തണലായ് | ✍️ NASRIN ALI | ഫുൾ പാർട്ട്
തണലായ്
ഫുൾ പാർട്ട്
വള്ളിപ്പടർപ്പിന് മുകളിൽ കൂടെ പടർന്നു കയറിയ മുല്ലവള്ളിയിൽ നിന്നും ഏന്തി വലിഞ്ഞു ഓരോ മുല്ല പൂക്കൾ ഇറുത്തെടുത് ധൃതിയോടെ തലയിലിട്ട ഷാളിന്റെ ഒരു അറ്റത്തേക്ക് ഇടുമ്പോഴാണ് ഒരു അലർച്ച പോലെ വാപ്പാന്റെ ശബ്ദം എന്നിലേക്ക് എത്തിയത്
നഷ്‌വാ......
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ കത്തുന്ന മിഴികളുമായി എന്റെ തൊട്ടടുത്തെക്ക് നടന്നടുക്കുന്നുണ്ടായിരുന്നു വാപ്പ
അല്ലാഹ്... ആ മുഖം കണ്ടു ഭയം കൊണ്ട് കയ്യും കാലും വിറച്ചു ഞാൻ തല താഴ്ത്തി നിന്നു.
ഡീ.... നീ എന്തെടുക്കുവാ ഇവിടെ പറഞ്ഞ പണി ചെയ്യാതെ. ആരെ കാണിക്കാനാണെടീ ഈ പൂവൊക്കെ പെറുക്കി കൂട്ടണത്.
ദേഷ്യത്തോടെ വാപ്പയെന്റെ കയ്യിൽ നിന്നുമാ പൂക്കൾ വലിച്ചെടുത്തു ചവിട്ടിയരച്ചു
വാപ്പാന്റെ ശകാരം തുടരുമ്പോഴും ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി പെറുക്കി കൂട്ടിയ വിറകു ചുള്ളികൾ വാരിയെടുത്തു വേഗത്തിൽ വീട്ടിലേക്ക് നടന്നു. കുറച്ചധികം ദൂരമുണ്ട് വീട്ടിലേക്ക്. പക്ഷെ ഒറ്റക്ക് വന്നു വന്നു ഇപ്പൊ ഈ വഴിയൊക്കെ പരിചിതമായിരിക്കുന്നു. ചുണ്ടിൽ ദിക്റിന്റെ വരികളുമായി നടക്കുന്ന തനിക്കൊരിക്കലും ഒരു പ്രാണിയുടെ പോലും ശല്യം ഉണ്ടായിട്ടില്ല. ഇപ്പൊ തനിക്ക് പേടി തന്റെ വീട്ടിലെ മനുഷ്യരെ മാത്രമാണ്. ഒരു മനുഷ്യ ജീവിയാണെന്ന പരിഗണന പോലുമില്ലാതെ രാപകൽ പണിയെടുപ്പിക്കുന്ന അവരെ ഓർത്തപ്പോൾ എന്തോ മനസ്സിൽ വല്ലാത്തൊരു ഭയം തോന്നി.
അതെ നിമിഷം എന്ത് കൊണ്ടോ എനിക്കെന്റെ ഉമ്മച്ചിയേയും ഉപ്പച്ചിയെയും കാണണമെന്ന് തോന്നി.
ഇവിടെ ഈ വീട്ടിൽ മരുമകൾ ആയി കയറി വന്നിട്ടിപ്പോൾ മൂന്നുമാസത്തോളമായിരിക്കുന്നു..
മേലേതിൽ തറവാട്ടിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ ഏറ്റവും ഇളയ മരുമകളായി.
ഈ പതിനഞ്ചാം വയസ്സിൽ താനിന്നൊരു ഭാര്യയാണ്. താങ്ങും തണലും ആവേണ്ട ഒരാളുടെ തണലാവേണ്ടി വന്നവൾ
ആ ഓർമ്മയിൽ എന്തോ വേദന കൊണ്ടെന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഒരു കുഞ്ഞു വീടും ഉപ്പച്ചിയും ഉമ്മച്ചിയും അതായിരുന്നു എന്റെ ലോകം. കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് വരെ.
അറിയാതെ ഞാൻ ആ ഓർമ്മകളിലേക്ക് വീണു
******** ****** ******
നച്ചൂ..... മോളെ നച്ചൂ
നച്ചൂ..... ഡീ നഷ്‌വാ....
ഉമ്മയുടെ വിളി യുടെ കടുപ്പം കൂടിയപ്പോൾ ഞാൻ അടുക്കളയിലേക്ക് ഓടി കയറി
എന്താ.. ഉമ്മച്ചി...
എന്താ ന്നോ? ഒന്നും അറിയാത്ത പോലെ നിൽക്കണത് കണ്ടിലെ
ഞാൻ എന്ത് ചെയ്തൂന്ന ഉമ്മച്ചി പറയണത്
ഒന്നും ചെയ്തില്ല. അതെന്നെ പറയണത്. നാളെ മറ്റന്നാൾ കെട്ടിച്ചു വിടാനുള്ളതാ സ്കൂളിൽ പോവുമ്പത്തിന് എന്തെങ്കിലും ഒരു പണിയെടുത്തു തന്നൂടെ
എന്ത് പറഞ്ഞാലും കല്യാണം ഒലക്ക മണ്ണാങ്കട്ട അതിൻമേൽ തന്നെ ഈ ഉമ്മച്ചി എത്തും
മുഖം വീർപ്പിച്ചു ഉമ്മച്ചിയെ ജോലിയിൽ സഹായിക്കുമ്പോൾ ഉമ്മച്ചി ചിരി അടക്കി നിർത്താൻ പാട് പെടുന്നുണ്ടായിരുന്നു.
ദിനങ്ങൾ കൊഴിഞ്ഞു വീഴവേ..
എന്റെ സന്തോഷങ്ങളെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു ഒരു ദിനം എന്റുപ്പച്ചി ആ വാർത്ത വന്നു പറഞ്ഞത്
കോടീശ്വരനായ മേലേതിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ ഇളയ മകൻ റബാഹുമായിട്ട് തന്റെ വിവാഹം നടത്തുമെന്ന്
ഒരാഴ്ചക്കുള്ളിൽ എടുപിടീന്ന് പറഞ്ഞു ആ കല്യാണം നടത്തുമ്പോൾ നാട്ടുകാർ മുഴുവൻ അസൂയയോടെ തന്നെ നോക്കി. കൂലിപ്പണിക്കാരൻ അസറുവിന്റെ മകൾ നശ്‌വ ക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ ബന്ധം.
പക്ഷെ....
വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ചെന്ന് കയറിയ നിമിഷം മുതൽ എനിക്ക് മനസ്സിലായി ഇതെന്റെ ഭാഗ്യമല്ല,എന്റെ ജീവനെടുക്കാൻ പാകത്തിലുള്ള നിർഭാഗ്യമാണെന്ന്.
മനസ്സിൽ ഒരു പിടി മോഹങ്ങളും കുഞ്ഞു സ്വപ്നങ്ങളുമായി ഈ വീട്ടിൽ വലതു കാൽ വെച്ച് കയറിയപ്പോൾ അത് എല്ലാം തകർന്നു ഒരു പിടി ചാരമാവാൻ ഒരു ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ
സ്വന്തം ജീവനായി കരുതുന്ന മകളെ മറ്റൊരു പുരുഷന്റെ കൈകളിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ ആ പിതാവിന്റെ ഹൃദയം വിങ്ങുന്നുണ്ടാവും ഇവളിനി തനിക്കൊരു വിരുന്നുകാരി മാത്രമാവുമല്ലോയെന്ന് ഓർത്തു കൊണ്ട്
എങ്കിലും ആഗ്രഹിക്കും അവൾ ചെന്നുകയറുന്ന വീട്ടിലെ രാജകുമാരി യായെങ്കിലെന്ന്
പക്ഷെ....
മഹർ തന്നവൻ പോലും എനിക്ക് ആ വീട്ടിൽ ഒരു സ്ഥാനം നൽകില്ലെന്ന് അധികം വൈകാതെ മനസ്സിലായി.
നഷ്‌വാ....
നീ എന്താലോചിച്ച് നടക്കാ. ഒന്ന് വേഗം പോരെന്റെ കുട്ടീ..
ഉമ്മയുടെ വിളിയിൽ ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ കയ്യിലുള്ള വിറക് ചായ്പ്പിലിട്ടു ഉമ്മയുടെ അടുത്തേക്ക് നടന്നു
എന്താ മോളെ വൈകിയേ??
ഞാനാകെ പേടിച്ചു. ഉപ്പാനെ കണ്ടോ നീ
ഉം... കണ്ടു മ്മാ...
എന്തേലും പറഞ്ഞു ന്റെ കുട്ടിന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടാവും ല്ലേ. സാരല്ല ട്ടോ ഒക്കെ ശരിയാവും. പടച്ചവന്റെ പരീക്ഷണം ആയിരിക്കും എല്ലാം. നിനക്കും ഒരു നല്ല കാലം വരും.
ഉമ്മാ ഇക്ക സ്കൂളിൽ ന്ന് വന്നോ
ഉം.. ഇപ്പൊ വന്നു കയറിയെ ഉള്ളു. നീയെന്തെങ്കിലും അവൻ വേണോയെന്ന് ചോയ്ച്ചു നോക്കീട്ടു വാ..
ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ റൂമിലോട്ട് നടക്കുമ്പോഴും എന്റെ ഉള്ളിൽ ആധിയായിരുന്നു. ഈ വീട്ടിൽ എന്നെ സ്നേഹിക്കുന്ന ഒരേയൊരാൾ ഉമ്മ മാത്രമാണ്. അതോണ്ട് എതിർക്കാനും വയ്യ.
ഇക്കാ... ചായ എടുക്കട്ടെ
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്ന്
ഉമ്മ... ഉമ്മ.. പറഞ്ഞയച്ചതാ എന്നെ
എനിക്കെതിരെ ചീറിയടുക്കുന്ന ഇക്കാക്ക് മുന്നിൽ ഞാൻ പേടിച്ചരണ്ട് നിന്നു
എന്തോ എന്നിലേക്ക് എത്തുന്നതിനു മുൻപേ ഇക്ക ശാന്തനാവുന്നത് കണ്ടു
നീ ഇതുവരെ എവിടെയായിരുന്നു??
ഞാൻ തൊടിയിൽ വിറക് പെറുക്കാൻ
ഇവിടെ അതിന് ജോലിക്ക് ആളില്ലേ
ഉം......
മൂളാതെ കാര്യം പറയെടീ
ഉണ്ട്
പിന്നെയെന്താ നീ അതൊക്കെ ചെയ്യണത്
വാപ്പ പറഞ്ഞിട്ട്..
ഉം.. പൊയ്ക്കോ...
ഇക്കയുടെ മാറ്റം എന്നെ വല്ലാതെ അത്ഭുത പ്പെടുത്തി
വിവാഹ ശേഷം ആദ്യമായി എന്നോട് ഇത്രയും സമയം വഴക്ക് പറയാനായിട്ടാണെങ്കിലും സംസാരിച്ചിരിക്കുന്നു
അൽഹംദുലില്ലാഹ്.. അൽഫ മറ
ഈ വീട്ടിലേക്ക് എത്തിയ അന്ന് തന്നെ എനിക്കൊരു കാര്യം മനസ്സിലായിരുന്നു ഇക്ക ക്ക് ഈ വീട്ടിൽ ഉമ്മയൊഴിച് മറ്റാരുമായും അടുപ്പം ഇല്ലെന്ന്.
ഇക്കയുടെ വാപ്പയും മൂത്ത മൂന്നു ഇക്കമാരും അവരുടെ ഭാര്യമാരും ഇക്കയെ ഒരു താഴ്ന്നവനായിട്ടായിരുന്നു കണ്ടിരുന്നത്.
അതെന്താണെന്ന് എനിക്ക് മനസ്സിലായത് പിന്നീടാണ്
പൗരുഷം നിറയും മുഖഭാവം ഒക്കെയുണ്ടെങ്കിലും പൂർണ്ണമായിട്ടല്ലെങ്കിലും ചിലപ്പോഴൊക്കെ ഇക്കയുടെ പെരുമാറ്റം സ്ത്രീകളുടേത് പോലെ യായിരുന്നു. ചിലകാര്യങ്ങളിൽ മാത്രം. ഒറ്റക്കൊരു തീരുമാനം എടുക്കാനോ തന്റേടത്തോടെ ഒരാളുടെ മുഖത്ത് നോക്കി കാര്യങ്ങൾ പറയാനുമൊക്കെ ആത്മവിശ്വാസമില്ലാതെ
വാപ്പാന്റെ ഒരു കാര്യത്തിനും ഇക്കയെ ഉൾപ്പെടുത്തിയിരുന്നില്ല. ഉമ്മാന്റെ ഷെയർ കിട്ടിയ വകയിൽ ഉമ്മാന്റെ പേരിലുള്ള ഒരു സ്കൂൾ ഉണ്ട്. അതിൽ പഠിപ്പിക്കാണ് ഇക്ക
പലപ്പോഴും ഉമ്മ ഇക്കാക്ക് വേണ്ടി വാപ്പയുടെ മുന്നിൽ വാദിക്കുന്നത് കാണാം.
മക്കളെയെല്ലാം ഒരുപോലെ കാണണമെന്നും അതാണ് ഇസ്ലാം നമ്മെ പഠിപ്പിച്ചതെന്നൊക്കെ ഉമ്മ പറഞ്ഞാലും ഉപ്പ പുച്ഛിച്ചു തള്ളും.
ആ ഒരു സ്ഥാനമേ അവര് എനിക്കും ആ വീട്ടിൽ തന്നിരുന്നൊള്ളു
പാവപ്പെട്ട വീട്ടിൽ നിന്നുമൊരു കുട്ടി യാൽ ഒന്നും പുറത്തറിയില്ലെന്ന് അവര് കണക്ക് കൂട്ടി
ആരും കൂട്ട് കൂടാതെ ഇക്ക ആ വലിയ വീട്ടിനുള്ളിൽ തനിച്ചായപ്പോൾ എന്നെയും ഇക്കാക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു പക്ഷെ ഞാനും അവരെ പോലെ ഇക്കയെ പരിഹാസങ്ങൾ കൊണ്ട് വേദനിപ്പിച്ചേക്കാമെന്ന് ഇക്ക ഭയപ്പെട്ടു കാണും
പക്ഷെ.. ഇന്നിപ്പോ....
ആ കണ്ണുകളിൽ കണ്ടത് എന്നോടുള്ള കരുതൽ ആയിരിക്കുമോ
വൈകീട്ട് വാപ്പയും ഉമ്മയും ഇക്കാക്കമാരും സംസാരിച്ചിക്കുന്നതിനിടയിൽ പതിവ് തെറ്റിച്ചു ഇക്ക കടന്നു വന്നു
വാപ്പാ..... എനിക്കൊരു കാര്യം പറയാനുണ്ട്
എന്താണാവോ
പുച്ഛവും പരിഹാസവും കലർത്തി വാപ്പ മറു ചോദ്യം ഉന്നയിച്ചപ്പോൾ
ഹാളിലെ വലിയൊരു ഫ്‌ളവർ വൈസ് കൊണ്ട് ഇക്ക ഒരൊറ്റ അടിയായിരുന്നു ടേബിളിൽ
അടുക്കളയിൽ കൂട്ടിയിട്ടിരുന്ന പാത്രങ്ങളോട് തനിച്ചു മല്ലിടുകയായിരുന്ന ഞാൻ ശബ്ദം കേട്ടു എന്താണ് സംഭവിച്ചെതെന്നറിയാതെ ഹാളിലേക്ക് ഓടി കയറി
അപ്പോൾ എന്തിനെന്നറിയാതെ ഇക്കയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു പകച്ചു കൊണ്ട് എല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു
ഉടഞ്ഞു ചിതറി കിടക്കുന്ന ഗ്ലാസ് കഷ്ണങ്ങളിലേക്കും ഇക്കാന്റെ മുഖത്തേക്കും എല്ലാവരും പകച്ചു നോക്കി
ഡാ... റബാഹ്... . നിനക്ക് ഭ്രാന്ത് പിടിച്ചോ.... നീ...
വാപ്പ ഇക്കയോട് ദേഷ്യത്തോടെ ചോദിക്കുന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇക്ക അലറി
അതെ എനിക്ക് ഭ്രാന്താ... മുഴുത്ത ഭ്രാന്ത്.. അതോണ്ടാണല്ലോ എത്ര പരിഹസിച്ചിട്ടും വേദനിപ്പിച്ചിട്ടും നിങ്ങളോടൊരു മറുത്തൊരു വാക്ക് മിണ്ടാതെ എല്ലാം സഹിച്ചു നിന്നത്. പക്ഷെ.... ഇനി എന്റെ നേരെ യെങ്ങാനും നിങ്ങളുടെ നാവ് പൊന്തിയാൽ വാപ്പയാണെന്ന് ഞാൻ നോക്കൂല. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഈ പെണ്ണുമ്മാന്റെ കയ്യിന്റെ ചൂടറിയും
അല്ലാഹ്.... സ്വന്തം വാപ്പയോട് ആണ് ഇക്ക കയർത്തു സംസാരിക്കുന്നത്. വാപ്പാക്ക് നേരെയാണ് ഇക്കയുടെ കൈ ഉയരുന്നത് പാടില്ല തടയണം.. എന്ത് ചെയ്താലും മൂത്തവരെ നമ്മൾ ബഹുമാനിക്കണം
ഞാനറിയാതെ തന്നെയെന്റെ കാലുകൾ ഇക്കയെ ലക്ഷ്യമാക്കി നടന്നു കൊണ്ടിരുന്നു.
അരുത്.. ഇക്കാ... വാപ്പയോട് അങ്ങനെയൊന്നും പറയല്ലേ
ഇതുവരെ താൻ ഒരു പുൽക്കൊടി യുടെ പോലും വില കൊടുക്കാത്ത തന്റെ മകൻ ഇന്ന് മറ്റു മക്കളുടെയും മരുമക്കളുടെയും മുൻപിൽ തന്റെ നേരെ കയ്യുയർത്തിയിക്കുന്നു.
അപമാനവും പകയും കൊണ്ട് വേവുന്ന വാപ്പ ക്കരികിൽ പറഞ്ഞു തീരാതെ പിന്നെയും പിന്നെയും അലറി വിളിക്കുന്ന ഇക്കയെ വട്ടം പിടിച്ചു കൊണ്ട് ഞാൻ കെഞ്ചി.
അടുത്ത നിമിഷം വാപ്പയുടെ നേരെ ഉയർത്തി സംസാരിക്കുന്ന ഇക്കയുടെ കൈകൾ പതിച്ചത് എന്റെ മുഖത്തായിരുന്നു. ദേഷ്യവും വാശിയും എല്ലാം കയ്യിലേക്ക് ആവാഹിച്ച പോലെ ആ കൈകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു അപ്പോൾ.
അതുകൊണ്ട് തന്നെ ആ അടിയുടെ ശക്തിയിൽ ഞാൻ മുഖമടിച്ചു നിലത്തു വീണു.
പോ.... എന്റെ കണ്മുന്നിൽ നിന്നും എങ്ങോട്ടെങ്കിലും പോ..
അല്ലെങ്കിൽ തന്നെ മനുഷ്യന് സ്വസ്ഥത യും സമാധാനവും ഇല്ല. അതിന്റെ ഇടയിലാണ് നിന്റെ ഒരു അഭിനയം. ഒന്ന് പോയിതരോ എന്റെ ജീവിതത്തിൽ നിന്നും ഒന്ന് .... പ്ലീസ്...
വീണുകിടക്കുന്ന എന്റെ നേരെ വാക്കുകൾ കൊണ്ട് ഒരിക്കൽക്കൂടി മുറിവുകൾ തീർത്തു കൊണ്ട് ഇക്ക ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
ഇക്കയുടെ കാർ ആ വലിയ മതിൽ കെട്ടും കടന്ന് ഒരു ഇരമ്പലോടെ പുറത്തേക്ക് പാഞ്ഞു.
കിട്ടിയ അടിയുടെ ശക്തി കൊണ്ടോ... ഇക്ക പറഞ്ഞ വാക്കുകളുടെ കൂർത്ത മുന കൊണ്ടോ എന്തോ എന്റെ സങ്കടം അടക്കി നിർത്താൻ കഴിയാതെ ഞാൻ അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു
ഛീ..... നിർത്തടീ...
നീയും നിന്റെ ഒരു പൂക്കണ്ണീരും ചെറുക്കനെ ഓരോന്നും പറഞ്ഞു എനിക്കെതിരെ തിരിച്ചിട്ട് ഇപ്പൊ കിടന്ന് കരയാ ഒരുമ്പെട്ടോള്
വാപ്പ പാഞ്ഞു വന്നെന്റെ മുടികുത്തിൽ പിടിച്ചു നിലത്തു പൊടിഞ്ഞു കിടക്കുന്ന ഗ്ലാസ്സ് കഷ്ണങ്ങളിൽ എന്റെ മുഖം അമർത്തുമ്പോൾ വേദന കൊണ്ട് ഞാൻ ആർത്തു ആർത്തു വിളിച്ചു
ന്റുമ്മാ......
ന്റമ്മോ.....
വേദനകൊണ്ടെന്റെ നിലവിളി പലപ്പോഴും ഒരു നേർത്ത തേങ്ങലായി മാറുമ്പോഴും അരയിൽ നിന്നൂരിയ നീണ്ട ബെൽറ്റ് കൊണ്ട് ആഞ്ഞടിച്ചു ഉപ്പയെന്റെ
ശരീരത്തിൽ ചിത്രം വരക്കുന്നുണ്ടയായിരുന്നു.
മോളെ..
എന്റെ മോളെയൊന്നും ചെയ്യല്ലേ...
അഹങ്കാരം കൊണ്ട് ഇരുൾ മൂടിയവർക്കുള്ളിൽ ഒരു മെഴുകുതിരി പോലെ വെളിച്ചമുള്ള ഒരേയൊരാൾ ..... ഇക്കാന്റെ ഉമ്മ .. എന്നിലേക്കായ് ഓടിയണഞ്ഞു.
പക്ഷെ....
അതിനും മുൻപേ ഉമ്മയുടെ ഇരു കൈകളെയും വരിഞ്ഞു മുറുക്കി ഇക്കയുടെ ഇക്കാക്കമാർ ഉമ്മയെ അവിടെനിന്നും വലിച്ചു മാറ്റിയിരുന്നു.
ഒരു സ്വാന്തനത്തിനായ് ഓരോ മുഖങ്ങളിലും മാറി മാറി നോക്കിഞാൻ പിടയുമ്പോഴും എന്റെ ഉള്ളിലൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.
എന്റിക്ക....
എവിടെയായിരുന്നാലും എന്റെ ഇക്ക എന്നെ ഇവിടെ നിന്നും കൊണ്ട് പോവുമെന്ന്.
ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുമെന്ന്..
ഒന്നുമുണ്ടായില്ല...
അപ്പോഴും വാപ്പയുടെ നേരെ ഉമ്മ കരഞ്ഞു കൊണ്ട് കേണു കൊണ്ടിരുന്നു.
അവളെ.... ഇനിയും വേദനിപ്പിക്കല്ലേ. അതിനെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ.. നിങ്ങൾക്ക് വാപ്പാക്കും മോനും അവളെ വേണ്ടെങ്കിൽ അവളെ അവളുടെ വീട്ടിലേക്ക് വിട്ടേക്ക്... ഈയൊരു പാപം കൂടി താങ്ങാനെനിക്ക് വയ്യാഞ്ഞിട്ടാണ്.
അപ്പോഴേക്കും ബഹളം കേട്ടു വീട്ടിലെ കുട്ടികളെല്ലാം നിലവിളി തുടങ്ങിയിരുന്നു.
അതുകൊണ്ടോ അതോ
വാപ്പയുടെ കലി അടങ്ങിയിട്ടോ എന്തോ വാപ്പ ഉമ്മാക്ക് നേരെ തിരിഞ്ഞു പറഞ്ഞു
ഇവളെ തന്തക്ക് വിളിച്ചു പറഞ്ഞേക്ക് ഇപ്പൊ ഇപ്പൊ തന്നെ ഇവിടുന്ന് ഇവളെ കൂട്ടിയിട്ട് പോവാൻ. നേരം പുലരുമ്പോൾ ഇവളെയിവിടെ കാണാൻ പാടില്ല.
ഇതും പറഞ്ഞു വാപ്പ ഹാൾ വിട്ടു. പുറകിലായി എന്നെ പുച്ഛത്തോടെ നോക്കി മറ്റുള്ളവരും നടന്നകന്നപ്പോൾ ഒരാർത്തനാദത്തോടെ ഉമ്മയെന്നരികിലേക്ക് ഓടിയെത്തി
മോളെ....
ഈ ഉമ്മാനോട് ക്ഷമിക്ക് മോളെ.. എല്ലാം ഈ ഉമ്മ കാരണമാ.. ആർക്കും താല്പര്യം ഇല്ലാഞ്ഞിട്ടും എന്റെ മോനൊരു ജീവിതം ഉണ്ടായി കാണാൻ ഞാൻ നിർബന്ധം പിടിച്ചത് കൊണ്ടാ നിന്നെ വീട്ടിലേക്ക് കൊണ്ട് വന്നത്. എന്നിട്ടിപ്പോ
ഉമ്മയെന്റെ മുറിപ്പാടിലൂടെ തലോടി എനിക്ക് കുടിക്കാൻ വെള്ളം എടുക്കാനായി ഓടുമ്പോൾ ഞാൻ വേദന സഹിക്കാനാവാതെ കരഞ്ഞു.
ഉമ്മയെന്നെ വെള്ളം കുടിപ്പിച്ചു കഴിഞ്ഞു ദൃതിയിൽഫോണെടുത്തു ഇക്കയുടെ നമ്പർ ഡയൽ ചെയ്ത് കൊണ്ടിരുന്നു.
വീണ്ടും വീണ്ടും സ്വിച്ച് ഓഫ് എന്ന മറുപടി എന്നെയും ഉമ്മയെയും ഒരുപോലെ തളർത്തി.
ഒടുവിൽ പൊട്ടി പുറപ്പെട്ടു വന്ന കരച്ചിൽ അടക്കി നിർത്തി ഉമ്മ പറഞ്ഞു
ഞാൻ.. ഞാൻ... നിന്റെ ഉപ്പച്ചിക്ക് വിളിക്കാ... നീ പൊയ്ക്കോ... മോളെ.. ഈ നരകത്തിൽ നിന്ന് എന്റെ മോള് പൊയ്ക്കോ.... അവന്.... റബാഹിന്.... ഇത്തിരിയെങ്കിലും നിന്നോട് കരുണയുണ്ടെങ്കിൽ നിന്നെ ഈ ചെന്നായകൂട്ടങ്ങൾക്ക് തട്ടി കളിക്കാൻ ഇട്ടു കൊടുക്കുമായിരുന്നില്ല.
ഇടർച്ചയോടെ ഉമ്മയത് പറഞ്ഞു തീർക്കുമ്പോഴേക്കും ഞാനുമ്മയെ അടക്കി പിടിച്ചു പൊട്ടിക്കരഞ്ഞു പോയിരുന്നു...
പക്ഷെ..
നേരം പുലരും മുൻപേ കാര്യമെന്തെന്നറിയാതെ വേവലാതിയോടെ എന്റുപ്പച്ചി എത്തുന്ന വരെ എന്നെ ഇറക്കി വിടാൻ സമ്മതിച്ച വാപ്പയുടെ തീരുമാനത്തിനുള്ളിൽ എന്നെ തളർത്തി കളയുന്ന മറ്റൊരു ചതിയുടെ കഥ ഉണ്ടെന്ന്
അപ്പോഴും ഞങ്ങൾ രണ്ടു പേരും ചിന്തിച്ചിരുന്നില്ല
രാവിന്റെ പല മുഖങ്ങളിൽ ഏറ്റവും വേദനയേറിയൊരു മുഖം എനിക്ക് മുന്നിലായി നീണ്ടു കിടന്നു.
പുലരാൻ ഇനിയും സമയം ബാക്കിയുണ്ട്. വേച്ചു വേച്ചു ഞാൻ കോണിപ്പടികൾ കയറി. മുകളിലെ എന്റെ മുറിയിലേക്ക് നടന്നു.
സ്വപ്‌നങ്ങൾ നിറച്ചു വെച്ചൊരു ഹൃയവുമായി എന്റെ പ്രിയപ്പെട്ടവനോടൊത്തു കുറച്ചു മാസങ്ങളായി ഞാൻ രാവ് പങ്കിട്ടെടുത്ത ഈ വലിയ വീടിനകത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം.
ഇവിടെ തന്റെ അവസാനത്തെ രാത്രിയാവും ഇത്. ഒരിക്കലും ഒരു നല്ല വാക്ക് പറയുകയോ സ്നേഹത്തോടെ ചേർത്ത് പിടിക്കുകയോ ചെയ്തിട്ടില്ലെങ്കിലും തനിക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു ഇക്ക.
ഓരോ രാത്രിയിലും ഇക്ക ഉറങ്ങുന്നതും കാത്ത് ഉറക്കം നടിച്ചു ഞാൻ കിടക്കും. പതിയെ ആ നെഞ്ചോട് ചേർന്ന് കിടക്കും.
പുലർച്ചെ ഞാൻ റൂമിൽ നിന്നിറങ്ങിയത് മുതൽ ഈ നിമിഷം വരെയുള്ള ഓരോന്നും ഇക്ക കേൾക്കുന്നുണ്ടെന്ന ഭാവത്തിൽ പറഞ്ഞു തീർക്കും. എന്നെങ്കിലും ഇക്ക എന്റെ ഓരോ വാക്കിനും ചെവിയോർക്കുമെന്നും മറുപടി പറയുമെന്നും ഒക്കെയുള്ള ചെറിയ പ്രതീക്ഷ അപ്പോഴൊക്കെ ഉള്ളിൽ നിറഞ്ഞു നിൽക്കും.
കരഞ്ഞു കരഞ്ഞു കൊണ്ടാണെന്ന് തോന്നുന്നു. ഇപ്പൊ ഒരിറ്റ് കണ്ണീർ പോലും പൊടിയുന്നില്ല. പകരം ഒരു മരവിപ്പ്. സത്യങ്ങൾ ഒന്നും ഉൾകൊള്ളാൻ കഴിയാതെ മനസ്സ് തണുത്തുറഞ്ഞു. ഈ രാവ് പുലർന്നാൽ ഇക്ക തന്ന മഹറിന് പോലും അവകാശം പറയാൻ പോലും അർഹതയില്ലാതെ താനിവിടെ നിന്നും ഇറങ്ങേണ്ടി വരും. ഇക്കയോന്നു വന്നെങ്കിൽ...... അവസാനമായിട്ടൊന്നു തനിക്ക് ആ നെഞ്ചിലൊന്ന് ചേർന്ന് കിടക്കാൻ പറ്റിയെങ്കിൽ.......
*****************************
കലങ്ങി മറിയുന്നൊരു മനസ്സും അറ്റമില്ലാത്ത ആലോചനയുമായി ഞാൻ ആ ഏറുമാടത്തിൽ മലർന്നു കിടന്നു. മനസ്സിൽ അടക്കി വയ്ക്കാനാവാതെ വിഷമങ്ങൾ അടിഞ്ഞു കിടക്കുമ്പോൾ അതൊന്നു അലിയിച്ചു കളയാൻ തനിച്ചിരുന്നു ഒന്ന് പൊട്ടിക്കരയാൻ താൻ പലപ്പോഴും വരുന്നൊരിടം. അതാണ് എനിക്കീ സ്ഥലം. പുഴക്കരയിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു മരത്തിൽ കെട്ടിയുണ്ടാക്കിയ ഒരു മുറി മാത്രമുള്ള ഈ ഏറുമാടം. പുറത്തു നിന്നും നിശബ്ദ മായ ഇരുളിനെ ഭയന്നത് കൊണ്ടാവാം ചീവീടുകൾ ഉറക്കെ പാട്ടു മൂളുന്നത് കേൾക്കാം. സമയം എത്രയായെന്ന് ഒരൂഹവുമില്ല എങ്കിലും രാവ് അതിന്റെ അന്ത്യത്തോട് അടുത്ത് തുടങ്ങിയിട്ടുണ്ട്. ഫോണെടുത്തു നോക്കുമ്പോൾ അത് വീട്ടിൽ നിന്നും ദേഷ്യപ്പെട്ടു ഇറങ്ങുമ്പോൾ ഓഫ് ചെയ്ത് വെച്ചതാണ്. സമയം നോക്കാനായി ഫോൺ ഓൺ ചെയ്യേണ്ട താമസം ഉമ്മയുടെ തുരു തുരു മിസ്സ്ഡ് കാൾസ് ആയിരുന്നു. എന്തിനായിരിക്കും ഇത്രയധികം വിളിച്ചിട്ടുണ്ടാവ. വാപ്പാനോട് ദേഷ്യപ്പെട്ടു ഇറങ്ങിയത് കൊണ്ടാവും. വാപ്പാനെ ഓർത്തപ്പോൾ പിന്നെയും ദേഷ്യം കൊണ്ട് എന്റെ കൈവിറച്ചു. എനിക്ക് പ്രിയപ്പെട്ടതെല്ലാം തട്ടിയെറിഞ്ഞതായാളാണ്.
ഇന്ന് തന്നെ ഉമ്മയോടെല്ലാം സംസാരിക്കണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താനറിഞ്ഞ സത്യങ്ങൾ.
വണ്ടിയെടുത്തു വീട്ടിലേക്ക് തിരിക്കുമ്പോൾ സുബ്ഹി ബാങ്ക് മനസ്സിലൊരു കുളിർമ്മയായി അവിടെ അലയടിച്ചു കൊണ്ടിരുന്നു. അതോണ്ട് തന്നെ വണ്ടി നേരെ പള്ളിയിലേക്ക് വിട്ടു.
പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ ആളുകളൊക്കെ ഒരു വല്ലാത്ത നോട്ടം തന്നെ നോക്കുന്നുണ്ട്. കാര്യമെന്തന്നറിഞ്ഞില്ലെങ്കിലും എന്തിനെന്നറിയാത്തൊരു ഭയം ഉള്ളിൽ പടർന്നു കയറി തുടങ്ങിയിരുന്നു.
വണ്ടിയിൽ കയറാൻ വേണ്ടി നടന്നു തുടങ്ങിയപ്പോഴാണ് എതിരെ എനിക്കരികിലേക്കായ് ഓടി കിതച്ചു കൊണ്ട് കൊണ്ട് മാജി വന്നു നിന്നത്. കുഞ്ഞു നാൾ മുതൽ തന്റെ കൂട്ടുകാരനാണവൻ. എല്ലാം തുറന്നു പറയുന്നവൻ. തന്റെ സൗഹൃദ കൂട്ടായ്മയിലെ വലം കയ്യായി പറയപ്പെടുന്നവൻ
റബീ..... റബീ...
വാക്കുകൾക്കായി അവന് വെപ്രാളപ്പെട്ട് പരതുന്നുണ്ടായിരുന്നു
എന്താടാ..... എന്താ പ്രശ്നം???
അവിടെ.... വീട്ടിൽ....
വീട്ടിൽ..... വീട്ടിൽ ആർക്കെന്താ....
ഞാനവനെ പിടിച്ചു കുലുക്കി
നഷ്‌വ..... നഷ്‌വാ....
വിറച്ചുകൊണ്ട് അവന് പറഞ്ഞു പൂർത്തിയാക്കിയ വാക്കുകൾ കേട്ടെൻ ശ്വാസം നിലച്ചു പോയത് പോലെ തോന്നി....
തളർച്ചയോടെ ഞാൻ അവിടെയാ വെറും നിലത്തേക്ക് ഊർന്നിരുന്നു പോയി
പിച്ച വെച്ച് നടന്നു തുടങ്ങിയന്ന് തൊട്ട് പരിചിതമായ വഴികളാണെങ്കിൽ കൂടി ഉള്ളിൽ നോവ് നിറഞ്ഞൊരു അവസ്ഥയിൽ അത് നമുക്ക് തീർത്തും അപരിചിതമായ് മാറുമെന്ന് മുന്നോട്ടുള്ള ഓരോ നിമിഷവും എനിക്ക് തോന്നി തുടങ്ങി. വീടിനു മുൻപിൽ വണ്ടി നിർത്തുമ്പോൾ പുതുമഴയിൽ പൊടിയുന്ന പാറ്റകളെ പോലെ അവിടെയിവിടെയായി കൂട്ടം കൂടി നിന്ന് പിറുപിറുത്തു നിൽക്കുന്നുണ്ടായിരുന്നു എന്റെ അയൽവാസികളും നാട്ടുകാരും.
ആരുടേയും മുഖത്ത് നോക്കാതെ ഞാനകത്തേക്ക് കയറുമ്പോൾ കണ്ടു കോടതി മുറിയിലെ പ്രതിയെ പോലെ തലയും താഴ്ത്തി ചുറ്റും നടക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുന്ന നശ്‌വയെ.
എന്നെകണ്ടപ്പോൾ അവിടെ ഉയർന്നു പൊങ്ങിയിരുന്ന ശബ്ദങ്ങളെല്ലാം പെട്ടെന്ന് നിന്നു. പകരം വാപ്പയുടെ ശബ്ദം ഉയർന്നു...
ഓ..... വന്നോ.. നീയ്യ്..
അറിഞ്ഞോ നിന്റെ ഭാര്യ ചെയ്തത്???
നട്ടപാതിരാക്ക് ഏതോ ഒരുത്തനെ ഈ വീട്ടിൽ വിളിച്ചു കയറ്റിയിരിക്കുന്നു. ഞാനേതായാലും കയ്യോടെ പിടിച്ചു.. എന്റെ വീട്ടിലാ അവളുടെ തോന്ന്യാസം.
എന്റെ മിഴികൾ അപ്പോഴും നശ്‌വയിലായിരുന്നു. ഒരിറ്റ് കണ്ണുനീർ പോലും ഉതിർക്കാതെ തേങ്ങലടികൾ ഇല്ലാതെ അവളുടെ ഒരേയൊരു നിൽപ്പ്. കൈത്തണ്ടയിലും മുഖത്തും അടികൊണ്ട് തിണർത്ത പാടുകൾ ...
എന്റെ നെഞ്ചിലാകെ കൊളുത്തി വലിക്കുന്ന പോലെ തോന്നി.
സഭ്യതയുടെ അതിർ വരമ്പുകൾ കടന്നു വാപ്പ അവളെ വീണ്ടുമെന്തൊക്കെയോ പറഞ്ഞു തുടങ്ങിയപ്പോൾ ആ ശബ്ദത്തിനുമപ്പുറം അവിടെ മറ്റൊരു ശബ്ദം ഉയർന്നു. നശ്‌വയുടെ ഉപ്പച്ചിയുടെ
നിർത്ത് ഹാജ്യാരെ... മതി പറഞ്ഞത്.. എന്റെ മോളെ വളർത്തി വലുതാക്കിയത് ഞാനാണെങ്കിൽ എനിക്കുറപ്പുണ്ട് അവൾ തെറ്റൊന്നും ചെയ്യില്ലെന്ന്. ഇവളെ ഇവിടെ നിന്നും ഇറക്കി വിടാനാണ് ഇങ്ങനെയൊരു കള്ള കഥയെങ്കിൽ അത് വേണ്ട.. ഞാൻ കൊണ്ട് പോവാ.. എന്റെ കുട്ടിയെ.മോൾക്ക് എന്തെങ്കിലും എടുക്കാനുണ്ടെങ്കിൽ എടുത്ത് ഉപ്പച്ചീടെ കുട്ടി ഇറങ്ങി വരൂ..
പിന്നെ റബാഹേ നിന്നോടെനിക്ക് പറയാനുള്ളത് ഇത്രയും നാൾ നീയിവളെ ഇവർക്ക് തട്ടി കളിക്കാൻ കൊടുത്തുവെങ്കിൽ എനിക്കുറപ്പായി നിന്റെ മനസ്സിൽ ഇവളില്ലെന്ന്. ഒന്നും ഞാൻ അറിഞ്ഞില്ല. നിന്നോടുള്ള സ്നേഹം കൊണ്ടിവളൊന്നും ഞങ്ങളോട് പറഞ്ഞില്ല. നീ ഒന്നോർത്തോ റബാഹ്.. നഷ്ടപ്പെടുമ്പഴേ അതിന്റെ വില നീ മനസ്സിലാക്കൂ...
വാക്കുകൾ ഉതിർന്നു വീഴാൻ മടി കാണിച്ച പോൽ എന്റെ നാവ് നിശ്ചലമായി..... ജീവിതത്തിൽ പലപ്പോഴും ഞാൻ പരിഹസിക്കപ്പെടേണ്ടി വന്നതും ഈ ഒരു കാര്യത്തിൽ ആയിരുന്നു. പറയാനുള്ളത് എവിടെയൊക്കെയോ തടഞ്ഞു വെക്കുമ്പോലെ പല പ്രാവശ്യം ഞാൻ വാക്കുകൾക്കായി പരതി
ഉപ്പച്ചീ.... ഒന്നും ഞാനറിഞ്ഞില്ല...
വേണ്ട ഡാ... നീയിപ്പോൾ പോലും ഒരു തീരുമാനം എടുക്കാൻ പതറുന്നുവെങ്കിൽ ഇനി അവളെ ഞാൻ എന്തർത്ഥത്തിൽ ഇവിടെ നിർത്തും
ചെല്ല് മോളെ... എന്താച്ചാ എടുത്ത് മോള് വാ..
എനിക്കരികിലൂടെ അവൾ ഞങ്ങളുടെ മുറി ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോൾ അവൾക്ക് പിന്നാലെ പോവാനായി തിരിഞ്ഞ എന്നെ വാപ്പ തടഞ്ഞു
എവിടെക്കാ നീയ്യ്?? . അവളിങ്ങോട്ട് വരും
ആ നേരമൊക്കെയും വാപ്പയുടെ കണ്ണിൽ കത്തി നിന്നത് ജീവിതത്തിൽ ആദ്യമായി ഇന്നലെ അയാൾക്ക് നേരെ ഞാൻ തിരിഞ്ഞപ്പോൾ എന്നിൽ അയാൾക്കുണ്ടായ പകയായിരുന്നു.
വാപ്പയുടെ വാക്കുകൾ അവഗണിച്ചു ഞാൻ അവൾക്ക് പിന്നാലെ മുറി ലക്ഷ്യമാക്കി നടന്നു നീങ്ങിയപ്പോൾ ബെഡിലിരുന്ന് അതുവരെ അടക്കി പിടിച്ച നൊമ്പരം മുഴുവൻ ഒഴുക്കി പൊട്ടിക്കരയുന്നുണ്ട് അവൾ.
നഷ്‌വാ.....
എന്റെ വിളിയൊച്ച അവളുടെ കാതിൽ പതിഞ്ഞൊരാ നിമിഷം അവൾ ചാടിയെഴുന്നേറ്റു
നഷ്‌വാ.. നീ.. എന്താ..
എന്താ...ചെയ്തതെന്നല്ലേ.. അറിയണോ നിങ്ങൾക്ക്??
പറയണോ ഞാൻ....
എന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ നിയന്ത്രണം വിട്ടു അവൾ പൊട്ടിത്തെറിച്ചു.
അറിയോ... നിങ്ങൾക്ക് എന്നെ..
ഒരേ മുറിയിൽ ഒരിടത്ത് ഒരേ ശ്വാസമായി ജീവിക്കേണ്ടുന്ന ഭാര്യ യെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ??
ഈ വീട്ടിലെ എന്റെ പ്രശ്നങ്ങൾ എന്തെങ്കിലും നിങ്ങൾ ഇതുവരെ കേൾക്കാൻ മനസ്സ് വെച്ചിട്ടുണ്ടോ..
ഇല്ല..
ഒന്നുമില്ല നിങ്ങൾ ഒന്നും ചെയ്തില്ല...
ഇന്നലെ വാപ്പ ഒരു പട്ടിയെ പോലെ തല്ലി നിങ്ങളോടുള്ള ദേഷ്യം എന്നിൽ തീർത്തപ്പോൾ വേണ്ടെന്ന് പറയാൻ നിങ്ങളിവിടെയുണ്ടായിരുന്നോ. ഇല്ല അതുമില്ല
ഒരു നല്ല ഭാര്യ മരണത്തേക്കാൾ ഭയക്കുന്നത് എന്താണെന്ന് അറിയോ മറ്റൊരു പുരുഷനുമായി തെറ്റായ ഒരു ബന്ധം. ഏറ്റവും വെറുക്കുന്നത് എന്തെന്ന് അറിയോ പരപുരുഷാരോപണം
ഇതുവരെ ശാന്തയായി മാത്രം കണ്ടു പരിചയമുള്ള അവൾ ആത്മാഭിമാനം വ്രണപ്പെട്ട് എന്റെ നേരെ ഉയർത്തിയ ചോദ്യങ്ങൾ ക്ക് മുന്നിൽ ഞാൻ വിയർത്തൊലിച്ചു..
നഷ്‌വാ.... ഞാൻ.... ഒരു അവസരം എനിക്ക് തന്നൂടെ
വേണ്ട ഇക്കാ.. പറയാൻ കിട്ടാത്ത വാക്കുകൾ കൂട്ടിച്ചേർത്തു ഇനിയെന്റെ മുന്നിൽ നിങ്ങൾ പറയേണ്ട.. വാപ്പ വിളിച്ചു കൂട്ടിയ എല്ലാവരുടെയും മുന്നിൽ വച്ചു എന്നെയൊന്നു ചേർത്ത് പിടിച്ചു നിങ്ങൾക്കൊന്ന് പറയാമായിരുന്നു...
ഇവൾ തെറ്റൊന്നും ചെയ്യില്ലെന്ന്... ഇവളെന്റെ പ്രാണന്റെ പാതിയാ....എനിക്കറിയാം ഇവളെയെന്ന്
പക്ഷെ... നിങ്ങൾ ചെയ്തില്ല...
എനിക്കറിയാം ഇക്ക നിങ്ങൾക്കതിന് കഴിയില്ല. കാരണം നിങ്ങളുടെ മനസ്സിൽ നിങ്ങളെനിക്കൊരു സ്ഥാനവും നൽകിയിട്ടില്ല.
അതുകൊണ്ട് ഞാൻ.... ഞാൻ പോവാണിക്കാ..
എന്തായാലും ഒന്ന് ഞാൻ തുറന്ന് പറഞ്ഞോട്ടെ
ഇഷ്ടമായിരുന്നു ഇക്കാ.. നിങ്ങളെയെനിക്ക് ഒരുപാട് ഒരുപാട്.
ഒഴുകി വന്ന കണ്ണു നീരിനെ തുടച്ചു മാറ്റി എന്നെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി അവൾ നടന്നകന്നപ്പോൾ എന്റെ ഉള്ളിലുള്ള അവളോടുള്ള സ്നേഹം അവൾക്ക് മുന്നിൽ തുറന്നു കാണിക്കാനാവാതെ ഞാൻ എല്ലാം നഷ്ടമായവനെ പോലെ അലറി വിളിച്ചു
അല്ലാഹ്......
എനിക്കറിയാമായിരുന്നു അവളോടുള്ള എന്റെ സ്നേഹത്തെ ഞാൻ അവൾക്കു മുന്നിലിപ്പോ തുറന്നു കാട്ടിയാൽ അതവളുടെ ജീവൻ നഷ്ടമാകാൻ കരണമാവുമെന്ന്
വിടപറയാൻ മടിക്കുന്ന ഹൃദയത്തെ ഇക്ക യിൽനിന്നും പറിച്ചെടുത്ത് നിറഞ്ഞൊഴുകുന്ന മിഴികൾ അമർത്തി തുടച്ച് എൻ സ്വപ്നങ്ങളെ പാതിവഴിയിലുപേക്ഷി ച്ച് കൊണ്ട് ഞാൻ ആ മുറിയുടെ പുറത്തേക്ക് കടക്കുമ്പോൾ പൊട്ടിപ്പുറപ്പെട്ട വന്ന തേങ്ങൽ ഒതുക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു.
ഒരു പ്രാവശ്യം കൂടി തിരിഞ്ഞു നോക്കണമെന്ന് എൻറെ മനസ്സ് വല്ലാതെ മോഹിച്ചു വെങ്കിലും അതിനെ മുഖവിലക്കെടുക്കാതെ ഞാൻ താഴെ എന്നെ കാത്തിരിക്കുന്ന ഉപ്പച്ചി യുടെ അടുത്തേക്ക് നടന്നു .
അവസാനമായിട്ട് അവിടുന്ന് ഇറങ്ങും മുൻപേ എനിക്ക് ഒരാളോടു കൂടി യാത്ര പറയാനുണ്ടായിരുന്നു.
ഉപ്പച്ചി എൻറെ കൈകൾ പിടിച്ച് എന്നെ വീടിൻറെ പുറത്തിറക്കാൻ ശ്രമിക്കുമ്പോൾ എൻറെ ചുണ്ടുകൾ പിറുപിറുത്തു
ഉമ്മ .....ഉമ്മ.... എവിടെ??
ഓ..... നിനക്കിനി അവളെ കൂടെ കാണണോ
കൂടി നിൽക്കുന്ന എല്ലാവരും കേൾക്കെ എന്നെ നോക്കി കൊണ്ട് പരിഹാസത്തോടെ വാപ്പ ചോദിച്ചപ്പോൾ എൻറെ ഉപ്പച്ചിയുടെ ഉടൽ ദേഷ്യം കൊണ്ട് വിറക്കുന്നത് എനിക്കു കാണാമായിരുന്നു
നിൽക്ക് അസർ.....
നഷ് വക്ക് അവളെ പ്രിയപ്പെട്ട ഉമ്മാനെ കൂടി കാണിച്ചിട്ട് കൊണ്ടുപോവാം .....
പാവം .....
ഇവളെ സ്നേഹിച്ച് വിശ്വസിച്ച് ഞങ്ങളോട് പോലും വഴക്ക് ഉണ്ടാക്കിയിരുന്നതാ.....
ഇപ്പോൾ ഇവളുടെ പ്രവർത്തിയിൽ ഏറ്റവുമധികം തളർന്നതും അവൾ തന്നെയാ അവളും കൂടി കണ്ടതാഎന്നോടൊപ്പം ...
ഇവളുടെ മുറിയിൽനിന്നും ഇറങ്ങി പോകുന്നവനെ
വാപ്പയത് പറഞ്ഞപ്പോൾ എൻറെ തലക്കുള്ളിൽ ആകെക്കൂടി വല്ലാതെ പെരുക്കുന്ന പോലെ.....
ഉമ്മ .....
ഉമ്മ എന്തു കണ്ടെന്ന് ????
നിങ്ങളെന്താ പറഞ്ഞത് ???
കണ്ടത് ആസിയ തന്നെ പറയട്ടെ
അതല്ലേ അതിൻറെ ശരി
നാട്ടുകാരെ നോക്കി വാപ്പയുടെ പറയുമ്പോൾ എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ശരീരമാകെ ഒരു തളർച്ച ബാധിക്കുന്ന പോലെ തോന്നി .
മിഴികൾ വീണ്ടും നിറഞ്ഞു തുടങ്ങിയിരുന്നു ..
ഒരു മങ്ങിയ കാഴ്ചയിൽ എന്നപോലെ ഞാൻ കണ്ടു എൻറെ അടുത്തേക്ക് ആയി നടന്നുവരുന്ന ഉമ്മയെ
ആസിയ.... ഇവൾക്ക് നിന്നോട് യാത്ര പറയാതെ പോകാനാവില്ലെന്ന് കണ്ടില്ലേ നിൻറെ പ്രിയപ്പെട്ട മകളുടെ അഭിനയം....
ഉമ്മാ...
ഒരു കുറ്റവാളിയെപ്പോലെ ഈ വീടിൻറെ പടിയിറങ്ങാൻ മോഹം ഇല്ലെനിക്ക് ഉമ്മാ....
വാപ്പ എന്തൊക്കെയോ പറയുന്നു.
അടിക്കാൻ ഓടിക്കുന്ന വാപ്പയെ പറ്റി പരിഭവം പറയുന്ന ഒരു കൊച്ചുകുഞ്ഞി ന്റെ ഭാവത്തോടെ ഉമ്മ യിലേക്ക് ചെന്നു ഞാൻ
ഉമ്മയോ ???
ആരുടെ ഉമ്മ ??
ചോദ്യങ്ങൾ കൊണ്ടെ ന്റേ കാലുകൾ വരിഞ്ഞുമുറുക്കി.
നിൽക്കുന്നിടത്ത് നിന്നും അനങ്ങാൻ കഴിയാത്ത വിധത്തിലാക്കി ...
ഉമ്മ.... ഉമ്മ നിങ്ങൾ എന്തൊക്കെയാ പറഞ്ഞത്
ഞാൻ പറഞ്ഞതാണോ കുഴപ്പം ??
നീ ചെയ്തതിൽ അല്ലേ??
ഉമ്മയുടെ മുഖത്തേക്ക് നോക്കി അനങ്ങാൻ കഴിയാതെ ഞാൻ നിന്നുപോയി...
റബ്ബേ ഞാൻ മനസ്സറിഞ്ഞു തന്നെയല്ലേ ഇവരെ ഉമ്മ എന്ന് വിളിച്ചത്...
എന്നിട്ടിപ്പോൾ...
ഇന്നലെ വാപ്പാന്റെ കൈ കരുത്ത് ബെൽറ്റ് കൊണ്ട് എൻറെ മേനിയിൽ പതിഞ്ഞപ്പോൾ
വിങ്ങിക്കരഞ്ഞിരുന്ന ഉമ്മ തന്നെയാണോ ഇത്!!!
ഇനിയും ഒന്നും സഹിക്കാൻ എൻറെ മോൾക്ക് കഴിയില്ലെന്ന് പറഞ്ഞു എൻറെ ഉപ്പച്ചിയെ വിളിച്ചതുംഈ ഉമ്മ തന്നെയല്ലേ !!!
നേരം ഒരുപാട് വൈകിയിട്ടും തളർന്നിരുന്ന എന്നെ സ്നേഹത്തോടെ പിടിച്ചെഴുന്നേൽപ്പിച്ച് മുറിയിൽ കിടക്കാൻ പറഞ്ഞയച്ചപ്പോൾ വിതുമ്പിയിരുന്നതുംഈ ഉമ്മ തന്നെയല്ലേ !!!
അപ്പോഴായിരുന്നു ഞാൻ ഉമ്മയെ അവസാനമായി കണ്ടത്
നേരം പുലരും മുൻപേ എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് വാപ്പ വിളിച്ചുവരുത്തിയ ആളുകൾക്ക് മുൻപിൽ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴും ഉമ്മയെ പിന്നെ കണ്ടില്ല....
ഉപ്പച്ചി വന്നപ്പോഴും എനിക്കെതിരെ കൂടിനിന്നവർ കുറ്റങ്ങൾ ഉന്നയിച്ചപ്പോഴും ഉമ്മ വന്നില്ല..
ചോദ്യങ്ങളും ഉത്തരങ്ങളും ആയി മനസ്സ് പ്രയാണം തുടങ്ങുമ്പോഴും അധരങ്ങൾ വിറച്ചുകൊണ്ട് കേണുകൊണ്ടിരുന്നു
ഉമ്മാ..ഉമ്മാ..
ഒന്ന് പോയിതരുമോ എൻറെ മുന്നിൽനിന്നും
വെറുത്തുപോയി നഷ്‌വാ.. നിന്നെ ഞാൻ..
ഇനിയെങ്കിലും ഒന്നിറങ്ങി പോവോ ഈ വീട്ടിൽ നിന്നും.....
കേട്ട വാക്കുകൾ എൻറെ ശരീരത്തെയാകെ കൊളുത്തി വലിക്കുന്ന പോലെ.. ഹൃദയത്തിനുള്ളിൽ ഒരു കനം വന്ന് വീണപോലെ..
കൈകാലുകൾ തണുത്തുറഞ്ഞു...
തലയിൽ വല്ലാത്തോരു പെരു പെരുപ്പ്...
പതിയെ പതിയെ ഞാൻ ബോധം മറഞ്ഞു വീഴുന്നതും ആരോ എന്നെ താങ്ങി പിടിക്കുന്നതും മാത്രം ഞാനറിഞ്ഞു...
കുഴപ്പമില്ല ബി. പി ലോ ആയതാണ്..
ഡോക്ടറുടെ വാക്കുകൾ കേട്ടാണ് ഞാനുണർന്നത്.
അവിടെനിന്നും വാരിയെടുത്ത് ഉപ്പച്ചി എന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്നതാണെന്ന് അപ്പോൾ മനസ്സിലായി.
പിന്നെ ഒരു മരവിപ്പായിരുന്നു സ്വന്തമെന്ന് കരുതിയ പലരും തന്നെ തള്ളികളഞ്ഞല്ലോ എന്ന തിരിച്ചറിവ്എന്നിൽ വല്ലാത്തൊരു ആഘാതം തന്നെയാ സൃഷ്ടിച്ചത്..
തെറ്റ് ചെയ്യാതിരുന്നിട്ടും പരീക്ഷണങ്ങളിൽ എല്ലാം പ്രതികരിക്കാതെ നിന്നിട്ടും ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്തത്ര അപമാനവും പേറി ഇനിയെന്ത് എന്നൊരു ചോദ്യം മാത്രം ബാക്കിയായപ്പോൾ
മനസ്സിൽ ഇരുൾമൂടിയ ഒരു പകൽ എനിക്ക് മുമ്പിലായി നീണ്ടുനിവർന്നു കിടന്നു
""""""""""" """""""" """"""""""" """"""""""""
നഷ് വ
വീണ്ടും വീണ്ടും എൻറെ മനസ്സ് ആ പേരിൽ ഉടക്കി കിടന്നു
ഞാൻ തന്നെ വെറുത്തിരുന്നു എന്നെ, എൻറെ സ്വഭാവത്തെ.
ചെറുപ്പംമുതൽ ഞാൻ കേട്ട് വളർന്നത് എൻറെ പേരിനേക്കാൾ പെണ്ണുമ്മ എന്നായിരുന്നു ഒറ്റക്കു കിട്ടുന്ന സമയങ്ങളിലെല്ലാം വീട്ടിൽ ഉപ്പയും ഇക്കാക്ക മാരും എന്നെ വിളിച്ചത് അങ്ങനെയായിരുന്നു..
അല്ല അവരായിരുന്നു എനിക്ക് ആ പേര് ഇട്ടതുതന്നെ...
ഇതിനിടയിലുംഞാൻ പഠിച്ച് ഒരു ജോലി നേടി
ഉമ്മയൊരു കല്യാണത്തിന് നിർബന്ധം പിടി ക്കുമ്പോഴും വാപ്പ ചോദിച്ചത് ഈ പെണ്ണുമ്മ പെണ്ണ് കെട്ടിയിട്ട് എന്തിനാണെന്നാണ്...
ഏതേലും പെണ്ണ് ഇവനെ സ്നേഹിക്കുമോ എന്ന് ഇക്കാക്ക മാരും ചോദിച്ചു...
എങ്കിലും ഉമ്മയുടെ വാശിക്ക് ഒടുവിൽഎന്റെ പാതിയായി നഷ്‌വാ കടന്നുവന്നപ്പോൾ ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു സ്നേഹിക്കാൻ കഴിയുന്നൊരു പെൺ മനസ്സിനെ...
ആദ്യമാദ്യം അവളിൽ നിന്നകന്നു നിന്നുവെങ്കിലും പതിയെ ഞാൻ അവളിലലിയാണ് തുടങ്ങി...
മുറിവേറ്റ മനസ്സിനെ മൃദുലമായൊരു തലോടലായി അവൾ എന്നിൽ ആശ്വാസമേകി..
എങ്കിലും അവളോട് അടുക്കാനും എനിക്ക് വല്ലാത്തൊരു ഭയമായിരുന്നു..
ഞാൻ ഉറങ്ങിയെന്ന് കരുതി ഒരു കുസൃതിയായ ഓമനയെ പോലെ അവളെന്റെ നെഞ്ചിലൊതുക്കി തീർക്കുമായിരുന്നു ഓരോ സങ്കടങ്ങളും..
പക്ഷേ...
പെട്ടെന്നൊരുനാൾ ഞാനിത്രയും കാലം കൂടെകൂട്ടിയവർക്കൊക്കെ എന്നിൽ തീർത്ത ചതിയുടെ ഒരു കഥ പറയാനുണ്ടെന്ന് കഴിഞ്ഞദിവസം അറിഞ്ഞപ്പോൾ വാപ്പ എന്ന് പറയുന്ന അയാൾക്ക് മുന്നിൽ ആദ്യമായി ഞാനിന്നലെ പൊട്ടിത്തെറിച്ചപ്പോൾ അനുഭവിക്കേണ്ടിവന്നത് മുഴുവൻ എന്റെ നശ്‌വ യായിരുന്നു...
ഇന്ന് അവൾ എന്നെ അവളുടെ ഉള്ളിൽ നിന്നും പറിച്ചെറിഞ്ഞു ഈ വീട്ടിൽ നിന്നിറങ്ങിയപ്പോൾ സങ്കടംകൊണ്ട് ഹൃദയം വിങ്ങി ഇപ്പോൾ പൊട്ടും എന്നപോലെ വേഗത്തിൽ മിടിക്കാൻ തുടങ്ങി...
ഇരുളിൽ ആയിരുന്ന എന്നിൽ പ്രകാശം പരത്താനായി വന്നൊരു മൺചിരാത് ആയിരുന്നു അവൾ..
ഇന്ന് ആ മൺചിരാത് എന്നിൽ നിന്ന് അകന്നപ്പോൾ ഞാൻ വീണ്ടും ഒരിക്കൽ കൂടി ഇരുളിൽ ആയിരിക്കുന്നു....
തലയിണയിൽ മുഖമമർത്തി കിടക്കുകയായിരുന്ന എൻറെ മുടിയിഴകളിലൂടെ ഒരു വിരൽസ്പർശം അറിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ ഞാൻ കിടന്നു
മോനേ... റബി...
ഉമ്മ ഒരു തേങ്ങലോടെ വിളിച്ചു...
മോനോ?? ആരുടെ മോൻ???
നേരത്തെ ഉമ്മ നശ്‌വയോടായി ചോദിച്ചപോലെ തിരിച്ചുള്ള എൻറെ ചോദ്യത്തിൽ ഉമ്മ പതറി...
മോനേ ഉമ്മയോട് പൊറുക്കണം നീ....
പൊറുക്കാനോ !!!
ഞാനോ??
എൻറെ ജീവനെ എന്നിൽനിന്നും പറിച്ചെടുത്തതിനെ ഞാൻ എങ്ങനെ പൊറുക്കും??
മോനെ ഞാൻ നിന്റെ ഉമ്മയല്ലേ.....
വേദനയിലും ഞാൻ ഒന്ന് ചിരിച്ചു....
എൻറെ ഉമ്മയോ?? അതിന് നിങ്ങളെന്റെ ഉമ്മയാണോ?? ഉമ്മാ...
ഒരു ഞെട്ടലോടെ ഉമ്മ ഒരു അടി പിന്നിലേക്ക് വെച്ചു..
ചുമരിൽ കൈ ചേർത്തുവെച്ച് തളർച്ചയോടെ ചാരി നിന്നു.
നിങ്ങളെത്ര മൂടിവെച്ചാലും ഒരുനാൾ സത്യം പുറത്ത് വരും അതറിയില്ലേ നിങ്ങൾക്ക്...
ഇനി പറയുമ്മാ...
ഞാൻ നിങ്ങളുടെ മകനാണോ???
കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ ഉമ്മയുടെ മുഖത്തെ വിളർച്ച എന്റെ മനസ്സിൽ പ്രതീക്ഷ പരത്തി. ഞാനറിഞ്ഞതിൽ എന്തോ സത്യമുണ്ട്......
ഇനിയെങ്കിലും സത്യം ഇവരുടെ നാവിൽനിന്നും പുറത്തറിയട്ടെ....
.
പറയുമ്മാ..... ഞാൻ നിങ്ങളുടെ മകനാണോ??
സ്വന്തമെന്ന് കരുതി നിങ്ങളെയെല്ലാവരെയും സ്നേഹിച്ചതല്ലേ ഞാൻ....
എന്തിനുമ്മാ നല്ലൊരു ആൺകുട്ടിയായഎന്നെയിങ്ങനെ ജീവിക്കാൻ വിട്ടത്???...
ആളുകളുടെ മുൻപിൽ എന്നെ നിങ്ങൾ പരിഹാസ്യനാക്കിയത്??
അപ്പോഴും വിലപ്പെട്ടതെന്തോ കൊഴിഞ്ഞുവീണ പോൽ ഉമ്മ എന്നെ വല്ലാത്ത നോട്ടം നോക്കി നിൽക്കുകയായിരുന്നു..
ഞാനാരാണെന്ന് ഇനി നിങ്ങൾ പറയേണ്ട ഞാൻ ചോദിച്ചോളാം അയാളോട്....
എൻറെ വാപ്പയോട്.....
ഞാൻ റൂമിനു പുറത്തേക്ക് നടന്നു നീങ്ങിയപ്പോൾ ഉമ്മ ഭയത്തോടെയെന്നെ റൂമിലേക്ക് പിടിച്ചുവലിച്ചു...
റൂമിന്റെ വാതിൽ വലിച്ചടച്ച് കുറ്റിയിട്ടു എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
പോവല്ലേ.... മോനേ... നീ... അയാളുടെ അടുത്തേക്ക് ഇതും ചോദിച്ചുകൊണ്ട്
നിന്നെയും അയാൾ ബാക്കി വെക്കില്ല... എനിക്ക് വേണം നിന്നെ എൻറെ പൊന്നുമോൻ അല്ലേടാ നീ....
എൻറെ ഇടനെഞ്ചിൽ കിടന്നല്ലേ നീ വളർന്നത്... ഈ ഉമ്മയല്ലേ നിന്നെ പാലൂട്ടി വളർത്തിയത്... പോവല്ലേ അയാളുടെ അടുത്തേക്ക്..
നിനക്കിപ്പോ എന്താ അറിയേണ്ടത് ..
ഞാൻ പറയാം എല്ലാം..
പക്ഷെ..
നീ എന്റെ മകനല്ലെന്ന് പറയല്ലേ..
എനിക്കും ഉള്ളിൽ സങ്കടങ്ങൾ കിടന്ന് വിങ്ങിയത് കൊണ്ടാവും എൻറെ കണ്ണീരിനെ പിടിച്ചു നിർത്താനായില്ല കരഞ്ഞുകൊണ്ട് പറഞ്ഞു..
വയ്യ ഉമ്മാ....
ഇങ്ങനെ ജീവിക്കാൻ...
സങ്കടം കൊണ്ട് ഇടനെഞ്ച് പൊട്ടി പോവാ...
നീ.... നീ.. എൻറെ മകൻ തന്നെയാ..
പക്ഷേ നിന്നെ പ്രസവിച്ചത് ഞാനല്ല...
നിൻറെ ജീവൻ ഇല്ലാതാക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് മോനെ ഞാൻ ഒന്നും പറയാത്തത്. ഇനിയേതായാലും ഞാൻ പറയാം നീ എന്റെ ആരാണെന്ന്..
സമ്പന്നമായ ആലിക്കൽ തറവാട്ടിൽ ബാപ്പു ഹാജിക്ക് രണ്ടു മക്കളായിരുന്നു ഞങ്ങൾ, ആസിയ എന്ന് ഞാനും ആസിം എന്ന എന്റെ സഹോദരനും. എന്നെക്കാൾ ഒന്നര വയസ്സിൽ ഇളയതായിരുന്നു അവൻ. അവനില്ലാതെ ഒരുനിമിഷംപോലും പറ്റിയിരുന്നില്ല എനിക്ക്. എപ്പോഴും ഒരുമിച്ച് വല്ലാത്ത സ്നേഹമായിരുന്നു ഞങ്ങൾ തമ്മിൽ...
എൻറെ പതിനാറാം വയസ്സിൽ നിന്റെ ബാപ്പയുമായി എൻറെ വിവാഹം നടന്നു... വിവാഹത്തിൻറെ അന്ന് ആ വീടുവിട്ടിറങ്ങുമ്പോൾ
കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഞങ്ങളെ കണ്ട് അവിടെയുള്ളവർ മുഴുവൻ കണ്ണുനിറച്ചു..
അപ്പോഴൊക്കെ അവൻ പറയാതെ പറഞ്ഞു കൊണ്ടിരുന്നു...
ഇത്താത്ത.... നീ എൻറെ ജീവനാണെന്ന്
ഉമ്മ വിതുമ്പി കരഞ്ഞു കൊണ്ട് നിലത്ത് മുട്ടുകുത്തി ഇരുന്നു മുഖം പൊത്തി തേങ്ങിത്തേങ്ങി കരഞ്ഞു...
അവനാ.... ഞാൻ കാരണം....
ഉമ്മ ഒന്ന് നിർത്തി വീണ്ടും തുടർന്നു
വിവാഹത്തിനുശേഷവും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു വിള്ളലും വന്നില്ല. അതിനൊക്കെ കൂട്ടായി നിൻറെ വാപ്പയും. പക്ഷേ.... അയാൾ ഉള്ളിലൊളിപ്പിച്ച ചതി ഞാൻ തിരിച്ചറിഞ്ഞില്ല.
വർഷങ്ങൾ കൊഴിഞ്ഞുവീഴവേ...
ആസിം വിവാഹം കഴിച്ചു. അപ്പോഴേക്കും നിന്റെ മൂത്ത രണ്ടിക്കാക്കമാരും ഉണ്ടായിരുന്നു. ആസിമിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് സൽസ്വഭാവം കൊണ്ട് ആരുടെയും മനസ്സ് കീഴടക്കാൻ കഴിവുള്ളൊരു പെൺകുട്ടിയായിരുന്നു..
റബിയ..അതായിരുന്നു അവളുടെ പേര്...
സന്തോഷം നിറഞ്ഞൊരു കുടുംബത്തിൽ അതിമധുരം വിതച്ചവൾ പാറിനടന്നു..
ഉമ്മാക്കും ഉപ്പാക്കും അവൾ അവരുടെ ഇളയ മകൾ ആയിരുന്നു. എനിക്ക് ഒരു കുഞ്ഞനിയത്തി.
പക്ഷേ...
ആ കുടുംബത്തിലെ സന്തോഷം അധികം നീണ്ടുനിന്നില്ല. ഒരു ആക്സിഡന്റിൽ ഉമ്മയും ഉപ്പയും മരണത്തിന് കീഴടങ്ങിയപ്പോൾ ഞങ്ങൾ ആകെ തളർന്നു.
ആ സംഭവം കഴിഞ്ഞ് അധികം വൈകാതെയാണ് ഞാൻ നിന്റെ മൂന്നാമത്തെ ഇക്കാക്കയെ പ്രസവിക്കുന്നതും, വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്കുശേഷം റബിയ ഗർഭിണിയാകുന്നതും..
ഞങ്ങൾക്ക് വീണ്ടും സന്തോഷത്തിന് ദിനങ്ങൾ പിറന്നുവീണു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആലിക്കൽ തറവാട്ടിൽ ഒരു കുഞ്ഞ് പിറന്നു ഹാഷിമിനും റബിയ ക്കുമായി ഒരു ആൺകുട്ടി പിറന്നു
റബാഹ്......
എന്റെ ഇളയ മകനും അവനും തമ്മിൽ ഒൻപതു മാസത്തെ വ്യത്യാസം മാത്രം..
ഉമ്മയിൽ നിന്നടർന്നുവീണ വാക്ക് എന്നിൽ ഏൽപ്പിച്ചത് വല്ലാത്തൊരു വേദന തന്നെയായിരുന്നു.
എന്നിട്ട് അവർക്ക്.. എന്റെ ഉമ്മക്കും ഉപ്പക്കും എന്ത് സംഭവിച്ചു.???
ആ തളർച്ചയിലും എന്നിൽ ബാക്കിയായത് അങ്ങനെ യൊരു ചോദ്യമായിരുന്നു... ഇത്രനാളും വെറുതെയല്ല എന്നെയിങ്ങനെ തട്ടി കളിച്ചത്..
നീ... തീരെ കുഞ്ഞായിരുന്ന സമയത്ത് ബിസിനസുമായി ബന്ധപ്പെട്ട് ആസിം വീട്ടിൽ നിന്നും മാറിനിന്ന ഒരു ദിനം രാത്രിയിലൊരു ഫോൺ കോൾ എന്നെ തേടിയെത്തി
പിഞ്ചു കുഞ്ഞായ നിന്നെ ഉപേക്ഷിച്ച് ആരുടെയോ കൂടെ നിൻറെ ഉമ്മ ഇറങ്ങിപ്പോയെന്ന്..
ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു അത്.
പക്ഷേ.. വിശ്വസിക്കുകയല്ലാതെ മാർഗമില്ലായിരുന്നു കാരണം നിന്റെ ഉമ്മ പിന്നെ തിരിച്ചുവന്നില്ല.
കുഞ്ഞായ നിൻറെ വിശന്നുള്ള നിലവിളി
ആ വീടിനെയാകെ കണ്ണീരിൽ മുക്കി.
അന്ന് വിവരമറിഞ്ഞെത്തിയ ആസിം വല്ലാതെ തളർന്നുപോയി.... മോനെ....
അവൻ അവളെ തേടി അലഞ്ഞുകൊണ്ടേയിരുന്നു..
ഞങ്ങളെല്ലാവരും അവളെ അവിശ്വസിച്ചപ്പോഴും അവൻ അവൾക്ക് അവനോടുള്ള സ്നേഹം സത്യമായിരുന്നുവെന്ന് വിളിച്ചുപറഞ്ഞു..
പതിയെ മാനസിക നില തെറ്റിപ്പോയ എന്റെ ആസിം ഒരു ഭ്രാന്തനായി നടന്നു .....
അവൻ.... അവൻ.. ഒടുവിൽ ഒരു ദിവസം ഒഴുകുന്ന പുഴയുടെ ആഴങ്ങൾ അളന്നു...
ഒരേസമയം നിനക്ക് ഉമ്മയും ഉപ്പയും നഷ്ടപ്പെട്ടു..
അന്നീ നെഞ്ചിലേറ്റിയത് ആണ് ഞാൻ നിന്നെ. ഉമ്മ തന്നെയാണ് ഞാൻനിന്റെ...
റബി... മോനെ.. നീ പറയല്ലേ നിന്റെ ആരുമല്ല ഞാനെന്ന്..
പിന്നീടാണ് നിൻറെ വാപ്പയുടെ സ്വഭാവം എനിക്ക് അറിഞ്ഞുതുടങ്ങിയത്.
എൻറെയും ആസിമിന്റെയുംസ്വത്ത് ഒരുമിച്ച് ഈ വീട്ടിൽ വന്നു ചേർന്നു.
നിന്നോട് അയാൾ വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്..
നിന്നെ ഒന്നിനും പോരാത്തവനായി മനം തളർത്തി വളർത്താൻ അയാളോടൊപ്പം അയാൾ വിഷം ഊട്ടിവളർത്തിയ എന്റെ മക്കളും വലിയ ഉത്സാഹം കാണിച്ചു.
കാരണം തന്റേടത്തോടെ
നീയൊന്നു നിവർന്ന് നിന്നാൽ അയാൾ ഒളിപ്പിച്ച രഹസ്യങ്ങളെല്ലാം പുറത്തുവരുമെന്ന് അയാൾ ഭയന്നു.
എനിക്കൊന്നും അറിയില്ലായിരുന്നു അയാളുടെ ദുഷ്ടത്തരത്തിന്റെ ആഴം.
ഒരിക്കൽ നിന്നോടുള്ള അയാളുടെ പെരുമാറ്റം ചോദ്യംചെയ്യാനായി ചെന്ന എന്നോട് ദേഷ്യംകൊണ്ട് സമനില തെറ്റി അറിയാതെ അയാൾ വിളിച്ചു പറഞ്ഞു
അവന്റെ കുടുംബം നഷ്ടപ്പെടുത്തി
അവന്റെ സമ്പത്ത് ഞാൻ കൈവശംവച്ചുവെങ്കിൽ അവനെ കൊല്ലാനും എനിക്കൊരു മടിയുമില്ല.
തളർന്നുപോയി ഞാൻ മോനേ..
അവിടുന്നങ്ങോട്ട് ഞാൻ നിന്നെ പൊതിഞ്ഞ് പിടിച്ചാണ് വളർത്തിയത്..
എന്നിൽ നിന്നും അടരാൻ സമ്മതിക്കാതെ..
നശ്‌വ മോളോട് അയാൾ ചെയ്തത് ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നു നിന്റെ ഉമ്മയെയും അയാൾ ചതിയിൽപ്പെടുത്തിയതായിരിക്കും..
ഇന്ന് അയാൾ എന്നോട് പറഞ്ഞു.. ഞാൻ എല്ലാവരുടെയും മുന്നിൽ നശ്‌വ കള്ളിയാണെന്ന് പറഞ്ഞില്ലെങ്കിൽ നിന്നെയും നശ്‌വയെയും ഇല്ലാതാക്കുമെന്ന്.
ഉമ്മാക്ക് നിവൃത്തിയില്ലാതെ എന്റെ കുഞ്ഞിനെ ഞാൻ തള്ളി പറഞ്ഞു പോയി...
അള്ളാ.... ഞാൻ എൻറെ കുട്ടിയെ പറ്റി ഇല്ലാത്തതാണ് പറഞ്ഞത് ഈ പാപം ഞാൻ എവിടെ ചെന്ന് ഒഴുക്കിക്കളയും നാഥാ....
ഉമ്മയുടെ ശബ്ദം നേർത്ത് വന്നു തളർന്നു വീഴുമ്പോൾ ചിലകാര്യങ്ങൾ അറിഞ്ഞുവെങ്കിലും ഇത്രത്തോളം എന്നെ തളർത്തുന്ന സത്യങ്ങൾ അതിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുഎന്ന് അറിഞ്ഞപ്പോൾ ആടിയുലഞ്ഞു ഞാൻ നിന്നുപോയി..
"""""""" """""" """"""" """"""" """"”""
നമ്മുടെ മുത്ത് നബിയുടെ പ്രിയ പത്നി ആയിഷ ബീവിക്കെതിരെ പോലും അപവാദം പറഞ്ഞവര് ഉണ്ടായിരുന്നു. നമ്മൾ ഏറെ സ്നേഹിക്കുന്ന നമ്മുടെ ഹബീബിന്റെ പ്രിയപത്നി ആയിട്ടുകൂടി സത്യം അറിയാൻ നബി കാത്തുനിന്നപ്പോൾ ആയിഷ ബീവി പറഞ്ഞത് എന്തെന്നറി യോ....
അല്ലാഹുവിൻറെ സഹായം പ്രതീക്ഷിച്ച് ശ്രമിക്കുക തന്നെ
എന്നായിരുന്നു..
ഉമ്മച്ചി യുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്ന എൻറെ നെറുകിൽ തലോടിക്കൊണ്ട് സ്വാന്തനിപ്പിക്കുകയായിരുന്നു. ഉമ്മച്ചി..
ഉള്ളിലെരിയുന്ന കനലോന്നണക്കാൻ ഉമ്മച്ചിയും ഉപ്പചിയും ആവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും അഭിമാനത്തിനേറ്റ കനത്ത തിരിച്ചടി യിൽ എനിക്ക് എന്നെ തന്നെ നഷ്ടമായി തുടങ്ങിയിരുന്നു.
ഒരു ജീവച്ഛവമായി ഞാൻ ഓരോ ദിനങ്ങളും തള്ളി നീക്കി.
ഇതിനിടയിലും പല ആളുകളും സത്യമെന്തെന്ന് അറിയാൻ പോലും ശ്രമിക്കാതെ കുറ്റപ്പെടുത്താൻ ആയി മാത്രം വീട്ടിൽ വന്നു തുടങ്ങി..
അതോടെ ഉപ്പച്ചി ഒരു തീരുമാനത്തിലെത്തി ജനിച്ചുവീണ നാടും വീടും വിട്ട് എനിക്കുവേണ്ടി അറിയാത്തോരു നാട്ടിലേക്ക് ജീവിതം പറിച്ചു നടണം എന്ന്..
ആരോടും പറയാതെ ആരെയുമറിയിക്കാതെ ഞങ്ങൾ ഒരു ദിവസം മറ്റൊരു ദേശത്തേക്ക് ചേക്കേറിയപ്പോൾ
ജീവിതത്തിൽ ഞാൻ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ കൂടിയവിടെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു
ഗോതമ്പിടിച്ച് പൊടിക്കാതെ അപ്പമുണ്ടാകില്ല
ഈയത്തെ പൊന്നാക്കാൻ ഒരു രാസവിദ്യക്കുമാവില്ല.
ഉള്ളഴുകുന്ന മഹാരോഗം പുറത്തെടുക്കാൻ വൈദ്യന് കത്തി വെക്കാതെ പറ്റില്ല
തുണി വെട്ടി തുന്നാതെ കുപ്പായമു ണ്ടാവില്ല കുഞ്ഞാടിനെ യര്ത്തിട്ടല്ലാതെ വിരുന്നും ഉണ്ടാകില്ല
ഇടിഞ്ഞതിന് മേലല്ലാതെ പുതിയത് പണിയാൻ ആവില്ല
ജലാലുദ്ദീൻ റൂമിയുടെ കവിതയിൽനിന്ന് ചില വരികൾ
ഇതിപ്പോൾ ഈ നാട്ടിലെത്തിയശേഷം ഫ്രം അഡ്രെസ്സ് ഇല്ലാതെ രണ്ടാമത്തെ പ്രാവശ്യമാണ് ഇങ്ങനെ ഒരു സമ്മാനപ്പൊതി തന്നെ തേടിയെത്തിയത്.
ഒരുപാട് പുസ്തകങ്ങളും ഉള്ളിലൊരു ചെറുകുറിപ്പും അതായിരുന്നു അതിൽ രണ്ട് പ്രാവശ്യമുണ്ടായിരുന്നത്.
കുറിപ്പിലെ വരികൾ ഏതൊരു വറ്റിവരണ്ട മനസ്സിനെയും കുളിരണിയിപ്പിക്കുന്ന അർത്ഥവത്തായ ചില വാക്കുകൾ അടങ്ങിയ കവിതകൾ. ആരെന്ന് അറിഞ്ഞില്ലെങ്കിലും
ആകെ തളർന്ന നിരാശയുടെ പടുകുഴിയിൽ വീണു കിടക്കുന്നഎനിക്ക് അതൊരു പുത്തനുണർവാണ് സൃഷ്ടിച്ചത്.
പുസ്തകങ്ങളെയും അക്ഷരങ്ങളെയും അത്രത്തോളം പ്രണയിച്ചിരുന്ന എനിക്ക് ഇങ്ങനെയൊരു സമ്മാനം തരുന്നത് ആരായാലും അവരെന്നെ അത്രയും മനസ്സിലാക്കിയവരാണ് എന്ന് എനിക്കുറപ്പുണ്ടായിരുന്നു...
നച്ചു....
എന്താ മോളെ ആലോചിക്കണേ..
അത്... ആരാണെന്നറിയാമോ??
മുറ്റത്തിന് അപ്പുറം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് മുകളിലായി പാറിക്കളിക്കുന്ന തുമ്പി കൂട്ടങ്ങളെ
നോക്കി ആലോചിച്ചു കൊണ്ടിരുന്ന എന്നെ പിന്നിൽ നിന്നും പെട്ടെന്ന് വിളിച്ചപ്പോൾ ഞാൻ ഞെട്ടിത്തിരിഞ്ഞു
നച്ചു....
എന്റെ നോട്ടം കണ്ടു ഉമ്മച്ചി ഒന്ന് കൂടെ വിളിച്ചു
ആ മാതൃ ഹൃദയം തേങ്ങുന്നുണ്ടാവും ഈ മകളുടെ അവസ്ഥകണ്ട്....
ആലോചനകളും മിഴിനീർ മുത്തുകളും മാത്രം ബാക്കി ആയിരിക്കുന്നു... ഇപ്പോൾ...
ഒന്നുമില്ലമ്മച്ചീ... ഞാൻ അത് ആരാണെന്ന് ചിന്തിക്കു്കയായിരുന്നു..
ആരായാലും എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്..
അതും പറഞ്ഞു ഞാൻ എൻറെ കാഴ്ചകളിലേക്ക് വീണ്ടും മടങ്ങിയപ്പോൾ
അല്ലാഹ്....
ഒരു നെടു നിശ്വാസം വിട്ടു ഉമ്മച്ചി നടന്നകന്നു.
എന്തോ മനസ്സൊന്നു തണുക്കാൻ ഞാൻ മുറ്റത്തിനരികിലൂടെ പതിയെ പാടത്തേക്കിറങ്ങി. ഈ പച്ചപ്പ് മനസ്സിന് വല്ലാത്തൊരു തണുപ്പാണ് നൽകുന്നത്.
എന്റെ മനസ്സറിഞ്ഞ പോലെ നല്ലൊരുൾ നാട്ടിലേക്കായിരുന്നു ഞങ്ങളുടെ കുടിയേറ്റം...
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ. അതിനതിരുകളിലായി തെങ്ങിൻ തോപ്പുകളും, കുട്ടിക്കൂട്ടങ്ങൾ കുസൃതി കാട്ടി നടക്കുന്ന നാട്ടിടവഴികളും...
പാടത്തിനരികിലൂടെ ഒഴുകുന്ന ചെറിയൊരു കൈതോടുണ്ട്. അതിനു മുകളിലായി ഒരു മരപ്പാലവും..
തോട് ലക്ഷ്യമാക്കി ഞാൻ നടന്നു.. ആ തോട്ടു വക്കിൽ ഒരിടത്തായി ഞാനിരുന്നു.. തോടിന് അതിരുകൾ തീർത്തപോലെ കൈത കാടുകൾ പന്തലിച്ചു നിൽക്കുന്നു ...
സന്ധ്യ യുടെ വരവറിയിച്ചു കൊണ്ട് കിളികൾ കൂട്ടത്തോടെ ശബ്ദം ഉണ്ടാക്കി തുടങ്ങുവോളം ഇപ്പോഴെന്റെ ലോകം ഇതാണ്...
വെറുക്കനെത്ര ശ്രമിച്ചിട്ടും കഴിയാത്തത്ര ള്ളിൽ വേരുറച്ചു പടർന്നു കഴിഞ്ഞിരിക്കുന്നു ഇക്ക. ആ ഓർമ കളെന്നെ അകറ്റി നിർത്തുന്നതിലുംഇരട്ടിയായി തലോടുമ്പോൾ പിന്നെയും മനസ്സ് അസ്വസ്ഥമാവും....
ആ അസ്വസ്ഥത യിൽ നിന്നാണ് ഞാൻ എഴുതാൻ തുടങ്ങിയത്. ഉള്ളിൽ നിന്നുറവയായി ഇറ്റിവീണ അക്ഷര ങ്ങളെ വീണ്ടും സ്നേഹിച്ചു തുടങ്ങിയപ്പോൾ ഞാൻ മാറുകയായിരുന്നു..
അതിനു കൂട്ടായി ഇടയ്ക്കിടെ എന്നെ തേടിയെത്തുന്ന സമ്മാന പൊതികളും.....
""""""""""" """"" """"""""" """"""""
റാബിക്കാക്ക.....
ഐറ യുടെ താഴെ നിന്നുള്ള വിളികേട്ടു ഞാൻ മുറിയിൽ നിന്നും ഓടിയിറങ്ങി. താഴെയെത്തിയപ്പോൾ ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നു അവൾ...
സലാം പറഞ്ഞവളെന്നെ ഇറുകെ പിടിക്കുമ്പോൾ ഞാൻ തലക്കൊരു മേട്ടം കൊടുത്തു....
നീയെവിടെയായിരുന്നു.... ഇത്ര നേരം..കള്ളത്തി....
ദേ... ഇക്കാക്ക കള്ളത്തിനൊന്നും വിളിക്കല്ലേ...
നീയ്.. കള്ളത്തി തന്നെയാ.. അതോണ്ടല്ലേ ക്ലാസും കട്ട് ചെയ്തു കൂട്ടുകാരിയുടെ വീട്ടിൽ പോയത്..
അവളെ ചൂടാക്കാൻ ഓരോന്ന് പറഞ്ഞോണ്ടിരിക്കുമ്പഴാ അവളുടെ നാവിൽ നിന്നുമത് വീണത്..
കള്ളത്തി ഞാനല്ല ഇങ്ങളെ കെട്ട്യോള് നശ്‌വയാ...
ഐറ.....
ശാസനയോടെ എല്ലാം കേട്ടുനിന്നിരുന്ന അമാൻ പിന്നിൽ നിന്നും വിളിച്ചപ്പോൾ
അമളി പറ്റിയ പോലെ അവൾ തലയിൽ കൈ വച്ചു തല താഴ്ത്തി നിന്നു
സോറി... റാബിക്കാക്ക ഞാൻ... അറിയാതെ
അറിയാതെ പറഞ്ഞതാ..
സാരല്യ... മോള് ഫ്രഷായിട്ട് വാ...
അനുവാദം കാക്കാൻ നിൽക്കാതെ നിറഞ്ഞു വന്നു തുടങ്ങിയിരുന്നു മിഴികൾ...
നശ്‌വയുടെ ഒരു ചെറിയ ഓർമ്മകൾ പോലുമെന്നെ വല്ലാതെ തളർത്തുന്നു...
ഒരിക്കലെന്നെ വേണ്ടെന്ന് പറഞ്ഞു ഇറങ്ങിയെങ്കിലും പിന്നീടൊരു വട്ടം കൂടി ഞാനവളുടെ മുന്നിലേക്ക് ചെന്നിട്ടില്ലാത്തതിനാൽ നിയമ പരമായി ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. ഇന്നും അവളെന്റെ ഭാര്യ തന്നെയാണ് അതാണെന്റെ ആശ്വാസവും....
അന്ന് നശ്‌വ ഇറങ്ങി പോയ ദിവസം ഉമ്മയിൽ നിന്നും അറിഞ്ഞ സത്യങ്ങൾ കേട്ടു തളർന്നിരുന്ന എന്നെ ആശ്വസിപ്പിച്ചു എന്നോട് ഉമ്മ ഒന്നേ ആവശ്യപ്പെട്ടുള്ളു..
നിനക്ക് കഴിയോ.. നിന്റെ മാതാപിതാക്കൾ ക്ക് വേണ്ടി, നിന്റെ നശ്‌വക്ക് വേണ്ടി,
ഇവരുടെ മുന്നിൽ തലയുയർത്തി പിടിച്ചൊരു ദിവസം നിനക്ക് പറയാമോ..
നിങ്ങൾ തളർത്തിയിട്ടും തളരാതെ ഞാനിതാ ഉയരങ്ങൾ കീഴടക്കിയെന്ന്..
ഒരു ദിവസം നിന്നെ അവരെല്ലാം ബഹുമാനത്തോടെയും ഭയത്തോടെയും നോക്കി നിൽക്കുന്നത് ഈ ഉമ്മാക്ക് കാണണം
സാധിച്ചു തരാൻ കഴിയോ നിനക്ക്...
അന്ന് ആ കൈപിടിച്ച് വാക്ക് കൊടുക്കുമ്പോൾ മുന്നിൽ തെളിഞ്ഞത് ഒരാഴ്ച മുൻപ് എന്നെ തേടി എത്തിയ അമാൻ ന്റെ വാക്കുകൾ ആയിരുന്നു...
ഒരേയൊരു തവണ ഒരേയൊരു തവണ മാത്രം എന്റെ കൂടെ വരുമോ എന്ന ചോദ്യം....
ഒരു ഒഴിവു ദിനത്തിന്റെ പ്രഭാത ത്തിലാണ് എന്നെ തേടി ഒരു ഫോൺ കാൾ എത്തിയത്..
എനിക്ക് നിങ്ങളെയോന്ന് കാണണം എന്നു പറഞ്ഞപ്പോൾ അതാരാണ് എന്ന് ഒരു ഊഹംവും ഉണ്ടായിരുന്നില്ല...
പിറ്റേ ദിവസം അവൻ കാണാമെന്നു പറഞ്ഞ സ്ഥലത്തു വെച്ചു കണ്ടു മുട്ടിയപ്പോൾ
എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് സംസാരിക്കാനുണ്ട്.. ക്ഷമയോടെ അതൊന്ന് കേൾക്കണം എന്ന ആമുഖ ത്തോടെ അവൻ പറഞ്ഞു തുടങ്ങിയത്...
എനിക്ക് ചുറ്റും മറഞ്ഞു കിടന്ന ചില കാര്യങ്ങൾ ആയിരുന്നു...
പിന്നീട് എന്റെ ജീവിതം തന്നെ മാറി മറിയാൻ കാരണമായവ
ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു തുടങ്ങും മുന്‌പേ ഞാനവനെ ആകെക്കൂടി ഒന്ന് നോക്കി...
പത്തിരുപത് വയസ്സുള്ള നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരു യുവാവ്.....
പക്ഷേ അവന്റെ മുഖം അവന് അനുഭവിക്കുന്ന ടെൻഷനും വേദനയും എത്രത്തോളം എന്ന് വ്യക്തമാക്കിയിരുന്നു....
റാബിക്കാക്ക.....
അങ്ങനെ വിളിച്ചോട്ടെ ഞാൻ.....
അവന്റെയാ വിളി എന്നിൽ ആകാംക്ഷ ഉണർത്തി.. കാരണം ഒരുപാട് നാളായി വിളിച്ചു ശീലിച്ച ഒരു പേര് പോലെ വളരെ നേർമ്മയായിട്ടാണ് അവൻ വിളിച്ചത്....
റാബിക്കാക്ക...ഞാൻ അമാൻ....
കുറച്ച് അകലെ നിന്നും വരുന്നു... ഉപ്പ ഒരു പ്രവാസിയാണ്.. പിന്നെ എനിക്കുള്ളത് എന്റെ ഉമ്മയും കുഞ്ഞനിയത്തി ഐറ പർവീനും മാണ്...
ഉമ്മ ഒരു സാധാ വീട്ടമ്മയാണ്..
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പാവം..
ഇതൊക്കെ എന്തിനാണിപ്പോൾ എന്നോട് പറയുന്നത് എന്ന ഭാവത്തോടെ ഞാനവനെ നോക്കുമ്പോൾ അവനെന്നോട് കെഞ്ചും പോലെ പറഞ്ഞു
എനിക്ക് ഒരു സഹായം ചെയ്തത് തരോ??
ഒരിക്കലും നിങ്ങൾക്ക് മുന്നിൽ നിങ്ങളുടെ ജീവിതം തകർക്കാൻ വരില്ലെന്ന് കരുതിയത്ആണ്..
പക്ഷേ ഇപ്പോൾ എന്റെ മുന്നിൽഇതല്ലാതെ വേറെ വഴികളില്ല അതുകൊണ്ടാണ്... ഞാൻ...
മിഴിനിറഞ്ഞ് വിതുമ്പലോടെയവനെന്നെ നോക്കി..
. നീ എന്തൊക്കെയോ പറയുന്നു എന്താണെന്നുപോലും മനസ്സിലാവാതെ ഞാൻ ഞാൻ എന്ത് സഹായമാണ് ചെയ്യേണ്ടത്???
ഒരേയൊരു തവണ...നിങ്ങൾ... ഒരേയൊരു തവണ ഒന്ന് വരുമോ എന്റെ കൂടെ??
എന്തിന്??
എന്തിനാടാ.., ഞാൻ നിൻറെ കൂടെ വരുന്നത്??
എനിക്ക് മുന്നിൽ കണ്ണീരുമായി നിൽക്കുന്ന അവനെ തോളിൽ കൈയിട്ട് എന്നിലേക്ക് ചേർത്തുപിടിച്ച് ഞാൻ ചോദിച്ചപ്പോൾ എന്നെ കെട്ടിപ്പിടിച്ച് അവൻ പൊട്ടിക്കരഞ്ഞു.....
എന്റെ.. ഉമ്മാക്ക് വേണ്ടി..... അല്ല.. നമ്മുടെ ഉമ്മയെ തിരികെ കിട്ടാൻ വേണ്ടി...
അവനിൽ നിന്നും വീണ വാക്കുകൾ മനസ്സിലാവാതെ ഞാനവനെ എന്നിൽ
നിന്നും അടർത്തിമാറ്റി...
നീ എന്താ പറഞ്ഞത് !!!!
എൻറെ ഉമ്മയോ??
ഞാൻ പറഞ്ഞത് സത്യമാണ്...
റാബിക്കാക്ക എന്റെ സ്വന്തം ഇക്കാക്കയാ..
ഒരു ഉമ്മയുടെ ഗർഭപാത്രത്തിൽ നിന്നും പിറന്നു വീണവരാണ് നമ്മൾ....
ഇല്ലെടാ..
നിനക്ക് ആളിനെ മാറിയത് ആവും...
എൻറെ വീട്ടിൽ എനിക്കൊരു ഉമ്മയുണ്ട്.. എന്നെയത്രയധികം സ്നേഹിക്കുന്ന ഒരുഉമ്മ... ഏതൊരു പ്രതിസന്ധി യിലും എനിക്കൊരു തണലായി മാറുന്ന എന്റെ ഉമ്മ....
അത് നിങ്ങളുടെ പെറ്റുമ്മയല്ല റാബികാക്ക..
പെറ്റുമ്മ വേറെയാ...
റബിയ...
അതാണ് നമ്മുടെ ഉമ്മ..
നിങ്ങളുടെ ഒരിത്തിരി നേരത്തിനു വേണ്ടി ഞാൻ കെഞ്ചുന്നതും ആ ഉമ്മക്കുവേണ്ടിയാ....
കേൾക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിയാതെ ഞാൻ നിൽക്കുമ്പോൾ അവൻ തുടർന്നുകൊണ്ടിരുന്നു...
എനിക്ക് ഓർമ്മവച്ച നാൾമുതൽ ഞാൻ കേട്ടുവളർന്ന പേരാണ് റബാഹ്.... എന്ന നിങ്ങളുടെ പേര്....
ഉമ്മ പലപ്പോഴും നിങ്ങളെയോർത്ത് തനിച്ചിരുന്നു കരയുന്നത് കണ്ടാണ് ഞാൻ നിങ്ങളെപ്പറ്റി ചോദിച്ചത്....
അത് നിന്റെ ഇക്കാക്കയാണെന്നും റാബിക്കാക്കയെന്നു വിളിക്കാൻ പറഞ്ഞു പഠിപ്പിച്ചതും ഉമ്മയാ.. എന്നെ മാത്രമല്ല നമ്മുടെ കുഞ്ഞനിയത്തി ഐറ യെയും....
നിങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ഉമ്മയിൽ നിന്ന് ആരൊക്കെയോ ചേർന്ന് നിങ്ങളെ അടർത്തി മാറ്റിയതാണെന്നും നിങ്ങളെ ഉമ്മ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്നും മാത്രം എനിക്ക് അറിയാം....
അതുകൊണ്ടാണ് ഈ അവസ്ഥയിൽ നേരിട്ടൊരു പ്രാവശ്യം പോലും കാണുക പോലും ചെയ്യാത്ത നിങ്ങളെ തിരഞ്ഞുപിടിച്ച് ഞാനെത്തിയത്...
അല്ലെങ്കിൽ നമ്മുടെ ഉമ്മ........
ഉമ്മ... ഉമ്മാക്ക് എന്താ പറ്റിയത്??
ഞാൻ പോലുമറിയാതെ ചോദ്യം
എന്നിൽ നിന്നും അടർന്നുവീണു.
ഉമ്മ ക്കൊരു ആക്സിഡൻറ്....
ഇപ്പോൾ കോമ സ്റ്റേജിലാണ്..
വെന്റിലേറ്ററിലാണ്...
അത് മാറ്റിയാൽ......
കഴിയുന്നില്ല ഇക്കാക്ക.... അത് ഉൾക്കൊള്ളാൻ എനിക്ക്...
അതുകൊണ്ടാണ് ഞാൻ നിങ്ങളെ തേടിയെത്തിയത്.. നിങ്ങളെ മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കുന്നുണ്ട് ഉമ്മ...
നിങ്ങളുടെ ഒരുവിളി.... ഒരു തലോടൽ.. അത് മതിയാവും.... ഉമ്മയെ ഉണർത്താൻ....
അവനെന്റെ മുന്നിൽ പ്രതീക്ഷയോടെ നിൽക്കുമ്പോൾ കേട്ടതൊന്നും വിശ്വസിക്കാനാവാതെഞാൻ തിരിച്ചുനടന്നു...
റാബിക്കാക്ക....
പിന്നിൽ നിന്നും അവന്റെയാ വിളി ഹൃദയം കീറി മുറിക്കുന്നത് അതറിഞ്ഞിട്ടും പിന്തിരിഞ്ഞു നോക്കാനാവാതെ ഞാൻ നടന്നു....
അതിനെപ്പറ്റി ബാപ്പയോട് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് വാപ്പതന്നെ പരിഹസിച്ചതും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും..
അവന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി...
ഒരുതവണ വരുമോ?? ഒരേയൊരു തവണ... അല്ലാഹ്... എന്റെ ഉമ്മാക്ക് വേണ്ടിയാണല്ലോ അവൻ എന്റെ മുന്നിൽ വന്നു കെഞ്ചിയത്...
അപ്പോഴാണല്ലോ ഞാൻ പിന്തിരിഞ്ഞു നടന്നത്..
ഫോൺനമ്പർ തിരഞ്ഞുപിടിച്ചുഅവനെ ഞാൻ വിളിക്കുമ്പോൾ കരയാനു പോലുമാവാതെ വിറച്ചു കൊണ്ടിരുന്നു..
കുറച്ചു ദിവസങ്ങൾകൊണ്ട് മാറിമറിഞ്ഞജീവിതം ആകെക്കൂടി തളർത്തിക്കളഞ്ഞു എന്നെ..
ആദ്യമായി അമാൻറെ വരവ്..
പിന്നെ വാപ്പയുമായി പ്രശ്നമുണ്ടാക്കിയത്. അതിന്റെ പ്രതികാരമെന്നോണം നശ്‌വക്ക് ഉണ്ടായ കള്ളക്കഥ... അവളുടെ ഇറങ്ങിപ്പോക്ക്.. ഉ മ്മയുടെ സത്യങ്ങൾ എല്ലാം തുറന്നു പറയൽ...
അള്ളാഹ്...
എല്ലാം ക്ഷമിക്കാനുള്ള കരുത്ത് എന്റെ മനസ്സിന് നൽകണേ...
റബ്ബിനോട് ഞാൻ കേണ് കൊണ്ടിരുന്നു...
റാബിക്കാക്ക...
ചെവിയിൽ വച്ച ഫോണിൽ നിന്നും അമാൻറെ വിളി കേട്ടപ്പോഴാണ് എനിക്ക് പരിസരം ഓർമ്മവന്നത്...
അമാൻ.... അമാൻ.. ഞാൻ വരാടാ....
ഉമ്മയെ കാണാൻഞാൻ വരാം...
അടക്കിപ്പിടിച്ചോരു തേങ്ങൽ ആയിരുന്നു മറുപടി....
മോനെ...
എന്റെ ഹൃദയം പൊട്ടിയുള്ള വിളി കേട്ടിട്ടാവണം അവൻ പറഞ്ഞത്..
ഞാൻ വരാമിക്കാ.... നിങ്ങളെ കൂട്ടിക്കൊണ്ടുവരാൻ ഇപ്പോൾ തന്നെ വരാം...
വീട്ടിൽ നിന്നും ഉമ്മയോടൊരു യാത്ര പോവാണെന്ന് പറഞ്ഞിറങ്ങിയപ്പോൾ
മറ്റുള്ളവർ ഭാര്യയെ മറ്റൊരാളോടൊപ്പം പിടിച്ച കള്ളകഥ വിശ്വസിച്ചു ഞാൻ ഒളിച്ചോടുകയാണ് എന്ന ആശ്വാസത്തിൽ നിൽക്കുന്നുണ്ടായിരുന്നു....
അധികം വൈകാതെ ഞാൻ അമാനോടൊപ്പം യാത്ര തിരിച്ചു... ഒരു ചതിയിലൂടെ കൈവിട്ടു പോയ പെറ്റുമ്മയെ ആദ്യമായിട്ടെന്ന പോലെ കാണുവാൻ...
ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവിടെ ഞങ്ങളെ കാത്തു രണ്ടുപേരുണ്ടായിരുന്നു അമാൻറെ ഉപ്പയും അനിയത്തി ഐറ യും
എന്നെ കണ്ടയുടനെ റാബിക്കാക്ക എന്ന് വിളിച്ചു ഓടിവന്ന് എന്നെ ഇറകെ പുണർന്നുഅവൾ പൊട്ടി കരഞ്ഞു... എന്റെ അനിയത്തി...
എനിക്ക് മനസ്സിലാകുകയായിരുന്നു..അവരുടെ യൊക്കെ ഉള്ളിൽ ഞാൻ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന്....
അല്ലെങ്കിൽ ഇന്നേവരെ കാണാത്ത ഒരാളെ ഇ ങ്ങനെ ഇറുകെ പുണർന്നു ഉള്ളിലുള്ള വിഷമങ്ങളൊക്കെയും അയാളുടെ നെഞ്ചിൽ കരഞ്ഞു തീർക്കാൻ ഒരാൾക്കും കഴിയില്ല...
അവളെഎന്നിൽ നിന്നും അടർത്തിമാറ്റി അമാനെ ഏൽപ്പിച്ചു കൊണ്ട് അമാന്റയുപ്പ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... കുറച്ച് സംസാരിക്കാനുണ്ടെന്ന്..
ഉമ്മ.. ഉമ്മ എവിടെ??, വേവലാതി യോടെ ഞാൻ ചോദിച്ചു..
കാണാം... അതിനും മുൻപ് നീയവളെ പറ്റി അറിയണം നിന്റെ ഉമ്മയെ കുറിച്ച്....
നീ..ഒരു ചീത്ത സ്ത്രീയായിട്ടാണ് അവളെപറ്റി കേട്ടിട്ടുള്ളത് എങ്കിൽ എനിക്കത് മാറ്റണം..
അറിയാതെ പോലും നീ അങ്ങനെ ചിന്തിക്കല്ലേ...
നിന്നെ സ്നേഹിക്കുന്ന നിന്നെ ജീവനാ യായികരുതുന്ന ഉമ്മയാണ് അവൾ...
അല്ലാതെ നിന്നെ ഉപേക്ഷിച്ചുപോയവളല്ല അവൾ.... ആരൊക്കെയോ ചേർന്ന് എഴുതിയ നാടകത്തിൽ അറിയാതെ അഭിനയിച്ച് ബലിയാടായി മാറിയവൾ...
ഒരു പാതിരാ നേരത്ത് നിന്നെ നെഞ്ചോടുചേർത്ത് ഉറക്കുന്ന സമയത്ത് വീടിനു പുറത്ത് നിന്നും കേട്ട ശബ്ദം അറിയാനാവാതെ വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ആരുടെ യൊരു കൈ തന്റെ നേരെ നീളുന്നത് മാത്രമേ അറിഞ്ഞുള്ളു....
പിന്നീട് ഉണരുമ്പോൾ ഭാഷയറിയാത്ത ദേശം ഏതെന്നറിയാത്ത ഒരു സ്ഥലത്തായിരുന്നു...ഏതോ ആൾതാമസം ഇല്ലാത്ത വീടിനുള്ളിൽ നിന്നും സംഭവിച്ചതെന്നറിയാതെ പുറത്തിറങ്ങുമ്പോൾ വിശന്നു കരയുന്ന നീ ആയിരുന്നു അവളുടെ ഉള്ളിൽ മുഴുവൻ....
എപ്പോഴാണ് ഇവിടെ എത്തിയതെന്നോ... എങ്ങനെഎന്നോ അറിയാതെ അവൾ നാടുകൾ തോറും അലഞ്ഞു....
എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ....
മാസങ്ങളുടെ അലച്ചിനോടുവിൽ ഒരു ട്രെയിനിൽ വച്ചാണ് എന്റെ കുടുംബത്തെ അവൾ കണ്ടുമുട്ടുന്നത്...
ഒരു മലയാളി കുടുംബത്തെ കണ്ട ആശ്വാസത്തിൽ ഞങ്ങൾക്കുമുന്നിൽ ഒരു പെരുമഴ പോലെ ആർത്തലച്ചു പെയ്തു...
എന്റെ കുഞ്ഞ്... എന്റെ കുഞ്ഞ് ....
അത് മാത്രമായിരുന്നു അവൾ പറഞ്ഞുകൊണ്ടിരുന്നത്...
സാവദാന ത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ എന്റെ ഉമ്മക്ക് മുന്നിൽ അവൾ തുളുമ്പി ഒഴുകുന്ന മിഴി നീർത്തുള്ളികൾ തുടച്ചുമാറ്റി സംഭവിച്ചത് ഓരോന്നും പറഞ്ഞു.....
അവളെ സമാധാനിപ്പിച്ചു അവളെ അവളുടെ നാട്ടിൽ എത്തിക്കാം എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ കൂടെ കൂടിയവൾ...
നാട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.. നാട്ടുകാരുടെ ചോദിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലായത്
അവൾ ആരോടൊപ്പമോ ഒളിച്ചു ഓടിയെന്നും... അത് അറിഞ്ഞു ഭർത്താവ് ആത്മഹത്യ ചെയ്തുഎന്നും കുഞ്ഞിനെ ഭർത്താവിന്റെ സഹോദരി വീട്ടിലാണെന്നുംഅവിടെ നിന്നും അറിഞ്ഞു..
നിന്നെ കാണാൻ വേണ്ടി ഭർത്താവിന്റെ സഹോദരി വീട്ടിൽ എത്തിയപ്പോൾ അവിടെ സംഭവിച്ചത് നേരെ തിരിച്ചുള്ള സംഭവങ്ങളായിരുന്നു...
സഹോദരിയും കുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല.. അവരുടെ ഭർത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അയാൾ അവളോട് ക്രൂരമായി പെരുമാറി.. സത്യങ്ങളെല്ലാം പറഞ്ഞുവെങ്കിലും അയാൾ വിശ്വസിച്ചില്ല..
നീ കാരണം ആസിം മരിച്ചുവെന്നും...ഇറങ്ങി പോയവന് ഉപേക്ഷിച്ചപ്പോൾ നീ തിരിച്ചു വന്നതാണെന്നും കുഞ്ഞിന്റെ ജീവിതം കൂടിതകർക്കരുതെന്നും പറഞ്ഞു അയാൾ ആട്ടിപ്പായിച്ചു..
ഇനി ഒരിക്കൽ കൂടി അവനെ കാണാൻ വന്നാൽ അവന്റെ മുന്നിൽ നീയൊരു ചീത്ത സ്ത്രീയാണെന്ന് ഞാൻ പറയും.. അത് വഴി നിന്നെയവൻ വെറുക്കും ...
എന്നും കൂടി അയാൾ കൂട്ടിച്ചേർത്തപ്പോൾ അവളവിടെ തളർന്നു വീണു.. അവളുടെ സ്വന്തം വീട്ടുകാരും അവളെ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ എന്റെ ഉമ്മയവളെ കൂടെ കൂട്ടി...
പതിയെ പതിയെ അവൾ മാനസികമായി തകർന്നു പോകുന്നത് കണ്ട് സഹിക്കാൻ കഴിയാതെ ഉ മ്മയുടെ നിർബന്ധത്തിനു ഞാനവളെ നിക്കാഹ് കഴിച്ചു..
അന്ന് മുതൽ അവൾ കാത്തിരിപ്പായിരുന്നു സത്യമെല്ലാം അറിഞ്ഞു നീയൊരിക്കൽ അവളെ തേടിയെത്തും എന്ന പ്രതീക്ഷയോടെ..
എന്തുപറയണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു...
എൻറെ ഉമ്മ... വർഷങ്ങളായി നെഞ്ച് വിങ്ങി തന്നെ കാത്തിരുന്ന എന്റെ ഉമ്മ..... കാണണമെനിക്ക്....
ഉമ്മയുടെ അടുത്തേക്ക് കാലുകൾ കുതിച്ചു..
ഞാൻ ഉമ്മയുടെ ചാരത്തേക്ക് നടന്നടുക്കുമ്പോൾ വിറച്ചുകൊണ്ട് പലപ്പോഴും വീഴാൻ പോകുന്ന പോലെ തോന്നി...
നിരവധി ഉപകരണങ്ങൾ ക്ക് നടുവിൽ തെളിഞ്ഞു കണ്ട മുഖം....
എന്റെ ഉമ്മ....
പതിയെ ഞാൻ ഉമ്മയുടെ കൈത്തലം തലോടിക്കൊണ്ട് വിതുമ്പി....
ഒരിക്കലും അറിഞ്ഞില്ല... ഒന്നുമറിഞ്ഞില്ല...ഞാൻ....
ഒരിക്കലും ഇങ്ങനെയൊരുമ്മ എനിക്കായ് കാത്തിരിക്കുന്നത് ഞാനറിഞ്ഞില്ല.....
മാപ്പ്....
ഞാൻ വന്നു ഉമ്മാ....
ഒന്നുണർന്ന് ഈ മുഖത്തേക്ക് നോക്...
എന്റെ മിഴികളിൽനിന്നും ഉരുണ്ടുരുണ്ട് തുള്ളി തുള്ളികളായി കണ്ണീർ ഉമ്മയുടെ കൈത്തലം നനച്ചു കൊണ്ടിരുന്നു....
ഉമ്മ ഉണരുമെന്ന പ്രതീക്ഷയോടെ ഞാൻ ആ മുഖത്തേക്ക് ഉറ്റു നോക്കി ഓരോന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു
കെട്ടിക്കിടക്കുന്ന നോവിന്റെ ഭാരമൊക്കെയും ഉ മ്മയുടെ കൈപിടിച്ച് കരഞ്ഞു തീർക്കുമ്പോഴും ഉമ്മക്ക് യാതൊരു മാറ്റവും കണ്ടില്ല..
കരൾ പറിച്ചെടുക്കും വേദനയോടെ യാ സത്യം ഞാൻ ഉൾക്കൊള്ളാൻ ശ്രമിച്ചു.. ഉമ്മാക്ക് ഇനിയീ മോനേ കാണാനോ, സ്നേഹത്തോടെയെന്റെ നെറ്റിയിലൊരുമ്മ തരാനോ സാധിക്കില്ലെന്ന്..
കുഞ്ഞുനാളിലെ എപ്പോഴോ എന്റെ കുഞ്ഞി ചുണ്ട് പതിച്ചോരാ നെറ്റിയിൽ ഒരിക്കൽ കൂടി ചുണ്ടമർത്തി ഞാൻ പറഞ്ഞു..
തോറ്റു പോയി ഉമ്മാ.. ഞാൻ...
എല്ലായിടത്തും തോറ്റു.. ഞാൻ...
തോൽപ്പിക്കുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓരോരുത്തരും...
സ്വന്തമായി ഈ ഭൂമിയിൽ ആരുമില്ലാതെ അലഞ്ഞു നടക്കാനായി ഞാനീ പടിയിറങ്ങുകയാണ്......
ഉമ്മയുടെ ജീവനറ്റ ശരീരം കാണാനുള്ള ശക്തി യൊന്നും എനിക്കിലുമ്മാ..
വെറുതെ ഞാനൊന്ന് കൊതിച്ചു പോയി.... ഉമ്മായീ ഉറക്കിൽ നിന്നുണരുമെന്ന്...
മോനേ എന്നൊന്ന് വിളിക്കുമെന്ന്...
യോഗമില്ലെനിക്ക്.....
പറഞ്ഞു തീരാത്ത വാക്കുകളും നിലത്തുറക്കാത്ത കാലുകളുമായി ഞാനാ മുറി വിട്ടിറങ്ങിയപ്പോൾ പുറത്തു പ്രതീക്ഷയോടെ എന്നെ കാത്തിരിക്കുന്ന മൂന്നു മുഖങ്ങളിലേക്ക് നോക്കാനാവാതെ അവരുടെ മുന്നിൽ ഞാൻ തളർന്നു വീണു...
എന്റെ കവിളിലനുഭവപ്പെട്ട തണുത്തൊരു നനവ് അറിഞ്ഞുകൊണ്ടാണ് പിന്നെ ഞാനുണർന്നത്.
ആരുടെയോ കണ്ണു നീരിന്റെ നനവുള്ളൊരു മുഖം എന്റെ കവിളിനോട് ചേർന്ന് നിന്നതാണെന്ന് മനസ്സിലായപ്പോൾ ഞാനെന്റെ മിഴികൾ വലിച്ചു തുറന്നു.. തൊട്ടടുത്ത സ്റ്റാൻഡിൽ വച്ച ഗ്ലൂക്കോസ് കുപ്പിയിൽ നിന്നും ഇറ്റിയിറ്റി വീഴുന്ന തുള്ളികളാണാദ്യം കണ്ടത്..
റാബിക്കാക്ക.....
ഞാൻ മിഴി തുറന്നത് കണ്ടു എന്റെ കവിളോടൊട്ടിയ കവിൾ മാറ്റി മുഖം ഉയർത്തി അമാൻ പൊട്ടി കരഞ്ഞു...
എന്താടാ...
വരണ്ടൊരു പുഞ്ചിരി സമ്മാനിച്ചു ഞാൻ ചോദിക്കും നേരം അവനെന്നെ മുറുകെ പിടിച്ചു ക്കരഞ്ഞു...
ഉമ്മ.... നമ്മുടെ ഉമ്മ...
കേൾക്കാൻ പോവുന്ന വാക്കുകൾ നൊമ്പരത്തിന്റെയാവുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനെന്റെ ഇരു ചെവികളും അമർത്തി അടച്ചു പിടിച്ചു..
അടച്ചുപിടിച്ച കൈകൾ വലിച്ചു മാറ്റിയവൻ പറഞ്ഞു
ഉമ്മ... നമ്മുടെയുമ്മ.. കണ്ണ് തുറന്നു..
കേൾക്കുന്ന വാക്കുകൾ സത്യമാണോ മിഥ്യ യാണോയെന്നറിയാതെ ഒരു നിമിഷം ശ്വാസം പോലുമെടുക്കാതെ ഞാൻ തരിച്ചു നിന്നു..
പിന്നെ ചാടിയെഴുനേൽക്കുമ്പോൾ എന്നെ തടഞ്ഞു കൊണ്ടവൻ പറഞ്ഞു
വേണ്ട.. ഇപ്പോൾ പോവേണ്ട.. അകത്തേയ്ക്ക് ആരെയും കടത്തി വിടുന്നില്ല. ഡോക്ടർസ് നോക്കീങ്ങോണ്ടിരിക്കാ...
ഞാൻ മുഖം മുട്ടുകാലിൽ പൂഴ്ത്തി വച്ചു അടക്കാനാവാത്ത ആഹ്ലാദത്തോടെ പടച്ചവനെ സ്തുതിച്ചു..
അൽഹംദുലില്ലാഹ്....
പിന്നെ കയ്യിലുള്ള ക്യാനുല വലിച്ചെറിഞ്ഞു ഹോസ്പിറ്റലിലെ പ്രാർത്ഥന മുറിയിലേക്ക് ഓടുമ്പോൾ എന്റെ യുള്ളിൽ മുഴുവൻ എന്റെ സൃഷ്ടാവ് എന്നോട് കാണിച്ച അനുഗ്രഹത്തിന് ഞാനെങ്ങനെ നന്ദി പറയുമെന്നായിരുന്നു..
പടച്ചവൻ ചെയ്തു തന്ന അനുഗ്രഹത്തിന് അവന്റെ മുന്നിൽ ശുക്റിന്റെ സുജൂദിലായി വീഴുമ്പോൾ ഞാനീ ലോകത്തെ തന്നെ മറന്നു അതിൽ ലയിച്ചു പോയിരുന്നു...
*****
സോറി... റാബിക്കാക്ക.....
ഞാൻ വെറുതെ പറഞ്ഞതല്ലേ....എനിക്കറിയാമിക്കാക്ക നിങ്ങളുടെ ഉള്ളിൽ എത്രത്തോളം നശ്‌വയിത്തയുണ്ടെന്ന്.... ഒക്കെ ശരിയാവും...
വാ.. ഇവിടെയിങ്ങനെ തനിച്ചിരിക്കേണ്ട.. താഴേക്കു വാ...
ഐറയുടെ വിളിയും സംസാരവുമാണെന്നെ
സ്വബോധത്തിലേക്ക് കൊണ്ടുവന്നത്....
അന്നാ ആശുപത്രി മുറിയിൽ നിന്നും ഉമ്മയോടൊപ്പം ഞാനും ഈ വീട്ടിലേക്കു കുടിയേറി..
ഉമ്മയും സ്വന്തമല്ലാഞ്ഞിട്ടു കൂടി സ്വന്തം മകനെ പോലെ സ്നേഹിക്കുന്നൊരു ഉപ്പയും എന്തിനും ഏതിനും കരുത്തായി താങ്ങായി ഇടത്തും വലത്തുമായി എന്റെ ഐറ യും അമാനും...
എനിക്ക് സ്വന്താമായൊരു കുടുംബം ഉണ്ടാവുകയായിരുന്നു.. താഴ്ത്തി കെട്ടലുകളില്ലാതെ കുത്തുവാക്കുകളില്ലാതെ പരിഹാസങ്ങളില്ലാതെ... എനിക്കുമൊരു കുടുംബം.....
എന്റെ ജീവിതം പച്ച പിടിച്ചു തുടങ്ങുകയായിരുന്നു...അപ്പോഴും ഉള്ളിലൊരു നോവ് പരത്തി യുണ്ടായിരുന്നു നശ്‌വ യുടെ ഓർമ്മകൾ...
എങ്കിലും അവളുടെ മുന്നിൽ ചെന്ന് നിന്ന് കൂടെ വിളിക്കാനുള്ള ധൈര്യം മാത്രമുണ്ടായില്ല.. നെഞ്ചകം പിളർന്നു കൊണ്ട് ഞാനീ ജീവിതം കൊണ്ട് പൊരുത്തപ്പെടാൻ ശ്രമിച്ചു...
അവൾക്കെന്നോടുള്ള വെറുപ്പ് എത്രത്തോളം എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..
ഒരിക്കൽ ഞാനവളുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ അവളെന്നെ അഭിമാനത്തോടെ നോക്കണമെന്നൊരു വാശിയും എന്നിലുണ്ടായി..
നല്ലൊരു ഡോക്ടറുടെ ചികിത്സ യിലൂടെ എന്റെ സ്വഭാവത്തിലെ വൈകല്യങ്ങളൊരാന്നായി വഴി മാറി തുടങ്ങിയപ്പോൾ എനിക്കുറപ്പുണ്ടായിരുന്നു എന്നെകൊണ്ട് പലതും ചെയ്യാൻ കഴിയുമെന്ന്....
നിയമത്തിന്റെ പിൻബലത്തോടെ എനിക്ക് അവകാശപ്പെട്ടത് എല്ലാം വാപ്പയിൽ നിന്നും തിരിച്ചു പിടിക്കുമ്പോൾ തുടങ്ങുകയായിരുന്നു എന്റെ വിജയങ്ങളുടെ ഉന്നതിയിലേക്കുള്ള പ്രയാണം..
""""""" """"""" """""""" """""" """"
അല്ല അസറേ.. നച്ചൂട്ടിയെ ഇങ്ങനെ നിർത്താനാണോ അന്റെ ഉദ്ദേശം... ഒരു കല്യാണമൊക്കെ നോക്കാനായില്ലേ???
കോളേജിൽ പോവാനിറങ്ങിയ എന്നെ കണ്ടു അടുത്ത വീട്ടിലെ താത്ത മുറ്റത്തു നിൽക്കായിരുന്ന ഉപ്പാനോട് ചോദിക്കുന്നത് കേട്ടാ നിമിഷം ആയിരം സൂചിമുനകൾ കുത്തിയത് പോലെ തോന്നി.....
ഇവിടെയാർക്കും എന്റെ കല്യാണം കഴിഞ്ഞതാണെന്നോ പിരിഞ്ഞു താമസിക്കാനെന്നോ അറിയില്ല.. അത് കൊണ്ട് തന്നെ ഇടക്കിടക്ക് ഇങ്ങനെ യുള്ള വാക്കുകൾ ഇപ്പോൾ കേട്ടുതുടങ്ങിയിട്ടിക്കുന്നു...
അവരെ പറഞ്ഞിട്ടും കാര്യമില്ല. ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വല്ലാത്തൊരു ആധിയാണ്,അവരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നത് വരെ.....
എന്റെ മരവിച്ചുള്ള നിൽപ്പ് കണ്ടു ഉപ്പച്ചി വേഗം അവിടെ നിന്നും തിരിഞ്ഞു എന്റെ അടുത്തേക്ക് വന്നു
ആ.. മോള് പോവാനിറങ്ങിയോ...
മം.. പോയി വരട്ടെ ഉപ്പച്ചി... ഉമ്മച്ചീ പോയി വരട്ടെ
സലാം പറഞ്ഞു ഉപ്പാക്ക് മുഖം കൊടുക്കാതെ ഞാൻ അവിടെ നിന്നും ഓടിയിറങ്ങി..
പാട വരമ്പിലൂടെ മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോൾ എത്ര തടുത്തു നിർത്തിയിട്ടും എന്റെ മിഴികൾ നിറഞ്ഞൊലിച്ചു..
കല്യാണം.... ആ.. വാക്ക് വീണ്ടും വീണ്ടും എനിക്ക് ചുറ്റും മുഴങ്ങി കേൾക്കുന്ന പോലെ
ഒരിക്കൽ വേണ്ടെന്നു വച്ചുവെങ്കിലും എന്റെ ഹൃദയത്തിൽ നിന്നും എത്ര ശ്രമിച്ചിട്ടും പറിച്ചെറിയാൻ കഴിയുന്നില്ല. കരണമെന്തെന്നറിയാത്ത വല്ലാത്തൊരു നോവാണ് അപ്പോഴൊക്കെ..
മൂന്നു വർഷങ്ങൾ കൊഴിഞ്ഞു വീണിരിക്കുന്നു.. ഇത് വരെ ഒരിക്കൽ പോലും എന്റെ മുന്നിൽ വന്നില്ല. അല്ലെങ്കിലും ഒരിക്കൽ പോലും എന്നെ ഇഷ്ടമാണെന്നൊന്ന് പറഞ്ഞിട്ടില്ലല്ലോ... ഞാനല്ലേ ഇക്കയെ സ്നേഹിച്ചത്..എല്ലാ പരിഭവങ്ങളും ആ നെഞ്ചിലൊഴുക്കി കളയാൻ ശ്രമിച്ചത്.. ഇക്കക്ക് എന്നെയിപ്പോഴും അംഗീകരിക്കാനായിട്ടുണ്ടാവില്ല....
തന്റെ വേദനകളും ഉള്ളിലൊതുക്കിയ പ്രണയവും വിരഹവുമെല്ലാം വരികളിലൂടെ പുറത്തു വന്നപ്പോൾ ഞാനൊരു എഴുത്തുകാരിയായി....
ഞാൻ എഴുതിതീർത്തത് മുഴുവൻ ഇക്കയോട് പറയാൻ കൊതിച്ച വാക്കുകളായിരുന്നു...
അതിൽ നിറഞ്ഞു നിന്നത് മുഴുവൻ എന്നിൽ നിന്നടർന്നു വീണ കണ്ണീർതുള്ളികളായിരുന്നു....
എല്ലാവരും എന്നെ ആദരവോടെ നോക്കുമ്പോൾ ഞാനാഗ്രഹിച്ചത് നിന്റെയൊരു നല്ല വാക്കായിരുന്നു...
പക്ഷെ..... ഇത്ര വർഷങ്ങൾക്കിടയിൽ
ഒരിക്കൽ പോലും എന്റെയുള്ളിലെ സ്നേഹത്തെ ഇക്ക തിരിച്ചറിഞ്ഞില്ല...
ഇനിയുമിങ്ങനെ ഇക്കയുടെ ജീവിതത്തിൽ ഒരു ഇത്തിൾകണ്ണി പോലെ പിടിച്ചു തൂങ്ങാൻ വയ്യ........
ഉപ്പച്ചിയോടൊരു തീരുമാനം എടുക്കാൻ പറയണം..
എന്റെ സ്നേഹം എന്റെയുള്ളിലായി എരിഞ്ഞു തീരട്ടെ.. ഉമിയിലിട്ട തീ പോലെ എന്റെ ജീവിതം നീറി നീറി തീരട്ടെ...
""""""" """"" """"" """""" """"""
റബീ... നീയിങ്ങനെ തളരാതെ.. എന്തെങ്കിലും ഒരു വഴി പടച്ചോൻ കാട്ടിത്തരും...
എങ്ങനെ ...
എനിക്ക് അവളില്ലാതെ വയ്യ ഉമ്മ...
എന്റെ കൂടെ ജീവിച്ച ഒരു നിമിഷം പോലും ഞാനെന്റെ സ്നേഹം അവൾക്കു മുന്നിൽ പ്രകടിപ്പിച്ചിട്ടില്ല..
അവൾക്ക് മുന്നിൽ മനസ് തുറന്നു ഒന്ന് സംസാരിക്കാൻ പോലും ഒരിക്കലും ഞാൻ നിന്നിട്ടില്ല....
പിന്നെങ്ങനെ അവളെന്നെ സ്നേഹിക്കും
ബന്ധം വേര്പിരിയണം എന്ന ആവശ്യം അവൾ മുന്നോട്ടു വച്ചെന്ന് അവളുടെ ഉപ്പച്ചി വിളിച്ചു പറഞ്ഞപ്പോൾ ആകെ തകർന്നു പോയി ഞാൻ..
ഇത്രയും കാലം കൊണ്ട് ഞാൻ നേടിയെടുത്തത് എല്ലാം വെറുതെയായ പോലെ...
അന്നെന്റെ മുന്നിൽ നിന്നവളിറങ്ങി പോവുമ്പോൾ എന്റെ ഉള്ള് തുടിച്ചതാണ് അവളോടുള്ള എന്റെ സ്നേഹം തുറന്നു പറയാൻ...
പക്ഷെ... അന്ന് വാപ്പയുടെ കണ്ണിൽ ഒളിപ്പിച്ച പകയുടെ കനലുകൾ കണ്ടപ്പോൾ അവളെയാ വീട്ടിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപെടുത്തിയാൽ മതിയെന്ന് മാത്രമേ അപ്പോൾ എനിക്ക് ചിന്തിക്കാനായുള്ളു....
ഇത്രയും വർഷത്തിനിടയിൽ അവളുടെ മുന്നിൽ ചെന്നില്ല എന്നേയുള്ളു.. അവളുടെ ഓരോ കാര്യങ്ങളും അവളുടെ ഉപ്പച്ചിയിലൂടെ ഞാനറിഞ്ഞു...
എല്ലാ സത്യങ്ങളും ഉപ്പച്ചിക്ക് മുന്നിൽ തുറന്നു പറഞ്ഞപ്പോൾ അന്ന് മുതലിന്നോളം എല്ലാ കാര്യത്തിനും ഉപ്പച്ചി കൂടെ നിന്നു..
അവളുടെ മനസ്സൊന്നു ശാന്തമാവാൻ അവളിഷ്ടം പോലെ മറ്റൊരു സ്ഥലത്തു ഒരു വീട് സങ്കടിപ്പിച്ചു കൊടുക്കുമ്പോഴും,
കൊച്ചു കൊച്ചു സമ്മാന പൊതികളിലൂടെ അവൾക്കൊരു സ്വാന്തനമായി മാറുമ്പോഴും എനിക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു...
അവളെയൊരിക്കലും നഷ്ടപ്പെടരുതെന്ന്
റാബിക്കാക്കാ.... ഇങ്ങനെ വിഷമിക്കാതെ.. ഞങ്ങളുണ്ട് ഇക്കാക്കാന്റെ കൂടെ...ഇക്കാക്കക്ക് നശ്‌വത്തയെ നഷ്ടപ്പെടാൻ ഒരിക്കലും ഞങ്ങൾ ഇട വരുത്തില്ല....
ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ...
നശ്‌വ ത്തയുടെ ഉള്ളിൽ റാബിക്കാക്കയോട് ഇത്തിരിയെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ അത് പുറത്ത് വരാനൊരു വഴിയുണ്ട്....
തളർന്നു വീണ എനിക്കരികിൽ കുളിർ കാറ്റായി വീശി എന്റെ കൂടപ്പിറപ്പുകൾ.....
*************
ഒരു പാവയെപോലെ ആ തിരക്ക് പിടിച്ച പാർക്കിൽ തിരക്കൊഴിഞ്ഞ ഒരിടം തേടി ഞാൻ നടന്നു.. ഒടുവിൽ പാർക്കിന്റെ അറ്റത്തായി ഒഴിഞ്ഞു കിടന്നൊരു ബെഞ്ചിൽ ഞാനിരുന്നു..
പിരിയുന്നതിനു മുൻപായി ഒരിക്കൽ കൂടി ഇക്കക്ക് ഒന്ന് കാണണമെന്ന്
മൂന്ന് വർഷങ്ങൾക്കു ശേഷം പ്രാണനെ പോലെ നെഞ്ചിൽ കൊണ്ട് നടന്നവൻ മുന്നിൽ വരുന്നു...
പിരിയാൻ വേണ്ടി....
ദൂരെ നിന്നെ കണ്ടു എന്നരികിലേക്കായി നടന്നടുക്കുന്ന ഇക്കയെ...
എന്റെ മുന്നിലായി വന്നു നിന്ന ഇക്കയെ ഞാൻ നോക്കി കാണുകയായിരുന്നു....
ഒരുപാട് മാറ്റം വന്നപോലെ ഇക്കക്ക്....
നഷ്‌വാ....
ഉറക്കിൽനിന്നുണർന്നെന്ന പോലെ ഞാൻ... ഇക്കയെ നോക്കി...
ഇത്രയും കാലത്തിനു ശേഷം... എന്നെയൊന്നു വിളിച്ചിരിക്കുന്നു...
പിരിയുന്നതിനെ പറ്റി പറയാനാവും... ഇല്ല ഇക്കാക്ക് മുന്നിൽ തളരാൻ പാടില്ല.. ഇതുവരെ ഞാനിക്കായെ കാത്തിരിക്കുകയായിരുന്നുവെന്ന് അറിഞ്ഞാൽ ഒരുപക്ഷെ പരിഹാസത്തോടെ ചിരിച്ചേക്കാം...
ഇനിയും ഇക്കക്ക് മുന്നിൽ തോൽക്കാൻ എനിക്ക് കഴിയില്ല.. ഞാൻ മനസ്സിനെ കല്ലു പോലെയാക്കാൻ ശ്രമിച്ചു...
ആ മുഖത്തേക്ക് നോക്കാതെ... ഞാൻ ചോദിച്ചു..
എന്താ.. ഇപ്പോളിങ്ങനെ ഒരു കൂടി കാഴ്ച..
നഷ്‌വാ... ഞാനൊന്ന് പറഞ്ഞോട്ടെ..
വേണ്ട... നിങ്ങളൊന്നും പറയേണ്ട... നിങ്ങളോടെനിക്കൊന്നും സംസാരിക്കാനുമില്ല.. ഒഴിവാക്കി യേ ക്ക് എന്നെ.....
ഇനിയുമെന്റെ മുന്നിലിങ്ങനെ വന്നു നിൽക്കരുത്.... വെറുപ്പാണ് എനിക്ക് നിങ്ങളോട്.. ഒരാളോട് തോന്നാവുന്ന അങ്ങേയറ്റത്തെ വെറുപ്പ്...
എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടുകൂടെ നിനക്ക്...
ഹും... പറയാനോ... നിങ്ങൾക്കോ... അങ്ങനെയെങ്കിൽ ഈ കഴിഞ്ഞ മൂന്നു വര്ഷമായിട്ട് നിങ്ങളെവിടെയായിരുന്നു..
ഒരു പ്രാവശ്യമെങ്കിലും ഒന്ന് മുന്നിൽ വന്നോ
ഒന്ന് പോവോ.... എന്റെ മുന്നിൽ നിന്നും
ഹൃദയം വലിഞ്ഞു മുറുക്കി ഞാനത് പറയുമ്പോൾ ഇക്കയുടെ മുഖത്തെ ഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല...
ഒന്നും മിണ്ടാതെ ഇക്ക തിരിഞ്ഞു നടക്കുമ്പോൾ തളർന്നു വീഴാതിരിക്കാൻ ഞാനാ സിമെന്റ് ബെഞ്ചിൽ അള്ളി പിടിച്ചിരുന്നു...
പെണ്ണുമാ... പെണ്ണുമ്മ....
ഞമ്മളെ സാർ പെണ്ണുമ്മ....
ഇത ഇതാ പോണു പെണ്ണുമ്മ...
ഈണത്തിലുള്ള പാട്ട് കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്..
ഒരുകൂട്ടം ചെറുപ്പക്കാർ ഇക്കയെ നോക്കി കളിയാക്കി പാടിക്കൊണ്ടിരിക്കുന്നു...
അവർക്ക് മുന്നിൽ ഒരു കുറ്റവാളിയെ പോലെ തല താഴ്ത്തി നിൽക്കുന്ന ഇക്കയെ കണ്ടപ്പോൾ എന്റെ കാലിലൂടെ ഒരു വിറയൽ മേലോട്ട് കയറി..
ഞാനറിയാതെ എന്റെ കാലുകൾ അവിടേക്ക് കുതിച്ചു...
ടാ... ആരാടാ.. പെണ്ണുമ്മ...
എനിക്കെന്താ സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസ്സിലായില്ല. എന്റെ മുന്നിലിട്ട് എന്റിക്കയെ നാണം കെടുത്തിയപ്പോൾ ഞാനറിയാതെ തന്നെ പ്രതികരിച്ചു തുടങ്ങി
അതിനു നീ എന്തിനാ ചൂടാവുന്നത്.. ഞങ്ങൾ നിന്നെയൊന്നും പറഞ്ഞില്ലല്ലോ
നാണമുണ്ടോ ടാ.. നിനക്കൊക്കെ അക്ഷരം പഠിപ്പിച്ച അധ്യാപകനെ തന്നെ അപമാനിക്കുന്നു.. ഛെ....
ഇനി നിങ്ങളുടെ യൊക്കെ നാവിൽ നിന്നൊരക്ഷരം എന്റിക്കക്ക് നേരെ വീണാലുണ്ടല്ലോ ഈ നശ്‌വ യുടെ കയ്യിന്റെ ചൂടറിയും നിങ്ങൾ..
അതിനു ഇത് നിന്റെ ആരുമല്ലലോ.. പിന്നെ നിനക്കെന്താടീ ഇത്ര ചൊറിച്ചിൽ..
എന്റെ ആരുമല്ലെന്നോ... എന്റെ ജീവനാടാ ഈ നിൽക്കുന്നത്... എന്റെ ഓരോ നിശ്വാസത്തിലും ഞാൻ തേടുന്ന എന്റെ ഇണയാണെടാ ഇത്...
എന്റെ സമനില തെറ്റി ഞാനത് പറഞ്ഞപ്പോൾ അവരൊക്കെ കൂടി ചിരിച്ചു കൊണ്ട് പറഞ്ഞു..
കേട്ടല്ലോ റാബിക്കാക്കാ പറഞ്ഞത്... ഇക്കാക്കാന്റെ ജീവനാണെന്ന്... പിന്നെന്താ പ്രശ്നം..
ഒന്നും മനസ്സിലാവാതെ ഞാനിക്കയെ നോക്കുമ്പോൾ കൈകൾ രണ്ടും മാറിൽ കെട്ടി ഒരു പുഞ്ചിരിയോടെ എന്നെത്തന്നെ നോക്കി നിൽക്കായിരുന്നു ഇക്ക...
നഷ്‌വാ... നീയല്ലേ... അപ്പോൾ എന്നോട് പറഞ്ഞത്.. എന്നെ വെറുപ്പാണെന്ന്..
അതെ... പറഞ്ഞു.. ഞാൻ പറഞ്ഞത് തന്നെയാണ്... ഇത്രയും കാലം ഒന്ന് തിരിഞ്ഞു നോക്കിയോ എന്നെ... ഞാനെത്ര വിഷമിച്ചുവെന്നറിയോ ഇക്കാക്ക്...
ഞാനെന്റെ സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കുമ്പോൾ ഇക്കയെ അണച്ചു പിടിച്ചു...
ആര് പറഞ്ഞു... നച്ചൂട്ടി.... ഞാൻ നിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന്... ഞാനല്ലേ നിന്നെ ഈ നാട്ടിലേക്ക് കൊണ്ട് വന്നത്.. ഞാനല്ലേ നിനക്ക് കുഞ്ഞു കുഞ്ഞു സമ്മാന പൊതികൾ അയച്ചോണ്ടിരുന്നത്... നിന്റെ ഓരോ എഴുത്തും വിടാതെ വായിച്ചു നിന്നെ പേര് പറയാതെ പ്രോത്സാഹിപ്പിച്ചിരുന്നതും ഞാനല്ലേ...
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാനിക്കയെ ഇറുകെ പുണർന്നു...
എന്നെ മുറുകെ പിടിച്ചു ഇക്ക സംഭവിച്ചതോരോന്നായി പറഞ്ഞു തീർക്കുമ്പോൾ ഞാൻ കരഞ്ഞു കൊണ്ട് ഇക്കയുടെ കാലിൽ വീണു
വെറുതെ യെങ്കിലും ഇക്കയുടെ മുന്നിൽ വെറുപ്പ് കാണിച്ചതിന്...
അപ്പോൾ... റാബിക്കാക്ക നശ്‌വത്തയെ ഞങ്ങൾക്കും കൂടിയൊന്ന് പരിചയപ്പെടുത്തി താ....
ചിരിച്ചു കൊണ്ട് ഐറയും അമാനും ഞങ്ങൾക്കരികിലേക്കെത്തി...
അപരിചിതത്വത്തോടെ ഞാൻ അവരെ നോക്കുമ്പോൾ ഇക്കയെനിക്കവരെ പരിചയപ്പെടുത്തി തന്നു
ഇവരെന്റെ കൂടപ്പിറപ്പുകൾ... ഇനി മുതൽ നിന്റെയും
നിന്റെയുള്ളിലുള്ള സ്നേഹം പുറത്തെടുക്കാൻ ഞങ്ങൾ കണ്ട വഴിയായിരുന്നു കുറച്ചു മുൻപ് നീ കണ്ടത്.. അതിന്റെ സൂത്രധാരന്മാർ ഇവർ രണ്ടു പേരും...
നിന്റെയിക്ക ആ പഴയ പെണ്ണുമ്മയല്ല ഇപ്പോൾ.. എല്ലാവരെയും പോലെ തന്റേടമുള്ളൊരു പുരുഷൻ തന്നെയാണ്..
പിന്നെ നിന്നെ അപമാനിച്ചു വിട്ട എന്റെ വാപ്പയുടെ സ്ഥാനത്തു ഉണ്ടായിരുന്ന ആൾ... അയാൾക്കുള്ളത് പടച്ചോൻ നേരിട്ട് കൊടുത്തു...
ഓർമ്മകളൊക്കെ മാഞ്ഞു പോയി വെറുമൊരു ജീവൻ മാത്രമായി അയാൾ.... അയാൾ സ്നേഹിച്ച മക്കളെല്ലാം സ്വന്തം കാര്യം നോക്കി പോവേം ചെയ്തു...
ഇപ്പോൾ കഴിയുന്നത് എന്റെ ചിലവിലും....
ആശ്വാസത്തോടെ ഞാൻ നാഥനെ സ്തുതിച്ചു
അൽഹംദുലില്ലാഹ്...
പിന്നെ ഇക്കയോടൊപ്പം ആ കൈകൾ മുറുകെ പിടിച്ചു ഞാൻ നടന്നു നീങ്ങി...
പുതിയൊരു ജീവിതത്തിലേക്ക്
(അവസാനിച്ചു )
*ഒരു ചെറു പുൽചെടിയെ പോലും നിസാരമാക്കി കാണാതിരിക്കുക..
നാളെയൊരു പക്ഷെ അതൊരു വൻമരം ആയി മാറിയേക്കാം.... കൊടും വെയിലിൽ നീ തളർന്നു വീഴുമ്പോൾ നിനക്കൊരു തണലായി മാറാൻ അന്ന് അത് മാത്രമേ നിനക്ക് മുന്നിലുണ്ടാവൂ *
ഇതുവരെ കൂടെ നിന്ന് തെറ്റുകൾ തിരുത്തി തന്നവർക്ക്, അഭിപ്രായങ്ങൾ പറഞ്ഞെന്നെ ഇത് പൂർത്തിയാക്കാൻ ഊർജം പകർന്നവർക്ക്, ഇതിനു വേണ്ടി കാത്തിരുന്നവർക്ക്..
അതിലെല്ലാമുപരി എന്റെ നശ്‌വയെ നിങ്ങലൊരാളായി നെഞ്ചിലേറ്റിയവർക്ക്...
എല്ലാവർക്കും എന്റെ ഒരുപാട് നന്ദി
✍️ Nasrin Ali
Comments
Post a Comment