി പിടിച്ച് അവളും അങ്ങനെ നിൽക്കുകയെ ഉള്ളു...."

"ഉമ്മാ ഞാനൊന്ന് പറയട്ടെ.... അത്യാവശ്യത്തിന് വേണ്ടത് സമ്പാദിച്ചിട്ട് ഞാൻ തിരിച്ചു വരും... അന്ന് മതി നികാഹ്... ഇപ്പൊ ഇങ്ങനെ പോട്ടെ...
പിന്നെ മെഹ്‌റൂന്റെ കാര്യം... അതിനി താമസിപ്പിക്കണ്ട... നല്ല ആലോചനയുണ്ടെങ്കിൽ നമുക്ക് നോക്കാം...."

മെഹ്‌റു കണ്ണും തള്ളി റംസൂനെ നോക്കിയതും അവൻ കഴിച്ച് കഴിഞ്ഞ് എണീറ്റ് പോയി....

* * *

കൈ കഴുകുമ്പോൾ റംസു ഓർക്കുകയായിരുന്നു വെറും നാലഞ്ച് വാക്കുകൾക്ക് തന്നിലുണ്ടാക്കാൻ കഴിഞ്ഞ മാറ്റങ്ങളെ....

നാട്ടിലേക്ക് വന്നത് പോലും നികാഹ് എന്ന് പറഞ്ഞിട്ടാണ്... എല്ലാം ഉറപ്പിച്ചിട്ട് ഒരു മൂന്ന് മാസം കൂടി ലീവ് നീട്ടാനും കരുതി വെച്ചിരുന്നതാണ്.... പക്ഷെ ഇപ്പോൾ....
കണ്മുന്നിൽ വരുന്നത് വിതുമ്പുന്ന ചുണ്ടുകളോടെ,, നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കാത്തിരിപ്പിന്റെ നുറുങ്ങുന്ന വേദനയറിഞ്ഞൊരു പെണ്ണ് പരിഭവം പറയുന്ന കാഴ്ചയാണ്....
അവൻ പെട്ടെന്ന് തലയൊന്ന് വെട്ടിക്കുടഞ്ഞു...

"ഈ പെണ്ണതിൽ എന്ത് വിഷമാണാവോ ചേർത്തത്.... അത് വായിച്ചപ്പോ തൊട്ട് കഞ്ചാവടിച്ച പോലെയാണല്ലോ റബ്ബേ...."

സ്വയം പിറുപിറുത്തു കൊണ്ടവൻ സ്റ്റെയർ കയറി റൂമിലേക്ക് ചെന്നു....
ഡോർ അടച്ച് ടേബിളിൽ കിടക്കുന്ന ഡയറിയെടുത്ത് കാലുകൾ നീട്ടി വെച്ച് ബെഡിലേക്ക് ഇരുന്ന ശേഷം അവൻ ബാക്കി വായിക്കാനായി പേജുകൾ മറിച്ചു....

*** *** ***

"വിച്ചേട്ടനാല്ലേ ന്നെ പറ്റിച്ചേ....??"

അത്രമേൽ മുറുകെയവനെ പുണർന്നു കൊണ്ട് പരിഭവം കലർന്ന സ്വരം....

"ഞാനെന്റെ നേത്രയെ ഞെട്ടിച്ചതല്ലേ.....??"

അവനിലും കുസൃതിയുടെ സ്വരം....

"ഇങ്ങനാണോ ഞെട്ടിക്കുന്നെ.... ഞാൻ എന്തോരം സങ്കടപ്പെട്ടെന്നറിയോ....."

വിട്ട് നിന്ന് മുഖത്തേക്കുറ്റു നോക്കി ചോദിക്കുന്നവളുടെ ചുവന്ന് കലങ്ങിയ കണ്ണുകളിലേക്കവൻ വാത്സല്യത്തോടെ നോക്കി....
പിന്നെ പതിയെ അവളുടെ കവിളിലേക്ക് കൈ ചേർത്ത് വെച്ച ശേഷം നെറ്റിയിൽ ചുണ്ടുകളമർത്തി....

"ഇത് മതിയോ.....??"

ആ പെണ്ണൊന്ന് നിറഞ്ഞ് പുഞ്ചിരിച്ചു...
അത്രയും മനോഹരമായി... പ്രണയത്തോടെ....!!
അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നവളെ അവൻ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു....

"നേത്രാ.....!!"

"മ്മ്...."

അതേ ഈണത്തിൽ മറുപടിയായവൾ മൂളി....

"ഞാനെന്താ പറഞ്ഞിരുന്നേ നിന്നോട്....??"

അവൾ മുഖമുയർത്തി നോക്കി....

"വിച്ചേട്ടൻ വന്നയുടനെ വിച്ചേട്ടന്റെ നേത്രയെ താലി ചാർത്തി സ്വന്തമാക്കുമെന്ന്....!!"

ആ വാക്കുകൾ മൊഴിയുമ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ തിളക്കം അവനിലേക്കും പടർന്നു...

"വിച്ചേട്ടൻ എന്നെങ്കിലും പറഞ്ഞ വാക്ക് തെറ്റിച്ചിട്ടുണ്ടോ....??"

ഒട്ടും സംശയിക്കാതവൾ ഇല്ലാന്ന് തലയാട്ടി....

"പിന്നെന്തിനാ സങ്കടപ്പെട്ടെ....?? വരുമെന്ന് പറഞ്ഞ് ഞാൻ വന്നില്ലേ... ഇനി സ്വന്തമാക്കുമെന്ന് പറഞ്ഞാൽ ആക്കിയിരിക്കും...."

അവളിൽ നിർവചിക്കാൻ കഴിയാത്ത വികാരങ്ങൾ....
അവനവളുടെ നനഞ്ഞൊട്ടിയ ദേഹത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.....

"നേത്രാ.........!!"

അത്രമേൽ പതിഞ്ഞ സ്വരം...
ആ പെണ്ണിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.... കൺപോളകളിലവന്റെ ചുണ്ടുകൾ മൃദുവായി തഴുകി.... മൂക്കിൻതുമ്പിലെത്തി ആ ചുണ്ടുകൾ നിശ്ചലമായി....

"നേത്രാ.....🔥"

ആ പെണ്ണൊന്നുയർന്നു പൊങ്ങി...
കൈകൾ രണ്ടും അവന്റെ കവിളിലേക്ക് വെച്ചു കൊണ്ടവൾ മിഴികൾ വലിച്ചു തുറന്ന് പ്രണയത്തോടെ അവനെ നോക്കി...

"വിച്ചേട്ടൻ ന്റെ പ്രണാനല്ലേ.....!!"

അവന്റെ ചുണ്ടുകൾ വിടർന്നു....
ഒരിക്കലും അടർത്തി മാറ്റാൻ സാധിക്കാത്തത്രയും ശക്തിയിലവനവളെ വാരിപ്പുണർന്നു....

* * *

തറവാട്ടിലിന്ന് ആഘോഷമാണ്...
വിച്ചു വരാറുള്ളപ്പോഴെല്ലാം ഇത് പതിവാണ്.... ഉമ്മറത്ത് കൂടിയിരുന്ന് സംസാരിക്കുന്ന കാരണവന്മാരും അടുക്കളയിൽ ചെയ്യുന്ന ജോലിക്കൊപ്പം തമാശകളും നാട്ടുവർത്തമാനങ്ങളും പങ്ക് വെക്കുന്ന സ്ത്രീകളും ആ നാല് കെട്ട് മുഴുവൻ ഓടിനടന്ന് കളിക്കുന്ന കുട്ടികളും....

"നീ എന്താലോചിച്ചോണ്ട് ഇരിക്കാ പെണ്ണെ.... പാല് ദേ തിളച്ചു പൊങ്ങി...."

മാലതി ഓപ്പോൾ വന്ന് തലക്കിട്ടൊരു കൊട്ട് തന്നതും അടുപ്പിനടുത്തെ തിണ്ണയിലേക്ക് കയറിയിരുന്ന് പലതും ചിന്തിച്ചു കൂട്ടുകയായിരുന്ന നേത്ര ഞെട്ടിക്കൊണ്ട് അടുപ്പിലേക്ക് നോക്കി....

"ഇനിയിപ്പോ അവളെ നോക്കണ്ട.... കല്യാണം ഉറപ്പിക്കുന്നുണ്ടാവും അവര്... വിച്ചൂനെ കിട്ടിയാൽ പിന്നെ അവൾക്ക് നമ്മളെയൊന്നും വേണ്ടല്ലോ...."

അടുക്കളയിൽ കൂട്ടച്ചിരി മുഴങ്ങി...
വിടർന്ന് വരുന്ന പുഞ്ചിരിയെ തടഞ്ഞു നിർത്താൻ കഴിയാതെയാ പെണ്ണ് തിടുക്കപ്പെട്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് പാഞ്ഞു....

"സൂക്ഷിച്ചു പോയേക്കണേ...."

പിറകിൽ വീണ്ടും കളിയാക്കി ചിരികൾ...
ഓടിച്ചെന്നവൾ ഉമ്മറത്തേക്കുള്ള വാതിലിനടുത്ത് ചെന്ന് നിന്ന് കിതച്ചു...
ആദ്യമേ നോട്ടമെത്തി നിന്നത് ആരെയും മയക്കാൻ പാകത്തിന് പുഞ്ചിരിയോടെയിരുന്ന് സംസാരിക്കുന്നവനിലാണ്...... വിടർന്ന കണ്ണുകളോടെ,, പ്രണയത്തോടെ അവളവനെ ഉറ്റു നോക്കി...

"അമ്പടി കള്ളി...."

സീതേടത്തി വന്ന് ചെവിയിൽ പിടിച്ച് ഉമ്മറത്തേക്ക് നിർത്തിയതും തൊലിയുരിഞ്ഞ പോലെ തോന്നിയവൾ കണ്ണുകൾ ഇറുക്കിച്ചിമ്മി....
ഒന്നും പറയാതെ തന്നെ കാര്യം മനസിലായ പോലെ ഉമ്മറത്തിരുന്നിരുന്നവരെല്ലാം ചിരിച്ചു....
അവൻ മാത്രമവളെ കുസൃതിയോടെ,, പ്രണയത്തോടെ നോക്കി...
ആ നോട്ടം അറിഞ്ഞെന്ന പോലവൾ പതിയെ മിഴികൾ തുറന്നു.... അവനെ നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു....

"ഇവരെ കെട്ട് പെട്ടെന്ന് നടത്തുകയല്ലേ ഇനി....??"

വല്യച്ഛനാണ്....
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആഹ്ലാദത്തെ അടക്കി നിർത്താൻ പാട് പെട്ട് കൊണ്ടവൾ പിറകിൽ നിക്കുന്ന അപ്പച്ചിയോട് ചേർന്ന് നിന്നു....

"മോൾടെ പരീക്ഷയല്ലേ അടുത്താഴ്ച.... അതീ മാസം അവസാനത്തോടെ തീരില്ലേ....??"

ചെറിയച്ഛൻ തന്നെ നോക്കി ചോദിക്കുന്നത് കേട്ടതും അവൾ പെട്ടെന്ന് അതേയെന്ന് തല കുലുക്കി...

"എന്നാ പിന്നെ അത് കഴിഞ്ഞിട്ട് ആക്കുന്നതല്ലേ നല്ലത്... മോൾക്ക് ഏതായാലും പരീക്ഷ എഴുതാൻ ഹോസ്റ്റലിൽ പോയി നിക്കേണ്ടി വരില്ലേ....??"

തന്നോടാണ് ചോദ്യം....
ഒരുനിമിഷം പരീക്ഷ എഴുതുന്നില്ലെന്ന് പറയാൻ തോന്നി... എത്രയും പെട്ടെന്ന് വിച്ചേട്ടന്റെതായാൽ മതിയെന്ന് മാത്രമാണുള്ളിൽ....
എന്താണ് ഉത്തരം പറയേണ്ടത്.... മിഴികൾ പതിയെ വിച്ചേട്ടന് നേരെ തിരിച്ചു....
സമ്മതമെന്ന രീതിയിൽ കണ്ണുകളടച്ചു കാണിച്ചതും ഉള്ളിൽ തോന്നിയ നിരാശയെ പുറത്ത് കാണിക്കാതെ അവൾ പതിയെ മൂളി....

"എന്നാൽ അങ്ങനെ ചെയ്യാം... അതിന് മുന്നേ ചെറിയ രീതിയിൽ നിശ്ചയം നടത്തിയേക്കാം... എന്താ പോരെ... ഇനി ആർക്കേലും എതിരഭിപ്രായമുണ്ടോ.....??"

എല്ലാവരും അനുകൂല മറുപടി അറിയിച്ചതും അവൾ ഹോസ്റ്റലിലേക്ക് പോകുന്നതിന് തലേന്നായി നിശ്ചയദിവസം തീരുമാനിക്കപ്പെട്ടു...
തന്നെത്തന്നെ നോക്കിയിരുക്കുന്നവന് പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ എല്ലാവരുടെയും ഇടയിൽ നിന്ന് ഉള്ളിലേക്ക് വലിഞ്ഞു....

അടുക്കളവാതിൽ വഴി പിന്നാമ്പുറത്തേക്കിറങ്ങി കുളപ്പടവിലേക്ക് നടക്കുമ്പോഴും പടവിൽ ഇരിക്കുമ്പോഴുമെല്ലാം ആ പെണ്ണിനുള്ളം പരിഭവം കൊണ്ട് കൊച്ചു കുഞ്ഞിനെ പോലെ മുഖം വീർപ്പിച്ചിരുന്നു....
അടുത്തുണ്ടായിരുന്ന കല്ലുകൾ എടുത്തവൾ ഊക്കോടെ വെള്ളത്തിലേക്കെറിഞ്ഞു....

"നേത്രാ.....!!"

തൊട്ട് പിറകിലാ സ്വരം കേട്ടു... തിരിഞ്ഞു നോക്കിയില്ല...
താൻ പരിഭവത്തിലാണ്... ചെറിയ പിണക്കം ആവാം... അത് മറന്നു കൂടാ...
വിളി കേട്ടില്ലെന്ന മട്ടിലവൾ ചെയ്യുന്ന ജോലി തുടർന്നു....

"നേത്രാ.....!!"

ഇപ്രാവശ്യം വിളിയുടെ കൂടെ കൈകൾ രണ്ടും കഴുത്തിലൂടെ ചുറ്റിപ്പിടിച്ചതും അവൾ മുഖം ചെരിച്ചു അവനെയൊന്ന് അമർത്തി നോക്കി...
അവൻ പൊട്ടിച്ചിരിച്ചു കൊണ്ടവളിലെ പിടി മുറുക്കി....

"എന്റെ നേത്ര പിണക്കത്തിലാണോ....??"

ആണെന്നാണല്ലോ മൗനത്തിന്റെ അർത്ഥം....

"എനിക്ക് വേണ്ടി നീയൊരുപാട് കാത്തിരുന്നില്ലേ നേത്രാ... ഇനി നിനക്ക് വേണ്ടി രണ്ടാഴ്ച ഞാനും കാത്തിരിക്കട്ടെ...."

അവൾ മുഖമുയർത്തി നോക്കി... ആ കണ്ണുകൾ നനഞ്ഞിരുന്നു....

"വിച്ചേട്ടൻ ന്റെ പ്രാണനല്ലേ....!!"

അവന്റെ ചുണ്ടുകൾ വാത്സല്യത്തോടെ വിടർന്നു...

"നീയുമെന്റെ പ്രാണനാണ് നേത്രാ....!!"

അവനൊന്ന് കുനിഞ്ഞു അവളുടെ നെറ്റിയിൽ അമർത്തി മുത്തി...
അവശേഷിച്ചിരുന്ന കുഞ്ഞു പരിഭവങ്ങൾ പ്രണയത്തിലലിഞ്ഞു പോയി....

"എന്റെ നേത്ര നന്നായി പഠിച്ച് പരീക്ഷയെല്ലാം നന്നായി എഴുതി മിടുക്കിയായി തിരിച്ചു വരണം.... എന്റെ നേത്രക്കുള്ള താലിയും ഒരു നുള്ള് സിന്തൂരവുമായി ഈ വിച്ചേട്ടനിവിടെ കാത്തിരിക്കും....!!"

ആ പെണ്ണിൻ നേത്രങ്ങളിൽ പ്രണയം വെട്ടിത്തിളങ്ങി.... അവളവന്റെ മടിയിലേക്ക് തല ചായ്ച്ചു കണ്ണുകളടച്ചു....
അവൻ വാത്സല്യത്തോടവളുടെ മുടിയിഴകളിൽ തലോടി....

* * *

ദിവസങ്ങൾ പെട്ടെന്നാണ് കടന്ന് പോയത്.... കടന്ന് പോവാൻ വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു താനും....
ഇന്നാണ് വിച്ചൂന്റെയും അവന്റെ നേത്രയുടെയും നിശ്ചയം....
പരസ്പരം മോതിരം മാറി ചേർന്ന് നിന്നുകൊണ്ടവർ പുഞ്ചിരിച്ചതും എല്ലാവരും സ്നേഹത്തോടെയവരെ നോക്കി...

നേത്ര പരീക്ഷ കഴിഞ്ഞു വരുന്നതിന്റെ നാലാം നാളിലേക്ക് കല്യാണം പറഞ്ഞുറപ്പിച്ചു.... വിച്ചു അവളുടെ കൈവിരലുകളിൽ കോർത്ത് പിടിച്ചു...
അവളവനെ നോക്കി പുഞ്ചിരിച്ചു....

"നേത്രാ.....!!"

*** *** ***

"റംസു... ഉറങ്ങിയോ ഇയ്യ്....??"

വാതിൽ തുറന്ന് കൊണ്ട് ഉമ്മ അകത്തേക്ക് കയറിയതും ഒന്ന് ഞെട്ടിയവൻ കയ്യിലുള്ള ഡയറി ബെഡിലേക്ക് വെച്ചു...

"ഇല്ല... എന്തെ....??"

"അലി വന്നിട്ടുണ്ട് നിന്നെ കാണാൻ... ചെന്ന് നോക്ക്...."

ഉമ്മ പുറത്തേക്ക് പോയതും ബെഡിൽ നിന്ന് എണീറ്റ് കൊണ്ടവൻ മൂരി നിവർത്തി... അഴിഞ്ഞു തുടങ്ങിയ മുണ്ട് മുറുക്കിയുടുക്കുന്നതിനിടയിൽ ബെഡിൽ കിടക്കുന്ന ഡയറിയിൽ നോട്ടമെത്തി നിന്നതും അവന്റെ ചുണ്ടുകളൊന്ന് വിടർന്നു....

"പലയിടത്തും വായിച്ചു കേട്ടിട്ടുള്ള തികച്ചും സാധാരണമായൊരു പ്രണയമായിട്ടും നീയെന്നിൽ ഒരത്ഭുതമായി നിറഞ്ഞു നിൽക്കുന്നു നേത്രാ....!!
അതിന് മാത്രം എന്ത് മാന്ത്രികതയാണവൾ നിന്നിൽ പ്രയോഗിച്ചത്....??!!"

ചുണ്ടുകൾ പതിയെ മൊഴിഞ്ഞു കഴിഞ്ഞതും കണ്മുന്നിൽ ഇന്നലെ രാത്രി തന്റെ മുന്നിൽ പേടിച്ചു വിറച്ചു നിന്നിരുന്നവളുടെ മുഖം തെളിഞ്ഞു വന്നു.... ഒരു ചിരിയോടവൻ പുറത്തേക്കിറങ്ങി....

* * *

മുഖം കഴുകി ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ദച്ചു മുന്നിൽ പിന്തിരിഞ്ഞു നിൽക്കുന്ന ഒരു രൂപത്തെ കണ്ടതും പെട്ടെന്ന് ഞെട്ടിത്തരിച്ചു പിറകിലേക്ക് പോയി ഡോറിൽ ഇടിച്ചു നിന്നു....
ശബ്ദം കേട്ടയാൾ തിരിഞ്ഞു നോക്കിയതും ശ്വാസം നേരെ വിട്ട് കൊണ്ടവൾ അയാളെ ഉറ്റു നോക്കി...

"ആരാടോ താൻ....??"

അവളെ സംശയത്തോടെ നോക്കുകയായിരുന്ന അയാൾ പെട്ടെന്നൊന്ന് തുറുക്കനെ നോക്കി...

"നീയേതാടി.....??"

"എടീ പോടീ എന്നൊക്കെ താൻ വീട്ടിലുള്ളവരെ പോയി വിളിച്ചാൽ മതി... തനിക്കിപ്പോ എന്റെ വീട്ടിൽ എന്താ കാര്യം....??"

"നിന്റെ വീടോ.... നീ എവിടുന്ന് വരുവാടി...."

"അലീ...."

അവൻ മുന്നോട്ട് വന്നതും പിറകിൽ നിന്ന് ഉച്ചത്തിലുള്ള റംസൂന്റെ വിളി കേട്ട് അവൻ തിരിഞ്ഞതിന് പിറകെ അവളും അങ്ങോട്ട്‌ നോക്കി...

"മച്ചൂ...."

അലി ചിരിച്ചോണ്ട് ഓടിച്ചെന്ന് റംസൂനെ വാരിപ്പുണർന്നതും റംസുവും ചിരിച്ചോണ്ട് അവനെ തിരികെ പുണർന്നു....

"എത്ര നാളായെടാ കണ്ടിട്ട്...."

റംസൂനെ അകറ്റി നിർത്തി വയറ്റിനിട്ട് കുത്തിക്കൊണ്ട് അലി ചോദിച്ചതും റംസു ഒന്ന് കണ്ണിറുക്കി കാണിച്ചു...

"നീ വന്നിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞ് നോക്കുമ്പോ നിന്നെ കാണുന്നില്ല... പിന്നെ എനിക്ക് തോന്നി ഇവിടെ കാണുമെന്ന്...."

"ഞാൻ ചുമ്മാ ഇങ്ങോട്ടൊന്ന് വന്നതാ... അല്ല ഇതാരാ....??"

അലി പെട്ടെന്ന് പിറകിൽ അവരെത്തന്നെ നോക്കി നിൽക്കുന്ന ദച്ചൂനെ ചൂണ്ടി ചോദിച്ചതും റംസു അവളെയൊന്ന് നോക്കി....

"അവളാ ഇപ്പൊ ഇവിടെ താമസിക്കുന്നെ.... ദക്ഷ...."

"ഇവിടെ താമസിക്കെ....??"

അലി വിശ്വാസക്കുറവോടെ ചോദിച്ചതും റംസു അതേയെന്ന് മൂളി...

"ദച്ചൂ ഇതെന്റെ ഫ്രണ്ടാണ് അലി...."

അവളൊന്ന് ചിരിച്ചെന്ന് വരുത്തി...

"നിങ്ങൾ സംസാരിക്ക്....."

പെട്ടെന്ന് മുന്നോട്ട് നടക്കുന്നവളെ നോക്കി റംസു ഒരുനിമിഷം നിന്നു....

"എടാ അവൾ ഹിന്ദു അല്ലെ....??"

"സോ....??"

അലി താടക്ക് കൈ കൊടുത്തോണ്ട് ചോദിക്കുന്നത് കേട്ട് റംസു പുരികം പൊക്കി...

"അല്ല... നമ്മുടെ നാട്ടുകാർ...."

"പോയി പണി നോക്കാൻ പറ...."

"എങ്കിൽ നീ വാ...."

അലി പെട്ടെന്ന് റംസൂന്റെ തോളിലൂടെ കയ്യിട്ട് വഴിയിലേക്ക് നടന്നതും ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം റംസു അവന്റെ കൂടെ നടന്നു....

* * *

"ദച്ചൂ...."

മുറിയിലായിരുന്ന ദച്ചു വിളി കേട്ട് ഫോണിൽ നിന്ന് നോട്ടം മാറ്റി പതിയെ എണീറ്റ് പുറത്തേക്ക് നടന്നു...

"നല്ല ആളാ... ഡോർ അടച്ചിട്ടില്ലേ....??"

സ്റ്റെപ്പുകൾ ഇറങ്ങിയപ്പോഴേക്കും ഹാളിലേക്ക് കയറി വന്ന് കൊണ്ട് റംസു ചോദിക്കുമ്പോഴാണ് അത് ശ്രദ്ധിച്ചില്ലല്ലോ എന്ന് അവളും ഓർത്തത്....

"ഞാൻ പെട്ടെന്ന് മറന്ന് പോയി...."

"ഹ്മ്മ്... എന്തായാലും താൻ ചെന്ന് റെഡിയാവ്... നമുക്കൊന്ന് പുറത്ത് പോവാം...."

ദച്ചൂന്റെ നെറ്റി ചുളിഞ്ഞു...

"ഞാൻ നാട്ടിൽ വരുമ്പോ ഇടക്കെല്ലാം അലിയും മെഹ്റുവും ഞാനും കൂടി ചുമ്മാ ചെറിയ ഔട്ടിങ്ങൊക്കെ പോവാറുണ്ട്.... അവർ രണ്ടാളും പോവാൻ റെഡിയായി നിക്കാ... താനും കൂടി വാ...."

"ഞാനെന്തിനാ... നിങ്ങൾ പോയാൽ പോരെ...."

"അതെന്ത്‌ വാർത്താനാടോ.... താനും കൂടി വായോ.... എഴുതുന്നവർ ഒരുപാട് യാത്ര ചെയ്യണം...."

"ചെന്നൈയിൽന്ന് ഒറ്റക്ക് ഈ കുഗ്രാമം വരെ വന്ന അവളോട് തന്നെ ഇത് പറയണം ഇക്കാക്കാ...."

പിറകിൽ നിന്ന് മെഹ്‌റൂന്റെ ശബ്ദം കേട്ട് അവർ രണ്ട് പേരും തിരിഞ്ഞു നോക്കി....

"ദച്ചൂ നീ വലിയ ജാഡ കാണിക്കാതെ ചെന്ന് റെഡിയായിക്കെ.... നിന്നേം കൊണ്ടേ ഞങ്ങളിന്ന് ഇവിടുന്ന് പോവൂ...."

ദച്ചു മെല്ലെ റംസൂനെ നോക്കി...

"എന്നെ നോക്കി നിൽക്കാതെ ചെല്ല് പെണ്ണെ...."

എന്നവൻ ചിരിയോടെ പറഞ്ഞതും ദച്ചു പതിയെ പുഞ്ചിരിച്ച് തിരിഞ്ഞു നടന്നു....

* * *

"ദക്ഷ വണ്ടിയിൽ കയറിയപ്പോ തൊട്ട് സൈലന്റ് ആണല്ലോ...."

കാറിൽ നിന്നിറങ്ങി മണൽപരപ്പിലൂടെ നടക്കുമ്പോഴാണ് അലിയത് പറഞ്ഞത്.... ദൂരെ കാണുന്ന തിരമാലകളിലേക്ക് ഉറ്റു നോക്കി നടക്കുകയായിരുന്ന ദച്ചു പെട്ടെന്ന് അവനെ നോക്കി....

"അതിന് ഒരൊറ്റ കാരണം ഇക്ക തന്നെയാ.... ചുമ്മാ നിന്ന എന്റെ ദച്ചൂനോട് വഴക്കിട്ടത് നിങ്ങളല്ലേ...."

മെഹ്‌റു ഇടയിൽ കയറി പറഞ്ഞതും അലി അതെപ്പോ എന്ന മട്ടിൽ മെഹ്‌റൂനെ നോക്കി...

"അതിന് ഞാനൊന്നും ചെയ്തില്ലല്ലോ.... അറിയാത്ത ഒരു പെൺകുട്ടിയെ അവിടെ വെച്ച് കണ്ടപ്പോ ഒന്ന് ഷോക്കായിപ്പോയി.... അതും...."

ബാക്കി പറയാതെ അവൻ നിർത്തിയെങ്കിലും അവർക്ക് മൂന്ന് പേർക്കും ഒരുപോലെ കാര്യം മനസിലായിരുന്നു....
ദച്ചു അനുസരണയില്ലാതെ പാറിപ്പറക്കുന്ന മുടിയിഴകളെ ഒതുക്കാൻ ശ്രമിച്ചു കൊണ്ട് മിഴികൾ താഴ്ത്തി...

"അതും... ബാക്കി പറ...."

മെഹ്‌റു ദേഷ്യത്തോടെ അലിയെ നോക്കിയെങ്കിലും അവനൊന്നും മിണ്ടിയില്ല....

"നിങ്ങളെയൊക്കെ ആ പോക്കരെ കൂടെ കൂട്ടണം... നിങ്ങളൊക്കെ ജീവിക്കുന്നത് തന്നെ ജാതിയും മാതവും നോക്കിയിട്ടാ...."

"അങ്ങനല്ല മെഹ്‌റു... നമ്മടെ നാട്ടിൽ അങ്ങനൊരു അന്യമതത്തിൽ പെട്ട പെൺകുട്ടിയെ കണ്ടപ്പോ...."

"അതെന്താ നമ്മടെ നാട്ടിൽ അന്യമതത്തിൽ പെട്ടവർക്ക് വരാൻ പാടില്ലേ...."

മെഹ്‌റു നല്ല ദേഷ്യത്തിൽ ആണെന്ന് കണ്ടതും റംസു പെട്ടെന്ന് മുന്നോട്ട് വന്ന് അവളെ തോളിലൂടെ കയ്യിട്ട് മുന്നോട്ട് നടന്നു....
അലി ഒന്ന് ശ്വാസം നീട്ടി വലിച്ച് തന്റെ കൂടെ നടക്കുന്ന ദച്ചൂനെ നോക്കി....

"എടൊ സോറി ട്ടോ...."

അവൾ പെട്ടെന്ന് മുഖമുയർത്തി അവനെ നോക്കി...

"ഏയ് അതിന്റെയൊന്നും ആവശ്യമില്ല... ഞാനും ദേഷ്യപ്പെട്ടല്ലോ...."

"അല്ല എന്നാലും...."

"നമുക്ക് രണ്ട് പേർക്കും അപ്പൊ പരസ്പരം അറിയില്ലായിരുന്നു.... ആരായിരുന്നാലും അങ്ങനെയേ പ്രതികരിക്കൂ... അതിനെന്തിനാ സോറി പറയുന്നേ...."

ദച്ചു ചിരിച്ചതും അലി പെട്ടെന്ന് ഇളിച്ചു കാണിച്ചു... മുഴുവൻ പല്ലും കാണിച്ചുള്ള അവന്റെ ഇളി കണ്ട് ദച്ചു പൊട്ടിച്ചിരിച്ചു പോയി...

"കണ്ടോ... അവർ രണ്ടും ചിരി തുടങ്ങി...."

മുന്നിൽ നിക്കുന്ന റംസു മെഹ്‌റൂനെ നോക്കി പറഞ്ഞതും അവൾ വേഗത്തിൽ അലിയുടെ അടുത്തേക്ക് വന്നു....

"എന്നാ ചുമ്മാ എന്റെ എനർജി വേസ്റ്റ് ആക്കിയതിന്റെ പകരമായിട്ട് അലിക്ക എനിക്ക് ഐസ്ക്രീം വാങ്ങിത്തരണം...."

"അടി പാപി.... നിനക്കെന്റെ പോക്കറ്റ് തന്നെ കീറണോ.....??"

"വേണം വേണം... ഒന്നും പറയണ്ട... എനിക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞാൽ വേണം...."

അലി ദയനീയമായി റംസൂനെ നോക്കിയതും അവൻ ഇളിച്ചു കാണിച്ചു... ഇനി വേറെ വഴിയില്ലെന്ന് കണ്ടതും അലി മെല്ലെ മൂളി...

"ഞാൻ വാങ്ങിയിട്ട് വരാം...."

"അതൊന്നും പറഞ്ഞാൽ പറ്റൂല... എനിക്കുള്ള ഫ്ലേവർ എനിക്ക് തന്നെ വാങ്ങണം... ദച്ചൂ നീ വരുന്നുണ്ടോ....??"

അവളുടനെ ഇല്ലാന്ന് തലയാട്ടി...

"എങ്കിൽ നിനക്കേത് ഫ്ലേവർ വേണമെന്ന് പറ...."

"ഏതായാലും കുഴപ്പമില്ല...."

"ഇതിന്റെയീ ഫോർമാലിറ്റി കാണുമ്പോ എനിക്കെടുത്ത് കടലിലെറിയാൻ തോന്നുന്നുണ്ടേ...."

"എനിക്ക് ചോക്ലേറ്റ് മതി...."

മെഹ്‌റു നാവ് കടിച്ചോണ്ട് പറഞ്ഞയുടനെ ദച്ചു ഇളിച്ചോണ്ട് പറഞ്ഞതും ഒന്നമർത്തി മൂളി മെഹ്‌റു അലിന്റെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു....
ദച്ചൂന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് റംസൂന് ചിരി വന്നിരുന്നു.... അവനെയൊന്ന് നോക്കി മുന്നോട്ട് നടന്ന് ദച്ചു പതിയെ മണലിലേക്കിരുന്നു... അടുത്തായി അവനും....

"ആ പെണ്ണ് അലിന്റെ പോക്കറ്റ് കീറുമെന്ന കാര്യത്തിൽ ഉറപ്പായി...."

പലതും ചൂണ്ടിക്കാണിച്ചു കൊച്ചു കുട്ടികളെപ്പോലെ വാശി പിടിക്കുന്ന മെഹ്‌റൂനെ ദൂരെ നിന്ന് കണ്ടിട്ട് ദച്ചു ചിരിയോടെ പറഞ്ഞതും അങ്ങോട്ട്‌ നോക്കി ഇരുന്നിരുന്ന റംസു പതിയെ ദച്ചൂനെ നോക്കി....
അവൾ ചിരിയോടെ മെഹ്‌റൂന്റെ ഓരോ ചലനങ്ങളും വീക്ഷിക്കുമ്പോൾ റംസു അവളുടെ ചിരിയിലേക്ക് തന്നെ പുഞ്ചിരിയോടെ നോക്കിയിരിക്കുകയായിരുന്നു.....

പത്ത് മിനിറ്റോളം കഴിഞ്ഞതും ഐസ്ക്രീമും പഞ്ഞി മിട്ടായിയും കടലയും പിന്നെയും വേറെന്തൊക്കെയോ കൈ നിറയെ സാധനങ്ങളുമായി ഇളിച്ചോണ്ട് മെഹ്‌റു വരുന്നത് കണ്ട് ദച്ചു പൊട്ടിച്ചിരിച്ചു പോയി.... റംസുവും ചിരിച്ചോണ്ട് മെഹ്‌റൂനെ നോക്കിയതും പിറകെ അണ്ടി പോയ അണ്ണാനെപ്പോലെ വരുന്ന അലിയെ കണ്ട് ദച്ചു വീണ്ടും ചിരിച്ചു കൊണ്ട് പെട്ടെന്ന് റംസൂന്റെ കയ്യിൽ പിടിച്ചു....

അവൻ ഞെട്ടിക്കൊണ്ടാ കയ്യിലേക്കും പിന്നെ അവളെ മുഖത്തേക്കും നോക്കി....
മെഹ്‌റൂനോടും അലിയോടും എന്തൊക്കെയോ പറഞ്ഞ് അവൾ വീണ്ടും വീണ്ടും ചിരിക്കുന്നുണ്ട്.... പക്ഷെ അവന്റെ ചെവിയിൽ അലയടിച്ചു കേട്ടത് വീശിയടിക്കുന്ന തിരമാലകൾ മാത്രമായിരുന്നു....!!

* * *

"ദച്ചൂ... ഇന്നിവിടെ നിന്നോ...."

വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയ ഉടനെ തിരിച്ചു നടക്കാൻ ഒരുങ്ങുന്ന ദച്ചൂന്റെ കയ്യിൽ പിടിച്ച് നിർത്തിക്കൊണ്ട് മെഹ്‌റു പറഞ്ഞതും ദച്ചു പുഞ്ചിരിച്ചു....

"അതൊന്നും വേണ്ട പെണ്ണെ... ഞാനങ്ങോട്ട് ചെല്ലട്ടെ...."

"എന്താടോ... ഇന്നിവിടെ നിന്നോ...."

മെഹ്‌റു മുഖം ചുളിച്ചതും ദച്ചു ചിരിച്ചു....

"ഞാൻ രാവിലെത്തന്നെ ഇങ്ങോട്ട് വരാം... ഇപ്പൊ നീ ചെന്ന് കിടക്കാൻ നോക്ക്...."

മെഹ്‌റൂന്റെ കവിളിൽ പിച്ചിക്കൊണ്ട് ദച്ചു പറഞ്ഞതും അവൾ വേണോ വേണ്ടേ എന്ന മട്ടിലൊന്ന് മൂളി...

"ഒറ്റക്ക് പോവണ്ട... ഞാൻ കൂടെ വരാം...."

പെട്ടെന്നുള്ള റംസൂന്റെ സ്വരം കേട്ട് ദച്ചു തിരിഞ്ഞവനെ നോക്കി...

"അതിന്റെയൊന്നും ആവശ്യമില്ല... കുറച്ചങ്ങോട്ട് നടക്കാനല്ലേ ഉള്ളു...."

"നേരം ഇത്രേം ഇരുട്ടിയില്ലേ...."

"ആഹ്... ഇക്കാക്ക ചെല്ല്...."

മെഹ്‌റു കൂടി പറഞ്ഞതും ദച്ചു പിന്നൊന്നും മിണ്ടാതെ കാറിലേക്ക് ചാരി കോട്ടുവാ ഇട്ടോണ്ട് നിക്കുന്ന അലിയെ നോക്കി പോവാണെന്ന് തല കുലുക്കി വഴിയിലേക്ക് ഇറങ്ങി നടന്നു... പിറകെയായി റംസുവും...

"നേത്രക്ക് ജന്മം നൽകാനുള്ള കാരണമെന്താ....??"

കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും റംസു ചോദിക്കുന്നത് കേട്ട് ദച്ചു തല ചെരിച്ചവനെ നോക്കി പുഞ്ചിരിച്ചു...

"നേത്ര ഒരു സാധാരണ ക്ളീഷേ സ്റ്റോറിയല്ലേ.... അതിപ്പോ ആര് വിചാരിച്ചാലും എഴുതാൻ കഴിയില്ലേ...."

"ഒരിക്കലുമില്ല....!!"

പെട്ടെന്നുള്ള അവന്റെ മറുപടി കേട്ട് അവൾ നിന്നു... മെല്ലെ അവന്റെ നേരെ തിരിഞ്ഞു നിന്ന് നെറ്റി ചുളിച്ചു...

"അതിലെ ഓരോ അക്ഷരങ്ങളിലും ജീവൻ തുടിക്കുന്നുണ്ട് ദച്ചൂ...."

"അതെന്റെ വിജയമല്ലേ....!!"

ദച്ചൂന്റെ കണ്ണുകൾ തിളങ്ങി....

"നേത്രയും അവളുടെ വിച്ചേട്ടനും വെറും സാങ്കൽപ്പിക കഥാപാത്രങ്ങളാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്...."

ദച്ചൂന് ചിരി വന്നു...

"കാരണം....??"

അവനെ നോക്കിയവൾ പുരികം ചുളിച്ചു....

"കാരണം അത് തന്നെയാണ്.... വെറും സാധാരണ പ്രണയം ആയിരുന്നിട്ട് കൂടി വായിക്കുന്നവനെ അതിൽ പിടിച്ചിരുത്താനുള്ള എന്തോ ഒരു കഴിവ് ആ അക്ഷരങ്ങളിലുണ്ട്...."

"അതിനർത്ഥം അത് യഥാർഥ്യമായിരിക്കും എന്നാണോ....??"

അവൾ ചിരിയോടെ ചോദിച്ചതും അവനൊന്നും മിണ്ടിയില്ല...

"നോക്ക് റംസു.... നമ്മൾ അത്രയേറെ ഇഷ്ടത്തോടെ വായിക്കുന്ന കഥയും കഥാപാത്രങ്ങളുമെല്ലാം യഥാർഥ്യമായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒരു വായനക്കാരനും ഉണ്ടാകാൻ പോകുന്നില്ല.... ഞാനും വായിച്ചിട്ടുണ്ട് ഒരുപാട് പ്രണയങ്ങൾ.... പലതും യഥാർഥ്യമായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടും ഉണ്ട്...
നേത്ര പകുതി പോലും വായിക്കാതെ റംസൂന് അത് യഥാർഥ്യമാണെന്ന് തോന്നുന്നുണ്ടെങ്കിൽ അതെന്റെ വിജയമാണെന്ന് പറഞ്ഞ് ഞാൻ അഹങ്കരിക്കുക തന്നെ ചെയ്യും...."

കണ്ണ് ചുരുക്കി ചിരിയോടെ പറയുന്നവളെ നോക്കി അവൻ ചിരിച്ചു....

"പിന്നെ ആ ഡയറിയിലുള്ളത് കഥയുടെ ഒരു ചുരുക്ക രൂപം മാത്രമാണ്... അതാണ് പെട്ടെന്നിങ്ങനെ ഓടിച്ചു വിട്ട് എഴുതിയിട്ടുള്ളത്... പബ്ലിഷ് ചെയ്യാനുള്ള കഥയുടെ പൂർണരൂപം ചെന്നൈയിൽ ആണ്.... എത്ര എഴുതിയിട്ടും മതി വരാത്തൊരു പ്രണയമായിരുന്നു അവരുടേത്...."

അവളിലെ പുഞ്ചിരി അവനിലേക്കും പടർന്നു....

"ഇത്രയും സാധാരണമായൊരു പ്രണയത്തിന് ഇങ്ങനെയൊരു നാടിന്റെ ആവശ്യമെന്താണ്....??"

"ഞാൻ എഴുതി നിർത്തിയിടം വരെ വായിച്ചിട്ട് ചോദിക്ക്... ഉത്തരം നൽകാം...."

നിറഞ്ഞ പുഞ്ചിരിയോടെ തന്നെ പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നടന്നതും അവനും കൂടെ നടന്നു...

"ദച്ചൂന്റെ ജീവിതത്തിൽ ഇങ്ങനെ വിച്ചേട്ടനൊന്നും ഉണ്ടായിട്ടില്ലേ....??"

ചോദിക്കുമ്പോൾ ഹൃദയം ശക്തിയിൽ മിടിക്കുന്നതവൻ അറിയുന്നുണ്ടായിരുന്നു.... അവളെ നോക്കിയപ്പോഴവൾ കയ്യിലെ ഫോണിൽ നോക്കി ചെവിയിലേക്ക് വെച്ച് അവനെ നോക്കി ഒരു മിനിറ്റെന്ന് ചുണ്ടനക്കി മുന്നോട്ട് നടന്നു...

"ആഹ് അമ്മാ... ഫോൺ സൈലന്റ് ആയിരുന്നു....
നിങ്ങൾ ഇതുവരെ കിടന്നില്ലേ....
ആഹ് ഞാൻ കിടക്കാൻ തുടങ്ങുവാ...
ഇപ്പൊ എത്തിയതേ ഉള്ളു...."

പുഞ്ചിരിയോടെ സംസാരിക്കുന്നവളെ നോക്കി നടന്ന് കൊണ്ടവൻ വീടിന്റെ മുറ്റത്തേക്ക് അവളുടെ കൂടെ ഇറങ്ങി....
മുന്നിലെ ഡോർ തുറന്നവൾ ഫോൺ ചെവിയിൽ നിന്നെടുത്ത് അവനെ നോക്കി നെറ്റി ചുളിച്ചു....

"റംസു എന്താ ചോദിച്ചേ....??"

"ഏയ് ഒന്നുല്ല...."

അവളെ കണ്ണൊന്ന് മിഴിഞ്ഞു...

"താനെന്റെ നമ്പർ നോട്ട് ചെയ്തോ.... എന്തേലും ആവശ്യമുണ്ടേൽ വിളിക്കാല്ലോ...."

അവൾ ചിരിയോടെ മൂളി അവൻ പറഞ്ഞു കൊടുത്ത നമ്പർ ഫോണിൽ ഡയൽ ചെയ്ത ശേഷം അവനെ നോക്കി പുഞ്ചിരിച്ചു അകത്തേക്ക് കയറി...
വിടർന്ന പുഞ്ചിരിയോടെ ഡോർ അടക്കുന്നവളെ നോക്കിയ ശേഷം ആകാശത്ത് നിലാവിലേക്കും ഒന്ന് നോക്കിക്കൊണ്ടവൻ തിരിഞ്ഞു നടന്നു....

* * *

ബെഡിലേക്ക് കിടന്നിട്ട് നേരം ഒത്തിരിയായിരിക്കുന്നു....
ഇതുവരെ കണ്ണുകൾ ഒന്നടയുന്നു കൂടിയില്ല.... മനസ്സിൽ നിറയെ ദച്ചുവും അവളെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും മാത്രം...
അവനാകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി....

എന്താണ് തനിക്ക്....??
അവളോടപ്പമുള്ളപ്പോൾ അനുഭവപ്പെടുന്ന ആ പ്രത്യേകതരം വികാരമെന്താണ്....??
പ്രണയമാണോ തനിക്കവളോട്....??
ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടൊക്കെ ആരോടെങ്കിലും പ്രണയം തോന്നുമൊ...?? അതും തനിക്ക്....!!

"""ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളു....!!"""

(വരികൾ കടപ്പാട് - കെ ആർ മീര)

എവിടെയോ വായിച്ചു മറന്ന വരികൾ.... എത്ര നേരാണാ വരികൾ...
മരണത്തെ പോലെത്തന്നെ ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും സംഭവിക്കുന്ന ഒന്നാണ് പ്രണയം....!!

അവന് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.... ദച്ചൂനോട് തനിക്ക് പ്രണയമാണെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടാത്ത പോലെ അവനാ ചിന്തകളെ പാടെ മായ്ച്ചു കളയാൻ വേണ്ടി കയ്യെത്തിച്ച് ബെഡ് ടേബിളിൽ നിന്ന് ഡയറി എടുത്ത് നിർത്തിയിടത്ത് നിന്ന് വായിച്ചു...

*** *** ***

"നേത്രാ......!!"

വിരലുകളിൽ മുറുകെ ചുറ്റിപ്പിടിച്ചു കൊണ്ടവന്റെ വിളി കേൾക്കെ ആ പെണ്ണിൻ കവിളുകൾ രക്തവർണമായി... മിഴികളുയർത്തിയവൾ അവനെ നോക്കി....

"ഇനിയെന്നിൽ കാത്തിരിപ്പാണ്... നീയെന്ന ലോകത്തെ എന്റേത് മാത്രമാക്കി വെട്ടിപ്പിടിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ്....!!"

അവളുടെ അധരങ്ങൾ മനോഹരമായി വിടർന്നു....
എല്ലാവരും നോക്കുന്നുണ്ടെന്ന് വക വെക്കാതെയാ പെണ്ണവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവനവളെ അധികാരത്തോടെ,, പ്രണയത്തോടെ ചേർത്ത് പിടിച്ചു....

* * *

പിറ്റേന്ന് ഇറങ്ങാൻ നേരത്താ പെണ്ണിന്റെ മിഴികൾ തോർന്നിരുന്നില്ല...
എല്ലാവരുടെയും സാന്നിധ്യത്തിനിടയിലും ഇടയ്ക്കിടെ തന്നെ തേടിയെത്തുന്ന ആ കലങ്ങിയ കണ്ണുകൾ അവനിൽ വല്ലാതെ അസ്വസ്ഥത പരത്തി....
അവളെയൊന്ന് തനിച്ചു കിട്ടാൻ വേണ്ടി,, ഒന്നുമില്ലെന്ന് പറഞ്ഞ് ചേർത്ത് നിർത്താൻ വേണ്ടി അവന്റെയുള്ളം വല്ലാതെ കൊതിച്ചു...

ആരും അവളെ അടുത്ത് നിന്ന് മാറുന്നില്ലായിരുന്നു... അച്ഛൻ ഇറങ്ങാമെന്ന് പറഞ്ഞയുടനെ മിഴികളുയർത്തി നോക്കിയവളുടെ ചുണ്ടുകൾ വിതുമ്പുന്നത് കണ്ട് എല്ലാരേയും വകഞ്ഞു മാറ്റി പാഞ്ഞു ചെന്നവൻ അവളെ വാരിപ്പുണർന്നു...
ആ പെണ്ണാർത്തു കരഞ്ഞു... കൈകളവന്റെ ഷർട്ടിൽ ചുരുണ്ട് കൂടി... കണ്ണുനീരവന്റെ നെഞ്ചിനെ പൊള്ളിച്ചു.... അവന്റെ കണ്ണുകളിൽ നിന്നും ചാടിയിറങ്ങിയ തുള്ളികളെ നോക്കി എല്ലാവരും കണ്ണ് നിറച്ചു...

"നേത്രാ...."

അവന്റെ സ്വരം ഇടറിയിരുന്നു...

"എനിക്ക് പരീക്ഷ എഴുതണ്ട വിച്ചേട്ടാ... എനിക്ക് വിച്ചേട്ടന്റെ കൂടെയിരുന്നാ മതി...."

കൊച്ചു കുട്ടികളെപ്പോലവൾ തേങ്ങിക്കരഞ്ഞു....
അവൻ പതിയെ അവളെ മുഖം പിടിച്ചുയർത്തി കൈകൾക്കുള്ളിലാക്കി....

"എന്റെ പെണ്ണിന്റെ വലിയ ആഗ്രഹമല്ലേ പഠിക്കണമെന്നൊക്കെ... എനിക്ക് വേണ്ടി അതൊന്നും വേണ്ടാന്ന് വെക്കല്ലേ നേത്രാ.... അത് കൂടുതൽ വേദനിപ്പിക്കുന്നത് എന്നെയാവും... നീ പോയിട്ട് വായോ.... പരീക്ഷയൊക്കെ നന്നായി എഴുതിയിട്ട് തിരിച്ചു വായോ...
നിന്റെ വിച്ചേട്ടനിവിടെ കാത്തിരിക്കുന്നുണ്ടാവും...."

"എന്നെ... എന്നെ ഒറ്റക്കാക്കി പോവോ ഇനി....??"

തേങ്ങലോടെ ചോദിക്കുന്നവളെ നോക്കി അവൻ നിറഞ്ഞു പുഞ്ചിരിച്ചു....

"ഒരിക്കലുമില്ല നേത്രാ.... ഈ വിശ്വാസിന്റെ ശരീരത്തിൽ ജീവനുള്ള കാലത്തോളം ഞാനിനി എന്റെ നേത്രയുടെ കൂടെത്തന്നെയുണ്ടാവും...."

കരച്ചിലിനിടയിലും ആ പെണ്ണിന്റെ ചുണ്ടുകൾ വിടർന്നു...
അപ്പച്ചി വന്നവളെ ചേർത്ത് പിടിച്ചതും വീണ്ടും നിറഞ്ഞു വരുന്ന കണ്ണുകളെ നിയന്ത്രിച്ചു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടവൾ അച്ഛന്റെ കൂടെ തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഇറങ്ങി നടന്നു....

* * *

കാത്തിരിപ്പിനെന്തിനാണ് ഇത്രയും വേദന...?? അറിയില്ല....!!

ഓരോ ദിവസങ്ങളും ഓരോ യുഗങ്ങൾ പോലെ തോന്നുന്നുണ്ടായിരുന്നു ആ പെണ്ണിന്...
ഹോസ്റ്റലിൽ എത്തിയ മൂന്നാം നാൾ കയ്യിൽ കിട്ടിയ കത്തിലെ

""പരീക്ഷക്ക് മാർക്ക്‌ കുറഞ്ഞാൽ ഞാൻ പിണങ്ങും നേത്രാ... ഉറപ്പാണെ....""

എന്ന വാചകങ്ങളെ പേടിച്ചു കൊണ്ട് മാത്രമായിരുന്നാ പെണ്ണ് പഠിക്കാൻ ഇരുന്നിരുന്നത്....
പിന്നീടങ്ങോട്ട് വാർഡൻ കത്തുണ്ടെന്ന് പറയുമ്പോഴെല്ലാം ഓടിച്ചെന്ന് ആദ്യമേ തിരഞ്ഞിരുന്നത് വിശ്വാസ് എന്നയാ പേരിന് വേണ്ടിയായിരുന്നു....
ഉള്ളിലുള്ള കുഞ്ഞു നോവിന് ആക്കം കൂട്ടിക്കൊണ്ട് പിന്നീടവന്റെ അക്ഷരങ്ങളൊന്നും അവളെ തേടി വന്നില്ലായിരുന്നു....

"കഷ്ടമുണ്ട് വിച്ചേട്ടാ... എനിക്കറിയാം ഞാൻ പഠിത്തത്തിൽ മാത്രം ശ്രദ്ധിക്കാനും വിച്ചേട്ടനെ ഓർക്കേണ്ട എന്ന് വെച്ചിട്ടുമാണ് കത്തുകൾ അയക്കാത്തതെന്ന്....
പക്ഷെ വിച്ചേട്ടന്റെ നേത്രക്ക് വിച്ചേട്ടനെ അങ്ങനെ ഓർക്കാതിരിക്കാൻ പറ്റുവോ....
നേത്രാ എന്നൊന്ന് വിളിക്കുകയെങ്കിലും ചെയ്യ് വിച്ചേട്ടാ... ഒരൊറ്റ വിളി മാത്രം മതി... വേറൊന്നും വേണ്ട...."

അയച്ചിട്ട ഒരുപാട് കത്തുകളുടെ പോലെ ഇതിനും മറുപടി പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും പരീക്ഷ കഴിഞ്ഞ് ഹോസ്റ്റൽ മുറിയിലെത്തിയപ്പോൾ കണ്ണുകൾ ആദ്യം എത്തി നിന്നത് മേശയിലെ കത്തിലെ വിശ്വാസ് എന്ന പേരിലായിരുന്നു...
ഓടിച്ചെന്നത് പൊട്ടിച്ചു തുറന്ന് നോക്കി....

""നേത്രാ......!!""

അത്രമാത്രം....
അത് മതിയായിരുന്നു ആ പെണ്ണിന്...
അവന്റെ ചുടുനിശ്വാസം പിൻ കഴുത്തിൽ പതിയുന്ന പോലെ... ആ കൈകൾ തന്റെ വയറ്റിലൂടെ ഇഴഞ്ഞു നീങ്ങി വരിഞ്ഞു മുറുക്കുന്ന പോലെ...

""വിച്ചേട്ടൻ ന്റെ പ്രണാനല്ലേ....!!""

അതായിരുന്നു മറുപടി....

* * *

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയപ്പോ അച്ഛന്റെ ഫോൺ ഉണ്ടായിരുന്നു....
ടൗണിൽ വന്നിറങ്ങുമ്പോൾ അച്ഛൻ അവിടെ ഉണ്ടാവുമെന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോ വിച്ചേട്ടനെ പറഞ്ഞു വിട്ടാൽ മതിയെന്ന് ആ പെണ്ണ് പറഞ്ഞത് കേട്ടിട്ടാണോ അതോ കേൾക്കാഞ്ഞിട്ടാണോ കാൾ ഡിസ്‌ക്കണക്ട് ആയതെന്ന് അവൾക്ക് മനസിലായില്ല...

വിച്ചേട്ടൻ തന്നെ വരും....
തന്നെ ഞെട്ടിക്കാൻ വിച്ചേട്ടന് വലിയ ഇഷ്ടമാണ്... ചേർത്ത് പിടിച്ച് നേത്രാ എന്ന് വിളിക്കുമ്പോൾ പരിഭവത്തോടെ മുഖം വീർപ്പിക്കണം... വീട്ടിലെത്തുവോളം മിണ്ടാതിരിക്കണം.... പിറകെ നടന്ന് പിടിച്ച് വെക്കുമ്പോൾ ആ കവിളിൽ അമർത്തി കടിച്ച് പ്രതിഷേധം തീർക്കണം....

ആ പെണ്ണിൻ മനസ്സ് പരിഭവത്താൽ തന്റെ പ്രണയത്തെ ഒന്ന് കാണാൻ മുറവിളി കൂട്ടുന്നുണ്ടായിരുന്നു...
ടൗണിൽ ബസ് ഇറങ്ങിയ ഉടനെ അച്ഛനെ കണ്ടതും പ്രതീക്ഷയോടെ തിളങ്ങിയിരുന്ന കണ്ണുകളിൽ നനവ് പടർന്നു...
ഹൃദയമൊന്ന് തേങ്ങി....

"ഞാൻ വിചാരിച്ചു വിച്ചേട്ടനാവും കൂട്ടാൻ വരുന്നതെന്ന്...."

പുഞ്ചിരിയോടെ ചേർത്ത് പിടിച്ച അച്ഛനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറയുമ്പോൾ ശബ്ദം ഇടറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവൾ....

"നിന്നെയൊന്ന് കാണാൻ കൊതിയായി മോളെ... അതോണ്ടല്ലേ അച്ഛൻ ഓടിപ്പാഞ്ഞു വന്നേ... വായോ...."

അച്ഛന്റെ കൈകൾക്കുള്ളിൽ ചേർന്ന് നടക്കുമ്പോഴും പേരറിയാത്തൊരു വികാരം തന്നെ പൊതിയുന്നതവൾ അറിയുന്നുണ്ടായിരുന്നു....
അടുത്ത പ്രതീക്ഷ വീട്ടിൽ ആയിരുന്നെങ്കിലും അവിടെയും നിരാശ മാത്രം....
കരഞ്ഞു കൊണ്ട് അമ്മ ചേർത്ത് പിടിച്ചപ്പോ ഞാനിങ് വന്നില്ലേ അമ്മേ എന്ന് പറയുന്നവളുടെ സ്വരം ഇടറിത്തുടങ്ങിയിരുന്നു....

മുറിയിലേക്ക് കയറി ഒരുപാട് നേരം വെറുതെ നിന്നു അവൾ... വാതിൽ മനഃപൂർവം തുറന്നിട്ടു....
പിറകിലൊരു കാൽപെരുമാറ്റത്തിനായി,, ഒരു ചേർത്ത് പിടിക്കലിനായി,, നേത്രാ എന്ന വിളിക്കായി....
ഉണ്ടായില്ല... ഒന്നും ഉണ്ടായില്ല....!!

യാത്ര ചെയ്ത ക്ഷീണം കാരണമാണോ അതോ വേദനിക്കുന്ന ഹൃദയം കാരണമാണോ എന്നറിയില്ല,, കൂമ്പിയടയുന്നുണ്ടായിരുന്നു കണ്ണുകൾ... വല്ലാത്ത ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു തലക്ക്.... ബെഡിലേക്ക് കയറി കിടക്കുമ്പോഴും ആ പെണ്ണിന്റെ മനസ്സിൽ വിച്ചേട്ടൻ എന്ന നാമം മാത്രമായിരുന്നു....

* * *

"എണീറ്റോ നീയ്.... അത്താഴം കഴിക്കാൻ വിളിക്കാൻ വന്ന് നോക്കിയപ്പോ നീ നല്ല ഉറക്കാ... പിന്നെ അച്ഛനാ പറഞ്ഞെ... വിളിക്കണ്ട ക്ഷീണം കാണുമെന്ന്...."

അടുക്കളയിലേക്ക് കയറി വന്നവളെ ഒരുവേള നോക്കിയ ശേഷം ചെയ്യുന്ന ജോലി തുടർന്ന് കൊണ്ട് അമ്മ പറയുന്നത് കേട്ട് അവൾ ഒന്നൂടെ മുന്നോട്ട് വന്നു....

"വിച്ചേട്ടൻ എവിടെ അമ്മേ....??"

"നീയിങ്ങ് എണീറ്റ് വന്നോ നേത്രേ.... ചെന്ന് കുളിച്ച് അമ്പലത്തിലൊക്കെ പോവാൻ നോക്ക്.... ഞാൻ നല്ല ചൂടുള്ള അപ്പം ഉണ്ടാക്കുന്നുണ്ടേ... ചൂട് ആറുന്നതിന് മുന്നേ വന്ന് കഴിക്കാൻ നോക്ക്...."

അവളൊന്നും മിണ്ടാതെ അവിടെത്തന്നെ നിന്നു....

"ചെല്ല് പെണ്ണെ... കുളിക്കുന്നില്ലേ നീയ്...."

"വിച്ചേട്ടൻ എവിടെ അമ്മേ....??"

ഇപ്രാവശ്യം അവളുടെ സ്വരം കടുത്തിരുന്നു.... തനിക്ക് മുഖം തരാതെ ജോലി ചെയ്യുന്ന അമ്മയെ കാണെ അവളിൽ വാശിയേറി...
വേഗത്തിൽ ചെന്നവൾ അമ്മയെ തന്റെ നേരെ തിരിച്ചു നിർത്തി....

"പറ അമ്മാ... എന്തൊക്കെയാ ഇവിടെ നടക്കുന്നെ... എവിടെ എന്റെ വിച്ചേട്ടൻ....??"

"മോളെ...."

പിറകിൽ നിന്ന് ശാന്തമായ അച്ഛന്റെ സ്വരം കേട്ടതും അവളൊന്ന് തിരിഞ്ഞു നോക്കി.... പിന്നെ നിറഞ്ഞു തുടങ്ങിയ കണ്ണുകളെ അമർത്തിത്തുടച്ചു കൊണ്ട് യാതൊരു ഭാവഭേതവുമില്ലാതെ നിക്കുന്ന അവരെ മറി കടന്ന് കൊണ്ടവൾ പുറത്തേക്ക് പാഞ്ഞു...

പാഠത്തിന്റെ വരമ്പിലൂടെ ഓടുമ്പോൾ ഇട്ടിരുന്ന ചുരിദാറിന്റെ പിൻ ചെയ്ത ഷാളും വിടർത്തിയിട്ട നീളൻ മുടിയിഴകളും ശക്തമായ കാറ്റിനനുസരിച്ച് പാറിപ്പറക്കുന്നുണ്ടായിരുന്നു....
അമ്പലത്തിന് മുന്നിലെത്തിയതും അകത്തേക്കൊന്ന് നോക്കിയ ശേഷം അവൾ വീണ്ടും മുന്നോട്ട് നടന്നു....

അപ്പച്ചിയുടെ വീടിന്റെ മുറ്റത്ത് നിന്ന് വേഗത്തിൽ അകത്തേക്ക് കയറിയവൾ ചുറ്റും നോക്കി.... പൂർണമായും നിശബ്ദയുള്ള ആ വീട്ടിൽ എന്തോ വല്ലാതെ വീർപ്പു മുട്ടുന്ന പോലെ തോന്നിയവൾക്ക്...

"വിച്ചേട്ടാ...."

ആ പെണ്ണിന്റെ ഉറക്കെയുള്ള ശബ്ദം നിശബ്ദമായി കിടക്കുന്ന ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു....
അടുക്കളയിൽ നിന്ന് വേഗത്തിൽ വന്ന് നോക്കിയ അപ്പച്ചിയുടെ അടുത്തേക്കവൾ നടന്നു....

"വിച്ചേട്ടനെവിടെ അപ്പച്ചി....??"

ആ മുഖത്ത് മനസിലാക്കാൻ കഴിയാത്തൊരു ഭാവം പടർന്നു...
അവരുടെ മൗനം അവളെ അത്രമേൽ വേദനിപ്പിക്കുന്നതായിരുന്നു...

"പറ അപ്പച്ചീ.... വിച്ചേട്ടൻ എവിടെ....??"

"അവൻ... തിരിച്ച് പോയി മോളെ...."

വേദന കലർന്ന ആ വാക്കുകൾ കൃത്യം അവളുടെ ഹൃദയത്തിൽ തുളച്ചു കയറി...
തിരിച്ചു പോയെന്നോ....?? ഉള്ളിലൊരാന്തൽ....!!
ഇല്ല... ഇത് സത്യമല്ല....

"അപ്പച്ചി... എന്നെ വെറുതെ പറ്റിക്കല്ലേ.... നിങ്ങളെല്ലാരും കൂടെ എന്നെ സങ്കടപ്പെടുത്താണേ...."

"അല്ല മോളെ.... അവൻ എന്തോ അത്യാവശ്യം വന്നിട്ട് പോയതാ...."

കണ്ണുനീർ കാഴ്ചയെ മറച്ചിട്ടും അപ്പച്ചിയുടെ നിറഞ്ഞ കണ്ണുകളവൾക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു....
വേദന തോന്നുന്നു.... ഇല്ല.. വിച്ചേട്ടൻ തന്നെ വിട്ട് പോവില്ല....
ഇനി പോവില്ലെന്നും എന്നും കൂടെ ഉണ്ടാവുമെന്നും വാക്ക് തന്നതാ... തരുന്ന വാക്കുകളൊന്നും വിച്ചേട്ടൻ തെറ്റിക്കാറില്ല....

"കരയല്ലേ മോളെ.... അവൻ വരുമല്ലോ...."

കവിളിലേക്ക് ചാടിയിറങ്ങിയ കണ്ണുനീരിനെ അപ്പോഴാണ് ശ്രദ്ധിച്ചത് തന്നെ...
കണ്ണ് രണ്ടും അമർത്തി തുടച്ചു കൊണ്ടവൾ വേഗത്തിൽ തിരിഞ്ഞു നടന്നു... വാതിൽക്കലെത്തി അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി....

"പോവുന്നതിന് മുന്നേ വിച്ചേട്ടനെന്നെ കൊന്ന് കളയാമായിരുന്നു അപ്പച്ചീ...."

അരുതെന്ന ഭാവത്തിൽ അപ്പച്ചി കരഞ്ഞു കൊണ്ട് ചുണ്ടുകൾ പൊത്തിപ്പിടിച്ചത് കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടന്നവൾ പെട്ടെന്നെന്തോ വീഴുന്ന ശബ്ദം കേട്ട് ഒന്ന് നിന്നു...
ഒരു സ്റ്റീൽ ഗ്ലാസ്‌ തറയിൽ വീണ് കറങ്ങുന്നതിന്റെ ശബ്ദം നല്ല വ്യക്തമായി കേൾക്കുന്നുണ്ട്... അതും മുകളിൽ നിന്ന്....
അവൾ വെട്ടിത്തിരിഞ്ഞു നോക്കിയതും അപ്പച്ചി കരഞ്ഞു കൊണ്ട് ദയനീയമായി അവളെ നോക്കി...

അവൾക്കുള്ളിലൂടെ ഒരായിരം ചിന്തകൾ പാഞ്ഞു പോയി.... വേഗത്തിൽ അകത്തേക്ക് തന്നെ വന്നവൾ ഗോവണി ലക്ഷ്യമാക്കി പാഞ്ഞു...

"അങ്ങോട്ട് പോവല്ലേ മോളെ...."

ഉറക്കെ കരഞ്ഞു കൊണ്ട് തന്നെ തടയാൻ ശ്രമിക്കുന്ന അപ്പച്ചിയുടെ കൈകൾ തട്ടിയെറിഞ്ഞവൾ മുകളിലേക്ക് ഓടിക്കയറി....
പെരുമ്പറ കൊട്ടുന്ന ഹൃദയമിടിപ്പിനിടയിലും പാഞ്ഞു ചെന്നവൾ പുറത്തേക്ക് കുറ്റിയിട്ട രീതിയിലുള്ള വാതിൽ തുറന്ന് അകത്തേക്ക് കയറി....

കാലുകളെ നിശ്ചലമാക്കിക്കൊണ്ട് അകത്തുള്ള കാഴ്ച്ച കാണെ പിറകിലേക്ക് വേച്ച് പോയവൾ ഒരു നിലവിളിയോടെ ചുമരിലേക്ക് ഇടിച്ചു നിന്നു....
വിറക്കുന്ന കൈകൾ കൊണ്ട് വായ പൊത്തിക്കൊണ്ടവൾ മുന്നിലെ ബെഡിലേക്ക് പകപ്പോടെ നോക്കി...

അവളെ നോക്കി കണ്ണുനീർ പൊഴിക്കുന്ന കണ്ണുകൾ... പുഞ്ചിരിക്കാനായി വിഫല ശ്രമം നടത്തുന്ന ചുണ്ടുകൾ... അവളിലേക്ക് ചലിപ്പിക്കാൻ ശ്രമിക്കുന്ന ക്രമാതീതമായി വിറക്കുന്ന കൈകൾ...
അവളിൽ നിന്ന് വീണ്ടുമൊരു നിലവിളിയുയർന്നു.... ഒട്ടും പ്രതീക്ഷിക്കാത്തയൊരു കാഴ്ച....
തന്റെ പ്രണയം ഒരു ജീവച്ഛവം കണക്കെ തന്റെ മുന്നിൽ....
അടുത്ത നിമിഷത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടവൾ മുറിക്ക് വെളിയിലേക്ക് ഓടിയിരുന്നു....

*** *** ***

റംസൂന് ആരോ ചങ്കിൽ കുത്തിപ്പിടിച്ച പോലെ തോന്നി...
ഒരുനിമിഷമവൻ ഡയറി അടച്ചു വെച്ച് ബെഡിലേക്ക് എണീറ്റിരുന്ന് നെഞ്ചിൽ തടവിക്കൊണ്ട് ശ്വാസം വലിച്ചു വിട്ട് കൊണ്ടിരുന്നു....

കണ്മുന്നിലാ ദൃശ്യം കാണുന്ന പോലെ....അതിനേക്കാളുപരി ആ വേദന അറിയുന്ന പോലെ....
അവൻ പോലുമറിയാതെ നിറഞ്ഞു വന്ന കണ്ണുകളവനിൽ വല്ലാത്ത അത്ഭുതം സൃഷ്ടിച്ചു....

നീ ഇത്രയും ക്രൂരയാണോ ദച്ചൂ....??

അവന് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരുന്നു.....
വിച്ചൂന് എന്താണ് സംഭവിച്ചതെന്നും നേത്ര എങ്ങനെ പ്രതികരിക്കുമെന്നും ഉൾപ്പടെയുള്ള പല ചോദ്യങ്ങളും അവന്റെ മനസ്സിൽ കലങ്ങി മറിഞ്ഞു...

ആ പെണ്ണിനിത് സഹിക്കാൻ കഴിയോ....??

വല്ലാത്ത വേദന തോന്നി റംസൂന്... അവൻ വേഗത്തിൽ ഡയറി കയ്യിലെടുത്ത് പേജ് മറിച്ചു....

*** *** ***

താഴെ നിന്ന് കരച്ചിലോടെ വിളിക്കുന്ന അപ്പച്ചിയെയെല്ലാം മറി കടന്നവൾ കൂടെക്കരയുന്ന പ്രകൃതിയിലേക്ക് ഓടിയിറങ്ങി....
നനഞ്ഞൊലിച്ചു അമ്പലത്തിലേക്ക് കയറിച്ചെന്നാ പെണ്ണ് കൃഷ്ണന് മുന്നിൽ വീണു പോയി...
എണീറ്റില്ല അവൾ.... മിഴികളുയർത്തി നോക്കി... പിന്നെ ആർത്തു കരഞ്ഞു... അവൾക്കൊപ്പമെത്താൻ മഴയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു...

ഒന്നുമവൾ പറഞ്ഞില്ല....
ഒരു പരാതിയോ,, പരിഭവമോ,, വേദനയോ ഒന്നുമവൾ പറഞ്ഞില്ല...
പക്ഷെ അവളിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരിന് പൊള്ളുന്ന ചൂടായിരുന്നു.... അവസാനമായി എണീറ്റ് നിന്ന് കൃഷ്ണന് നേരെ നോക്കിയ നോട്ടത്തിന് സർവം ചുട്ടെരിക്കാനുള്ള ശക്തിയുമുണ്ടായിരുന്നു....!!

* * *

നിലത്തിരുന്ന് കരയുന്ന അപ്പച്ചിയെ അവളൊന്ന് നോക്കി...
തന്റെ മുന്നിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി വന്ന് നിൽക്കുന്ന അവളെ അവർ പകപ്പോടെ മുഖമുയർത്തി നോക്കി...
ഒന്നും പറയാനോ കേൾക്കാനോ നിക്കാതവൾ മുകളിലേക്ക് നടന്നു....

മുറിയിലേക്ക് കയറിയപ്പോഴേ കണ്ടത് കണ്ണുകൾ ഇറുക്കിയടച്ചു കിടക്കുന്നവനെയാണ്.... ചെന്നിയിലൂടെ ഒഴുകിയറങ്ങുന്ന കണ്ണുനീർ തുള്ളികളെ അവൾ വ്യക്തമായി കാണുന്നുണ്ടായിരുന്നു....
അവന്റെ കഴുത്തിലെ ബെൽറ്റിലേക്കും കാലുകളിലെ പ്ലാസ്റ്ററിലേക്കും അവൾ വേദനയോടെ നോക്കി....

പതിയെ നടന്ന് ചെന്നവൾ നിലത്തേക്ക് മുട്ട് കുത്തിയിരുന്ന് ബെഡിൽ അലസമായി കിടക്കുന്ന ആ കയ്യിലേക്ക് തന്റെ നനഞ്ഞ കൈ ചേർത്ത് വെച്ചു...
ശരീരത്തിലേക്ക് പാഞ്ഞു കയറിയ തണുപ്പിലവൻ കണ്ണുകൾ വലിച്ചു തുറന്നവളെ നോക്കി... അവളിൽ നിന്നൊരു നീർത്തുള്ളി അവന്റെ കൈകളെ പുണരാനായി ചാടിയിറങ്ങി....

"ഞാൻ പോയെന്ന് കരുതിയോ വിച്ചേട്ടാ....?? തനിച്ചാക്കിയെന്ന് കരുതിയോ....??"

പുഞ്ചിരിച്ചു കൊണ്ടുള്ള ചോദ്യമാണെങ്കിലും അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു....
അവന്റെ ചുണ്ടുകളൊന്ന് വിറച്ചു...

"വിച്ചേട്ടാനില്ലാതെ..നേത്രക്ക് ജീവിക്കാൻ കഴിയില്ലെന്നറിഞ്ഞൂടെ...."

എത്ര ശ്രമിച്ചിട്ടും ഇടറുന്നുണ്ടായിരുന്നു ശബ്ദം... രണ്ട് പേരുടെയും ചുണ്ടുകൾ ഒരുപോലെ വിതുമ്പി... അവൾ മറുകൈ നീട്ടി അവന്റെ അലസമായി കിടക്കുന്ന മുടിയിഴകളിൽ തലോടി നെറ്റിയിലുള്ള മുറിവിന്റെ ഡ്രെസ്സിങ്ങിൽ ഒന്ന് തൊട്ടു...

"എന്താ..ഉണ്ടായേ വിച്ചേട്ടാ....??"

ആ ചോദ്യത്തിനൊപ്പം ഒരു തേങ്ങലും കൂടെ പുറത്തേക്ക് വന്നതും അവൻ കണ്ണുകൾ ഇറുകെ മൂടി....
ഉത്തരത്തിനായവൾ ആ മുഖത്തേക്ക് ഉറ്റു നോക്കിയെങ്കിലും അവൻ കണ്ണുകൾ തുറന്നില്ല....

"വിച്ചേട്ടാ...."

അത്രമേൽ വേദന കലർന്നിരുന്നു ആ വിളിയിൽ...

"എന്നെയൊന്ന് വിളിക്കാവോ... നേത്രാ എന്നൊന്ന് നീട്ടി വിളിക്കാവോ...."

അവൻ മിഴികൾ തുറന്നു.... ചുണ്ടുകൾ വിതുമ്പി വിറച്ചു... കണ്ണുകൾ നിറഞ്ഞൊഴുകി....
അവൾ പതിയെയാ കണ്ണുനീരിനെ അവനിൽ നിന്ന് തുടച്ചു മാറ്റി...

"ഒന്ന് വിളിക്കാവോ വിച്ചേട്ടാ...."

"അവനിനി മിണ്ടില്ല മോളെ...."

പിറകിൽ നിന്നുള്ള അപ്പച്ചിയുടെ ശബ്ദം കേട്ടതും അവളുടെ കൈകൾ പെട്ടെന്ന് നിശ്ചലമായി...
കേട്ടത് വ്യക്തമാവാത്ത പോലവൾ തിരിഞ്ഞു നോക്കി....
വേദന കൊണ്ട് പുളയുന്നയാ മാതൃഹൃദയം തന്റെ മകനെയൊന്ന് നോക്കി....

"അവനിനി നിന്നെ ചേർത്ത് പിടിക്കാനോ നിന്റെ കൈ പിടിച്ച് നടക്കാനോ നിന്നെ വിളിക്കാനോ കഴിയില്ല മോളെ....."

*** *** ***

"റംസൂ....."

വിളിയുടെ കൂടെ പെട്ടെന്ന് ഡോർ തുറക്കുന്നതിന്റെ ശബ്ദം കൂടി കേട്ടതും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയവൻ മുഖമുയർത്തി ഉമ്മാനെ നോക്കി....

"നീയെന്താടാ ഇത്ര നേരായിട്ടും ഉറങ്ങാത്തെ....??"

മുഖം പെട്ടെന്ന് തിരിച്ചു പിടിച്ച് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൻ മുന്നോട്ട് നോക്കി...

"അതൊന്നുല്ല ഉമ്മാ...."

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കയ്യിലുള്ള ഡയറി ഉമ്മ പിടിച്ചു വാങ്ങിയിരുന്നു...

"അള്ളോഹ് ഉമ്മാ... അത് ദച്ചൂന്റെയാ... കീറല്ലേ...."

"ഞാൻ കീറൂല... പാതിരാത്രിയല്ല ഇത് വായിച്ചോണ്ടിരിക്കൽ... മര്യാദക്ക് കിടന്നുറങ്ങിക്കോ... ഇതിപ്പോ എന്റെ കയ്യിൽ ഇരിക്കട്ടെ...
വെറുതെ ഉറക്കം കളഞ്ഞ് വേണ്ടാത്ത അസുഖങ്ങൾ വരുത്തി വെക്കാൻ...."

അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ടവർ ഡയറിയും കൊണ്ട് പുറത്തേക്ക് പോയതും അവൻ തലക്കടി കിട്ടിയ പോലെ നെറ്റിയിലേക്ക് കൈ വെച്ച് പോയി...
പിന്നെ കണ്ണുകളൊന്ന് ഇറുക്കി ചിമ്മി ബെഡിലേക്ക് മറിഞ്ഞു....

എന്താണിനി സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിൽ അത്രത്തോളം സംഘർഷം നടക്കുന്നത് കൊണ്ടാവണം ഉറങ്ങാൻ കഴിയാതവൻ തിരിഞ്ഞും മറിഞ്ഞും കിടന്നത്.... മനസിലപ്പോഴും പൊട്ടിക്കരയുന്നൊരു പെണ്ണിന്റെ മുഖമായിരുന്നു....!!


* * *

"റംസൂ... എണീക്ക് ചെക്കാ.... സുബ്ഹി ഇപ്പൊ പോവും... "

അവനൊന്ന് മൂളിക്കൊണ്ട് തിരിഞ്ഞ് കിടന്നതും ഉമ്മ അവന്റെ മേലിൽ നിന്ന് പുതപ്പ് വലിച്ചിട്ടു...

"പാതിരാത്രി വരെ വായിച്ചിരുന്ന് ഉറക്കം കളഞ്ഞിട്ട് ഇപ്പൊ കിടന്ന് ഉറങ്ങാ ഓൻ... ദേ ചെക്കാ... ഉപ്പ നിന്നോട് പള്ളിയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെ.... ഇയ്യ് തന്നെ കേട്ടോണ്ടി ചീത്ത...."

അവൻ ചിണുങ്ങിക്കൊണ്ട് കണ്ണ് തുറന്ന് നോക്കിയതും ഗൗരവത്തിൽ നോക്കിയിരുന്ന ഉമ്മ പെട്ടെന്ന് ശാന്തമായി....

"നിസ്കാരം ഒഴിവാക്കി കിടക്കല്ലേ റംസൂ... എണീറ്റ് പള്ളിയിലേക്ക് ചെല്ല്... എന്നിട്ട് നിസ്കരിച്ച് വന്നിട്ട് കിടന്നോ... ഞാൻ ഉപ്പാനോട് പറയില്ല...."

അവൻ കൊച്ചു കുട്ടികളെപ്പോലെ ചുണ്ട് ചുളുക്കിയതും ഉമ്മ പുഞ്ചിരിച്ചു കൊണ്ടവന്റെ അലസമായി കിടക്കുന്ന മുടിയിഴകൾ ഒതുക്കി വെച്ച് കൊടുത്തു....

"എണീക്ക്...."

അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ ബെഡിൽ നിന്ന് എണീറ്റു...

* * *

പള്ളിയിൽ നിന്ന് ഇറങ്ങിയപ്പോഴേ തണുപ്പുള്ള കാലാവസ്ഥ കാരണം ഉറക്കം നന്നായി വരുന്നുണ്ടായിരുന്നു അവന്....
അതിന്റെ കൂടെ മനസ്സിൽ കിടന്ന് കളിച്ചത് നേത്രയായിരുന്നു....

വീട്ടിലെത്തി ഡയറി ഉമ്മാനോട് ചോദിച്ച് വാങ്ങാൻ തോന്നിയെങ്കിലും അടഞ്ഞു വരുന്ന കണ്ണുകൾ കാരണം അവൻ പതിയെ ബെഡിലേക്ക് കയറി കിടന്നു....

* * *

"മോള് കുളിച്ചോ....??"

"ആഹ് ഉമ്മാ... ഞാൻ ഇറങ്ങാണേ...."

"എന്താ മോൾക്കിത്ര ധൃതി.... റംസു ഉള്ളത് കൊണ്ടാണോ....??"

കയ്യിൽ പിടിച്ച് നിർത്തി ഉമ്മ ചോദിക്കുന്നത് കേട്ട് ദച്ചു അല്ലാന്ന് തലയാട്ടി....

"അതൊന്നും അല്ല... ഫോൺ അവിടെ വെച്ചിട്ടാ പൊന്നേ... പിന്നെ ഞാൻ ഫുഡ്‌ കഴിച്ചിട്ട് വരാം... മെഹ്‌റൂനെയും കൊണ്ടൊന്ന് പുറത്ത് പോവണം...."

ഉമ്മ സമ്മതഭാവത്തിൽ ചിരിച്ചു കൊണ്ട് പിടി വിട്ടതും അവൾ ഇറങ്ങി നടന്നു....
വീട്ടിലെത്തി നേരെ കിച്ചണിലേക്ക് ചെന്ന് കുക്ക് ചെയ്യുന്നതിന്റെ ഇടക്കാണ് മെഹ്‌റു അകത്തേക്ക് കയറി വന്നത്....

"എനിക്കിന്ന് സ്കൂളിൽ പോണം ദച്ചൂ... ഒരു മണിക്കൂർ ക്ലാസ്സ്‌ ഉണ്ട്... അത് കഴിഞ്ഞിട്ട് നമക്ക് ഇക്കാക്കാനെയും കൂട്ടി ഇന്നലത്തെ പോലെ എങ്ങോട്ടേലും കറങ്ങാൻ പോവാം...."

ദച്ചു പുഞ്ചിരിയോടെ മൂളിയതും മെഹ്‌റു അവളുണ്ടാക്കുന്ന ദോശയിൽ നിന്ന് ഒരെണ്ണം എടുത്ത് ലേറ്റ് ആയെന്നും പറഞ്ഞ് അവിടെന്ന് ഓടി.... അവൾ പോവുന്നത് ചിരിയോടെ നോക്കി നിന്ന ശേഷം ദച്ചു ദോശയും കറിയും ഒരു പ്ലേറ്റിലേക്ക് എടുത്ത് ഗോവണി കയറി പതിയെ റൂമിലേക്ക് നടന്നു....

ജനലിനടുത്തേക്ക് ഒരു ചെയർ വലിച്ചിട്ട് അതിലേക്കിരുന്ന് നനഞ്ഞ മുടി നിവർത്തിയിട്ട ശേഷം അവൾ ഫോണെടുത്ത് ചുമ്മാ നോക്കുന്നതിനിടയിൽ റംസൂന്റെ സേവ് ചെയ്ത നമ്പർ കണ്ടതും അതിലേക്ക് വെറുതെയൊരു മോർണിംഗ് വിഷ് അയച്ച ശേഷം ഒരു കഷ്ണം ദോശയെടുത്ത് വായിലേക്ക് വെച്ചു....

* * *

റംസു ഉറക്കം ഞെട്ടിയപ്പോ ഏകദേശം 10 മണിയോളം ആയിട്ടുണ്ട്.... ഒന്ന് മൂരി നിവർത്തി അവൻ ചുറ്റുമൊന്ന് നോക്കി വെറുതെ കിടന്നു...
അപ്പോഴും ഉള്ളിൽ തെളിഞ്ഞു വരുന്ന നേത്രയുടെ മുഖം അവനെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ടായിരുന്നു....

"ഉമ്മാ...."

വിളിച്ചു കൊണ്ടാണ് എണീറ്റത്....
മുണ്ട് മുറുക്കിയുടുത്ത് റൂമിന് പുറത്തേക്കിറങ്ങിയതും എതിരെ വന്ന ദച്ചൂനെ കൂട്ടിയിടിച്ചു രണ്ട് പേരും വീഴാൻ പോയി....
അവനുടനെ അവളെ രണ്ട് ഷോൾഡറിലും പിടിച്ച് വീഴാതെ നിർത്തി സ്വയം ബാലൻസ് ചെയ്ത് പിറകിലെ ചുമരിൽ ചെന്നിടിച്ചു നിന്നു....
അവളുടനെ ഇറുക്കി അടച്ചിരുന്ന കണ്ണുകൾ തുറന്ന് അവനെ നോക്കി ഇളിച്ചു കാണിച്ചതും പൊട്ടി വരുന്ന ചിരിയെ മറച്ചു കൊണ്ടവൻ കണ്ണുരുട്ടി....

"ഉരുട്ടണ്ട... നീ വിളിക്കുന്നത് കേട്ടിട്ട് എന്താന്ന് നോക്കാൻ വന്നതാ ഞാൻ... ഉമ്മ മുറ്റത്താ....."

അവനൊന്ന് അമർത്തി മൂളി അവളിൽ നിന്ന് പിറകിലേക്ക് നിന്നതും അവൾ എന്തേയെന്ന് പുരികം പൊക്കി....

"നിന്നെയൊന്ന് കാണാൻ നിക്കായിരുന്നു ഞാൻ...."

ഷർട്ടിന്റെ കൈ കയറ്റി വെച്ച് കൊണ്ടവൻ പറയുന്നത് കേട്ട് അവൾ എന്തിനെന്ന മട്ടിൽ മിഴിച്ചു കൊണ്ടവനെ നോക്കി....

"എന്തിനാടി നീയാ പാവം പെണ്ണിനെ ഇങ്ങനെ കരയിപ്പിക്കുന്നെ....??"

"ഞാനോ....??"

അവൾ ചുണ്ട് പിളർത്തി മുഖം ചുളിച്ചതും അവൻ കണ്ണുരുട്ടി....

"അതൊരു കഥയല്ലേ റംസൂ...."

"അതൊരു കഥയായിട്ടെനിക്ക് കാണാൻ കഴിയുന്നില്ല ദച്ചൂ... ശെരിക്കും ഉള്ളൊക്കെ പിടയാ...."

അവളൊന്നും മിണ്ടാതെ അവനെ കുറച്ച് നേരം നോക്കി നിന്നു...

"എന്താ മോൾടെ ഉദ്ദേശം.... ട്രാജഡിയാണോ....??"

അവൻ പുരികം പൊക്കിയതും അവൾ പതിയെയൊന്ന് പുഞ്ചിരിച്ചു...

"ബാക്കി കൂടി വായിക്കന്നെ...."

ചിരിയോടെ കണ്ണിറുക്കി പറഞ്ഞു കൊണ്ടവൾ വേഗത്തിൽ അവിടെ നിന്ന് പോയതും അവനവൾ പോയ വഴിയേ ഒന്ന് നോക്കി....
അവൾ പെട്ടെന്ന് നിന്ന് അവനെ തിരിഞ്ഞു നോക്കി...

"പിന്നെ റംസൂ... നിന്നോടുള്ള വിശ്വാസം കൊണ്ടാണേ ഞാൻ നിനക്കത് വായിക്കാൻ തന്നത്... നീയല്ലാതെ വേറൊരു ഈച്ചക്കുട്ടിയെങ്കിലും ഈ കഥ അറിഞ്ഞാലുണ്ടല്ലോ...."

അവൾ കപട ദേഷ്യം കാണിച്ച് കൊണ്ടവന്റെ നേരെ വിരൽ ചൂണ്ടിയതും അവൻ താല്പര്യമില്ലാത്ത മട്ടിലൊന്ന് അമർത്തി മൂളി...
അവളും അതുപോലൊന്ന് അമർത്തി മൂളിക്കൊണ്ട് പെട്ടെന്ന് തിരിഞ്ഞു നടന്നു.....
ഒരു കാരണവുമില്ലാതെ അവന്റെ ചുണ്ടുകൾ പതിയെ വിടർന്നു....

എന്തോ ഓർത്തെന്ന പോലെ അവൻ വേഗം താഴേക്കിറങ്ങി ഉമ്മാന്റെ റൂമിലേക്ക് ചെന്നു... ടേബിളിൽ തന്നെയിരിക്കുന്ന ഡയറി കണ്ടതും അതെടുത്തു കൊണ്ടവൻ റൂമിലേക്ക് തന്നെ നടന്നു....

*** *** ***

"അവനിനി നിന്നെ ചേർത്ത് പിടിക്കാനോ നിന്റെ കൈ പിടിച്ച് നടക്കാനോ നിന്നെ വിളിക്കാനോ കഴിയില്ല മോളെ....."

"അപ്പച്ചീ....!!"

അവളിൽ നിന്നൊരു നിലവിളി പുറത്തേക്ക് വന്നു...
പിന്നൊന്നും മിണ്ടാതെ പൊട്ടിക്കരഞ്ഞു കൊണ്ടവർ മുറിക്ക് വെളിയിലേക്ക് പാഞ്ഞു...

ആ പെണ്ണിന്റെ കണ്ണുനീർ പോലും നിശ്ചലമായിരുന്നു.... പതിയെ മുഖം തിരിച്ചവൾ നിലക്കാത്ത കണ്ണുനീരുമായി ബെഡിൽ കിടക്കുന്നവനെ നോക്കി....
രണ്ട് മൂന്ന് നിമിഷങ്ങൾ ഒരു ശില കണക്കെ അവളവനെ നോക്കിയിരുന്നു...
പിന്നെ ആർത്തു കരഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണ് അവനെ വരിഞ്ഞു മുറുക്കി....

വിറക്കുന്ന കൈകളവൻ അവളെയൊന്ന് ആശ്വസിപ്പിക്കാനായി ചലിപ്പിക്കാൻ ശ്രമിച്ചു... വേദന സഹിക്കാതവൻ പുളഞ്ഞു... അവളവനെ കൂടുതൽ വരിഞ്ഞു മുറുക്കി....
ആ കാഴ്ച കണ്ട് നിൽക്കാൻ കഴിയാതെ,, ആ പെണ്ണിനൊപ്പമെത്താൻ കഴിയാതെ പതിയെ മഴയും തോറ്റ് പിൻവാങ്ങി...

* * *

അവൾ തിരിച്ചു വന്ന വിവരം അറിഞ്ഞ ബന്ധുക്കളെല്ലാം അവിടേക്ക് എത്തിയിരുന്നു....
കണ്ണുകൾ ഇറുകെയടച്ച് ഒന്നും കാണേണ്ടെന്ന മട്ടിൽ കിടക്കുന്നവന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് തല ചായ്ച്ച് നിലത്തൊരു ശില കണക്കെ ഇരിക്കുന്നവളെ വേദനയോടെ എല്ലാവരും നോക്കി....
വിച്ചൂന്റെ അവസ്ഥയറിഞ്ഞപ്പോൾ എല്ലാരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തിയ മുഖം ആ നിഷ്കളങ്കമായി ചിരിക്കുന്നവളുടേതായിരുന്നു....

"മോളെ...."

തന്റെ മോളുടെ അവസ്ഥ കണ്ട് നിൽക്കാൻ കഴിയാതെയാ അമ്മ പതിയെ അവളെ അടുത്തേക്ക് വന്ന് വിളിച്ചുവെങ്കിലും അവളിൽ അനക്കമൊന്നും ഉണ്ടായില്ല....
അവരുടെനെ കരഞ്ഞു കൊണ്ട് തന്റെ ഭർത്താവിനെ നോക്കി.... അയാൾ പതിയെ മുന്നോട്ട് വന്ന് അവൾക്കരികിലായി കട്ടിലിലേക്ക് ഇരുന്ന് കൊണ്ട് അവളുടെ മുടിയിഴകളിൽ തലോടി....

"മോളെ..."

അതുവരെ നിശ്ചലമായി ഇരുന്നിരുന്നവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി കവിളിലേക്ക് ഒഴുകിയിറങ്ങി....

"നിന്നെയൊന്ന് ഞെട്ടിക്കാൻ വിച്ചു ഹോസ്റ്റലിലേക്ക് പുറപ്പെട്ടതായിരുന്നു.... ഒരു ആക്‌സിഡന്റ്...."

അവൾ പെട്ടെന്ന് കണ്ണുകൾ മൂടി...

"സീറ്റ് ബെൽറ്റ്‌ കഴുത്തിൽ കുടുങ്ങിയ കാരണം അവനിനി സംസാരിക്കില്ലെന്നാ ഡോക്ടർ പറഞ്ഞെ... ഏതൊക്കെയോ ഞരമ്പുകൾക്ക് സാരമായ പരിക്ക് കാരണം ശരീരം മുഴുവൻ തളർന്നെന്നൊക്കെ...."

"എന്റെ വിച്ചേട്ടന് ഒന്നുല്ലാ...."

പറഞ്ഞു തീരുന്നതിന് മുന്നേ ഒരു ഭ്രാന്തിയെപ്പോലെ അലറിക്കൊണ്ട് മുഖമുയർത്തിയിരുന്നു അവൾ....
എല്ലാവരും ഒരുനിമിഷം ഞെട്ടിക്കൊണ്ടവളെ നോക്കി....

"എന്റെ വിച്ചേട്ടൻ സംസാരിക്കും.... എഴുന്നേറ്റ് നിൽക്കും.... എന്റെ വിച്ചേട്ടന് ഒന്നുല്ലാ.... ഒന്നുല്ലാ...."

അലറിക്കരഞ്ഞു കൊണ്ടവൾ പിടിക്കാൻ വന്നവരുടെ കൈകളെല്ലാം തട്ടി മാറ്റി എണീറ്റ് നിന്നതും പിറകിൽ സ്റ്റീൽ ഗ്ലാസ്‌ നിലത്ത് വീഴുന്ന ശബ്ദം കേട്ടവൾ ഞെട്ടിത്തിരിഞ്ഞു നോക്കി....

നിറഞ്ഞൊഴുകുന്ന കണ്ണുകൾ ചലിപ്പിച്ചു കൊണ്ട് വിതുമ്പി വിറക്കുന്ന ചുണ്ടുകളോടെ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടവൻ....
ആർക്കും ഒന്നും മനസിലാവുന്നില്ലെങ്കിലും അവൾക്കെല്ലാം മനസിലാവുന്നുണ്ടായിരുന്നു...
വിതുമ്പിക്കരഞ്ഞു കൊണ്ടവൾ മുന്നോട്ട് ചെന്ന് അവനടുത്തായി വീണ്ടും മുട്ട് കുത്തിയിരിന്നു....

"എന്നോട് കരയരുതെന്നല്ലേ.... വിച്ചേട്ടനെ ഇനി ഓർക്കണ്ടാ എന്നല്ലേ.... അച്ഛനും അമ്മയും പറയുന്നത് കേട്ട് സന്തോഷത്തോടെ ജീവിക്കണമെന്നല്ലേ.... വിച്ചേട്ടനെക്കൊണ്ട് ഇനി ഒന്നിനും കഴിയില്ലാന്നല്ലേ...."

അവളോരോന്നും എണ്ണിയെണ്ണി പറയുമ്പോൾ മരണത്തെ മുന്നിൽ കണ്ട പോലവൻ വേദന കാരണം കണ്ണുകൾ ഇറുകെ മൂടി....

"എന്നെയങ് കൊന്ന് കളയാൻ പറ വിച്ചേട്ടാ...."

അവൻ ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു....
ഇനിയും വയ്യാത്ത പോലവൾ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്....

"വിച്ചേട്ടൻ എന്റെയാന്ന് എല്ലാരും പറഞ്ഞതല്ലേ... ഞാനില്ലാതെ കഴിയോ വിച്ചേട്ടന്... എന്റെ കൂടെ അവസാന ശ്വാസം വരെ ഉണ്ടാവുമെന്ന് വാക്ക് തന്നതല്ലേ... തന്ന വാക്ക് തെറ്റിക്കാൻ കഴിയോ വിച്ചേട്ടന്...."

ഹൃദയത്തെയാരോ അവിടെ നിന്ന് പറിച്ചെടുക്കുന്ന പോലെ തോന്നി അവന്....

"വിച്ചേട്ടനില്ലാതെ നേത്രയില്ലെന്ന് ആർക്കാ അറിയാത്തത്.... പറ....
എന്നെക്കൊണ്ട് കഴിയില്ല വിച്ചേട്ടാ... ഞാൻ വിച്ചേട്ടനെ വിട്ട് പോകില്ല...."

"നേത്രേ...."

അച്ഛന്റെ വകയായിരുന്നു ആ വിളി...
അവൾ തിരിഞ്ഞു നോക്കിയില്ല... കണ്ണുകൾ അമർത്തി തുടച്ച് എന്തോ തീരുമാനിച്ചുറപ്പിച്ച പോലവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...

"വിച്ചേട്ടൻ എന്നോട് പോകാൻ പറഞ്ഞാലല്ലാതെ ഞാൻ വിച്ചേട്ടനെ വിട്ട് പോകുമെന്ന് ആരും കരുതണ്ട... ഇനി വിച്ചേട്ടൻ പറയുകയാണെങ്കിൽ നേത്ര പോയിരിക്കും.... ഈ ഭൂമിയിൽ നിന്ന് തന്നെ...."

എല്ലാവരും ഒരുപോലെ ഞെട്ടിത്തരിച്ചവളെ നോക്കി....
ഇന്നുവരെ അവളിൽ കണ്ടിട്ടില്ലാത്ത ഗൗരവത്തിലേക്ക് അവനും ഉറ്റു നോക്കി....

"ആർക്കും ഒരു ബാധ്യതയാവാൻ വിച്ചേട്ടനെ ഞാൻ വിട്ട് തരില്ല... ഞാൻ അധ്വാനിച്ചു നോക്കിക്കോളാം വിച്ചേട്ടനെ.... ഞങ്ങൾ ഇവിടെ നിന്ന് പൊയ്ക്കോളാം...."

"മോളെ...."

അപ്പച്ചി വിതുമ്പലോടെ വിളിച്ചുവെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല....

"ആരും തടയേണ്ട... ഇതെന്റെ അവസാനത്തെ തീരുമാനമാണ്... ഞങ്ങൾ തിരിച്ചു വരും.... എന്റെ വിച്ചേട്ടനന്ന് എന്റെ കൈ പിടിച്ച് നടക്കുന്നുണ്ടാവും... നിങ്ങളെയെല്ലാം കാണുമ്പോ എന്റെ വിച്ചേട്ടൻ നിങ്ങളോട് സംസാരിക്കുകയും ചെയ്യും....
ഇതെന്റെ വിശ്വാസമാണ്.... നേത്രക്ക് അവളെ പ്രണയത്തിലുള്ള വിശ്വാസം...."

എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് ആ പെണ്ണിലെ ദൃഡതയെ നോക്കിക്കണ്ടു....
അവൾ പതിയെ അച്ഛന്റെ നേരെ തിരിഞ്ഞു....

"അവസാനമായൊരാഗ്രഹം അച്ഛൻ സാധിച്ചു തരണം...."

നിറഞ്ഞ കണ്ണുകൾ കൊണ്ടദ്ദേഹം അവളെ ഉറ്റു നോക്കി....

"നാളെ അമ്പലത്തിൽ വെച്ച് എന്റെ കഴുത്തിലൊരു താലി അണിയിക്കാൻ വിച്ചേട്ടനെ നിങ്ങൾ സമ്മതിക്കണം...."

ആരും ഒന്നും മിണ്ടിയില്ല.... വിച്ചു സ്വയം തന്റെ നിർജീവമായ കൈകളിലേക്ക് നോക്കിയതിന് പിന്നാലെ ബാക്കിയുള്ളവരുടെ നോട്ടവും അവന്റെ കൈകളിലെത്തി നിന്നു....

"വിച്ചേട്ടൻ നാളെയെന്നെ താലി അണിയിക്കും...."

അത്രമേൽ ഉറച്ച വാക്കുകൾ....!!
എഴുന്നേറ്റവൾ പുറത്തേക്ക് നടന്നപ്പോഴും എല്ലാവരും ഒരേ മരവിച്ച അവസ്ഥയിൽ തന്നെയായിരുന്നു....

* * *

പിറ്റേന്നൊരു വീൽചെയറിൽ അപ്പച്ചിയുടെ കൂടെ വരനെ പോലെ ഒരുങ്ങിക്കൊണ്ട് വരുന്ന വിച്ചേട്ടനെ നോക്കിയവൾ മനോഹരമായി പുഞ്ചിരിച്ചു....
അവളും അതിസുന്ദരിയായി ഒരുങ്ങിയിരുന്നു.....

പൂജാരി നീട്ടിയ താലി വാങ്ങാൻ കഴിയാതവൻ വേദനയോടെ അവളെ നോക്കി... അവൾ പുഞ്ചിരിച്ചതേയുള്ളു....

"വിച്ചേട്ടനെന്നോടുള്ള പ്രണയം സത്യമാണെങ്കിൽ വിച്ചേട്ടനെക്കൊണ്ടത് സാധിക്കും...."

അവനൊന്ന് നിശ്ചലമായി....
തന്നിലെ പ്രണയത്തേക്കാൾ സത്യമായി മറ്റെന്തുണ്ട് ഈ പ്രപഞ്ചത്തിലെന്നവൻ സ്വയം ചോദിച്ചു.... അവനവളെ നോക്കി...
തന്നെ നോക്കി അത്രമേൽ മനോഹരമായി പുഞ്ചിരിക്കുന്നവളെ ചേർത്ത് പിടിക്കാനവന്റെ കൈകൾ വല്ലാതെ കൊതിച്ചു....

"ഇന്നെന്റെ കഴുത്തിൽ വിച്ചേട്ടന്റെ താലി വീണില്ലെങ്കിൽ പിന്നെ നേത്രയില്ല വിച്ചേട്ടാ.... എന്ത് വേണമെങ്കിലും വിച്ചേട്ടന് തീരുമാനിക്കാം...."

അവന്റെ ഇടതു കയ്യൊന്ന് വിറച്ചു...
ഹൃദയം കുത്തിത്തുളച്ച വേദന കൈകളിലേക്കും പടരുന്നതായവന് തോന്നി.... എല്ലാവരും വേദനയോടെ അവനെ നോക്കി നിന്നു.... അവളിൽ പുഞ്ചിരിയായിരുന്നു....
ഉള്ളിലെരിയുന്ന കനലിന് മൂടുപടമായുള്ള പുഞ്ചിരി....
അവൻ തന്നെക്കൊണ്ട് കഴിയുന്നില്ലെന്ന മട്ടിൽ വേദനയോടെ അവളെ നോക്കി....
അവൾ പതിയെ മുന്നോട്ട് വന്ന് അവന്റെ മുന്നിലേക്കായി ഇരുന്നു....

"വിച്ചേട്ടാ.... നമ്മുടെ പ്രണയത്തെ തോൽക്കാൻ സമ്മതിക്കല്ലേ...."

അവൻ കണ്ണുകൾ ഇറുകെ മൂടി... വിരലുകൾ ചലിച്ചു.... അവളെ ചേർത്ത് പിടിക്കാനായി ഇടത് കൈ മെല്ലെ പൊങ്ങി.... അവളാ കൈ കൂട്ടിപ്പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് കരഞ്ഞു... കണ്ട് നിന്നവരെല്ലാം അത്ഭുതത്തോടെ നോക്കി....
വിതുമ്പിക്കരയുന്നവളുടെ നെഞ്ചോട് ചേർത്തിട്ടുള്ള അവന്റെ വിരലുകൾ പതിയെ ചലിക്കുന്നുണ്ടായിരുന്നു...
അവൾ മിഴികളുയർത്തി നോക്കി...
അവനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....

അപ്പച്ചി മുന്നോട്ട് വന്നവളെ പിടിച്ചു മാറ്റി.... വല്യച്ഛനും അച്ഛനും ചേർന്ന് വിച്ചേട്ടനെ താങ്ങിപ്പിടിച്ചു എണീപ്പിക്കുന്നതവൾ കണ്ണുനീരിൽ കുതിർന്ന പുഞ്ചിരിയോടെ നോക്കി നിന്നു...
താലി വാങ്ങാനായി നീട്ടിയ വിറക്കുന്ന കൈകളിലവൾ ഒരു താങ്ങെന്ന പോലെ പിടിച്ചു കൊടുത്തു.... കൈകൾ പറിഞ്ഞു പോരുന്ന വേദന സഹിക്കുന്നുണ്ടെങ്കിൽ കൂടിയും അത് പുറത്ത് കാണിക്കാതവൻ എല്ലാവരുടെയും സഹായത്തോടെ ആ പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി...!!

അതുവരെ പിടിച്ചു നിന്നിരുന്ന അവളുടെ കണ്ണുകൾ ഈറനായി.... മിഴികളുയർത്തി നോക്കിയതും പണിപ്പെട്ട് വേദന കടിച്ചമർത്തിക്കൊണ്ട് തന്റെ നെറ്റിയിൽ സിന്തൂരമണിയിക്കുന്നവനെ കണ്ട് ആ പെണ്ണിനുള്ളം പൊള്ളിപ്പിടഞ്ഞു...
ചുണ്ടുകൾ വിറച്ചപ്പോഴേക്കും മുന്നോട്ട് ആഞ്ഞവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചിരുന്നു....

അതവളൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു....!!
ഒരുനിമിഷം പകപ്പോടെ അവനെ നോക്കി.... പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ടവനെ വാരിപ്പുണർന്നു....
അവന്റെ മുഴുവൻ ഭാരവും താങ്ങാൻ കഴിയാതെ പിറകിലേക്ക് വേച്ച് പോയവളെ എല്ലാവരും കൂടി താങ്ങി നിർത്തി.... പരസ്പരം തുളസി മാലയും അണിയിച്ച ശേഷം അവൾ തന്നെ അവനെ വീൽ ചെയറിലേക്ക് പിടിച്ചിരുത്തി....
തന്നെ നോക്കി ബുദ്ധിമുട്ടിയാണെങ്കിലും പുഞ്ചിരിക്കുന്നവനെ അവളും പുഞ്ചിരിയോടെ ഉറ്റു നോക്കി....

"നമ്മൾ ഒന്നായിക്കഴിഞ്ഞിരിക്കുന്നു വിച്ചേട്ടാ....."

അവനോട് ചേർന്ന് നിന്ന് കൊണ്ടവൾ അവനെ മാറിലേക്ക് അടക്കിപ്പിടിച്ചു....

* * *

"വിച്ചേട്ടാ...."

മുകളിലേക്ക് നോക്കി കിടന്നിരുന്നവൻ പതിയെ അവളെ നേരെ നോക്കി...
അവളുടനെ ഒന്നുയർന്ന് അവന്റെ കൈ പൊക്കി നെഞ്ചിലേക്ക് കിടന്ന് ആ കൈ കൊണ്ട് തന്നെ ചുറ്റിപ്പിടിപ്പിച്ചു....
ഓരോന്ന് ചെയ്യുമ്പോഴും അവളെ ചുണ്ടിലുള്ള പുഞ്ചിരി കണ്ട് അവന് വേദനയും വാത്സല്യവും ഒരുപോലെ തോന്നി....

തന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് ഹൃദയതാളത്തെ ശ്രവിക്കുന്നവളുടെ നെറുകിൽ പരന്നു കിടക്കുന്ന സിന്തൂരച്ചുവപ്പിലേക്ക് ചുണ്ടുകൾ ചേർക്കാൻ അവന് വല്ലാതെ കോതി തോന്നി...
അവൾ ആഗ്രഹിക്കുന്നതിനും മുന്നേ ചേർത്ത് പിടിക്കാൻ.... നാണം കൊണ്ട് നോട്ടം മാറ്റുന്നവളെ ചുംബനങ്ങൾ കൊണ്ട് മൂടാൻ....
അവളിലെ ഓരോ അണുവിലേക്കും തന്റെ പ്രണയത്തെ പകർന്നു നൽകാൻ.... അവളെ തന്റെ മാത്രമായി പ്രണയിക്കാൻ.... അത്രമേൽ ഭ്രാന്തമായി പ്രണയിക്കാൻ....!!

ഹൃദയമിടിപ്പ് കൂടി വരുന്നതിനനുസരിച്ച് ശരീരത്തിൽ വലിയ സ്ഫോടനങ്ങൾ നടക്കുന്ന പോലെ തോന്നി അവന്....
അവന്റെ ഹൃദയതാളത്തിലെ വ്യത്യാസം മനസിലാക്കിയെന്ന പോൽ അവൾ മുഖമുയർത്തി നോക്കി....
ആ മിഴികൾ തന്നെ നേത്രായെന്ന് നീട്ടി വിളിക്കുന്നതവൾ അറിഞ്ഞു....
അവളവനെ കൂടുതൽ മുറുകെ പുണർന്നു അവന്റെ നഗ്നമായ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ച് മിഴികളടച്ചു....

"നമുക്കിവിടെന്ന് പോവാം വിച്ചേട്ടാ.... ആരും എന്റെ വിച്ചേട്ടനെ സഹതാപത്തോടെ നോക്കുന്നതെനിക്ക് ഇഷ്ടല്ല... എന്റെ വിച്ചേട്ടൻ നടക്കുമെന്ന് എനിക്കറിയാം... എന്നെ നേത്രാ എന്ന് നീട്ടി വിളിക്കും.... എന്നെ ചേർത്ത് പിടിക്കും... എന്റെ മിഡിക്കുന്ന ഹൃദയം സത്യമാണെങ്കിൽ ഇതെല്ലാം നടക്കും വിച്ചേട്ടാ....
വിച്ചേട്ടന്റെ കൈ പിടിച്ചേ ഞാനിനി ഈ നാട്ടിലേക്ക് കാല് കുത്തൂ...
നാളെത്തന്നെ നമുക്ക് പോവാം വിച്ചേട്ടാ... നമ്മൾ.. നമ്മൾ മാത്രം മതിയിനി...."

വിതുമ്പിക്കരയുന്നവളുടെ പുറത്തവന്റെ വിരലുകൾ വിറയലോടെ അമർന്നു.... അവൾ പതിയെ മിഴികളുയർത്തി അവനെ നോക്കി....

"പോവല്ലേ....??"

അവൻ പതിയെ പുഞ്ചിരിച്ചു... സമ്മതമെന്ന ഭാവത്തിൽ.... പതിയെ ആ പുഞ്ചിരി അവളിലേക്കും പടർന്നു....

* * *

"പോവണമെന്ന് നിർബന്ധമാണോ മോളെ....??"

അച്ഛന്റെ വേദന നിറഞ്ഞ സ്വരം കേട്ട് കയ്യിലുള്ള ഉരുള പതിയെ ചുണ്ടുകൾ പിളർത്തുന്നവന്റെ വായിലേക്ക് വെച്ച് കൊടുത്ത് കൊണ്ടവൾ പുഞ്ചിരിച്ചു...

"നിങ്ങളൊക്കെ എന്തിനാ ഞങ്ങളെ തടയാൻ നോക്കുന്നെ... നല്ലൊരു കാര്യത്തിനല്ലേ പോവുന്നേ... ഞാൻ പറഞ്ഞില്ലേ... ചികിത്സയൊക്കെ കഴിഞ്ഞ് വിച്ചേട്ടൻ പൂർണ ആരോഗ്യവാനാകുമ്പോൾ ഞങ്ങൾ തിരിച്ചു വരും...
അതുവരെ വിച്ചേട്ടൻ ജോലി ചെയ്തിരുന്ന ചെന്നൈയിലേക്ക് ഒന്ന് മാറി താമസിക്കുന്നുവെന്ന് മാത്രം....
അവിടെ വിച്ചേട്ടന്റെ കൂട്ടുകാരനെ വിളിച്ച് കാര്യങ്ങളെല്ലാം ഞാൻ ഇന്നലെത്തന്നെ പറഞ്ഞിട്ടുണ്ട്... ഞങ്ങൾക്ക് സഹായത്തിനായി ആ ഏട്ടനുണ്ടാവും കൂടെ... പിന്നെന്തിനാ പേടി...."

പുഞ്ചിരിയോടെ എല്ലാം വിശദമായി പറയുന്നതിനിടയിൽ അവൾ അപ്പച്ചിയേയും അമ്മയെയും അച്ഛനെയും മാറി മാറി നോക്കി...
അവസാന ഉരുളയും കൊടുത്ത് കൊണ്ടവൾ കൈ നനച്ച് അവന്റെ ചുണ്ടിലും മീശയിലും തടവിക്കൊടുത്ത ശേഷം ഉടുത്തിരുന്ന സാരിയുടെ തലപ്പ് കൊണ്ട് തുടച്ചു കൊടുത്തു.... അവൻ പതിയെ പുഞ്ചിരിച്ചു കൊണ്ട് പാത്രവുമായി എണീക്കുന്നവളെ നോക്കി....

തന്റെ മുന്നിൽ കുറുമ്പ് കാണിച്ച് ഓടിനടന്നിരുന്ന ആ ദാവണിക്കാരി പെട്ടെന്നൊരു സുപ്രഭാതത്തിൽ സാരിയും താലിയും സിന്തൂരവുമെല്ലാം അണിഞ്ഞൊരു പക്വതയെത്തിയ സ്ത്രീയായി മാറിയ പോലെ തോന്നി അവന്....
പുറത്ത് നിന്നുള്ള വണ്ടിയുടെ ഹോൺ കേട്ടതും കഴുകിയ പാത്രം അവിടെ വെച്ചവൾ ധൃതിയിൽ ഹാളിലേക്ക് വന്നു...

"ടാക്സി വന്നു.... ഇറങ്ങാം...."

അവൻ സമ്മതഭാവത്തിൽ കണ്ണുകളടച്ചു കാണിച്ചു...

"സ്റ്റേഷൻ വരെ അച്ഛനും കൂടെ വരാം...."

മറുത്തു പറയാനവൾ നിന്നില്ല.... അപ്പച്ചിയുടെയും അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം പൊട്ടിവരുന്ന കണ്ണുനീരിനെ മറച്ചു വെച്ച് പുഞ്ചിരിച്ചു കൊണ്ടവൾ വേഗത്തിൽ പുറത്തേക്ക് നടന്നു...
അച്ഛൻ അപ്പോഴേക്കും വിച്ചേട്ടനെ ടാക്സിയിലേക്ക് കയറ്റിയിരുന്നു.....
പതിയെയൊന്ന് തിരിഞ്ഞു നോക്കിയ ശേഷം അവളും വേഗത്തിൽ കയറിയിരുന്നു.....
ടാക്സി വീടിന്റെ മുറ്റം കടന്നതും അവന്റെ തോളിലേക്ക് തല ചായ്ച്ചവളുടെ കണ്ണിൽ നിന്നൊരു തുള്ളി ചാടിയിറങ്ങി....

*** *** ***

"എനിക്ക് അകത്തേക്ക് വരാവോ....??"

ഡോറിൽ മുട്ടുന്നതിന്റെ കൂടെ ദച്ചൂന്റെ ശബ്ദം കൂടി കേട്ടതും റംസു പെട്ടെന്ന് ഡയറിയിൽ നിന്ന് മുഖമുയർത്തി....

"ആഹ്...."

അവൻ പറഞ്ഞയുടനെ അവൾ ഡോർ തുറന്ന് മെല്ലെ അകത്തേക്ക് നോക്കി....

"എന്താണ് മാഷേ... കുറേ നേരായല്ലോ ഇതിനകത്ത് കയറിയിരിക്കാൻ തുടങ്ങിയിട്ട്...."

"എന്ത് ചെയ്യാനാ.... *Just addicted to Nethra....!!🔥* "

അവന്റെ വാക്കുകൾ അവളിൽ മനോഹരമായൊരു പുഞ്ചിരി നിറച്ചു...

"ഞാൻ കരുതി അവർ വരുന്നത് ഇങ്ങോട്ടാവുമെന്ന്.... ബട്ട്‌ പോയത് ചെന്നൈയിലേക്ക് ആണല്ലോ...."

ബെഡിൽ നിന്ന് എണീറ്റ് കൊണ്ടവൻ പറഞ്ഞതും അവൾ ചിരിച്ചു...

"അവിടെ എത്തിയല്ലേ ഉള്ളു... ബാക്കി കൂടി വായിക്ക്... എനിക്ക് അറിയുന്ന സ്ഥലത്തെ കുറിച്ച് എഴുതുന്നതാവും നല്ലതെന്ന് തോന്നിയത് കൊണ്ടാ ഞാനവരെ ചെന്നൈയിലേക്ക് വിട്ടേ.... ഇനി ചുരുക്കി എഴുതിയത് കൊണ്ട് കുറച്ചേ കാണൂ ഞാൻ നിർത്തിയിടത്തെത്താൻ...."

അവൻ പതിയെ പുഞ്ചിരിച്ചു....

"മെഹ്‌റു പുറത്ത് പോവാമെന്ന് പറഞ്ഞിരുന്നു...."

"അതിനവൾ വന്നോ....??"

"ഇല്ല... അവൾ വിളിച്ചു... നമ്മളോട് അലിയെ കൂട്ടി സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു... അവിടെന്ന് അവളെയും കൂട്ടി പോവാമെന്ന്...."

"ഹ്മ്മ്... താനൊന്ന് വെയിറ്റ് ചെയ്യ്... ഞാൻ റെഡിയാവട്ടെ...."

അവൾ മൂളിക്കൊണ്ട് റൂമിന് പുറത്തേക്ക് നടന്നു....

* * *

"താൻ ശെരിക്കും ഒരു സംഭവമാണ് ട്ടോ...."

പുറത്തെ കാഴ്ചകൾ നോക്കിയിരുന്നിരുന്ന അവൾ തല ചെരിച്ച് ഡ്രൈവ് ചെയ്യുന്നവനെ നോക്കി നെറ്റി ചുളിച്ചു....

"എങ്ങനെയാടോ ഇങ്ങനൊക്കെ എഴുതാൻ കഴിയുന്നെ...?? സത്യത്തിൽ ഇപ്പൊ ഊണിലും ഉറക്കിലും ഒക്കെ നേത്രയും അവളെ വിച്ചേട്ടനും മാത്രാ...."

"നിന്റെ ഓരോ വാക്കുകളും എന്നെ വല്ലാതെ ഹാപ്പിയാക്കുന്നുണ്ട് റംസൂ... ഒരു എഴുത്തുകാരിയെന്ന നിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം എന്റെ അക്ഷരങ്ങളെ കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളാണ്....
താങ്ക്യൂ സോ മച്ച് റംസൂ...."

സന്തോഷത്തോടെ ചിരിച്ചു കൊണ്ട് സംസാരിക്കുന്നവളെ അവൻ നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് നോക്കി....


"ഇതാണ് അലിയുടെ വീട്...."

റോഡിൽ നിന്ന് കാണുന്ന രീതിയിലുള്ള ഒരു വീടിന്റെ മുന്നിൽ കാർ നിർത്തിക്കൊണ്ട് റംസു പറഞ്ഞതും ദച്ചു പുറത്തേക്കൊന്ന് നോക്കി...

"ഇറങ്...."

അവൾ റംസൂനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഡോർ തുറന്ന് ഇറങ്ങി അവന്റെ കൂടെ മുന്നോട്ട് നടന്നു....

"ടാ..."

കാളിങ് ബെൽ അടിക്കുന്നതിന്റെ കൂടെ റംസു നീട്ടി വിളിച്ചതും കുറച്ച് നിമിഷങ്ങൾക്കകം ഡോർ തുറക്കപ്പെട്ടു....

"ഹ... ആരിത്...."

അലി ഇളിച്ചോണ്ട് മുന്നോട്ട് വന്നതും അവർ രണ്ട് പേരും ഒരുപോലെ ചിരിച്ചു കൊടുത്തു....

"ഒന്ന് പുറത്ത് പോവാം.... നീ റെഡി ആയിട്ട് വായോ...."

"എന്നാ നിങ്ങൾ കയറിയിരിക്ക്.... ദച്ചു ആദ്യമായിട്ട് വരുന്നതല്ലേ... ഒരു ഗ്ലാസ്‌ ചായ എടുത്തേക്കാം...."

"എനിക്കൊന്നും വേണ്ട...."

"അതൊന്നും പറഞ്ഞാൽ പറ്റില്ല...."

ദച്ചു പറഞ്ഞത് കേട്ടില്ലെന്ന മട്ടിൽ അലി അകത്തേക്ക് കയറിപ്പോയതും അവരും അകത്തേക്ക് കയറി....

"ഇവിടെ വേറാരും ഇല്ലേ....??"

ചുറ്റും നോക്കുന്നതിനിടയിൽ നെറ്റി ചുളിച്ചോണ്ട് ദച്ചു ചോദിച്ചതും കിച്ചണിലേക്ക് പോവാൻ തുടങ്ങുകയായിരുന്ന റംസു നിന്ന് അവളെ നോക്കി...

"അലിക്ക് പേരെന്റ്സ് ഒന്നുമില്ല... ഒരു നാലഞ്ച് വർഷം മുന്നെ അവന്റെ നാട്ടിൽ ഉരുൾപൊട്ടി ഒരുപാട് പേര് മരിച്ചു പോയി.... അന്ന് ഒറ്റക്കായ പലരും ഇങ്ങോട്ട് വന്നിരുന്നു... അങ്ങനെ വന്നതാ അലിയും...
ഈ വീടൊക്കെ നാട്ടുകാർ നിർമ്മിച്ചു കൊടുത്തതാ...."

ഒരിളം പുഞ്ചിരിയോടെ റംസു പറയുന്നത് കേട്ട് ദച്ചു ഒരുനിമിഷം മിണ്ടാതെ നിന്നു...
പിന്നെ എന്തോ ഓർത്ത പോലെ അവനെ നോക്കി ചിരിച്ചു....

"അപ്പൊ മുസ്ലിംസ് ഏത് നാട്ടിൽ നിന്ന് വന്നാലും നല്ല സ്വീകരണം ആയിരിക്കുമല്ലേ...."

അത് കേട്ട് റംസുവും അവളെ കൂടെ ചിരിച്ചു...

"എന്ത് ചെയ്യാനാ... ഈ നാട്ടിലെ ചിലരൊക്കെ അങ്ങനായിപ്പോയില്ലേ...."

അവളൊന്ന് മൂളിയപ്പോഴേക്കും അലി ചായയും കൊണ്ട് വന്നിരുന്നു....

"ദേ പിടിച്ചേ...."

അവർ രണ്ട് പേരും അവൻ നീട്ടിയ ഗ്ലാസ്‌ വാങ്ങി...

"റെഡിയായിട്ട് ഇപ്പൊ വരാം...."

എന്ന് പറഞ്ഞവൻ ധൃതിയിൽ ഒരു റൂമിലേക്ക് കയറിപ്പോയതും അവർ രണ്ട് പേരും അവിടെയുള്ള ചെയറുകളിലേക്ക് ഇരുന്നു....

* * *

"ഇവൾ നല്ല അസ്സൽ ടീച്ചറാട്ടോ... മര്യാദക്ക് ആ കുട്ടികളെ ഒന്ന് പഠിപ്പിക്കുക കൂടി ചെയ്യാതെ ഇറങ്ങി വന്നോളും...."

സ്കൂളിന്റെ മുന്നിൽ നിർത്തിയിട്ട കാറിലേക്ക് വേഗത്തിൽ വന്ന് കയറിയ മെഹ്‌റൂനെ നോക്കി അലി പറഞ്ഞത് കേട്ട് അവൾ ഡോർ ശക്തിയിൽ അടച്ച് അവനെ നോക്കി കണ്ണുരുട്ടി....

"എന്നാ നീ പോയി പഠിപ്പിക്കടാ.... നിനക്ക് മര്യാദക്ക് നിന്റെ പേര് എഴുതാൻ അറിയാവോ....."

റംസു പെട്ടെന്ന് പൊട്ടിച്ചിരിച്ചതും അലി അവനെ നോക്കി കണ്ണുരുട്ടി ചിരി കടിച്ച് പിടിക്കുന്ന ദച്ചൂനെ നോക്കി...

"അവൾ വെറുതെ പറയുന്നതാ... ഞാൻ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്...."

ദച്ചു ഉടനെ തല കുലുക്കിക്കൊടുത്തതും അവൻ ഇളിച്ചോണ്ട് മുന്നിലേക്ക് തന്നെ തിരിഞ്ഞിരുന്നു.... റംസു വയർ നിറഞ്ഞോ എന്ന മട്ടിൽ അവനെയൊന്ന് നോക്കിയിട്ട് കാർ മുന്നോട്ടെടുത്തു.....

"അല്ല ദച്ചൂ... നീയെങ്ങനെയാ ആ വീട്ടിൽ ഒറ്റക്ക് നിക്കുന്നെ....??"

വിഷയം മാറ്റുന്നതിന്റെ കൂടെ അതറിയാനുള്ള ആകാംഷയും കൂടി ഉള്ളത് കൊണ്ട് അലി പിറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചതും ദച്ചു പുഞ്ചിരിച്ചു....

"അതിനിപ്പോ ആ വീട്ടിലെന്തെ....??"

"കുട്ടിക്ക് പ്രേതഭൂത പിശാശുക്കളിലൊന്നും വിശ്വാസമില്ല ല്ല്യോ...."

ഒരു പ്രത്യേക ശൈലിയിൽ കളിയോടെ അവനത് ചോദിച്ചതും ദച്ചു ചിരിച്ചു....

"അലിക്ക് വിശ്വാസമുണ്ടോ....??"

"ഇല്ലായ്ക ഒന്നുല്ല.... ബട്ട്‌ ആ മുറിയിൽ പോയി നോക്കിയെന്ന് വെച്ച് ജിന്നിനെ കാണാനൊന്നും പറ്റില്ല...."

"അതെന്താ....??"

ചോദിച്ചത് മെഹ്റുവായിരുന്നു....

"നീ വരുന്നതും നോക്കി ഇരിക്കലല്ല ജിന്നിന്റെ പണി... ഒന്ന് പോടീ അവിടെന്ന്...."

"നീ അവിടെന്നും പോടാ...."

"നീയെന്നോ... കണ്ടോ റംസൂ... ഇവളെന്നെ നീയെന്നെ വിളിക്കുന്നു...."

"അയ്‌ന്.....??"

സീരിയസ് ആയി റംസൂന്റെ നേരെ തിരിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞ അലി റംസൂന്റെ ചോദ്യം കേട്ട് അവനെ നോക്കി കണ്ണുരുട്ടി.... അപ്പോഴേക്കും ദച്ചുവും മെഹ്റുവും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു....

* * *

മാളിൽ നിന്ന് ദച്ചുവും മെഹ്റുവും കുറച്ച് സാധനങ്ങൾ വാങ്ങിയപ്പോഴേക്കും റംസു ധൃതി കാണിക്കാൻ തുടങ്ങിയിരുന്നു...
മെഹ്‌റു ദേഷ്യപ്പെടുന്നതും ചിണുങ്ങുന്നതും ഒന്നും കാര്യമാക്കാതെ അവൻ പെട്ടെന്ന് തിരിച്ചു പോവാമെന്ന് പറയുമ്പോ ദച്ചു ചിരി അടക്കി പിടിക്കുന്നുണ്ടായിരുന്നു.....

കാറിൽ ഇരിക്കുമ്പോഴും മെഹ്‌റു നിർത്താതെ റംസൂനെ കുറ്റം പറയുന്നുണ്ടായിരുന്നെങ്കിലും അവന്റെ മനസ്സിൽ നിറയെ നേത്രയും അവളെ വിച്ചേട്ടനും ആയിരുന്നു....
മെഹ്‌റു പറയുന്നത് കേട്ടിട്ടും റംസൂന്റെ കൂസലില്ലാത്ത ഇരുത്തം കണ്ടിട്ടും ദച്ചുവും അലിയും ചിരിച്ചു മരിക്കാറായെന്ന് മാത്രം...

വീട്ടിൽ എത്തിയ ഉടനെ ആരെയും നോക്കാതെ എന്തോ അസ്വസ്ഥതയുള്ള പോലെ അകത്തേക്ക് ഓടിക്കയറുന്ന റംസൂനെ ദച്ചു ഒരുനിമിഷം നോക്കി നിന്നു.... പതിയെ അവളെ മുഖത്തെ ചിരി മാഞ്ഞു നെറ്റി ചുളിഞ്ഞു....

റംസു അപ്പോഴേക്കും റൂമിലെത്തി ഡോർ അടച്ച് എന്തോ ഭ്രാന്ത്‌ പിടിച്ച പോലെ ഡയറി കയ്യിലെടുത്ത് ബെഡിലേക്ക് ഇരുന്നു....

*** *** ***

ചെന്നൈ നഗരമധ്യത്തിൽ നിന്ന് അകലം പാലിച്ചിട്ടുള്ള ഫ്ലാറ്റ് ആണെങ്കിലും ആവശ്യത്തിന് ഒച്ചയും ബഹളവുമുള്ളൊരു സ്ഥലമായിരുന്നു അത്....
ഫ്ലാറ്റിൽ എത്തിയ ഉടനെ വിച്ചൂന്റെ ഫ്രണ്ട് അവർക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്തു.... കൂട്ടത്തിൽ ഒരു ഇംഗ്ലീഷ് മാഗസിനിന്റെ എഡിറ്റോറിയൽ ബോർഡിലേക്ക് നേത്രക്കൊരു പോസ്റ്റ്‌ കൂടി ശെരിയാക്കിക്കൊടുത്തു....

അവളെ സംബന്ധിച്ചിടത്തോളം വീണ് കിടക്കുന്ന ആഴമേറിയ ഗർത്തത്തിലേക്ക് നീണ്ട് വന്നൊരു കയ്യായിരുന്നു അത്.... പറയാൻ നന്ദി വാക്കുകൾക്ക് വേണ്ടി തിരയുമ്പോഴേക്കും നിറഞ്ഞ കണ്ണുകൾ കൊണ്ട് വിച്ചു അവന്റെ നന്ദി അറിയിച്ചിരുന്നു....

"നോക്ക് വിച്ചൂ... നമുക്കിടയിൽ നോ ഫോർമാലിറ്റീസ്.... നിനക്ക് വേണ്ടിയുള്ള ചികിത്സക്ക് ഞാനുമുണ്ടാവും നേത്രയുടെ കൂടെ....
എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാൻ മറക്കണ്ട...."

അവസാനത്തേത് അവളെ നോക്കി പറയുമ്പോൾ അവൾ നിറഞ്ഞ പുഞ്ചിരിയോടെ തല കുലുക്കിയിരുന്നു...
അവൻ പോയ ഉടനെ അവൾ മെല്ലെ വീൽ ചെയറിൽ ഇരിക്കുന്ന വിച്ചൂന്റെ മടിയിലേക്കിരുന്ന് അവന്റെ തോളിലേക്ക് തല ചായ്ച്ചു....

"വിച്ചേട്ടാ...."

അവൻ വിളി കേൾക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു... അവൾക്ക് മാത്രം....!!

"ഇതൊരു പരീക്ഷയാണ്... ജീവിതമാണ് വിഷയം... മുഴുവൻ മാർക്കൊന്നും വാങ്ങിയില്ലെങ്കിലും തോറ്റു പോയാൽ പിന്നെ ഒരുവട്ടം കൂടി എഴുതാൻ കഴിയുകയില്ല....
എന്നെ തോൽപ്പിക്കാതെ കൂടെ നിന്നേക്കണേ വിച്ചേട്ടാ.... എന്റെ വിശ്വാസം പോലെത്തന്നെ അധികം സമയമെടുക്കാതെ വിച്ചേട്ടനെന്നെ താങ്ങി നിർത്തിയേക്കണേ...."

അവളുടെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു....
അവന്റെ ഹൃദയമിടിപ്പിന്റെ താളത്തിൽ വന്ന വിത്യാസം മനസിലാക്കി അവൾ മുഖമുയർത്തി നോക്കി.... അവൻ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു.... ആ പുഞ്ചിരിയിലുണ്ടായിരുന്നു എല്ലാം...
അവളവന്റെ മുഖം കയ്യിലെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവന്റെ ഹൃദയം അതിയായി എന്തിനോ കൊതിക്കും പോൽ ശക്തിയിൽ മിടിക്കുന്നുണ്ടായിരുന്നു....
ശരീരത്തിലെ ഓരോ അവയവവും അവളെ വാരിപ്പുണരാൻ കൊതിക്കും പോൽ ഉള്ളിൽ വലിയ സ്ഫോടനങ്ങൾ തന്നെ നടക്കുന്നുണ്ടായിരുന്നു....
തൽഫലമായി അവന്റെ വിരലുകൾ പതിയെ അനങ്ങുന്നുണ്ടായിരുന്നു....

* * *

"വിച്ചേട്ടാ.... എല്ലാം ഓക്കേ ആണല്ലോ ല്ലേ...."

റെഡി ആയിക്കഴിഞ്ഞ ശേഷം അവൾ വീണ്ടും അവന്റെ മുന്നിലേക്ക് മുട്ട് കുത്തിയിരുന്നു കൊണ്ട് ചോദിച്ചതും അവൻ കളിയോടെ കണ്ണുരുട്ടി കാണിച്ചു.... അവളുടനെ ചുണ്ട് ചുളുക്കി....

"ഞാൻ വരുന്നത് വരെ വിച്ചേട്ടൻ ഒറ്റക്കിരിക്കണ്ടേ എന്ന് ഓർത്തിട്ടാ.... ഞാൻ ഉച്ചക്ക് ഓടി വാരാം ട്ടോ... അപ്പോഴേക്കും വിശക്കുമോ എന്തോ...."

ആ പെണ്ണിന്റെ ആധി നിറഞ്ഞ കണ്ണുകളിലേക്ക് അവൻ പുഞ്ചിരിയോടെ നോക്കിയിരുന്നു.... അവന്റെയാ നോട്ടം അവളിലും പുഞ്ചിരി നിറച്ചു.... അവളുടനെ മുന്നോട്ടാഞ്ഞ് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.... ശേഷം തന്റെ നെറ്റി അവന്റെ ചുണ്ടുകൾക്കടുത്തേക്കായി കുനിച്ചതും അവനവിടെ ചുണ്ടുകളമർത്തി....

അവളുടനെ നിറഞ്ഞ പുഞ്ചിരിയോടെ എണീറ്റ് അവനെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് കൊണ്ട് പോയി....

"ഇവിടെ ഇരുന്നാൽ മതിയോ....??"

അവൻ മതിയെന്നർത്ഥത്തിൽ കണ്ണുകളടച്ചു കാണിച്ചതും അവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ തന്റെ മാറിലേക്ക് അടക്കിപ്പിടിച്ചു....
അവളിലെ വിയർപ്പിന്റെ ഗന്ധം പോലും അവന്റെ ശ്വാസഗതികളെ മാറ്റാൻ കഴിവുള്ളവയായിരുന്നു....

"ഞാൻ വന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോവാം ട്ടോ... ലേറ്റ് ആയി... പോട്ടെ... ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയാ ശെരിയാവില്ല...."

അവൻ നിറഞ്ഞ പുഞ്ചിരിയോടെ അവളെത്തന്നെ നോക്കിയതും മനസ്സില്ലാഞ്ഞിട്ട് കൂടി അവൾ പതിയെ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു....

* * *

കൂടെ വർക്ക്‌ ചെയ്യുന്നവരെയും ജോലിയുമെല്ലാം പരിചയപ്പെടുമ്പോഴും ആ പെണ്ണിൽ വേവലാതിയായിരുന്നു.... മനസ്സ് മുഴുവനും ആ ഫ്ലാറ്റിലെ ബാൽക്കണിയിലായിരുന്നു....
ഉച്ചക്ക് വേഗം ഫ്ലാറ്റിലെത്താൻ വേണ്ടി ചെന്നൈലെ തിരക്കിനെ അവൾ ശപിക്കുന്നുണ്ടായിരുന്നു....

ഡോർ തുറന്ന് അകത്തേക്ക് ഓടിക്കയറി ബാൽക്കണിയിലേക്ക് പാഞ്ഞു ചെന്ന് കണ്ണുകളടച്ച് ഇരിക്കുന്നവനെ വാരിപ്പുണരുമ്പോൾ കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയ കൊച്ചു കുട്ടിയുടെ ആനന്തമായിരുന്നു അവളിൽ.....
അവനിൽ ചിരിയായിരുന്നു.... ആ പെണ്ണ് പൊട്ടിക്കരയുന്നത് കണ്ട് ആദ്യമായവന് ചിരി വന്നു....
എങ്കിലും ഒന്ന് ആശ്വസിപ്പിക്കാൻ പോലും തനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്തപ്പോൾ അവന് ഒരേസമയം വേദനയും തോന്നി....

* * *

ഹോസ്പിറ്റലിലെ തിരക്കുള്ള വരാന്തയിൽ തന്റെ പേര് കേൾക്കാനായി അക്ഷമയോടെ കാത്തിരിക്കുമ്പോഴും ആ പെണ്ണിന്റെ മനസ്സിൽ കുറച്ചധികം നിമിഷങ്ങൾക്ക് മുന്നേ അകത്തേക്ക് കൊണ്ട് പോയ അവളുടെ വിച്ചേട്ടനായിരുന്നു....
നഴ്സ് വന്ന് വിളിച്ചയുടനെ ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ സ്വയം പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അവൾ... ഒന്നുമില്ലെന്ന്... വിച്ചേട്ടൻ പഴയ പോലെ ആവുമെന്ന്....

ഡോക്ടറുടെ മുന്നിലേക്ക് ഇരിക്കുമ്പോഴും അത് തന്നെയായിരുന്നു മനസ്സിൽ.... റിപ്പോർട്ട്‌ ചെക്ക് ചെയ്ത ശേഷം അവളെ നോക്കി പുഞ്ചിരിച്ച ഡോക്ടറോട് തിരിച്ചു പുഞ്ചിരിക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു....

"ഡോണ്ട് വറി... വിശ്വാസ് ഈസ് ഓക്കേ...."

ശ്വാസമൊന്ന് നേരെ വീണ പോലെ...

"മിസ്സിസ് വിശ്വാസിന് ഉള്ള പോലെ വിശ്വാസ് പഴയ പോലെ ആവുമെന്ന പ്രതീക്ഷ ഇപ്പൊ എന്നിലുമുണ്ട്...."

തമിഴിൽ ഡോക്ടർ പറയുന്ന ഓരോ വാക്കുകളും അവളിൽ പുതു ജീവനേകുന്നവയായിരുന്നു....

"നല്ല ട്രീറ്റ്മെന്റും പരിചരണവും സ്നേഹവുമെല്ലാം ലഭിച്ചാൽ വിശ്വാസ് എണീറ്റ് നിൽക്കാനും നടക്കാനുമൊക്കെ തുടങ്ങും.... അയാൾക്ക് തന്നെ ഉള്ളിൽ അതിയായ ആഗ്രഹമുണ്ട് എല്ലാം പഴയ പോലെ ആവണമെന്ന്... അതാണ് വേണ്ടതും.... അയാൾക്ക് സെൽഫ് കോൺഫിഡൻസ് ഉള്ള കാരണം സ്വയം ശ്രമിക്കും.... അതിന്റെ ഇമ്പ്രൂവ്മെന്റ്സ് ഇപ്പൊത്തന്നെ ചെറുതായി കാണുന്നുണ്ടല്ലോ... വിരലുകളൊക്കെ ശെരിക്ക് അനങ്ങുന്നുണ്ട്...."

അവളുടെ വിരലുകൾ താലിയിൽ പിടി മുറുകിയിരുന്നു....

"പക്ഷെ... ശബ്ദത്തിന്റെ കാര്യം...."

അവളൊന്ന് നിന്നു....
ഡോക്ടർ ഒന്ന് ശ്വാസം നീട്ടി വലിച്ച് മുന്നോട്ട് ആഞ്ഞിരുന്നു....

"മാസങ്ങൾ എടുത്ത് വിശ്വാസ് നടക്കാൻ തുടങ്ങിയാലും അയാളുടെ ശബ്ദം തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ സംശയമാണ്...."

കണ്ണിൽ ഇരുട്ട് കയറുന്ന പോലെ....
നേത്രാ എന്നുള്ളയാ വിളി ചെവിയിൽ മുഴങ്ങിക്കേട്ടു.... ഹൃദയം വേദനയാൽ തേങ്ങി....
ഇനി വിച്ചേട്ടൻ തന്നെ വിളിക്കില്ലേ....?? നേത്രാ എന്ന് നീട്ടി വിളിക്കില്ലേ....?? അത്രമേൽ പ്രണയത്തോടെ മറ്റാർക്കാണ് തന്റെ പേര് മൊഴിയാൻ കഴിയുന്നത്...??

"സീറ്റ് ബെൽറ്റ്‌ അത്രത്തോളം ശക്തിയിൽ അയാളുടെ കഴുത്തിൽ കുരുങ്ങിയിരുന്നു... ഒരുപക്ഷെ മരണം വരെ സംഭവിക്കാമായിരുന്നു....."

ചങ്കിലാരോ കുത്തിപ്പിടിച്ച പോലെ....
കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണുനീർ തുള്ളികൾ മത്സരിച്ച് കവിളിലേക്ക് ചാടിയിറങ്ങി....
അവളുടനെ കണ്ണുകൾ മൂടി....

"ഏയ്.. മിസിസ് വിശ്വാസ് സങ്കടപ്പെടണ്ട... എന്തെങ്കിലുമൊക്കെ മിറാക്കിൾ സംഭവിക്കാതിരിക്കില്ല.... ഇഞ്ചുറി സംഭവിച്ച ഞരമ്പുളൊക്കെ പഴയ പടിയായി വിശ്വാസ് നടക്കുമെന്ന് നമ്മൾ വിശ്വസിക്കുന്ന പോലെ അയാൾ സംസാരിക്കുമെന്നും വിശ്വസിക്കാം...
സ്നേഹത്തേക്കാൾ വലുതായി വേറെന്ത് മരുന്നാണുള്ളത്.... എല്ലാം സാധ്യമാവും...."

ആശ്വാസവാക്കുകളാണോ....??
അറിയില്ല... ആ പെണ്ണിനൊന്നും അറിയില്ല... ഇനിയെന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ ഒന്നും അറിയില്ല....
ആ പെണ്ണിനൊന്നും അറിയില്ല...!!

ജീവനില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച് എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നവളെ ഡോക്ടർ ദയനീയമായൊന്ന് നോക്കി.....

* * *

"ദേ ഇത് ലാസ്റ്റ് സ്പൂൺ ആണേ വിച്ചേട്ടാ... ഇതൂടെ കഴിക്ക്...."

അവൻ വേണ്ടെന്ന മട്ടിൽ കണ്ണ് ചുരുക്കിയതും അവൾ ചുണ്ട് ചുളുക്കി...

"നല്ല വിച്ചേട്ടനല്ലേ.... ഇതൂടെ...."

അവളെ മുഖത്തേക്ക് നോക്കി ഇനിയും വേണ്ടെന്ന് പറയാൻ കഴിയാത്ത പോലെ അവൻ പതിയെ ചുണ്ടുകൾ പിളർത്തി....

"വിച്ചേട്ടനറിയോ ഇന്ന് ഡോക്ടർ എന്താ പറഞ്ഞെ എന്ന്... എന്റെ വിച്ചേട്ടൻ പെട്ടെന്ന് തന്നെ പഴയ പോലെ ആവുമെന്ന്....."

ചിരിച്ച് കൊണ്ട് അത് പറഞ്ഞ് വേഗത്തിൽ നിലത്ത് നിന്നെണീറ്റ് തിരിഞ്ഞു നിന്നവളുടെ കവിളിലേക്കൊരു കണ്ണുനീർ തുള്ളി ചാടിയിറങ്ങി....

"എല്ലാം ശെരിയാവും വിച്ചേട്ടാ....
എനിക്ക് കൊതിയാവാ...."

കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ടവൾ പതിയെ അവന്റെ നേരെ തിരിഞ്ഞു....
പിന്നെ മുന്നോട്ട് ചെന്ന് അവന്റെ മടിയിലേക്കിരുന്ന് അവന്റെ രണ്ട് കൈകളുമെടുത്ത് സാരിക്കിടയിലൂടെ അർഥനഗ്നമായ അരയിലൂടെ ചുറ്റിപ്പിടിപ്പിച്ചു.... ഉള്ളിലെന്തോ തിളച്ചു മറിയുന്ന പോലെ തോന്നി അവന്.... ശ്വാസഗതി ഒറ്റനിമിഷം കൊണ്ട് മാറി മറിഞ്ഞു....

"വിച്ചേട്ടൻ എന്നെ ഇങ്ങനെയൊന്ന് ചുറ്റിപ്പിടിക്കാൻ... നേത്രാ എന്നൊന്ന് വിളിച്ചു കേൾക്കാൻ... കൊതിയാവാ....."

ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ.... അവൾ പതിയെ അവന്റെ തോളിലേക്ക് ചാഞ്ഞു...
അവൻ വിരലുകൾ പതിയെ ചലിപ്പിച്ചു.... അവളവനെ മുറുകെ പുണർന്നു.... അവൻ കൈപ്പത്തി ചലിപ്പിക്കാൻ ശ്രമിച്ചു...

അവളെ ചേർത്ത് പിടിക്കണം...
കരയേണ്ടെന്ന് പറഞ്ഞ് കണ്ണുനീർ തുടച്ച് കൊടുക്കണം... ഞാനുണ്ടെന്ന് പറഞ്ഞ് നെഞ്ചിലേക്ക് ചേർക്കണം....
അവനുള്ളം കൊതിച്ചു... അത്രമേൽ ആഴത്തിൽ.... ഭ്രാന്തമായി....

പക്ഷെ കഴിയുന്നില്ല... കൈകൾ മുറിഞ്ഞു പോകുന്ന പോലെ വേദനിക്കുന്നു... സഹിക്കാൻ കഴിയുന്നില്ല....
ഇല്ല,, സഹിക്കണം... സഹിച്ചേ പറ്റൂ.... അവളെ ചേർത്ത് പിടിക്കാനായില്ലെങ്കിൽ പിന്നെ താൻ ജീവിക്കുന്നതെന്തിന്....??
ഇന്നല്ലെങ്കിൽ നാളെ... തനിക്കത് കഴിയും....

അവൻ പതിയെ മിഴികളടച്ചു....
ആ വേദനക്കിടയിലും അവളുറപ്പിച്ച സ്ഥാനത്ത് നിന്ന് അവന്റെ കൈപ്പത്തി തെന്നി മാറിയത് അവനോ അവളോ അറിഞ്ഞിരുന്നില്ല....!!

* * *

"നോക്ക് വിച്ചേട്ടാ.... വാശി പിടിക്കാതെ ഇത് കഴിക്കാൻ നോക്ക്... ഞാനിന്ന് വരാൻ ലേറ്റ് ആവുമെന്ന് പറഞ്ഞില്ലേ.... അതുവരെ വിശന്നിരിക്കണ്ടേ... മര്യാദക്ക് ഇത് കഴിക്ക്...."

അവൻ വീണ്ടും വേണ്ട എന്ന മട്ടിൽ കണ്ണുകളടച്ചു കാണിച്ചു....
ഒരാഴ്ച കഴിഞ്ഞിരിക്കുന്നു....
കഴുത്തിലെ ബെൽറ്റ്‌ മാറ്റിയിട്ടുണ്ട്... കൈപ്പത്തി വല്ലപ്പോഴുമൊക്കെ സ്വയമേ അനങ്ങുന്നുണ്ടെന്നല്ലാതെ അവനെക്കൊണ്ട് ആഗ്രഹിക്കുന്ന സമയത്ത് അനക്കാൻ കഴിയുന്നില്ലായിരുന്നു....

"ദേ വിച്ചേട്ടാ... ലാസ്റ്റ് ടൈം പറയാ.... വിച്ചേട്ടൻ ഇത് കഴിച്ചില്ലെങ്കിൽ ഞാനും ഇന്നൊന്നും കഴിക്കാതെ പോകും...."

അവൾ പലതും പറഞ്ഞ് പേടിപ്പിക്കാറുള്ള കൂട്ടത്തിലായത് കൊണ്ട് അവൻ അവൾ നീട്ടിയ കയ്യിൽ നിന്ന് മുഖം വെട്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...

നിലത്ത് നിന്ന് ദേഷ്യത്തിൽ എണീറ്റ് കൊണ്ടവൾ പ്ലേറ്റ് റാക്കിലേക്ക് ശക്തിയിൽ വെച്ച് കൈ പോലും കഴുകാതെ കിച്ചണിൽ നിന്ന് ഇറങ്ങിപ്പോയതും അവന്റെ കണ്ണുകൾ റാക്കിൽ അവൾക്കായി വിളമ്പി വെച്ച ഫുഡിലേക്കെത്തി...
അവനിൽ ഒരേസമയം ദേഷ്യവും സങ്കടവും നിറഞ്ഞു....

ഇട്ടിരുന്ന ചുരിദാർ മാറ്റി ദേഷ്യത്തോടെ സാരി ഉടുക്കുകയായിരുന്നു അവൾ...
അവനോടുള്ള ദേഷ്യം മുഴുവൻ സാരിയിൽ തീർക്കുന്നത് കൊണ്ട് തന്നെ ഷോൾഡറിലേക്ക് കുത്തിയ പിൻ കയ്യിലേക്ക് തുളഞ്ഞു കയറിയതും അവൾ എരിവ് വലിച്ച് കൊണ്ട് വിരൽ വായിലേക്കിട്ടു....
പതിയെ ബ്ലഡ്‌ വല്ലതും വരുന്നുണ്ടോ എന്ന് നോക്കുന്നതിനിടയിൽ കിച്ചണിൽ നിന്ന് പ്ലേറ്റ് വീണ് പൊട്ടുന്ന ശബ്ദം കേട്ട് അവൾക്കുള്ളിലൂടെ ഒരാളൽ കടന്ന് പോയി...

"വിച്ചേട്ടൻ...."

ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞതിന്റെ കൂടെ സാരി ഷോൾഡറിലേക്ക് വലിച്ചിട്ട് അവൾ കിച്ചണിലേക്ക് ഓടി....
നിലത്ത് ചിന്നിച്ചിതറി കിടക്കുന്ന ഫുഡിന്റെയും പ്ളേറ്റിന്റെയും ഇടയിലൂടെ വേദന കടിച്ചു പിടിച്ചു കൊണ്ട് കൈകൾ ചലിപ്പിച്ചു വീൽചെയർ തള്ളാൻ നോക്കുന്നവനെ കാണെ അവളുടെ ഉള്ളമൊന്ന് വിറച്ചു....

"വിച്ചേട്ടാ...."

പതിയെ ആണെങ്കിലും അവൻ കഴുത്ത് തിരിച്ചു നോക്കുന്നത് കൂടി കണ്ടതും പാഞ്ഞു വന്നവൾ നിലത്തേക്കിരുന്ന് അവനെ വാരിപ്പുണർന്ന് തോളിലേക്ക് അടക്കിപ്പിടിച്ചു....
അവന്റെ കൈകളവളുടെ മുതുകിലേക്ക് അരിച്ചെത്തിയതും അവളിൽ നിന്നൊരു തേങ്ങൽ പുറത്തേക്ക് വന്നു.... അവളവന്റെ മുഖം നിറയെ ചുംബനങ്ങളാൽ മൂടി... പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവന്റെ നെറ്റിയിലേക്ക് നെറ്റി ചേർത്ത് വെച്ചതും അവൻ നിറഞ്ഞു പുഞ്ചിരിച്ചു...
അവൾ വീണ്ടുമവനെ പുണർന്നു... ആ പെണ്ണിലെ പ്രതീക്ഷയുടെ നാളത്തിന് തിളക്കം കൂടിയിരിക്കുന്നു... തന്റെ മേലിലൂടെ പതിയെയാണെങ്കിലും അവൻ ചലിപ്പിക്കുന്ന കൈകളുടെ ചലനം തിരിച്ചറിഞ്ഞവൾ വീണ്ടും വീണ്ടും അവനെ ചുംബനങ്ങൾ കൊണ്ട് മൂടി....

*** *** ***

റംസു പതിയെ കവിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി.... അവന്റെ ചുണ്ടുകളിൽ അതിമനോഹരമായി വിടർന്നിരുന്നു...
അവനെല്ലാം കണ്മുന്നിൽ കാണുന്നുണ്ടായിരുന്നു,, അറിയുന്നുണ്ടായിരുന്നു,, അനുഭവിക്കുന്നുണ്ടായിരുന്നു....!!

ഫോൺ എടുത്തവൻ ദച്ചൂന്റെ ചാറ്റ് തുറന്ന് വേഗത്തിൽ ടൈപ് ചെയ്തു...

°എന്തിനാടോ ഇങ്ങനെ ചുരുക്കി എഴുതിയേക്കുന്നെ... അവരെ വായിച്ചോണ്ടിരിക്കാൻ എന്ത് രസമാണെന്നറിയോ....!!°

രണ്ട് സെക്കന്റ്‌ കഴിഞ്ഞപ്പോഴേക്കും അവൾ മെസ്സേജ് റീഡ് ചെയ്തതും അവൻ അവൾ ടൈപ് ചെയ്യുന്നതും നോക്കി ഇരുന്നു....

°ആഹഹാ... ഞാൻ പറഞ്ഞില്ലേ വിശദീകരിച്ച് എഴുതിയത് ചെന്നൈലാണ്... ഇത് ജസ്റ്റ്‌ ഒരു തീം ആണെന്നെ ഉള്ളു....°

അവളെ റിപ്ലൈ കണ്ടതും അവൻ വേഗത്തിൽ മെസ്സേജ് ടൈപ് ചെയ്തു....

°എനിക്കതും വായിക്കണം....°

°അതിനി പബ്ലിഷ് ചെയ്ത ശേഷം വായിക്കാം... അല്ലെങ്കിൽ ബുക്ക്‌ വാങ്ങി വായിക്കാൻ തോന്നില്ലല്ലോ....°

°ആര് പറഞ്ഞു... ഞാനിനിയും ഒരു നൂറ് വട്ടം വേണമെങ്കിലും വായിക്കും....°

ആ മെസ്സേജ് കണ്ടതും ദച്ചൂന്റെ പുഞ്ചിരിയുടെ തിളക്കം കൂടി... ഒന്ന് രണ്ട് സെക്കൻഡ് അതിലേക്ക് തന്നെ നോക്കിയിരുന്ന ശേഷം അവളൊരു പൊട്ടിച്ചിരിക്കുന്ന ഇമോജി മറുപടിയായി അയച്ചു....
അത് കണ്ട് ചിരിയോടെ ഫോൺ മാറ്റി വെച്ച ശേഷം അവൻ ഡയറി തുറന്നു....
ഇനിയങ്ങോട്ട് വെറും വിരലിൽ എണ്ണാവുന്ന പേജുകളിൽ അവളെല്ലാം ചുരുക്കിയിട്ടുണ്ടെന്ന് കണ്ടതും അവന് വല്ലാത്ത നിരാശ തോന്നി.... ഇപ്പൊത്തന്നെ മുഴുവൻ വായിച്ച് തീർക്കണമെന്ന ഉദ്ദേശത്തോടെ അവൻ നിർത്തിയിടത്ത് നിന്ന് ബാക്കി വായിച്ചു....

*** *** ***

വിധി തോറ്റു പോവുകയാണ്....
ആ പെണ്ണിന്റെയും അവളുടെ വിച്ചേട്ടന്റെയും ഭ്രാന്തമായ പ്രണയത്തിന് മുന്നിൽ....
അവരിപ്പോൾ ചെന്നൈയിലെത്തിയിട്ട് ഒരുമാസം കഴിയുന്നു....

കൈകൾ അനായാസം അനക്കാൻ ശ്രമിക്കുന്നവനെ നോക്കി ആ പെണ്ണ് എന്നും പൊട്ടിച്ചിരിക്കും....
അവളുടെ ചിരി കണ്ട് അവനും കുറുമ്പോടെ ചിരിക്കും.... അവൻ കഴുത്ത് വെട്ടിക്കാൻ ശ്രമിക്കുമ്പോ അവന്റെ കവിളുകളിൽ കടിച്ചവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടും....
തന്നെക്കൊണ്ട് കഴിയും വിധം വീൽ ചെയർ ഉരുട്ടി പിറകെ വരുന്നവനെ നോക്കിയവൾ കണ്ണുനീരിനെ പുച്ഛിക്കും വിധത്തിൽ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കും....

അവനറിയുന്നുണ്ടായിരുന്നു...
അവളുടെ ചിരിയിൽ ഒളിപ്പിച്ചു വെച്ച വേദനയെ... എങ്കിലുമൊന്നും അറിയാത്ത പോലവൻ കുസൃതിയോടെ അവളെ നോക്കി പുഞ്ചിരിക്കും... ശെരിക്കുമൊരു കൊച്ചു കുട്ടിയെ പോലെ....
രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്നവളെ ചുറ്റിപ്പിടിക്കാൻ ഇപ്പോഴവന് കഴിയാറുണ്ട്.....
അവളുടെ തോളിലൂടെ കയ്യിട്ട് വേദനകൾ കടിച്ചമർത്തി അവനാ ഫ്ലാറ്റിൽ നടക്കാൻ ശ്രമിക്കാറുണ്ട്....
ഇറുക്കിയടച്ച കണ്ണുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ കണ്ടവൾ വേദനയോടെ അവനെ തിരിച്ചു വീൽ ചെയറിലേക്ക് തന്നെ ഇരുത്താറുമുണ്ട്....

ഓരോ പുലരിയും ആ പെണ്ണിന് പ്രതീക്ഷകളാണ്.... ഇന്നല്ലെങ്കിൽ നാളെ ഒട്ടും പ്രതീക്ഷിക്കാത്തയൊരു സമയത്ത് അവൻ തന്നെ നേത്രാ എന്ന് നീട്ടി വിളിക്കുമെന്നുള്ള വിശ്വാസത്തിലാണ് അവളുടെ ശ്വാസം പോലും.....!!

അന്നൊരു മഴയുള്ള ദിവസമായിരുന്നു....
രാവിലെ വരവറിയിച്ചു കൊണ്ടുള്ള സൂചനകളൊന്നും നൽകാതെ അപ്രതീക്ഷിതമായി ഭൂമിയിലേക്ക് ചാടിയിറങ്ങിയ മഴത്തുള്ളികൾ ആയത് കൊണ്ട് തന്നെ അവളുടെ കയ്യിൽ കുടയൊന്നും ഇല്ലായിരുന്നു....
ബസ് ഇറങ്ങിയിടത്ത് നിന്ന് കുറച്ചധികം നടക്കാനുണ്ട്... നനയുമെന്ന് തീർച്ചയാണ്... പ്രിയപ്പെട്ട ആരോ അത്രമേൽ കുത്തിനോവിച്ച പോലെ ആർത്തു കരയുകയാണ് മാനം....

സമയം വൈകുന്തോറും വിച്ചേട്ടന് വിശക്കുമോ എന്നുള്ള ആധി മാത്രമായിരുന്നു ആ പെണ്ണിൽ....
വൈകുന്നേരമായാലും മടങ്ങാൻ താല്പര്യമില്ലാത്ത പോലെ മഴത്തുള്ളികൾ ഭൂമിയെ ഗാഢമായി പുണരുകയായിരുന്നു....
കാത്ത് നിന്നിട്ടും കാര്യമില്ലെന്ന് മനസിലായതും അവൾ മഴയിലേക്കിറങ്ങി കഴിയുന്നതും വേഗത്തിൽ മുന്നോട്ടോടി.....

ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴേക്കും മഴത്തുള്ളികളുടെ ഭീമമായ വലുപ്പം കാരണം മുഴുവനായും നനഞ്ഞിരുന്നു.... സാരിയുടെ തല കൊണ്ട് മേലിലൂടെ പുതച്ചവൾ വിറച്ചു കൊണ്ട് വേഗത്തിൽ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു....

"വിച്ചേട്ടാ...."

മറുപടി ഉണ്ടാവില്ലെന്നറിയാമെങ്കിലും ഈ വിളി പതിവാണ്...
ശൂന്യമായി കിടക്കുന്ന ബാൽക്കണിയിൽ നിന്ന് നെറ്റി ചുളിച്ചു കൊണ്ടവൾ കിച്ചണിലേക്ക് ചെന്ന് നോക്കി....

"എവിടെയാ വിച്ചേട്ടാ....??"

ശബ്ദമൊന്നും തന്നെ കേൾക്കാത്തത് കൊണ്ട് തന്നെ ആ പെണ്ണിൽ വെറുതെ ഓരോ ഭയങ്ങൾ മുള പൊട്ടുന്നുണ്ടായിരുന്നു....
വെള്ളം ഉറ്റി വീഴുന്ന ദേഹത്തോടെ അവളാ ഫ്ലാറ്റിലെ രണ്ട് മുറികളിലും കൂടി കയറി നോക്കി....

"വിച്ചേട്ടാ...."

വെപ്രാളത്തോടെ വീണ്ടും വിളിച്ചതും ഡോറിൽ എന്തോ തട്ടുന്ന പോലൊരു ശബ്ദം കേട്ടു....
ഇന്ന് വരെ പൂട്ടിക്കിടന്നിരുന്ന ഒരു മുറിയുടെ തുറന്ന് കിടക്കുന്ന വാതിലിൽ നിന്നാണ് അതെന്ന് മനസിലായതും ആകാംഷയോടവൾ വേഗത്തിൽ അങ്ങോട്ട്‌ നടന്നു.....

അകത്ത് പുറം തിരിഞ്ഞിരിക്കുന്ന വിച്ചേട്ടനെ കണ്ട് ശ്വാസം വീണവൾ മുന്നോട്ട് നടക്കുന്നതിനിടയിലാണ് ആ കാഴ്ച്ച കണ്ടത്....
ഒരുനിമിഷം അവളൊന്ന് നിശ്ചലമായി.... മുന്നിലെ ചുമരിൽ മുഴുവനായെന്ന പോലെ നിറഞ്ഞു നിൽക്കുന്ന ചിരിയോടെയുള്ള മുഖം തന്റേതാണെന്ന് മനസിലായതും അവളുടെ മിഴികൾ വല്ലാതെ വിടർന്നു....

കണ്ണുകൾ അടുത്തുള്ള ടേബിളിൽ ഇരിക്കുന്ന പെയിന്റുകളിലേക്കും ബ്രഷുകളിലേക്കും എത്തി നിന്നു....
അതിനടുത്തായി ഇട്ടിട്ടുള്ള കട്ടിലിൽ എപ്പോഴോ താൻ സമ്മാനിച്ചൊരു മയിൽ പീലിയും കൂടെ കാണെ അവളുടെ കാലുകൾ മെല്ലെ മുന്നോട്ട് ചലിച്ചു....

"ഇതായിരുന്നോ വിച്ചേട്ടന്റെ മുറി....??"

അത്രമേൽ ഭംഗിയായി തന്റെ ഓർമ്മകളെ തൊട്ടുണർത്തുന്ന ഓരോ വസ്തുക്കളും സൂക്ഷിച്ചു വെച്ചിരിക്കുന്ന ഷെൽഫിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടായിരുന്നു അവളത് ചോദിച്ചത്....

അവളുടെ ചോദ്യം കേട്ടവൻ മുന്നിലേക്കുള്ള നോട്ടം തെറ്റിച്ച് അവളെ നോക്കി.... അവന്റെ മിഴികളൊന്ന് വിടർന്നു....
അവളപ്പോഴും വല്ലാത്തൊരനുഭൂതിയോടെ ഓരോന്നും നോക്കിക്കാണുന്ന തിരക്കിലായിരുന്നു....

കൈ നീട്ടിയവൻ കയ്യിൽ പിടിച്ചതവളറിഞ്ഞു....
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി....
ഇന്നുവരെ അവനിൽ കാണാത്തൊരു ഭാവം ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് കാണെ ശരീരം മുഴുവനുമൊരു വിറയൽ പടർന്നു.... പുറത്ത് ഇടിയോട് കൂടി മഴ കനത്തു....
അവൾ മെല്ലെ മുന്നോട്ട് അവനടുത്തേക്ക് നിന്നു....
അവളെ രണ്ട് കൈകളിലും മുറുകെ പിടിച്ചു കൊണ്ടവൻ വേദനയൊന്നും കാര്യമാക്കാതെ ഞരമ്പുകൾ വലിഞ്ഞു മുറുകി പൊട്ടിപ്പോകും വിധത്തിൽ ബുദ്ധിമുട്ടി കാലുകൾ നിലത്തേക്ക് കുത്തി....

അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കി നിന്നിരുന്നവളുടെ നേത്രങ്ങളിൽ കണ്ണുനീർ പൊടിഞ്ഞു.... അവൻ പതിയെ ഉയർന്നു.... അവളെ വയറിലൂടെ മാറിലേക്കവന്റെ മുഖമുരസി കഴുത്തിലേക്കായി വന്ന് നിന്നു... ശ്വാസമൊന്ന് നീട്ടി വലിച്ചവൾ അവനെ മുറുകെ പിടിച്ചപ്പോഴേക്കും കാലുകൾ തളർന്നു പോയവൻ മുന്നിലേക്ക് ആഞ്ഞിരുന്നു....
പെട്ടെന്നായതിനാൽ പിടി കിട്ടാതെ അവളും അവന്റെ കൂടെ പിറകിലെ ബെഡിലേക്കായി മലർന്നടിച്ചു വീണതും അവളെ കൈ തട്ടി ടേബിളിൽ ഇരുന്നിരുന്ന പെയിന്റ് ബോട്ടിൽസ് നിലത്ത് വീണ് പൊട്ടിച്ചിതറി.....

*** *** ***

റംസു പെട്ടെന്ന് ഡയറി അടച്ച് വെച്ച് ശ്വാസമൊന്ന് നീട്ടി വലിച്ചു...
വരണ്ട തൊണ്ടയിലേക്ക് ഉമിനീർ ഇറക്കിയ ശേഷം ശ്വാസം പുറത്തേക്ക് ഊതി വിട്ട് കൊണ്ടവൻ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ തുടച്ചു മാറ്റി...

അപ്പോഴും കണ്മുന്നിൽ നനഞ്ഞു കുതിർന്ന് നിൽക്കുന്ന ദച്ചൂന്റെ മുഖമുള്ളൊരു പെണ്ണും അവളെ ചുറ്റിപ്പിടിച്ച് നിൽക്കുന്ന തന്റെ മുഖമുള്ളൊരു പയ്യനും മിഴിവോടെ തെളിഞ്ഞു വന്നതും അവൻ കണ്ണുകൾ ഇറുകെ മൂടി....

ബാക്കി വായിക്കണോ വേണ്ടേ എന്നവൻ ഒരുനിമിഷം ചിന്തിച്ചു....
പിന്നെ പതിയെ ഡയറി തുറന്ന് നോക്കി.... അവളെല്ലാം ചുരുക്കിയാണ് എഴുതിയതെന്ന് പറഞ്ഞ ധൈര്യമായിരുന്നു അവനിൽ...
പിടിച്ചു വെച്ച ശ്വാസത്തെ നേരെ വീഴ്ത്തിക്കൊണ്ട് പിന്നീടങ്ങോട്ട് ഒഴിഞ്ഞു കിടക്കുന്ന മൂന്ന് നാല് വരികൾ കണ്ടു.... അവൻ പതിയെ അതിന്റെ താഴേക്ക് മിഴികൾ പായിച്ചു....

*** *** ***

"വിച്ചേട്ടാ....."

നിശ്വാസങ്ങൾ കൂടിക്കലർന്ന നേർത്തയാ സ്വരം അവന്റെ നഗ്നമായ നെഞ്ചിൽ ചെന്ന് മുത്തമിട്ടു....
പുറത്തിപ്പോഴും തോരാത്ത മഴയുടെ താളം ആസ്വദിച്ചു കിടക്കുന്ന അവൻ കാൽവിരലുകൾ നിഷ്പ്രയാസം ഇളക്കിക്കൊണ്ട് അവളെ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു....

ഇന്നുവരെ ശൂന്യമായി തോന്നിയിരുന്ന എന്തോയൊന്ന് പൂർണമായി തോന്നിയ പോലവൾ അതിയായ സംതൃപ്തിയോടെ അവനിലേക്ക് കൂടുതൽ കൂടുതൽ ചേർന്ന് കിടന്നു...
അവൻ പതിയെ തല ചെരിച്ചു പരന്നു കിടക്കുന്ന അവളുടെ സിന്തൂരചുവപ്പിലേക്ക് ചുണ്ടുകൾ അമർത്തി വെച്ചു....
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... നിറഞ്ഞ പുഞ്ചിരിയോടവൾ കണ്ണുകൾ ഇറുകെ മൂടി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു....

* * *

രാവിലെയും വൈകീട്ടും ഡോക്ടർ പറഞ്ഞതനുസരിച്ച് അവനെ നടത്തിക്കുന്നതാണ് ഇപ്പൊ അവളെ സംബന്ധിച്ച് ഏറ്റവും വലിയ പണി....
മടി പിടിച്ച് കൊച്ചു കുട്ടികളെ പോലെ വീൽ ചെയറിൽ നിന്ന് എണീക്കാൻ മടിച്ചവൻ ഇരിക്കും.... അതവളുടെ കണ്ണുരുട്ടിയുള്ള നോട്ടത്തിനും ശാസനക്കും വേണ്ടി മാത്രമാണെന്ന് അവൾക്കറിയാം....

കാൽവിരലുകളെല്ലാം അവൻ നിഷ്പ്രയാസം അനക്കുന്നുണ്ടിപ്പോൾ.... അരയുടെ ബാലൻസ് ശെരിയാവാത്ത കാരണം ഒരാളുടെ സഹായം കൂടാതെ നടക്കാൻ കഴിയില്ലെന്ന് മാത്രം....
വെറും രണ്ട് മൂന്ന് മാസങ്ങൾ കൊണ്ട് അവനിൽ വന്നയാ മാറ്റങ്ങൾ അവളെ സംബന്ധിച്ച് ലോകം വെട്ടിപ്പിടിച്ച കണക്കെയുള്ളതായിരുന്നു....

നാട്ടിൽ നിന്ന് അച്ഛനും അമ്മയും അപ്പച്ചിയുമെല്ലാം വിളിക്കുമ്പോൾ വിച്ചേട്ടൻ അത് ചെയ്തു ഇത് ചെയ്തു എന്നെല്ലാം ആഹ്ലാദത്തോടെ പറയുന്നവളെ നോക്കിയവൻ നിറഞ്ഞ പുഞ്ചിരിയോടെയിരിക്കും.....
തന്നെ നോക്കി പുഞ്ചിരിക്കുന്നവനെ നോക്കി കണ്ണ് ചിമ്മിക്കാണിച്ചു കൊണ്ടവൾ സംസാരം അവസാനിപ്പിച്ചു മുന്നോട്ട് വന്ന് അവനെ മാറിലേക്ക് അടക്കിപ്പിടിക്കും.....
ഒരു കൊച്ചു കുഞ്ഞിനെ അമ്മ അടക്കിപ്പിടിക്കും പോൽ... വാത്സല്യത്തോടെ....!!

* * *

അന്ന് സാധാരണ അവൾ വരാറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് തന്നെ അവനിലെന്തോ വെപ്രാളം നിറയുന്നുണ്ടായിരുന്നു....
കണ്ണുകൾ ഇടയ്ക്കിടെ ക്ലോക്കിലേക്കും ഡോറിലേക്കും നീണ്ട് പൊയ്ക്കൊണ്ടേയിരുന്നു....

ഒന്ന് രണ്ട് മണിക്കൂർ കൂടി കഴിഞ്ഞാണവൾ ഡോർ തുറന്ന് അകത്തേക്ക് കയറിയത്....
തനിക്ക് മുഖം തരാതെ കിച്ചണിലേക്ക് കയറി പോയവളെ നോക്കി അവൻ നെറ്റി ചുളിച്ചു....
പ്ലേറ്റിൽ ഭക്ഷണമെടുത്ത ശേഷം തന്റെ മുന്നിലായി വന്നിരിക്കുന്നവളുടെ മുഖം കരഞ്ഞു വീർത്തിരിക്കുന്നതായി അവനൊരു നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു....
അവനിൽ ആധിയേറി....
അവൾ നീട്ടിയ ഉരുളക്കായവൻ വാ തുറന്നില്ല.....

"കഴിക്ക് വിച്ചേട്ടാ...."

അവളുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു....
അവനപ്പോഴും അവളെത്തന്നെ ഉറ്റു നോക്കി.... പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... നീട്ടിപ്പിടിച്ച ഉരുളയവൾ പ്ലേറ്റിലേക്ക് തന്നെ വെച്ചു....

"ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോ ഒരു തല ചുറ്റൽ പോലെ... ഒന്ന് ഹോസ്പിറ്റലിൽ പോയി...."

അവനിൽ ഭീതി നിറഞ്ഞു... വെപ്രാളത്തോടെ കൈകളുയർത്തി അവളെ കവിളിലേക്ക് ചേർത്ത് വെച്ചു.... കണ്ണുകൾ കൊണ്ട് പലതും ചോദിക്കുന്നവനെ നോക്കി പതിയെ പുഞ്ചിരിച്ചു കൊണ്ടവൻ കവിളിലുള്ള അവന്റെ കൈക്ക് മുകളിൽ കൈ ചേർത്ത് വെച്ചു...

"നമ്മടെ പ്രണയം... സത്യവാ വിച്ചേട്ടാ... നമ്മൾ...."

പറയുന്നത് പൂർത്തിയാക്കാൻ കഴിയാതെ കണ്ണുനീർ കവിളിലേക്ക് ഒഴുകിയറങ്ങി.... അത് കണ്ട് അവന്റെ കണ്ണുകളിലും നനവ് പടർന്നു...

*"ന്റെ വിച്ചേട്ടൻ അച്ഛനാവാൻ പോവാ....!!"*

ഒരുനിമിഷം ഭൂമി പോലും നിശ്ചലമായ പോലെ തോന്നി അവന്....
അവളുടെ സ്വരം മാത്രം ചെവിയിൽ മുഴങ്ങിക്കേട്ടു....

"ന്റെ വിച്ചേട്ടനെക്കൊണ്ട് ഇനിയൊന്നിനും കഴിയില്ലെന്ന് പറഞ്ഞവർക്ക് ദൈവം മറുപടി തന്നതാ വിച്ചേട്ടാ... ദേ ഇവിടെ... ഇവിടെ നമ്മടെ വാവ വരാൻ പോവാ....."

കവിളിലുള്ള അവന്റെ കയ്യെടുത്ത് സാരി വകഞ്ഞു മാറ്റിയവൾ നഗ്നമായ വയറിലേക്ക് അവന്റെ കൈ ചേർത്ത് വെച്ചു....
അവന്റെ കണ്ണിൽ നിന്നൊരു തുള്ളി നിലത്തേക്ക് വീണ് ചിന്നിച്ചിതറി....
അവളും തേങ്ങുകയായിരുന്നു....

"വരാൻ പോവാ... നമ്മടെ വാവ.. വരാൻ പോവാ...."

വിതുമ്പലോടെ പറയുന്നവളെ നോക്കി പിടിച്ചു നിർത്താൻ കഴിയാതവൻ പൊട്ടിക്കരഞ്ഞു....
അവൾ മുന്നോട്ടാഞ്ഞവനെ വാരിപ്പുണർന്നു.... അവരൊരു പോലെ കരഞ്ഞു....
എന്തിനാണ്....??
തങ്ങളെ തോൽപ്പിക്കാൻ വന്ന വിധിയോട് പോരാടി വിജയം കാണാൻ തുടങ്ങിയതിനോ....??
അറിയില്ല....!!
പക്ഷെ അവർ കരയുകയാണ്...
പരസ്പരം പുണർന്ന് പൊട്ടിക്കരയുകയാണ്....!!

*** *** ***

റംസുവിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു.... നിറഞ്ഞ പുഞ്ചിരി....
അതിന് തിളക്കം കൂട്ടാനെന്നോണം ഒരു നീർത്തുള്ളി ചുണ്ടിലേക്ക് ചാടിയിറങ്ങിയതും അവൻ അടുത്ത പേജ് മറിച്ചു....

*** *** ***

"വിച്ചേട്ടാ...."

അവന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ വിളിച്ചതും അവനവളെ ഒന്നൂടെ ചേർത്ത് പിടിച്ചു....

"വിച്ചേട്ടനെ പോലൊരു മോൻ മതിയെനിക്ക്...."

അവൻ നിഷേധാർത്ഥത്തിൽ തല ചലിപ്പിക്കുന്നത് മനസിലാക്കിയവൾ മുഖമുയർത്തി നോക്കി....
അവനവളെ മുഖത്തേക്കുറ്റു നോക്കി പുഞ്ചിരിച്ചു....

"എന്നെപ്പോലൊരു മോള് മതിയെന്നാണോ....??"

അവൻ അതേയെന്നർത്ഥത്തിൽ കണ്ണ് ചിമ്മി കാണിച്ചു...

"വിച്ചേട്ടൻ ന്റെ പ്രണാനല്ലേ.... വിച്ചേട്ടൻ ആഗ്രഹിച്ച പോലെത്തന്നെ ആവട്ടെ...."

അവൾ പുഞ്ചിരിച്ചതും അവൻ പതിയെ അവളെ വയറ്റിലേക്ക് കൈ ചേർത്ത് വെച്ച് അവളെ നോക്കി രണ്ട് വട്ടം കണ്ണ് ചിമ്മിക്കാണിച്ച് കുസൃതിയോടെ ചിരിച്ചു....
അവളുടെ മുഖം വിടർന്നു... ചിരിയോടവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....

* * *

ദിവസം കഴിയും തോറും അവൾ വല്ലാതെ ക്ഷീണിച്ച് വരുന്നുണ്ടായിരുന്നു.... ഒന്ന് രണ്ട് വട്ടം ജോലിക്കിടയിൽ തല കറങ്ങി വീണതിൽ പിന്നെ വിച്ചൂന്റെ വാശിക്ക് വഴങ്ങിയവൾ ഒരു മാസത്തോളം ലീവ് എടുത്തു....

ദിനംപ്രതി വാടി വരുന്നവളെ അവൻ വേദനയോടെ നോക്കും...

"നമ്മടെ വാവക്ക് വേണ്ടിയല്ലേ വിച്ചേട്ടാ...."

കണ്ണ് ചിമ്മിക്കാണിച്ച് പുഞ്ചിരിയോടവൾ അവന്റെ കയ്യെടുത്ത് വയറ്റിലേക്ക് ചേർത്ത് വെക്കും.... അവന്റെ ചുണ്ടുകളും വിടരും....

ഹോസ്പിറ്റലിൽ പോവാനും മറ്റും ഇപ്പൊ വിച്ചൂന്റെ ഫ്രണ്ട് കൂടി സഹായിക്കാറുണ്ട്... അത്രമേൽ തളർന്നിട്ടുണ്ട് അവൾ....
നാലാം മാസത്തിലേക്ക് കടന്നപ്പോഴേ സ്കാനിങ് റിപ്പോർട്ടിൽ അവരെ കാത്ത് മറ്റൊരു മധുരം കൂടിയുണ്ടായിരുന്നു....
ഹോസ്പിറ്റലിൽ നിന്ന് വന്നവൾ പാഞ്ഞു ചെന്ന് നിലത്തേക്കിരുന്ന് അവനെ വാരിപ്പുണരുമ്പോൾ ഒരുപോലെ ചിരിക്കുന്നും കരയുന്നുമുണ്ടായിരുന്നു....

"ന്റെ വിച്ചേട്ടൻ ആഗ്രഹിച്ച പോലാ... വാവയല്ല വിച്ചേട്ടാ... വാവകളാ.... രണ്ട് പേരാ.....!!"

കൊച്ചു കുഞ്ഞിനെ പോലെ ഉത്സാഹത്തോടെ പറയുന്നവളെ ചേർത്ത് പിടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

"വിച്ചേട്ടനെപ്പോലൊരു മോനും എന്നെപ്പോലൊരു മോളും ആവും...."

അവന്റെ മുഖം കയ്യിലെടുത്ത് പറഞ്ഞ് കൊണ്ട് സന്തോഷത്തോടെ പൊട്ടിച്ചിരിക്കുന്നവളെ അവൻ വാത്സല്യത്തോടെ,, പ്രണയത്തോടെ നോക്കി.....

ഇരട്ടകൾ ആയത് കൊണ്ട് തന്നെ സാധാരണയിൽ അധികമായി വളരുന്ന വയറും ശാരീരിക ബുദ്ധിമുട്ടുകളും അവളെ നന്നേ തളർത്തുന്നുണ്ടായിരുന്നു....
തളർന്നു കിടക്കുന്നവളെ വേദനയോടെ നോക്കി എപ്പോഴോ സ്വയം എണീറ്റ് നടക്കാൻ ശ്രമിച്ചവൻ വീണ് പോയിരുന്നു....

"ഇങ്ങനെ ധൃതി കാണിക്കല്ലേ വിശ്വാസ്.... തന്റെ ബോഡിയെക്കാളും ഫാസ്റ്റ് ആയിട്ടാണ് മനസ്സ് സഞ്ചരിക്കുന്നത്... അത് ബോഡിയെ സാരമായി ബാധിക്കും... ബോഡിക്കൊപ്പം സഞ്ചരിക്കൂ... ബോഡി റെഡി ആയി വരുന്നേ ഉള്ളു...."

എന്നുള്ള ഡോക്ടറുടെ വാക്കുകൾ അവളിൽ ആധി കൂട്ടുന്നുണ്ടായിരുന്നു....
കണ്ണുനീരോടെ അവനെ ശകാരിക്കുമ്പോഴും അവന്റെ നോട്ടമത്രയും അവളുടെ വീർത്തു നിൽക്കുന്ന വയറിലേക്കായിരുന്നു....

എല്ലാം അറിഞ്ഞപ്പോൾ അച്ഛൻ കൂട്ടിക്കൊണ്ട് വരാൻ വരുമെന്ന് വാശി പിടിച്ചപ്പോഴായിരുന്നു ആ പെണ്ണ് ശെരിക്കും ഭയന്ന് പോയത്...
വേണ്ടായെന്ന് എത്ര പറഞ്ഞിട്ടും ചെന്നൈയിൽ വരുമെന്ന് തന്നെ അച്ഛൻ തീർപ്പ് പറഞ്ഞിരുന്നു....

"അച്ഛൻ വന്നാ നമ്മളെ കൊണ്ട് പോവും വിച്ചേട്ടാ.... എല്ലാരോടും പറഞ്ഞതാ ഞാൻ... എന്റെ വിച്ചേട്ടന്റെ കൈ പിടിച്ചേ ഇനിയങ്ങോട്ട് വരൂ എന്ന്... എന്റെ വിച്ചേട്ടൻ അവരോടൊക്കെ സംസാരിക്കുമെന്ന്.... ഇപ്പൊ നമ്മൾ തിരിച്ചു ചെന്നാൽ... വിച്ചേട്ടന്റെ നേത്ര തോറ്റു പോവും വിച്ചേട്ടാ.... എല്ലാരും നമ്മളെ സഹതാപത്തോടെ നോക്കും.... അത് പാടില്ല....
എനിക്ക് തോൽക്കണ്ട... എന്റെ പ്രണയം തോൽക്കാൻ ഞാൻ സമ്മതിക്കില്ല വിച്ചേട്ടാ... അച്ഛൻ വരുന്നതിന് മുന്നേ നമുക്ക് പോവാം... എങ്ങോട്ടെങ്കിലും... ദൂരെ ദൂരെ... ആരും ഒരിക്കലും അന്വേഷിച്ചു വരാത്തൊരിടത്തേക്ക്....
എന്നിട്ടെന്റെ വിച്ചേട്ടന്റെ കൈ പിടിച്ച് നമ്മടെ മക്കളെ കൈകളിലെടുത്ത് തലയുയർത്തി പിടിച്ച് വേണം എനിക്ക് നാട്ടിലേക്ക് പോകാൻ...
എന്നെ തോൽക്കാൻ വിട്ട് കൊടുക്കല്ലേ വിച്ചേട്ടാ.... എനിക്ക് തോൽക്കണ്ടാ...."

തന്റെ നെഞ്ചിലേക്ക് ചേർന്ന് ഏങ്ങിക്കരയുന്നവളെ അവൻ കഴിയുന്ന പോലെ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു....

"നമുക്ക് ഇവിടുന്ന് പോവാം വിച്ചേട്ടാ...."

മുഖമുയർത്തി കലങ്ങിയ കണ്ണുകളോടെ പറഞ്ഞവളെ നോക്കി സമ്മതമായി അവൻ പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കി....
അവളുടനെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്ന് കണ്ണുകളടച്ചു....

"നമ്മൾ മാത്രം മതി നമുക്ക്... ആർക്കും നമ്മളൊരു ബാധ്യതയാവരുത് വിച്ചേട്ടാ.... നമുക്ക് പോവാം... ദൂരേക്ക്... ദൂരേക്ക്...."

മയക്കത്തിലേക്കവൾ വഴുതി വീണതും അവൻ പതിയെ കയ്യവളുടെ വയറ്റിലേക്ക് ചേർത്ത് വെച്ചു.... അച്ഛന്റെ സാമീപ്യമറിഞ്ഞ പോലെ ആ കുരുന്നുകൾ ഒന്നനങ്ങി... മയക്കത്തിനിടയിലും അവളുടെ ചുണ്ടുകൾ വിടർന്നത് കണ്ട് അവനുമൊരു പുഞ്ചിരിയോടെ അവളുടെ സിന്തൂരചുവപ്പിലേക്ക് ചുണ്ടുകൾ ചേർത്ത് വെച്ചു....

*** *** ***

അടുത്ത പേജ് മറിച്ചതും ശൂന്യമായി കിടക്കുന്നത് കണ്ട് റംസൂന്റെ കണ്ണൊന്ന് മിഴിഞ്ഞു.... അവനുടനെ ബാക്കിയുള്ള പേജുകളും നോക്കിയെങ്കിലും അവയെല്ലാം ശൂന്യമായിരുന്നു....

ഒരുതരം ശൂന്യത മനസിനെയും ബാധിച്ച പോലവന് തോന്നി....
പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളൊരു ചോദ്യം മനസ്സിൽ തെളിഞ്ഞു വന്നു...
ഒരുപക്ഷേ അവർ വന്നത് ഇങ്ങോട്ടായിരിക്കാം എന്ന് സ്വയം ഊഹിച്ചു കൊണ്ടവൻ ഫോൺ എടുത്ത് സമയം നോക്കി....

11:14 pm എന്ന് കാണിക്കുന്ന സ്ക്രീനിലേക്ക് ഒന്ന് നോക്കി എന്തോ ഓർത്ത് കൊണ്ടവൻ വേഗത്തിൽ എണീറ്റ് ഡയറിയും എടുത്ത് പുറത്തേക്ക് നടന്നു....

* * *

പുറത്ത് നിന്ന് ആരോ വിളിക്കുന്ന പോലെ തോന്നിയതും ബെഡിലേക്ക് കിടക്കാൻ തുടങ്ങുകയായിരുന്ന ദച്ചു ഒന്ന് നെറ്റി ചുളിച്ചു....
പിന്നെ പതിയെ പുറത്തേക്കിറങ്ങി സ്റ്റെപ്സ് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും വാതിലിൽ മുട്ടും കേൾക്കുന്നുണ്ടായിരുന്നു....
അവൾ വേഗത്തിൽ ചെന്ന് ഡോർ തുറന്നു....

"മോള് ഉറങ്ങിയിരുന്നോ....??"

ഡോർ തുറന്ന് കൊടുത്തയുടനെ മുറ്റത്ത് നിന്നിരുന്ന മൂസാക്ക ചോദിക്കുന്നത് കേട്ട് ദച്ചു പുഞ്ചിരിച്ചു....

"ഇല്ല ഇക്കാ... ഇക്ക എന്തെ ഈ നേരത്ത്....?? അകത്തേക്ക് കയറുന്നില്ലേ...."

"വേണ്ട മോളെ... ഞാൻ മോളെയൊന്ന് കാണാൻ വന്നതാ... ഇപ്പൊ ഒന്ന് രണ്ടൂസം ആയിട്ട് മോളോട് ഒന്ന് ശെരിക്ക് മിണ്ടാനൊന്നും പറ്റുന്നില്ലല്ലോ... മോൾക്ക് ഇവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ...."

"ഇല്ല ഇക്കാ... ഞാനെന്നും അവിടെ വന്ന് ഉമ്മാനോട് സംസാരിക്കുന്നതാണല്ലോ... പിന്നെന്താ...."

പുഞ്ചിരിയോടെ സംസാരിക്കുന്നവളെ നോക്കി അദ്ദേഹവുമൊന്ന് പുഞ്ചിരിച്ചു....

"ഹാ.... അത് അവളും പറയാറുണ്ട്.... ഞാൻ കുറച്ച് തിരക്കിൽ പെട്ട് പോയി... ഉസ്താദ് ഇടക്ക് ചോദിക്കും.. മോളെ കാര്യം.... നാളെ ഇവിടെ നേർച്ചയാണ്... അതാ ഇത്ര തിരക്ക് ആയത്...
മോളോട് മെഹ്‌റു പറഞ്ഞിരുന്നോ ഈ പള്ളി ഉണ്ടാക്കിയ ഒരു പണ്ഡിതനെ പറ്റി....??"

ഉണ്ടെന്ന് അവൾ മൂളി....

"ഹ.... അദ്ദേഹത്തിന്റെ പേരിൽ എല്ലാ വർഷവും നേർച്ച ഉണ്ടാവാറുണ്ട്... നാളെയാണ് ദിവസം... അപ്പൊ അതിന്റെതായ തിരക്കുകൾ...."

"കുഴപ്പല്ല ഇക്കാ.... എനിക്കിവിടെ ഒരു ബുദ്ധിമുട്ടും ഇല്ല.... മെഹ്റുവും റംസുവും അലിയും ഒക്കെ ഉണ്ടല്ലോ...."

അദ്ദേഹമൊന്ന് ചിരിച്ചു....

"എന്നാ മോള് കിടന്നോ... നേരം ഒരുപാടായി...."

അവൾ പുഞ്ചിരിയോടെ മൂളിയതും അദ്ദേഹം തിരിഞ്ഞു നടന്നു.... ഡോർ അടക്കാൻ തുടങ്ങിയ അവൾ പെട്ടെന്ന് മൂസാക്ക ആരോടോ സംസാരിക്കുന്ന പോലെ തോന്നി ഒന്ന് നിന്നു... ഈ വഴിയിലൂടെ ആര് വരാനാ എന്ന മട്ടിൽ അവൾ പുറത്തേക്ക് നോക്കിയതും മൂസാക്കയോട് എന്തോ പറഞ്ഞ് മുണ്ട് മടക്കിക്കുത്തിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങുന്ന റംസൂനെ കണ്ട് അവളെ കണ്ണ് മിഴിഞ്ഞു....
അവളുടനെ സ്റ്റെപ്പിലേക്ക് ഇറങ്ങി നിന്നു....

"എന്തെ റംസൂ... ഈ നേരത്ത്....??"

അവൾക്ക് തൊട്ട് മുന്നിലായി വന്ന് നിന്ന് കൊണ്ടവൻ അവളെ നേരെയാ ഡയറി നീട്ടി.... അവൾക്ക് കാര്യം മനസിലായിരുന്നു.... അവൾ കൈ നീട്ടി ഡയറി വാങ്ങി....

"ബാക്കി....??"

അവൻ പുരികം പൊക്കി ചോദിക്കുന്നത് കേട്ട് അവൾ പൊട്ടി വരുന്ന ചിരി അടക്കിപ്പിടിച്ചു....

"എന്താ ഇത്ര ചിരിക്കാൻ മാത്രം....??"

"ഇതിന്റെ ബാക്കി ഞാൻ ഇതുവരെ എഴുതിയില്ല...."

ചിരിച്ചു കൊണ്ട് പറയുന്നവളെ അവൻ ദയനീയമായൊന്ന് നോക്കി....

"അതെന്താ എഴുതാത്തെ....??"

"ആവോ എനിക്കറിയില്ല...."

അവളിൽ വീണ്ടും ചിരിയാണെന്ന് കണ്ടതും അവൻ കണ്ണുരുട്ടി....

"കാര്യം പറഞ്ഞതാ റംസു.... ഈ സ്റ്റോറിയുടെ സ്പെഷ്യാലിറ്റി എന്തെന്നാൽ ഞാനിത് എഴുതാൻ ഇരിക്കുമ്പോൾ മാത്രമാണ് ഇനിയെന്താണ് എഴുതേണ്ടതെന്ന് മനസിലേക്ക് വരികയുള്ളു.... അല്ലാതെ എനിക്കിതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്യാനോ ഒന്നിനും കഴിയാറില്ല.... എനിക്ക് പോലും പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.... "

"എന്നിട്ടിത് വരെ ബാക്കി എഴുതാൻ ശ്രമിച്ചില്ലേ....??"

"ശ്രമിച്ചു... ഒന്നല്ല... ഒരുപാട് വട്ടം... പക്ഷെ എനിക്കൊരു സ്ഥലം ആവശ്യമായിരുന്നു.... എന്റെ നേത്രക്കും അവളെ വിച്ചേട്ടനും മാറിത്താമസിക്കാൻ ദൂരെ ദൂരെയൊരു നാട്.... ആ നാടിനെയും നാട്ടുകാരെയും ഒക്കെ നന്നായി മനസിലാക്കിയാൽ മാത്രമേ മുന്നോട്ട് എഴുതാൻ കഴിയുകയുള്ളു എന്ന് മനസിലായപ്പോഴാണ് എഴുതാൻ ശ്രമിക്കുന്നത് നിർത്തി ഞാൻ അങ്ങനൊരു നാട് അന്വേഷിച്ച് നടക്കാൻ തുടങ്ങിയത്....
ഓരോരോ തിരക്കുകളിൽ പെട്ട് പോയിട്ടും മറ്റുമൊക്കെയായി രണ്ട് വർഷത്തോളം വേണ്ടി വന്നു ഈയൊരു നാട് കണ്ട് പിടിക്കാൻ...."

അവൾ പറയുന്ന ഓരോന്നും ശ്രദ്ധിച്ചു കേൾക്കുകയായിരുന്ന അവൻ പതിയെ മൂളി....

"എനിക്ക് മനസിലായി... നേത്രയും അവള്ടെ വിച്ചേട്ടനും വരാൻ പോകുന്നത് ഇങ്ങോട്ടായിരിക്കുമെന്ന്... പക്ഷെ നീയിവിടെ വന്നിട്ട് ദിവസങ്ങൾ ആയല്ലോ ദച്ചൂ.... ഇതുവരെ ഒന്നും എഴുതിയില്ലെന്ന് വെച്ചാൽ...."

അവനിൽ വീണ്ടും നിരാശ പടരുന്നത് കണ്ടതും അവൾ ചിരിച്ചു....

"എഴുതിയില്ലെന്നേ ഉള്ളു... ഏറെക്കുറെ എങ്ങനെ തുടങ്ങുമെന്നൊക്കെ പ്ലാൻ ചെയ്യുകയായിരുന്നു ഞാൻ... ഇങ്ങനൊരു നാട്ടിലേക്ക് നേത്ര വിച്ചേട്ടനെയും കൊണ്ട് വന്നാൽ ഈ നാട്ടിലുള്ളവരുടെ സമീപനമൊക്കെ എങ്ങനെയായിരിക്കുമെന്ന് ഇപ്പോഴെനിക്ക് വ്യക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട്...."

"ഇതാ പോക്കരെ ഉദ്ദേശിച്ചല്ലേ....??"

അവൻ പുരികം പൊക്കിക്കളിച്ചോണ്ട് ചോദിച്ചതും അവൾ ചിരിച്ചു....

"അങ്ങനെയുള്ളവരും വേണമല്ലോ... കഥയായാലും ജീവിതമായാലും...!!
പിന്നെ നിങ്ങളെപ്പോലെയുള്ളവരും ഉണ്ടല്ലോ... എന്ത് സഹായത്തിനും ഓടി വരുന്നവർ... പള്ളിയിലെ ഉസ്താദ് അടക്കം ഈ നാട്ടിലെ കൂടുതൽ പേരും എന്നോട് നല്ല രീതിയിലല്ലേ പെരുമാറുന്നെ.... പിന്നെ ഞാനൊരു പെൺകുട്ടി ഒറ്റക്ക് ഈ വീട്ടിൽ താമസിക്കുമ്പോഴും എനിക്ക് കിട്ടുന്ന സുരക്ഷ.... അതെല്ലാം നേത്രക്കും ബാധകമാണ്....."

"അങ്ങനെ വരുമ്പോ എന്നെയും സിൽമയിൽ എടുക്കുമായിരിക്കും ല്ലേ...."

ഒരു പ്രത്യേകമായ ചിരിയോട് കൂടിയവൻ ചോദിച്ചതും അവന്റെ ഭാവം കണ്ട് അവൾ പൊട്ടിച്ചിരിച്ചു....
അവനൊരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി....

"എന്നാലും റംസൂ... എവിടെന്ന് വരുന്നു ഈ ഭാവങ്ങളൊക്കെ...."

ചിരി നിർത്താൻ പാട് പെട്ട് കൊണ്ടവൾ ചോദിച്ചതും അവൻ ഇളിച്ചു കാണിച്ചു...

"ഹ്മ്മ്... നിങ്ങളൊക്കെ ഉണ്ടാവും... അവരെ സഹായിക്കുന്നവരും വേണമല്ലോ... ഞാനിപ്പോ ആലോചിക്കുന്നത് അതല്ല... അവർ മുസ്ലിംസ് ആണേൽ പോക്കരടക്കം ചൊറിയുള്ള കുറച്ച് പേർക്ക് കൂടി സമാധാനം ആവുമല്ലോ... അപ്പൊ അവരെയങ് വേഷം മാറ്റി കൊണ്ട് വന്നാലോ എന്നാ...."

"ഹാഹാ... മോൾടെ ഉദ്ദേശം കൊള്ളാല്ലോ.... പക്ഷെ നേത്ര അങ്ങനൊന്നും ചെയ്യൂല...."

"അത് ശെരി... ഇപ്പൊ നേത്രയെ എന്നെക്കാൾ അറിയുന്നത് നിനക്കാണോ...."

അവൻ പിന്നല്ല എന്ന് പറഞ്ഞ് കൊണ്ട് കോളർ പൊക്കിയതും അവൾ ചിരിച്ചു....

"ഞാൻ ചുമ്മാ പറഞ്ഞതാ റംസു.... അവർ അവരായി തന്നെ ഇരിക്കട്ടെ... ഈ വീട്ടിലേക്ക് തന്നെ വന്നാൽ മതി.... ഈ വീട്ടിൽ അവർ രണ്ട് പേരും...."

വീട്ടിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടവൾ പറഞ്ഞതും അവൻ പുഞ്ചിരിച്ചു....

"വീടൊക്കെ തന്നേക്കാം... പക്ഷെ എത്രയും പെട്ടെന്ന് വിച്ചൂനെ പഴയ പോലെയാക്കി അവരെ നാട്ടിലേക്ക് അയച്ചോണം.... മനസിലായല്ലോ...."

അവളുടനെ മുഖം ചുളിച്ചു....

"അതൊരു ക്‌ളീഷേ സ്റ്റോറി ആയിപ്പോവില്ലേ... ട്വിസ്റ്റ്‌ വേണ്ടേ....??"

"തൽക്കാലം മോളിപ്പോ ട്വിസ്റ്റണ്ട... പറഞ്ഞത് അങ്ങോട്ട്‌ കേട്ടാ മതി..."

"ഓ ആയിക്കോട്ടെ...."

അവൻ ഗൗരവം നടിച്ചതും അവൾ ചിരി കടിച്ച് പിടിച്ചു....

"എന്നാലും നേത്ര നിന്റെ ആരേലും ആണോ ദച്ചൂ....??"

അവൾക്ക് ചിരി വന്നു....

"അതൊരു കഥയാണെന്ന് എത്ര പ്രാവശ്യം പറഞ്ഞു റംസൂ... നേത്ര എന്റെ ആരുമല്ല...."

അവൻ പുഞ്ചിരിച്ചു....

"നീയെല്ലാം കണ്ടറിഞ്ഞ് എഴുതുന്ന പോലെ...."

അവളിൽ മനോഹരമായൊരു ചിരി വിടർന്നു...

"നാളെ നേർച്ച ആയോണ്ട് ഞാൻ ബിസി ആയിരിക്കും... നാളെ കഴിഞ്ഞ് എനിക്കെന്തായാലും ബാക്കി വേണം... അത്കൊണ്ട് ഇപ്പോഴേ എഴുതി തുടങ്ങിക്കോ... മനസിലായല്ലോ...."

ആയെന്ന മട്ടിൽ അവൾ തല കുലുക്കി...

"എങ്കിൽ ചെല്ല്... കിടന്നോ... ലേറ്റ് ആയില്ലേ...."

അവളൊന്ന് മൂളി അകത്തേക്ക് കയറുന്നതും നോക്കി അവൻ അവിടെത്തന്നെ നിന്നു....

"പോവുന്നില്ലേ....??"

അവൾ ചിരിയോടെ ചോദിച്ചതും അവൻ തിരിഞ്ഞു നടന്നു...
അതൊന്ന് നോക്കി പുഞ്ചിരിയോടവൾ വാതിലടച്ചു...

* * *

"നീ ഉറങ്ങിയില്ലേ....??"

ഡോർ തുറന്ന് തന്ന മെഹ്‌റൂനെ നോക്കി ചുമ്മാ ചോദിച്ചു കൊണ്ടവൻ അകത്തേക്ക് കയറി...

"ഇക്കാക്ക ദച്ചൂന്റെ അടുത്ത് പോയതാണോ....??"

ആണെന്ന് മൂളിക്കൊണ്ടവൻ സ്റ്റെയറിനടുത്തേക്ക് നടന്നു....

"ഇക്കാക്കാക്ക് ദച്ചൂനെ ഇഷ്ടാണോ.....??"

പിറകിൽ നിന്നാ ചോദ്യം കേട്ട് പൊടുന്നനെ അവന്റെ കാലുകൾ നിശ്ചലമായി...
ഒരുനിമിഷം അങ്ങനെ നിന്ന് അവൻ മെഹ്‌റൂനെ തിരിഞ്ഞു നോക്കി...

"ആണല്ലോ... ദച്ചൂനെ നിനക്കും ഇഷ്ടല്ലേ...."

മെഹ്‌റു പെട്ടെന്ന് ഒന്നൂടെ മുന്നോട്ട് വന്നു... ഹാളിലെ അരണ്ട വെളിച്ചത്തിലും അവളെ മുഖത്തെ ഗൗരവഭാവം അവന് നന്നായി മനസിലാവുന്നുണ്ടായിരുന്നു....

"ഞാൻ ചോദിച്ചത് എന്താണെന്ന് ഇക്കാക്കാക്ക് നന്നായിട്ടറിയാം...."

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞതും ഒരുനിമിഷമവൻ മൗനം പാലിച്ചു.... പിന്നെ പതിയെ അവളെ മുഖത്തേക്ക് നോക്കി...

"എനിക്കറിയില്ല മെഹ്‌റൂ.... ഞാൻ തന്നെ എന്നോട് നിരന്തരം ചോദിക്കുന്നൊരു ചോദ്യമാണിത്... നിനക്കറിയാല്ലോ ഞാനങ്ങനെ അറിയാത്ത പെൺകുട്ടികളോടൊന്നും പെട്ടെന്ന് കൂട്ടാവുന്ന ആളേയല്ല... പക്ഷെ ദച്ചുവിൽ എന്തോ സംതിങ് സ്പെഷ്യൽ ആയിട്ടെനിക്ക് ഫീൽ ചെയ്യുന്നു.... അവളെപ്പറ്റി കൂടുതൽ ഒന്നും അറിയില്ലെങ്കിൽ പോലും അവളെ കാലങ്ങളായി അറിയുന്ന പോലൊക്കെ ഒരു ഫീൽ....
നീ ഉദ്ദേശിച്ച ഇഷ്ടം ഇതാണോ എന്നെനിക്ക് അറിയില്ല മെഹ്‌റൂ....
അവളോടെനിക്ക് പ്രണയമാണോ എന്ന് ഞാൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്... ഉത്തരമില്ല....
ഒരുപക്ഷെ വെറുമൊരു ക്രഷ് ആയിരിക്കും... ഈ കഴിഞ്ഞ 27 വർഷങ്ങളോളമായി ആരോടും തോന്നാത്ത ഒന്ന്.... ഇനി അതിനാണോ പ്രണയമെന്ന് പറയുന്നതെന്നെനിക്ക് അറിയില്ല....
സത്യത്തിൽ എനിക്കൊന്നും അറിയില്ല...."

മെഹ്‌റു ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി....

"പ്രണയമാണെങ്കിൽ....??"

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടവൻ പുഞ്ചിരിച്ചു....

"ആണെങ്കിൽ പ്രണയിക്കും... അത്രതന്നെ....!!"

"ഈ നാട്ടിലൊരു ലഹളയുണ്ടാവുമെന്ന് അറിയില്ലേ ഇക്കാക്കാക്ക്...?? നമ്മടെ മതത്തിൽ ഇതെല്ലാം തെറ്റാണെന്ന് അറിയില്ലേ....??"

അവനൊന്ന് മന്ദഹസിച്ചു....
പിന്നെ ഒന്നും മിണ്ടാതെ സ്റ്റെപ്സ് കയറി മുകളിലേക്ക് നടന്നു....
അവൻ പോവുന്നത് നോക്കി നിന്ന മെഹ്‌റൂന്റെ ചുണ്ടുകളിൽ ഒരിളം പുഞ്ചിരി വിടർന്നു....!!

* * *

രാവിലെ എണീറ്റ് റംസു ഒന്ന് രണ്ട് നിമിഷം വെറുതെ കിടന്നു....
മനസ്സിൽ മുഴുവൻ നേത്രയും അവളെ വിച്ചേട്ടനും ആയിരുന്നു....
ആ പെണ്ണിനെയവൻ നേത്രായെന്ന് നീട്ടി വിളിക്കുന്ന നിമിഷത്തെ വായിച്ചറിയാൻ വല്ലാത്ത കോതി തോന്നി റംസൂന്....

പെട്ടെന്ന് ഇന്നലെ രാത്രിയിൽ മെഹ്‌റു ചോദിച്ചതെല്ലാം മനസിലേക്ക് വന്നതും ഒരു പുഞ്ചിരിയോടെയവൻ കൈ നീട്ടി ബെഡ് ടേബിളിൽ നിന്ന് ഫോൺ എടുത്ത് ഓൺ ചെയ്തു...
വാട്സപ്പ് എടുത്തപ്പോ ആദ്യമേ നോട്ടമെത്തി നിന്നത് ദച്ചൂന്റെ മെസ്സേജിലായിരുന്നു....

°ഒന്നിങ്ങോട്ട് വരുവോ...??°

എന്നുള്ളയാ മെസ്സേജ് പുലർച്ചെ മൂന്ന് മണിയോടടുത്ത് വന്നതാണെന്ന് കണ്ടതും അവന്റെ ഉള്ളമൊന്ന് വിറച്ചു.... എന്തായിരിക്കും കാര്യം...?? വല്ല ആപത്തും....??

മനസ്സിൽ വേണ്ടാത്ത പല ചിന്തകളും മിന്നി മറഞ്ഞപ്പോഴേക്കും അവൻ വേഗത്തിൽ എണീറ്റ് ധൃതിയിൽ താഴേക്ക് ഇറങ്ങിയിരുന്നു....

"റംസൂ... ചായ ദാ..."

ഉമ്മ കിച്ചണിൽ നിന്ന് വിളിച്ച് പറയുന്നതൊന്നും കേൾക്കാൻ നിക്കാതെ മുറ്റത്തേക്ക് ഇറങ്ങിക്കൊണ്ടവൻ മുന്നോട്ടുള്ള വഴിയേ ഓടി...
ഓടി തറവാട് വീടിന്റെ മുന്നിലെത്തി താഴേക്ക് നോക്കിയപ്പോഴേ മുന്നിലെ സ്റ്റെപ്പിൽ കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവളെ കണ്ട് അവന് ഒരേസമയം ആശ്വാസവും ഭയവും തോന്നി.... വേഗത്തിലവൻ താഴേക്ക് പാഞ്ഞിറങ്ങി....

"ദച്ചൂ...."

അവൾ മുഖമുയർത്തിയില്ല....

"ദച്ചൂ.... എന്താ പറ്റിയെ....??"

അവനവളുടെ തൊട്ട് മുന്നിൽ വന്ന് നിന്ന് വെപ്രാളത്തോടെ ചോദിച്ചതും അവൾ പതിയെ മുഖമുയർത്തി...
അവന്റെ ഉള്ളമൊന്ന് ഞെട്ടി വിറച്ചു...
അവളുടെ മുഖം അത്രമേൽ ചുവന്ന് വീർത്തിരുന്നു.... കണ്ണുകൾ ചുവന്ന് കലങ്ങി കണ്ണുനീർ കവിളുകളിലേക്ക് നിർത്താതെ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട്....

"ദച്ചൂ... എന്താ...?? എന്താ പറ്റിയെ...?? പേടിച്ചോ നീ...?? ഏഹ്...?? എന്താ കാര്യമെന്ന് പറ.... എന്തിനാ കരയുന്നെ....??"

അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ടവൻ വെപ്രാളത്തോടെ ചോദിച്ചതും അവളൊന്ന് തേങ്ങി...

"പറ ദച്ചൂ... എന്താ....??"

"റംസൂ...."

അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു....
അവൻ കൂടിയ ഹൃദയമിഡിപ്പോടെ അവളെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി....

"ഞാൻ... ഞാനൊരു സ്വപ്നം കണ്ടു...."

അവന്റെ മുഖമൊന്ന് ചുളിഞ്ഞു...

"എന്ത് സ്വപ്നം....??"

ഒന്നും മനസിലാവാതവൻ അവളെ നോക്കിയതും അവൾ പതിയെ മടിയിൽ നിന്ന് ഡയറി എടുത്ത് അവന്റെ നേരെ നീട്ടി...
അവൻ സംശയത്തോടെ അവളെ നോക്കിക്കൊണ്ട് ആ ഡയറി വാങ്ങി....
പെൻ അടയാളമായി ഇരിക്കുന്ന പേജ് തുറന്നതും ഇന്നലെ അപൂർണമായി കിടന്നിരുന്ന പേജുകളിൽ തെളിഞ്ഞ അക്ഷരങ്ങൾ കണ്ട് അവൻ ഒന്നൂടെ അവളെ നോക്കിയ ശേഷം പതിയെ അത് വായിക്കാൻ തുടങ്ങി...

*** *** ***

പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്....
ആ താളം ശ്രദ്ധിച്ചു കൊണ്ട് വിച്ചൂന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കട്ടിലിലേക്ക് ചാരി ഇരുന്നിരുന്നവൾ പുഞ്ചിരിയോടെ മുഖമുയർത്തി അവനെ നോക്കി.... അവന്റെ നോട്ടം തന്നിൽ തന്നെയായിരുന്നെന്ന് മനസിലാക്കെ അവളാ പഴയ ദാവണിക്കാരി പൊട്ടിപ്പെണ്ണായി മാറുന്ന പോലെ തോന്നി.... തറവാട്ടിൽ നടക്കുന്ന ആഘോഷങ്ങളിൽ ഒരുമിച്ചുണ്ടാവുമ്പോൾ തന്നിലേക്ക് നീണ്ട് വരാറുള്ള ആ കുസൃതി നിറഞ്ഞ നോട്ടം അവളുടെ ഓർമകളിൽ തെളിഞ്ഞു....

വയറ്റിൽ അനക്കം അറിഞ്ഞതും അവൾ ചിരിയോടെ അവന്റെ കയ്യെടുത്ത് വയറ്റിലേക്ക് ചേർത്ത് വെച്ചു.... അവന്റെ സാമീപ്യം മനസിലാക്കി രണ്ട് പേരും മത്സരിച്ചു തൊഴിക്കുന്ന പോലെ തോന്നി അവൾക്ക്.... വല്ലാത്തൊരനുഭൂതിയിൽ പൊട്ടിച്ചിരിച്ചു കൊണ്ടവൾ അവനെ നോക്കി....

"അച്ഛയാടാ....."

അവന്റെ കൈകൾ കൂടുതൽ വയറ്റിലേക്ക് ചേർത്ത് വെച്ച് കൊണ്ടവൾ പറഞ്ഞതും അവൻ പതിയെ അവിടെ തഴുകി....
അവൾ ചിരിയോടവന്റെ നെഞ്ചിലേക്ക് കൂടുതൽ പറ്റിച്ചേർന്നു....
പെട്ടെന്ന് പുറത്തൊരു ഇടി വെട്ടിയതിന്റെ കൂടെ മുറിയിലെ വെളിച്ചവും അണഞ്ഞു...

"ശോ... കറന്റ്‌ പോയല്ലോ വിച്ചേട്ടാ.... ഞാൻ ഇപ്പൊ വരാവേ... വിളക്ക് എടുക്കട്ടെ...."

അവന്റെ അടുത്ത് നിന്ന് എണീറ്റ് കൊണ്ടവൾ അഴിഞ്ഞു കിടന്നിരുന്ന മുടിയെല്ലാം വാരിക്കെട്ടി വീർത്തുന്തിയ വയറുമായി പതിയെ അടുക്കള ലക്ഷ്യം വെച്ച് നടന്നു....
മഴ അതിന്റെ മൂർദ്ധന്യായാവസ്ഥയിൽ എത്തിയ പോലെ ഓടുകൾക്കിടയിലെ വിടവുകളിലൂടെയെല്ലാം വീടിനുള്ളിലേക്ക് വെള്ളം ഉറ്റി വീഴുന്നുണ്ടായിരുന്നു....

പുറത്ത് നിന്നുള്ള മിന്നലിന്റെ പ്രകാശത്തിൽ എവിടെയൊക്കെയോ തിരഞ്ഞവൾ വിളക്ക് കണ്ട് പിടിച്ചു...
മഴയുടെ കൂടെത്തന്നെ പള്ളിയിൽ നിന്നുള്ള പ്രാർത്ഥനാ വാക്കുകളും ഉച്ചത്തിൽ കേൾക്കുന്നതവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

"ഇപ്പൊ വരാവേ വിച്ചേട്ടാ.... തീപ്പെട്ടി ഇവിടൊന്നും കാണുന്നില്ല...."

ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടവൾ അടുപ്പിനരികിലായി തിരയാൻ തുടങ്ങി...

"ഇവിടെ വെച്ചതാണല്ലോ... ഇതിപ്പോ എവിടെപ്പോയി..."

സ്വയം ചോദിച്ചു കൊണ്ടവൾ കൈ വെച്ച് പരതിയതും ഏതോ പാത്രത്തിനടുത്ത് നിന്ന് തീപ്പെട്ടി കിട്ടി... ഒരു കൊള്ളിയെടുത്ത് ഉരച്ച് വിളക്ക് കത്തിച്ചവൾ കൊള്ളി ഊതിക്കെടുത്തിയ ശേഷം വിളക്കുമെടുത്ത് പതിയെ മുന്നോട്ട് നടന്നു....

"നേർച്ച തീരാൻ നാളെ രാവിലെ ആവുമായിരിക്കും അല്ലെ വിച്ചേട്ടാ.... ഒരു അത്തറ് കുപ്പി വേണമെന്ന് ഞാനും പറഞ്ഞിരുന്നു... വിച്ചേട്ടന്റെ എല്ലാ അസുഖവും ആ അത്തറ് പുരട്ടിയാ മാറുമെന്നാ എല്ലാരും പറയുന്നത്...."

കിച്ചണിൽ നിന്ന് മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവൾ ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു....
മുറിയിലേക്ക് തിരിയാൻ തുടങ്ങിയതും പെട്ടെന്ന് പിറകിൽ നിന്നൊരു ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി....
ശബ്ദം കേട്ട ഭാഗത്തെ പൂട്ടിയിട്ട ആ മുറിയുടെ നേരെയവൾ വിളക്ക് പിടിച്ചു....

"വിച്ചേട്ടാ...."

സംശയത്തോടെ വിളിച്ചു കൊണ്ടവൾ അങ്ങോട്ട്‌ നടന്നതും അവളുടെ ശബ്ദം ശ്രദ്ധിച്ചു കിടക്കുകയായിരുന്ന വിച്ചു ഒന്ന് നെറ്റി ചുളിച്ചു....

"വിച്ചേട്ടൻ എണീറ്റോ....?? ഞാൻ പറഞ്ഞിട്ടില്ലേ ഒറ്റക്ക് എണീക്കാൻ നോക്കരുതെന്ന്...."

പറഞ്ഞു കൊണ്ടവൾ പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നതും വിച്ചു കൈ നീട്ടി ടേബിളിൽ ഉണ്ടായിരുന്ന സ്റ്റീൽ ഗ്ലാസ്‌ നിലത്തേക്കിട്ടു...
അത് നിലത്ത് വീണ് ശബ്ദമുണ്ടായതും അവളൊന്ന് ഞെട്ടി തിരിഞ്ഞു നോക്കി....

"വിച്ചേട്ടൻ റൂമിലാണോ....??"

എന്തിനോ വേണ്ടി ആ പെണ്ണിന്റെ ഹൃദയമിടിപ്പ് കൂടി വരുന്നുണ്ടായിരുന്നു.... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ചെന്നിയിലൂടെ ഒലിച്ചിറങ്ങിയപ്പോഴേക്കും ആരോ ഊതിയ പോലെ കയ്യിലെ വിളക്ക് അണഞ്ഞു പോയി...

"വിച്ചേട്ടാ... ആരാ അത്....??"

പേടിയോടെ ഉറക്കെ ചോദിച്ചു കൊണ്ടവൾ പിറകിലേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങിയതും ആരോ പിറകിൽ നിന്നവളുടെ വായ പൊത്തിപ്പിടിച്ചു...
ഒരലർച്ചയോട് കൂടി അവളെ കയ്യിൽ നിന്ന് വിളക്ക് നിലത്തേക്ക് വീണതും കട്ടിലിൽ കിടന്നിരുന്ന വിച്ചു വെപ്രാളത്തോടെ എണീക്കാൻ ശ്രമിച്ചു....

തന്റെ വായ പൊത്തിപ്പിടിച്ചിട്ടുള്ള ബലമുള്ള കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ടാ പെണ്ണ് പിടഞ്ഞു കൊണ്ടിരുന്നപ്പോഴേക്കും പിറകിലുള്ള കാലങ്ങളായി പൂട്ടിയിട്ട മുറി ഒറ്റ ചവിട്ടിന് തുറന്ന് കൊണ്ടാ രൂപം അവളെ അകത്തേക്ക് തള്ളിയിരുന്നു... ഒരാളലോടെ പിറകിലെ ചുമരിൽ പോയി ഇടിച്ചു നിന്നവൾ ആ മുറിയിലെ പൊടിയും മാറാലയും കാരണം ചുമക്കാനും തുമ്മാനും തുടങ്ങി...

"വിച്ചേട്ടാ...."

അതിനിടയിലും ഉറക്കെ വിളിച്ചപ്പോഴേക്കും കവിളിൽ ആഞ്ഞൊരു കൈ പതിഞ്ഞിരുന്നു...
നിലവിളിച്ചു കൊണ്ട് നിലത്തേക്ക് വീഴുമ്പോഴവൾ രണ്ട് കൈകൾ കൊണ്ട് വയറിനെ ചുറ്റിപ്പിടിച്ചിരുന്നു....
എന്താണ് സംഭവിക്കുന്നതെന്നവൾക്ക് മനസിലാവുന്നില്ലായിരുന്നു.... മനസും നാവും ഒരുപോലെ വിച്ചേട്ടൻ എന്ന് മാത്രം മൊഴിഞ്ഞു കൊണ്ടിരുന്നു....
കണ്ണുകളെ കുത്തിത്തുളക്കും വിധത്തിലുള്ള ഇരുട്ടിൽ ഒന്നും കാണാത്തപ്പോഴും ആരോ തന്റെ അടുത്തേക്ക് നടന്ന് വരുന്നതവൾ വ്യക്തമായി അറിയുന്നുണ്ടായിരുന്നു...

"വിച്ചേട്ടാ...."

കരഞ്ഞു കൊണ്ടവൾ വിളിച്ചതും ആരോ ശ് എന്ന് ശബ്ദമുണ്ടാക്കി തീപ്പെട്ടി ഉരച്ചതും അതിന്റെ വെളിച്ചത്തിൽ മുന്നിലെ മുഖം കണ്ടവൾ ഞെട്ടി വിറച്ചു...
ആ മുഖത്തെ മൃഗസമാനമായ ഭാവം കണ്ടവളുടെ ഹൃദയം നിലച്ച പോലെ തോന്നി അവൾക്ക്....
അയാൾ പൈശാചികമായൊരു ചിരിയോടെ അവളുടെ മുന്നിലേക്ക് മുട്ട് കുത്തിയിരുന്നു....

"നേത്രേച്ചിക്ക് സുഖല്ലേ....??"

ഇന്ന് രാവിലെ കൂടി തന്റെ അനിയന്റെ സ്ഥാനത്ത് നിന്ന് കേട്ട അതേ ചോദ്യം...
പക്ഷെ ഇപ്പൊ അവന്റെ കണ്ണുകളിൽ ആ നിഷ്കളങ്കതയല്ല,, പകരം മറ്റെന്തോ... ഭയപ്പെടുത്തുന്ന മറ്റെന്തോ....
ആ പെണ്ണിന് അപകടം മണക്കുന്നുണ്ടായിരുന്നു.... എന്ത് ചെയ്യണമെന്നറിയാതെ മരവിച്ച അവസ്ഥയിൽ ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ തന്റെ ശരീരം മുഴുവൻ ഓടി നടക്കുന്നത് ഒരു വിറയലോടെ അവളറിയുന്നുണ്ടായിരുന്നു....

"വിച്ചേട്ടാ...."

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ വീണ്ടും അലറിയപ്പോഴേക്കും മുഖത്തേക്ക് അടി വീണിരുന്നു...
പിറകിലേക്ക് ആഞ്ഞു പോയ മുഖത്തെ നേരെ കൊണ്ട് വന്ന് കവിളിൽ കുത്തിപ്പിടിച്ചു കൊണ്ടവൻ അവന്റെ മുഖത്തിന് നേരെ പിടിച്ചതും ആ പെണ്ണ് വേദനയാൽ ഉറക്കെ കരഞ്ഞു....

"നീയീ നാട്ടിലേക്ക് കാലെടുത്ത് വെച്ച അന്ന് നോട്ടമിട്ടതാ.... ഈയൊരു ദിവസത്തിന് വേണ്ടി... നേർച്ചയുടെ പേരും പറഞ്ഞ് ഈ നാട്ടിലെ മണ്ടന്മാരെല്ലാം പള്ളിയിൽ ഒത്തു കൂടുന്ന രാത്രിക്ക് വേണ്ടി കാത്തിരുന്നതാ ഞാൻ....
മിണ്ടാതെ സഹകരിച്ചാൽ മോൾക്ക് ഒരു കുഴപ്പവും ഇല്ലാതെ ആരും ഒന്നും അറിയാതെ എന്നത്തേയും പോലെ കഴിഞ്ഞു കൂടാം... ഇനി അതല്ല അലറി വിളിക്കാനാണ് ഭാവമെങ്കിൽ എന്റെ കയ്യീന്ന് കുറേ വാങ്ങിക്കൂട്ടും... കൂടാതെ ആരും ഒന്നും കേൾക്കാനും പോവുന്നില്ല... ഈ നാട്ടുകാർ മുഴുവനിന്ന് പള്ളിയിലാ...."

അവന്റെ ക്രൂരമായ ഭാവത്തിലേക്ക് നോക്കിയവൾ പൊട്ടിക്കരഞ്ഞു...
വൃത്തികെട്ടൊരു ചിരിയോടെ അവൻ തോളിലേക്ക് കൈ നീട്ടിയതും പെട്ടെന്നവൾ രണ്ട് കയ്യും കൂട്ടിപ്പിടിച്ചവന്റെ മുന്നിൽ തൊഴുതു...

"ദയവ് ചെയ്ത് എന്നെയൊന്നും ചെയ്യരുത്... എന്റെ വയറ്റിൽ കിടക്കുന്ന എന്റെ മക്കളെ ഓർത്തെങ്കിലും... എന്റെ ഭർത്താവിനെ ഓർത്തെങ്കിലും എന്നെ ഉപദ്രവിക്കരുത്... ഞങ്ങൾ ഇപ്പൊത്തന്നെ ഇവിടുന്ന് പൊയ്ക്കോളാം... ദയവ് ചെയ്ത് എന്നെയൊന്നും ചെയ്യരുത്...."

അവനാ പെണ്ണിന്റെ കരയുന്ന മുഖത്തേക്ക് നോക്കി കോട്ടിച്ചിരിച്ചു...

"ഒരു പതിവ്രത വന്നേക്കുന്നു... മര്യാദക്ക് എണീറ്റ് നടക്കാൻ കഴിയാത്ത നിന്റെയാ ഭർത്താവ് ഉണ്ടാക്കിയതാണ് ഈ ഗർഭം എന്ന് വിശ്വസിക്കാൻ മാത്രം പൊട്ടനല്ല ഞാൻ... എനിക്ക് മനസിലാവും മോളിതൊക്കെ എങ്ങനെയാ ഒപ്പിച്ചേ എന്ന്...."

അവന്റെയാ വൃത്തികെട്ട മുഖത്തേക്ക് നോക്കാൻ കഴിയാതവൾ മുഖം കുനിച്ചു....

"അപ്പൊ എങ്ങനാ... മിണ്ടാതെ... അനങ്ങാതെ...."

പറയുന്നതിന്റെ കൂടെയവൻ തോളിലേക്ക് കൈ നീട്ടി സാരിയിൽ പിടുത്തമിട്ടതും അവൾ വേണ്ടാന്ന് തുടരെത്തുടരെ പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് പിറകിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു...
അവനൊരു പൈശാചികമായ ചിരിയോടെ അവളെ സാരി തോളിൽ നിന്ന് വലിച്ചിട്ടതും അലറിക്കൊണ്ടവൾ കൈ രണ്ടും മാറിലേക്ക് ചേർത്ത് വെച്ചു.... അതേസമയം പിറകിൽ നിന്ന് ആരോ അവനെ തള്ളിയിട്ടു.... അവൾ ഞെട്ടലോടെ മുഖമുയർത്തിയപ്പോഴേക്കും പിടി കിട്ടാതെ വിച്ചു നിലത്തേക്ക് വീണിരുന്നു...

"വിച്ചേട്ടാ...."

ഒരാളലോടെ വിളിച്ചു കൊണ്ടവൾ സാരി വലിച്ച് ദേഹത്തേക്കിട്ട് എണീറ്റ് അവന്റെയടുത്തേക്ക് ചെന്ന് അവനെ പിടിച്ച് എണീപ്പിക്കാൻ നിന്നപ്പോഴേക്കും അയാളുടെ ചവിട്ട് കിട്ടി വിച്ചു നിലത്തേക്ക് വീണിരുന്നു...

"വിച്ചേട്ടാ...."

ആ പെണ്ണ് കരഞ്ഞു... നിലത്ത് കിടന്ന് ശരീരം മുഴുവൻ നുറുങ്ങുന്ന വേദന സഹിച്ച് പുളയുന്നവനെ നോക്കി ആ പെണ്ണുറക്കെ കരഞ്ഞു...

"എന്റെ വിച്ചേട്ടനെ ഒന്നും ചെയ്യല്ലേ...."

വീണ്ടും വീണ്ടും വിച്ചൂനെ ചവിട്ടിക്കൂട്ടുന്ന ആ കാലുകളെ ചുറ്റിപ്പിടിച്ചു കൊണ്ടവൾ അലറി പറഞ്ഞതും അവനവളെ കുടഞ്ഞെറിഞ്ഞു... നിലത്തേക്ക് ശക്തിയായി വീണതിന്റെ ഫലമായി ശരീരം മുഴുവനുമൊരു കൊളുത്തൽ അനുഭവപ്പെട്ടപ്പോഴും അവൾ എണീക്കാൻ ശ്രമിച്ചു...

"മര്യാദക്കാണേൽ ഞാനും മര്യാദക്കെന്ന് പറഞ്ഞതാ...."

അമർഷത്തോടെ പറഞ്ഞു കൊണ്ടവൻ വിച്ചൂന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും ചോര തുപ്പുന്ന വിച്ചൂനെ കണ്ടവൾ അലറി വിളിച്ചു...

"മിണ്ടാതിരിയെടി ***മോളെ...."

അവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ടവൻ തല ചുമരിലേക്ക് ഇടിപ്പിച്ചു....
തല മുഴുവനുമൊരു ഭാരം നിറയുന്നു... കണ്ണുകൾ മങ്ങുന്നു... ഭൂമി മുഴുവനുമായും കറങ്ങുന്നു...

"വിച്ചേട്ടാ...."

ആ പെണ്ണപ്പോഴും തേങ്ങി...

"അവളുടെയൊരു വിച്ചേട്ടൻ...."

അലറിക്കൊണ്ടവൻ നിലത്തുണ്ടായിരുന്ന ചങ്ങല വലിച്ചെടുത്ത് വിച്ചൂന്റെ കഴുത്തിലേക്ക് ചുറ്റുന്നത് കണ്ണുകൾ അടയുമ്പോഴും അവൾ വ്യക്തമായി കാണുന്നുണ്ടായിരുന്നു...

"വിച്ചേട്ടൻ ന്റെ... പ്രാണനാ... ഒന്നും... ചെയ്യല്ലേ...."

നിരങ്ങി നീങ്ങി അടയുന്ന കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ടവൾ അവരുടെ അടുത്തേക്ക് നീങ്ങിച്ചെന്ന് അവന്റെ കയ്യിൽ പിടിച്ച് ചങ്ങല ചുറ്റുന്നത് തടഞ്ഞതും ഒരു മൃഗത്തെപ്പോലെ അലറിക്കൊണ്ടവൻ അവളുടെ വയറ്റിലേക്ക് ആഞ്ഞു തൊഴിച്ചു....

*""""...ആാാാാാാ...""""*

ഭൂമി കുലുക്കുമാറുച്ചത്തിൽ,, ജീവൻ പറിഞ്ഞു പോകുന്ന വേദനയാൽ അവളലറി.... ആ അലർച്ചയെ വിഴുങ്ങിക്കൊണ്ടൊരു ഭീമമായ ഇടി അന്തരീക്ഷത്തിൽ മുഴങ്ങി....

*"നേത്രാ....!!"*

ഒരുനിമിഷം....!!
ആ പെണ്ണൊന്ന് ശ്വാസം പോലും പിടിച്ചു വെച്ചു.... ജീവൻ പോകുന്ന വേദനക്കിടയിലും അവൾ കേട്ടു...
അതെ... ആ വിളി...
നേത്രാ എന്ന്... വിച്ചേട്ടൻ... തന്റെ വിച്ചേട്ടൻ സംസാരിച്ചുവോ....??
നേർത്തതാണെങ്കിലും ആ ശബ്ദം തന്നെയല്ലേ താൻ കേട്ടത്...
അവൾ കണ്ണുകൾ വലിച്ചു തുറന്നു... വയറ്റിലൊരു സ്ഫോടനം നടക്കുന്ന പോലെ തോന്നുന്നുണ്ടെങ്കിലും അവൾ തന്റെ പ്രാണനായി തിരഞ്ഞു...

"നേ..ത്രാ....!!"

കഴുത്തിൽ ചങ്ങല വലിഞ്ഞു മുറുകുന്നതിനിടയിലും അവൻ തന്നെ വിളിക്കുന്നു.... ആ പെണ്ണ് കരഞ്ഞു...
പുറത്തെ മഴ പോലും തോറ്റു പോവും വിധം ഉറക്കെ കരഞ്ഞു...
ആരും കേൾക്കാനില്ലാതെ ആ ശബ്ദങ്ങൾ അത്രയും അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി.... ശരീരം മുഴുവനുമാരോ വെട്ടി നുറുക്കുന്ന പോലെ വേദനിക്കുന്നു...
കുഞ്ഞുങ്ങൾ തന്നെ അമ്മാ എന്ന് വിളിച്ച് കരയുന്നുണ്ടോ... കാലുകൾക്കിടയിൽ നനവ് പടരുന്നുണ്ട്... വയറ്റിലേക്കൊന്ന് ചേർത്ത് പിടിക്കാൻ പോലും കൈകളുയിരുന്നില്ല.... ജീവൻ ശരീരത്തിൽ നിന്ന് വേർപ്പെടുകയാണോ...??

*"നേ...ത്രാ...!!"*

ഒരു നിശ്വാസം കണക്കെ വീണ്ടുമാ സ്വരം...
അവൾ പുഞ്ചിരിച്ചു... തോൽപ്പിച്ചത് മതിയായില്ലേ എന്ന മട്ടിൽ വിധിയെ നോക്കി വിതുമ്പുന്ന ചുണ്ടുകളോടെ പുഞ്ചിരിച്ചു....

*"വിച്ചേട്ടൻ...ന്റെ പ്രാണനല്ലേ....!!"*

*** *** ***

നനഞ്ഞു പരന്നയാ അക്ഷരങ്ങൾ അവിടെ തീർന്നതും റംസു തന്റെ ചുവന്ന് കലങ്ങിയ കണ്ണുകളുയർത്തി മുന്നിലിരിക്കുന്നവളെ നോക്കി....
എങ്ങോട്ടോ നോക്കിയിരിക്കുന്ന അവളുടെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്.....

അവൻ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു... ഹൃദയമാരോ പിടിച്ചു ഞെരിച്ച പോലെ വേദനിക്കുന്നു....
നേത്രാ എന്നുള്ളയാ വിളി ഉള്ളിൽ മുഴങ്ങുന്നു.... കുറുമ്പോടെ ചിരിക്കുന്നവളുടെ മുഖം തെളിഞ്ഞു വരുന്നു...
പൊട്ടിവരുന്ന കരച്ചിലവൻ ചുണ്ടുകൾ കടിച്ച് പിടിച്ച് നിയന്ത്രിച്ചു... കണ്ണുകളപ്പോഴും ഒഴുകിക്കൊണ്ടേയിരുന്നു....

"""വിച്ചേട്ടൻ ന്റെ പ്രാണനല്ലേ....!!"""

ആ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി...
അവൻ വീണ്ടും അവളെ നോക്കി...

"ദച്ചൂ...."

പെട്ടെന്നവൾ പൊട്ടിക്കരഞ്ഞു...
ഉറക്കെയുറക്കെ.... കരഞ്ഞു കൊണ്ടവൾ മുഖം കാൽമുട്ടുകൾക്കിടയിലേക്ക് പൂഴ്ത്തി വെച്ചതും അവൻ എന്ത് ചെയ്യണമെന്നറിയാതെ അവളെത്തന്നെ ഉറ്റു നോക്കി... ഒഴുകിയറങ്ങുന്ന കണ്ണുനീർ വീണ്ടും വീണ്ടും തുടച്ചു മാറ്റിക്കൊണ്ടവൻ പതിയെ അവളെ തോളിൽ കൈ വെച്ചു...

"ദച്ചൂ...."

അവൾ മുഖമുയർത്തി അവനെ നോക്കി...

"നീ പറഞ്ഞ പോലെ നേത്ര ശെരിക്കും ഉണ്ടായിരുന്നോ റംസൂ....??"

അവന്റെ ഉള്ളിലൊരു ഇടി മുഴങ്ങിയ പോലെ....
ഉണ്ടാവുമോ....!! ഈ വായിച്ചതെല്ലാം അനുഭവിച്ചൊരു പെണ്ണ് ഉണ്ടാവുമോ....!!

"എനിക്കറിയില്ല റംസൂ.... ഞാനെന്തിനാ ഇങ്ങനെ എഴുതുന്നെ എന്ന്.... ഞാൻ സ്വപ്നം കണ്ടതാ ഇതെല്ലാം... പറഞ്ഞാൽ വിശ്വസിക്കുമോ നീ...."

അവൾ വല്ലാതെ തേങ്ങിക്കരയുന്നുണ്ടായിരുന്നു....

"സാധാരണ ഒരു സ്വപ്നമല്ല റംസൂ.... ഇപ്പോഴും എന്റെ മനസ്സിൽ അതിലെ ഓരോ ചിത്രങ്ങളും മായാതെ കിടക്കുന്നുണ്ട്...
ആ നീചൻ വിച്ചേട്ടനെ കൊന്ന് കളഞ്ഞു റംസൂ....!!"

അവളൊന്ന് വിതുമ്പി... അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി...

"അനിയനെപ്പോലെ കണ്ടവൻ... എന്റെ നേത്രയെ പിച്ചിച്ചീന്തിക്കളഞ്ഞു റംസൂ.... അവരെ കുഞ്ഞുങ്ങളെ... എന്റെ കുഞ്ഞുങ്ങളെ... അവരെപ്പോലും കൊന്ന് കളഞ്ഞു റംസൂ.... വേണ്ടായെന്ന് ജീവൻ വേർപ്പെടുമ്പോഴും കരഞ്ഞു പറയുന്നുണ്ടായിരുന്നു അവൾ.... യാചിക്കുന്നുണ്ടായിരുന്നു.... അപേക്ഷിക്കുന്നുണ്ടായിരുന്നു.... ആ പിശാച് അതൊന്നും കേട്ടില്ല റംസൂ.... ഒന്നും കേട്ടില്ല... കാമവെറി പിടിച്ച മൃഗത്തോട് പോലും ഉപമിക്കാൻ വയ്യാത്ത രാക്ഷസനായിരുന്നു അവൻ.... അവന് തടസമായി വന്നപ്പോൾ വിച്ചേട്ടൻ പ്രണയത്തോടെ മാത്രം സ്പർശിക്കാറുള്ള എന്റെ നേത്രേടെ വയറവൻ കീറി മുറിച്ച് ആ കുഞ്ഞുങ്ങളെ...."

"ദച്ചൂ...."

മുഴുവൻ കേൾക്കാൻ കഴിയാത്ത പോലെ റംസു ഉറക്കെ വിളിച്ചതും ദച്ചു പൊട്ടിക്കരഞ്ഞു കൊണ്ടവന്റെ തോളിലേക്ക് ചാഞ്ഞു...
അവനൊന്ന് ഞെട്ടി.... അതവൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.... അവളുടെ ഉള്ളമത്രയും വേദനിക്കുന്നതവന് മനസിലാവുന്നുണ്ടായിരുന്നു.... അവളിൽ നിന്നുതിരുന്ന ഓരോ തുള്ളി കണ്ണുനീരും അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു.... അവൻ പതിയെ അവളെ തോളിൽ ആശ്വസിപ്പിക്കാനെന്നോണം തട്ടിക്കൊടുത്തു....

"ഇങ്ങനെയുള്ളവരെയെല്ലാം കൊന്ന് കളയണം റംസൂ... എന്റെ നേത്രയെ പിച്ചിച്ചീന്തിയ അവനെ വെട്ടി നുറുക്കണം.... പൂർണവളർച്ച പോലുമെത്താത്ത ആ കുഞ്ഞുങ്ങളെ കീറി മുറിച്ചവനെ കടിച്ചു കുടയണം... ആ പെണ്ണിന്റെ വിച്ചേട്ടനെ കൊന്ന് കളഞ്ഞവന്റെ ഓരോ അവയവങ്ങളും വേർപെടുത്തി അവനെയും വേദന അറിയിച്ചു കൊന്ന് കളയണം...."

അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു ഉൾക്കിടിലം സൃഷ്ടിച്ചു...

"അതൊരു സ്വപ്നമല്ലേ ദച്ചൂ....??"

അവൾ പതിയെ മുഖമുയർത്തി....

"സ്വപ്‌നങ്ങൾ നമ്മൾ മറക്കാറല്ലെ.... ഇതെന്താ ഞാൻ മറക്കാത്തെ റംസൂ.... ഇപ്പോഴും കണ്മുന്നിൽ തെളിഞ്ഞു കാണുന്നത് എന്ത് കൊണ്ടാ....?? ഇതിൽ എന്തേലും സത്യം ഉള്ളത് കൊണ്ടാണോ....??"

അവനൊന്നും മനസിലാവുന്നില്ലായിരുന്നു.... ഉള്ളിൽ എന്തൊക്കെയോ കലങ്ങി മറിയുന്ന പോലെ.... അവൻ പതിയെ അവളെ അടർത്തി മാറ്റി അവളെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു...

"നോക്ക് ദച്ചൂ... നീ കണ്ട സ്വപ്നം നീ എഴുതുന്ന കഥയുമായി ബന്ധമുള്ളത് കൊണ്ടാ നീയത് മറക്കാത്തെ.... കൂടാതെ നീയത് എഴുതുക കൂടി ചെയ്തില്ലേ.... ഇനി ജീവിതകാലം മുഴുവൻ നിനക്കത് ഓർമയിൽ കാണും... ഒരു നോവായി...."

അവൾ പതിയെ ശ്വാസം വലിച്ചെടുത്ത് കരച്ചിൽ നിർത്താൻ ശ്രമിച്ചു...

"നോക്ക് ദച്ചൂ... ഇത് നീ സ്വപ്നം കണ്ട പോലെ വിച്ചു സ്വപ്നം കണ്ടതായാൽ മതി... എന്നിട്ടവൻ ഞെട്ടി എണീക്കുന്നു... നേത്രാ എന്ന് വിളിക്കുന്നു... പോരെ...."

അവൻ ചിരിച്ചെങ്കിലും അവൾ ചിരിച്ചില്ല...

"ദച്ചൂ...."

അവളൊന്ന് പുഞ്ചിരിച്ചു...

"ശെരിയാ റംസൂ... കഥ ആയത് കൊണ്ട് നിഷ്പ്രയാസം മാറ്റി എഴുതാം... ഞാൻ എഴുതിക്കോളാം...."

"താനിങ്ങനെ ഡെസ്പാവല്ലേ... സത്യത്തിൽ ഞാൻ ഓർക്കാറുണ്ട് ചില എഴുത്തുകാരൊക്കെ എന്ത് കണ്ണിൽ ചോരയില്ലാതെയാണ് ഓരോന്ന് എഴുതി വെക്കുന്നതെന്ന്... ഇപ്പോഴല്ലേ മനസിലായെ വായിക്കുന്ന ഞങ്ങളെക്കാൾ മോങ്ങിയിട്ടാണ് നിങ്ങൾ എഴുതുന്നതെന്ന്...."

അവന്റെ എക്സ്പ്രഷൻ കണ്ടതും അവൾ ചിരിച്ചു.... അത് മതിയായിരുന്നു അവന്...

"ഇനി കരയല്ലേ... അത് മാറ്റി എഴുതിയിട്ട് എന്നോട് പറ... നാളെ രാവിലെ ആവുമ്പോഴേക്കും മതി...."

അവളൊന്ന് പുഞ്ചിരിച്ചു...

"റംസു പൊക്കോ... ഞാൻ ഓക്കേ ആണ്... ഇന്ന് തിരക്കുള്ള ദിവസമല്ലേ... എഴുതിക്കഴിഞ്ഞാൽ ഞാൻ മെസ്സേജ് ഇടാം...."

കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നാത്തത് കൊണ്ട് തന്നെ അവനൊന്നും മിണ്ടാതെ പുഞ്ചിരിയോടെ എണീറ്റ് അവളെ നോക്കിയൊന്ന് തലയനക്കി തിരിഞ്ഞു നടന്നു....
വീട്ടിലേക്ക് നടക്കുന്ന വഴിയിൽ എന്തോ അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു....

* * *

നേർച്ചയുടെ തിരക്കുകളിൽ പെട്ട് മനപ്പൂർവം മറക്കാൻ ശ്രമിച്ചിട്ടും നേത്രയും അവളുടെ വിച്ചേട്ടനും ഒരു നോവായി കൂടെത്തന്നെയുള്ളതവൻ മനസിലാക്കുന്നുണ്ടായിരുന്നു...
രാത്രി ദച്ചൂനെ ഒറ്റക്ക് അവിടെ നിർത്തേണ്ടെന്നും സ്ത്രീകൾ നേർച്ചക്ക് ഇരിക്കാറുള്ള പള്ളിയുടെ അടുത്തുള്ള മദ്രസയിലേക്ക് അവളെ കൂട്ടണമെന്നും ഉമ്മ മെഹ്‌റൂനോട് പറയുന്നതവൻ കേട്ടിരുന്നു....
കഴിയുകയാണെങ്കിൽ അവളോട് അപ്പൊ സംസാരിക്കാമെന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ മൂസാക്ക വിളിച്ചിടത്തേക്ക് ചെന്നു....

രാത്രി 9 മണിയോളം ആയിരുന്നു അവൻ പിന്നെ ഫ്രീ ആയപ്പോൾ...
നേർച്ചയുടെ ഓരോ കാര്യങ്ങളും എല്ലാർക്കുമുള്ള ഭക്ഷണത്തിന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിൽ പെട്ട് പോയിരുന്നു.... അതിനിടയിൽ വെച്ച് അലിയെ ആരോ വന്ന് വിളിച്ചപ്പോ പിന്നെ ബാക്കിയുള്ളതെല്ലാം അവൻ ഒറ്റക്കായിരുന്നു ചെയ്തത്....
എത്രയൊക്കെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ തെളിഞ്ഞു വരുന്നത് ജീവന് വേണ്ടി ഒരു രാക്ഷസന്റെ മുന്നിൽ യാചിച്ചു കരയുന്നവളെയാണ്.... അവളുടെ ജീവന് വേണ്ടിയല്ല... അവളുടെ പ്രാണനായവന്റെ ജീവന് വേണ്ടി....

എത്രമാത്രം വേദനിച്ചു കാണും ആ പെണ്ണിന്....!!
ശരീരത്തെക്കാൾ കൂടുതൽ മനസാവില്ലേ കീറി മുറിഞ്ഞത്... ഒട്ടും പ്രാതീക്ഷിക്കാത്ത വിശ്വാസമർപ്പിച്ച ഒരാൾ ഒരൊറ്റ രാത്രി കൊണ്ട് എല്ലാം നശിപ്പിക്കുമ്പോൾ എങ്ങനെയായിരിക്കും ആ പെണ്ണിന്റെ ഹൃദയമതിനെ നേരിട്ടിട്ടുണ്ടാവുക...??

തനിക്കിത്രത്തോളം വേദനിച്ചുവെങ്കിൽ ദച്ചൂനോ....??
അവനവളെ ഒന്ന് കാണണമെന്ന് തോന്നി... ഒന്ന് സംസാരിക്കണം... അവൾ ഓക്കേ ആയോ എന്നറിയണം....
മെഹ്‌റൂനെ ഇടക്ക് വെച്ച് മദ്രസയുടെ മുറ്റത്ത് കണ്ടതും അവൻ അങ്ങോട്ട്‌ നടന്നു...

"ദച്ചു എവിടെ....??"

"അവൾ വരുന്നില്ലെന്ന് പറഞ്ഞു... അവൾ കാരണം നേർച്ച മുടങ്ങണ്ടായെന്ന്... അവൾ പറഞ്ഞതും നേരാണല്ലോ... ഈ നാട്ടിലുള്ള ഓരോന്ന് മതവും ജാതിയും അല്ലെ നാല് നേരം വിഴുങ്ങുന്നേ... ഇവന്മാരെയൊക്കെ അടിച്ച് പുറത്താക്കണം... ദച്ചു തട്ടം ഇട്ടോണ്ടായിരുന്നു വന്നിരുന്നതെങ്കിൽ ഇവരൊക്കെ പൂമാല കൊടുത്ത് സ്വീകരിച്ചേനെ.... എന്ത് പൊട്ടന്മാരാ ഇവിടെയുള്ള കുറച്ച് പേര്... അവരുടെയീ സ്വഭാവം കൊണ്ട് ആളുകൾക്ക് പറ്റിക്കാൻ എളുപ്പമാ...."

മെഹ്‌റു ദേഷ്യത്തിൽ ഓരോന്ന് പറയുന്നത് കേൾക്കുമ്പോ റംസൂന്റെ മനസ്സിൽ എന്തൊക്കെയോ കിടന്ന് കളിക്കുകയായിരുന്നു...
എവിടെയോ എന്തോ ഒരു ചേരായ്മ പോലെ തോന്നി അവന്.... ദച്ചു പറഞ്ഞ പലതും സ്റ്റോറിയിൽ ഉള്ളതുമെല്ലാം മനസിലേക്ക് വന്നതും എന്തോ തീരുമാനിച്ച പോലവൻ പെട്ടെന്ന് മൂസാക്കയുടെ അടുത്തേക്ക് നടന്നു...

"ഉപ്പാ...."

"റംസു... ഇയ്യ് ഇവിടെ കിടന്ന് തിരിയാതെ മൗലൂദ് ഓതുന്നിടത്തേക്ക് ചെല്ല്...."

"ഉപ്പാ എനിക്കൊരു കാര്യം അറിയാനുണ്ട്..."

അവന്റെ മുഖത്തെ ഗൗരവം കണ്ട് അദ്ദേഹം നെറ്റി ചുളിച്ചു...

"ദച്ചൂന് മുന്നേ ആരെങ്കിലും അന്യമതക്കാർ നമ്മടെ നാട്ടിൽ വന്ന് താമസിച്ചിരുന്നോ....??"

"നിനക്കിപ്പോ എന്തിനാ അതൊക്കെ....??"

"അത്യാവശ്യാ ഉപ്പാ... ഒന്ന് പറ...."

അദ്ദേഹമൊന്ന് ചിന്തിച്ചു...

"എന്റെ ഓർമയിൽ അങ്ങനൊന്നും ഇല്ലല്ലോ...."

പ്രതീക്ഷിച്ച ഉത്തരം കിട്ടാഞ്ഞതിനാൽ അവനൊന്ന് ശ്വാസം നീട്ടി വലിച്ച് തിരിഞ്ഞ് നടന്നു....

"അല്ല റംസൂ...."

പെട്ടെന്ന് പിറകിൽ നിന്നദ്ധേഹം വിളിച്ചതും അവൻ വേഗത്തിൽ തിരിഞ്ഞു നോക്കി...

"രണ്ട് വർഷം മുന്നെയല്ലേ ഞാനും നിന്റെ ഉമ്മയും കൂടി ഹജ്ജ് ചെയ്യാൻ മക്കത്ത് വന്നേ....??"

അവൻ ആണെന്ന് തല കുലുക്കി...

"എന്റെ ഓർമ ശെരിയാണെങ്കിൽ അന്നൊരു കൂട്ടർ ഇവിടെ വന്ന് താമസിച്ചിരുന്നു.... ഒരു ഭാര്യയും ഭർത്താവും ആണെന്ന് തോന്നുന്നു...."

അവൻ വല്ലാതെയൊന്ന് ഞെട്ടി... ഹൃദയമിടിപ്പ് കൂടി...

"നമ്മൾ ഇവിടെ ഇല്ലാതിരുന്നത് കൊണ്ട് എനിക്ക് ശെരിക്ക് അറിയില്ല.... ആ പോക്കര് അവിടെ നിക്കുന്നുണ്ട്... ഓന്ക്ക് നന്നായി അറിയുന്നുണ്ടാവും...."

അദ്ദേഹം പറഞ്ഞത് കേട്ടവൻ ഒന്ന് മൂളി പെട്ടെന്ന് ആളുകൾക്കിടയിലൂടെ പള്ളിയുടെ മതിലിൽ ചാരി നിൽക്കുന്ന പോക്കരെ ലക്ഷ്യം വെച്ച് നടന്നു...

"ഇക്കാ...."

അവന്റെ വിളി കേട്ട് അയാൾ തിരിഞ്ഞവനെ നോക്കി പുഞ്ചിരിച്ചു...

"എന്താടാ റംസൂ... മൗലൂദ് ഓതുന്നില്ലേ....??"

"അതല്ല ഇക്കാ... ഉപ്പ പറഞ്ഞു... ഞങ്ങൾ മക്കത്ത് ആയിരുന്ന സമയത്ത് തറവാട്ടിൽ അന്യമതത്തിൽ പെട്ട ആരോ വന്ന് താമസിച്ചിരുന്നു എന്ന്... അത് ഉള്ളതാണോ....??"

അയാളൊന്ന് പുരികം ചുളിച്ചു.... പിന്നെ തല കുലുക്കിക്കൊണ്ട് അവനെ നോക്കി...

"ആ ഉള്ളതാ... അന്ന് നിന്റെ പെങ്ങളൂട്ടി പഠിക്കാൻ ഏതോ കുടുംബവീട്ടിലും പോയത് കൊണ്ട് അവരെ കാര്യങ്ങളൊക്കെ ഞങ്ങളല്ലേ നോക്കിയേ...."

"അവരെ പേര് വല്ലതും ഓർമ്മയുണ്ടോ ഇക്കാക്ക്....??"

ചോദിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടി വരുന്നതവൻ അറിയുന്നുണ്ടായിരുന്നു...

"അതൊന്നും അറീല... ഭാര്യേം ഭർത്താവും ആണെന്നാ പറഞ്ഞേ... ആ കൊച്ചിന് പള്ളേലും ഉണ്ടാർന്നു... ആ ചെക്കൻ ആണേൽ എണീറ്റ് നടക്കാൻ പറ്റാത്ത കോലത്തിലും...."

റംസൂന് ഹൃദയം നിലച്ച പോലെ തോന്നി... ചെവി രണ്ടും കൊട്ടിയടക്കപ്പെട്ട പോലെ...
അപ്പൊ താനും ദച്ചുവും സംശയിക്കുന്നത് ശെരിയാണോ...??

"അവരധികം പുറത്തോട്ടൊന്നും ഇറങ്ങില്ലായിരുന്നു.... അതോണ്ട് ഇവിടെ ആർക്കും അവരെ ഓർമ കാണില്ല... ഉസ്താദ് പറഞ്ഞിട്ട് ചെക്കന്മാർ ആരേലുമൊക്കെയാ ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാറ്... എന്നിട്ടെന്താ ഉണ്ടായേ... കാഫീറീങ്ങളെ അടുപ്പിക്കരുതെന്ന് പറഞ്ഞാ കേൾക്കൂലല്ലോ.... ഇതുപോലൊരു നേർച്ച കഴിഞ്ഞ പിറ്റേദിവസം രണ്ടെണ്ണത്തിനെയും കാണാനില്ലായിരുന്നു... ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല അവറ്റകൾ...
ഇനി ആ പെങ്കൊച്ചും അതുപോലെ പോവാതെ നോക്കിക്കോ... വല്ല പൈസയും തരാനുണ്ടേൽ മേടിച്ച് വെച്ചേക്ക്...."

അവൻ ബാക്കിയൊന്നും കേൾക്കാൻ നിൽക്കാതെ വേഗത്തിൽ തിരിഞ്ഞോടി... ആളുകളെ വകഞ്ഞു മാറ്റിയവൻ പായുകയായിരുന്നു...
ആ ഓട്ടം എത്തി നിന്നത് തറവാട് വീടിന്റെ മുന്നിൽ എത്തിയപ്പോഴായിരുന്നു....

"ദച്ചൂ...."

ഉറക്കെ വിളിച്ചു കൊണ്ടവൻ ചാരി വെച്ചിട്ടുള്ള ഡോർ തുറന്ന് അകത്തേക്ക് കയറി.... അനക്കമൊന്നും കാണാത്തത് കാരണമവൻ വേഗത്തിൽ സ്റ്റെപ്സ് കയറി അവളെ റൂമിൽ ചെന്ന് നോക്കി.... അവിടെയും അവളെ കാണാതെ സംശയത്തോടെ അതിലുപരി വെപ്രാളത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൻ പെട്ടെന്നൊന്ന് നിന്ന് തല ചെരിച്ചു നിലത്തേക്ക് നോക്കി....
നിലത്ത് തുറന്ന് കിടക്കുന്ന രീതിയിൽ വേറൊരു ഡയറി കണ്ടതും അവൻ പെട്ടെന്നത് കയ്യിലെടുത്ത് വായിച്ചു....

ഓരോ പേജ് വായിക്കുമ്പോഴും വല്ലാത്തൊരു മരവിച്ച അവസ്ഥയിൽ അവൻ പിറകിലെ ചുമരിലേക്ക് ചാരി നിന്ന് പോയിരുന്നു.... എത്രയോ നേരം അവൻ അങ്ങനെത്തന്നെ നിന്നു.... ശരീരം മുഴുവൻ ആരോ ചുറ്റി വരിഞ്ഞ പോലെ തോന്നിയവന്.... ഒന്നും അനക്കാൻ കഴിയാത്ത പോലെ.....
എപ്പോഴോ ബോധം വന്നതും വിറക്കുന്ന ശരീരത്തോടെയവൻ ധൃതിയിൽ താഴേക്കിറങ്ങി പൂട്ടിക്കിടക്കാറുള്ള ആ മുറിയുടെ തുറന്നിട്ട ഡോറിലേക്ക് നോക്കി... ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്ന വെളിച്ചം കണ്ടവൻ പതിയെ അങ്ങോട്ട് ചെന്ന് നോക്കി....

നിലത്ത് ആർക്കും കാണാൻ പോലും കഴിയാത്ത രീതിയിൽ ക്രൂരമായി മർദ്ധിക്കപ്പെട്ട് അവയവങ്ങളെല്ലാം വേർപ്പെട്ട് രക്തം വാർന്ന് കിടക്കുന്ന ആ ശരീരത്തെ ഒന്നേ നോക്കിയുള്ളു അവൻ.... മുഖം തിരിച്ചവൻ കണ്ണുകൾ ഇറുകെയടച്ചു... കൈമുഷ്ടി സ്വയമേ ചുരുണ്ട് കൂടി....
പച്ചമാംസത്തിന്റെ പുളിപ്പുള്ളൊരു മണം മൂക്കിലേക്ക് തുളച്ചു കയറിയതും വയറ്റിലെന്തോ ഉരുണ്ട് കൂടുന്ന പോലെ തോന്നിയവന്....

സ്വയം നിയന്ത്രിച്ചു കൊണ്ട് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ മുഖം തിരിച്ചവൻ കണ്ണുകൾ തുറന്ന് ആ ശരീരത്തിന്റെ മുഖത്തേക്ക് നോക്കി....
അടപടലം ഞെട്ടി വിറച്ചു കൊണ്ടവൻ തളർന്നു പോവാതിരിക്കാനായി കൈകൾ ചുമരിലേക്ക് കുത്തി നിർത്തി....

"അലി....!!"

വിറയലോടെ അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു....
ശ്വാസഗതി മാറി മറിഞ്ഞു... ഹൃദയം പൊട്ടിപ്പോകും വിധത്തിൽ മിടിക്കാൻ തുടങ്ങി.... ഒന്ന് രണ്ട് നിമിഷം ആ ശവത്തിലേക്ക് തന്നെ നോക്കി നിന്ന ശേഷം സംയമനം പാലിച്ചു കൊണ്ടവൻ പുറത്തേക്ക് ഓടുമ്പോൾ മനസ്സിൽ പലവാക്കുകളും മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു....

""അപ്പൊ മുസ്ലിംസ് ഏത് നാട്ടിൽ നിന്ന് വന്നാലും നല്ല സ്വീകരണം ആയിരിക്കുമല്ലേ....""

""ഈ നാട്ടിലുള്ള ഓരോന്ന് മതവും ജാതിയും അല്ലെ നാല് നേരം വിഴുങ്ങുന്നേ... ഇവന്മാരെയൊക്കെ അടിച്ച് പുറത്താക്കണം... ദച്ചു തട്ടം ഇട്ടോണ്ടായിരുന്നു വന്നിരുന്നതെങ്കിൽ ഇവരൊക്കെ പൂമാല കൊടുത്ത് സ്വീകരിച്ചേനെ.... എന്ത് പൊട്ടന്മാരാ ഇവിടെയുള്ള കുറച്ച് പേര്... അവരുടെയീ സ്വഭാവം കൊണ്ട് ആളുകൾക്ക് പറ്റിക്കാൻ എളുപ്പമാ....""

ഓടി കിതച്ചു കൊണ്ടവൻ മെയിൻ റോഡിലേക്ക് എത്തിയതും മുന്നോട്ട് നോക്കി.... മുന്നിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ തോളിൽ ബാഗുമായി വേഗത്തിൽ നടക്കുന്നയാ നിഴൽ കണക്കെയുള്ള രൂപം അവൻ വ്യക്തമായി കണ്ടു....

*"നേത്രാ.....!!!!!"*

അവൻ ഉറക്കെ വിളിച്ചു...
അരുതാത്തതെന്തോ കേട്ട പോലെ ആ കാലുകൾ നിശ്ചലമായി....!! കണ്ണുകൾ ഭയത്തോടെ വിടർന്നു... ശ്വാസഗതി കൂടി... നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു...
കിതപ്പോടെ അവളെത്തന്നെ നോക്കി നിന്നിരുന്ന അവനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതവൾ ഇരട്ടി വേഗത്തിൽ മുന്നോട്ട് നടന്നതും അവന്റെ ചുണ്ടുകൾ വേദനയോടെ ഒന്ന് വിടർന്നു.... ഒന്ന് രണ്ട് നിമിഷം വേഗത്തിൽ മുന്നോട്ട് നടക്കുന്നവളെത്തന്നെ നോക്കി നിന്ന ശേഷം പതിയെയവൻ കയ്യിലുള്ള ഡയറി തുറന്ന് ആദ്യത്തെ പേജിലുള്ള വാക്കുകൾ വീണ്ടും വായിച്ചു....

""രണ്ട് വർഷം....
അത്രമേൽ ക്രൂരമായി കൊന്ന് തള്ളിയിട്ടും ഉള്ളിലെവിടെയോ ബാക്കി നിന്നയാ ജീവനെന്നിൽ പഴയ രൂപത്തിലേക്ക് ആയിത്തീരാൻ വേണ്ടി വന്നത് രണ്ട് വർഷം....
പ്രണയവും ജീവിതവും എല്ലാം തകർന്നിരിക്കുന്നു.... പിന്നെന്തിനാണ് എനിക്കീ ജീവൻ തിരികെ നൽകിയിരിക്കുന്നത്....?? ഇനിയും വിധിയോട് തോൽക്കാനോ....?? ഒറ്റക്ക് അനുഭവിച്ച് തീർക്കാനോ....??
നഷ്ടപ്പെട്ട ജീവനുകളെ ഓർത്ത് ഒരു ഭ്രാന്തിയായി അലറിവിളിച്ച് കരയാനോ....??

അല്ല.... ഒരിക്കലുമല്ല....!!
എന്റെ പ്രണയവും ജീവിതവുമെല്ലാം ഒരൊറ്റ രാത്രി കൊണ്ട് തകർത്തയാ വ്യക്തി.... അവൻ.... *അലി...!!*
ചേച്ചിയെന്ന് വിളിച്ച വായ കൊണ്ട് എന്നെ കടിച്ചു കീറിയവൻ.... അവന് വേണ്ടിയാണീ ജീവൻ തിരികെ ലഭിച്ചിരിക്കുന്നത്....
മതത്തിന്റെ പേരിൽ ആ നാട്ടുകാരെ പറ്റിച്ച് എത്ര പെൺകുട്ടികളുടെ ജീവിതമവൻ തകർത്തിട്ടുണ്ടെന്ന് എനിക്കറിയുകയില്ല.... പക്ഷെ ഇനിയൊരു പെൺകുട്ടിയെ പോലും അവന്റെ ക്രൂരതക്ക് ഇരയാക്കാൻ ഞാൻ സമ്മതിക്കുകയില്ല....

അതെ ഞാൻ വരികയാണ്... അവനെ തേടി.... എന്റെ പ്രാണനായവനെയും പ്രണയത്തെയും ജീവിതത്തെയും കണ്മുന്നിൽ വെച്ച് ചവിട്ടിയരച്ച് വഴിയിൽ കളഞ്ഞവനുള്ള മരണമെന്ന ശിക്ഷയും കൊണ്ട് ഞാൻ വരികയാണ്.... ഇനിയത് നടപ്പിലാക്കി കഴിഞ്ഞിട്ടേ എനിക്ക് മടക്കമുള്ളൂ.... അവനെന്നെ മറന്ന് കാണുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.... പക്ഷെ എനിക്കവനെ മറക്കാൻ കഴിയുകയില്ലല്ലോ....
കാരണം,,

*ഞാൻ...പ്രതികാരത്തിനായി പുനർജനിച്ചവൾ...!!*

*നേത്ര.....!!🔥*""

ഒരു തുള്ളി കണ്ണുനീരവന്റെ കണ്ണുകളിൽ നിന്നാ പേരിലേക്ക് ഉറ്റി വീണു....
കാതുകളിൽ പതിയെ ഒരു വിളി ഉയർന്ന് കേട്ടു...

""നേത്രാ......!!""

""വിച്ചേട്ടൻ ന്റെ പ്രാണനല്ലേ....!!""






*അവസാനിച്ചു.....!!*


ഒരുപാട് കാര്യങ്ങൾ അപൂർണമാക്കിക്കൊണ്ടുള്ളൊരു അവസാനം....!!
കഥയെന്താണെന്നായിരുന്നു കഥയിലെ ട്വിസ്റ്റ്‌.... ഇതായിരുന്നാ കഥ... ഇതാണാ കഥ....!!
ഒന്നും മനസിലാവാത്തവരും മനസിലായവരും എല്ലാം ഉണ്ടെന്നറിയാം.... ഒന്ന് ശ്രദ്ധിച്ചു വായിച്ചു നോക്കിയാൽ തീരാവുന്ന സംശയങ്ങളെ ഉള്ളൂവെന്ന് വിശ്വസിക്കുന്നു....
ഇതൊരു ചെറിയ കഥയായിരുന്നു.... പ്രതികാരത്തിനായി പുനർജനിച്ച നേത്രയുടെ കഥ.... ആ പ്രതികാരം പൂർത്തിയായത് കൊണ്ട് തന്നെ കഥയും ഇവിടെ അവസാനിക്കുന്നു...!!

ഇതെനിക്ക് ക്ളീഷേ ആയി തോന്നിയത് കൊണ്ടാണ് ഞാനങ്ങനെ ആദ്യമേ പറഞ്ഞത്... പക്ഷെ നിങ്ങളോരോരുത്തരും ഞാൻ പ്രതീക്ഷിച്ചതിലുമുപരി നേത്രയെയും അവള്ടെ വിച്ചേട്ടനെയും നെഞ്ചിലേറ്റി.... കൂട്ടത്തിൽ ദച്ചൂനെയും റംസൂനെയും മെഹ്‌റൂനെയും പിന്നെ 'അലി' യെയും....!! പലർക്കും ഈ ഭാഗം ഇഷ്ടമായിക്കാണുമോ എന്നെനിക്ക് സംശയമാണ്... കാരണം നിങ്ങൾ പ്രതീക്ഷിച്ചത് മറ്റു പലതുമായിരുന്നു.... പക്ഷെ ഞാൻ തുടക്കം മുതൽ എഴുതിയത് അവളുടെ പ്രതികാരത്തിലേക്കുള്ള വഴിയായിരുന്നു.... ആ മുറിയും ജിന്നും കാണാതായ സ്ത്രീയുമെല്ലാം ആ വഴിയിലൂടെ കടന്ന് പോയ ഓരോ ഘടകങ്ങൾ മാത്രം.... ജിന്നിനെ കാത്തിരുന്നവരെയും ആ മുറിയിലെ നിഗൂഢതയെ അറിയാൻ ശ്രമിച്ചവരെയുമൊക്കെ ഞാൻ നിരാശയാക്കിയെന്നറിയാം... സത്യത്തിൽ ആ മുറിയിൽ ജിന്നുണ്ടോ എന്നും ആ സ്ത്രീ എവിടെപ്പോയെന്നും എനിക്കും അറിയുകയില്ല.... അതെന്നിലും നിഗൂഢതയാണ്....!! നിങ്ങളിലും അങ്ങനെത്തന്നെ തുടരട്ടെ....

കിളി പോയി ഇരിക്കുന്ന കുറച്ച് പേരെങ്കിലും കാണും....
നേത്ര...?? ദച്ചു....?? എന്ന രണ്ട് വലിയ ചോദ്യചിഹ്നങ്ങൾ മനസ്സിൽ തെളിഞ്ഞ കുറച്ച് പേരും.... എന്തൊക്കെയായാലും വായിച്ചവരെല്ലാം അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു....

നേത്രയെയും അവള്ടെ വിച്ചേട്ടനെയും അത്രമേൽ സ്നേഹിച്ച എല്ലാവരോടും തിരിച്ചും ഒത്തിരി സ്നേഹത്തോടെ❤️

✍️ Fayiza Sherin



Comments

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌