വെള്ളാരം കണ്ണിനെ പ്രണയിച്ചവൾ ഫുൾ പാർട്ട്


❤വെള്ളാരം_കണ്ണിനെ_പ്രണയിച്ചവൾ❤
ഫുൾ പാർട്ട്


ജാലകത്തിന്റെ ഇടയിലൂടെ തെറിച്ചു വീണ മഴ തുള്ളികൾ മുഖത്തു വീണപ്പോഴാണ് ഷഹാന ഉറക്കമുണർന്നത്. പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുകയാണ്. വീശിയടിച്ച തെക്കൻ കാറ്റിൽ മുറ്റത്തെ മൂവ്വാണ്ടൻ മാവിൽ നിന്നും പച്ചയും പഴുത്തതുമായ ഇലകളും മാങ്ങകളും മുറ്റത്ത് വീണു കിടക്കുന്നു. ഷഹാന ജനൽ പാളികളിലൂടെ പുറത്തോട്ടു നോക്കി. മഴവെള്ളം വീണു തളിർത്തു തണുത്തു വിറച്ചു നിൽക്കുന്ന വള്ളിപയറും, ചുവന്ന ചീരയും, വെണ്ടയുമെല്ലാം തല ഉയർത്തി അവളെ നോക്കുന്നുണ്ടായിരുന്നു...തണുത്ത ശീതകാറ്റിന്റെ ശക്തിക്ക് അനുസരിച്ചു മഴത്തുള്ളികൾ വീണ്ടും അവളുടെ മുഖത്തേക്ക് തെറിച്ചു വീണു. ഷഹാന ജനലുകൾക്കിടയിലൂടെ കൈ പുറത്തേക്കിട്ടു. ഇറയത്തു നിന്നും ഇറ്റ്  വീഴുന്ന മഴത്തുള്ളികളെ കൈകൊണ്ട് എത്തി പിടിച്ചു കൈ കുമ്പിളിൽ വെള്ളത്തിന് അപ്പോൾ ഉദയ സൂര്യന്റെ പൊന്നിൻ നിറമായിരുന്നു...അവൾ കൈ ഉള്ളിലേക്ക് വലിച്ചു കൈ കുമ്പിളിൽ പിടിച്ച വെള്ളം കൊണ്ട് മുഖം തുടച്ചു. ഒരു ദീർഘ ശ്വാസം ഉള്ളിലോട്ട് വലിച്ചപ്പോഴാണ്. മൂക്കിലോട്ട് നല്ല കട്ടൻ കാപ്പിയുടെ മണം അടിച്ചു കയറിയത്..... 

"ഗുഡ് മോർണിങ് വാവേ.... അതുകേട്ടതും ഷഹാന..... 

"ഗുഡ് മോർണിങ് നന്ദേട്ടാ...നന്ദേട്ടാ പുറത്ത് നല്ല മഴ. കണ്ടില്ലേ നമ്മുടെ വള്ളി പയറും വേണ്ടയുമെല്ലാം തണുത്തു വിറച്ചു നിക്കുന്നത്... അവൾ ജനാലയിലൂടെ വിരൽ ചൂണ്ടി പറഞ്ഞു.... ഈ മഴ കാണാൻ നല്ല രസമാണ് അല്ലേ  നന്ദേട്ടാ..... അതു കേട്ട നന്ദൻ ചായ കപ്പ് അവളുടെ കയ്യിൽ കൊടുത്തു ബെഡിലിരുന്നു, അവളെ ദേഹത്തോട് അടുപ്പിച്ചു ചേർത്തു പിടിച്ചു, അവളുടെ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു.....

"മഴ കാണാനും മഴ കൊള്ളാനും നല്ല രസമാണ്... എന്തേ എന്റെ വാവക്ക് മഴ കൊള്ളണോ. 

അതു കേട്ട അവളുടെ കണ്ണിലെ തിളക്കം നന്ദൻ കണ്ടു. അവൾ ഒന്നും കൂടി അവനോട് ചേർന്നിരുന്നു ചോദിച്ചു...

"നന്ദേട്ടനും വരോ എന്റെ കൂടെ. മഴ നനയാൻ. എനിക്ക് നന്ദേട്ടന്റെ ഈ നെഞ്ചിൽ ചാരിനിന്നു മഴ നനയണം. വരോ...അവൾ കൊഞ്ചിക്കൊണ്ടു ചോദിച്ചു.....

അതു കേട്ട നന്ദൻ അവളെ ഒന്നും കൂടി oവാരി പുണർന്നു തോളിൽ തല ചായിച്ചു അവളുടെ കവിളിൽ അധരം അമർത്തി കൊണ്ട് പറഞ്ഞു......

"ഞാൻ വരാണ്ടിരിക്കോ എന്റെ വാവേടെ കൂടെ മഴ നനയാൻ. അല്ലാ നമ്മൾ മഴ നനയുന്നത് നമ്മുടെ കുഞ്ഞു വാവക്ക് ഇഷ്ടമാവുമോ.... ?"

"അതു കേട്ടതും ഷഹാന അവളുടെ ഉയർന്നു നിൽക്കുന്ന ഉദരത്തിൽ കൈ കൊണ്ട് തലോടിക്കൊണ്ട് ചോദിച്ചു.... 

"മോളൂസിന്റെ അച്ഛനും അമ്മയും മഴ നനയട്ടെ...?" അതു കേട്ടതും അവളുടെ അടി വയറ്റിൽ ഒരു ചെറിയ അനക്കം ഷഹാനക്ക് അനുഭവപ്പെട്ടു... ഷഹാന സന്തോഷത്തോടെ നന്ദനോട് പറഞ്ഞു....

"നന്ദേട്ടാ നോക്കിയെ അവൾ മഴ നനയാൻ സമ്മതിച്ചു...." അതു കേട്ടതും നന്ദൻ അവളുടെ വയറ്റത്തു ചെവി ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു...

"ഞാനൊന്ന് ചോദിച്ചു നോക്കട്ടെ എന്റെ മോളോട്... " നന്ദൻ ഏഴാം മാസം ആയ  അവളുടെ പൊങ്ങി നിൽക്കുന്ന ഉദരത്തിൽ ഒരു ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു....

"അച്ഛന്റെ കുഞ്ഞാവക്ക് സമ്മതമാണോ... അമ്മയും അച്ഛനും മഴ കൊള്ളുന്നത്.... " അതു കേട്ടതും അവൾ ഒന്നു അനങ്ങി അതു കണ്ട നന്ദൻ പറഞ്ഞു.... 

"വാവേ നോക്കിയേ അവൾക്ക് സമ്മതമാണെന്ന് ". അതും പറഞ്ഞു നന്ദൻ ഒരു ഉമ്മയും കൂടി കൊടുത്തു ഷഹാനയുടെ വയറ്റിൽ. അതു കണ്ട സഹാനയുടെ കണ്ണും മനസ്സും നിറഞ്ഞു.....

"എന്നാ പോകാം നന്ദേട്ടാ മഴ നനയാൻ..."

"ആ പോകാം. ആദ്യം എന്റെ വാവ വായ കഴുകി ഈ കാപ്പി അങ്ങു കുടി....." അതു കേട്ടതും അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.... 

"നമുക്ക് മുറ്റത്ത് ഇറങ്ങി മഴ കൊണ്ടതിനു ശേഷം കുടിക്കാം നന്ദേട്ടാ...."

"ങാ... അതു പറ്റില്ല...ബ്രഷ് ചെയ്തു ഈ കാപ്പി കുടിച്ചതിനു ശേഷം നമുക്ക് മഴ നനയാം...നീ ബ്രഷ് ചെയ്യുമ്പോഴേക്കും  ഞാൻ പോയി ഉച്ച ഊണിനുള്ള അരി ഇട്ടു വരാം...." അതും പറഞ്ഞു നന്ദൻ തിരിഞ്ഞു. നടന്നു പെട്ടന്നാണ് ബെഡിൽ നിന്നും ബ്രഷ് ചെയ്യാൻ ബാത്റൂമിലോട്ടു പോകാൻ ഇറങ്ങിയ ഷഹാനയുടെ കാൽ തെറ്റി അവൾ വീഴാൻ പോയത്. അതു കണ്ട നന്ദൻ ഓടി വന്നു അവളെ പിടിച്ചു കൊണ്ട് പറഞ്ഞു......

"നിനക്ക് ഇപ്പോഴും ഈ റൂം മുഴുവൻ പരിചയം ആയില്ലേ വാവേ... നിനക്കു തെറ്റില്ല എന്നു വിചാരിച്ചല്ലേ ഞാൻ പോകാൻ നിന്നത്. വാ ഞാൻ ആക്കി തരാം ".

അതു കേട്ടതും ഷഹാന പറഞ്ഞു... 

"എനിക്ക് പരിചയം ആണ് നന്ദേട്ടാ ഈ വീട് മൊത്തം. എന്നാലും ചിലപ്പോൾ പലയിടത്തും കാലിടറും... ഞാൻ പലപ്പോഴും മറന്നു പോകും നന്ദേട്ടാ... എനിക്ക് കണ്ണു കാണില്ലാന്നുള്ള കാര്യം". 

അതു കേട്ടതും നന്ദന്റെ മനസ്സൊന്നു നീറി.പിന്നെ ഉള്ളിലെ നീറ്റൽ പുറത്തു കാണിക്കാതെ നന്ദൻ പറഞ്ഞു....

"ആരു പറഞ്ഞു എന്റെ വാവക്ക് കണ്ണു കാണില്ല എന്ന്. എന്റെ ഈ രണ്ട് കണ്ണും എന്റെ വാവയ്ക്കുള്ളതല്ലേ. എന്റെ വാവ എവിടെ പോകുമ്പോഴും എന്റെ രണ്ടു കണ്ണുകളും എപ്പോഴും വാവയുടെ കൂടെ ഉണ്ടാകില്ലേ. നീ പോയി പെട്ടന്ന് ബ്രഷ് ചെയ്തു വാ.. എന്നിട്ട് വേണം എനിക്കും നിനക്കും നമ്മുടെ കുഞ്ഞിനും കൂടി മഴ നനയാൻ..."

''''''''''''''ഇപ്പൊ നിങ്ങൾക്ക് മനസ്സിലായില്ലേ. എന്റ വാവക്ക് കണ്ണു കാണില്ല എന്ന്.. 

അപ്പോൾ നിങ്ങൾ ചോദിക്കും പിന്നെ എങ്ങനെയാണ് ഇടവപ്പാതിയിലെ കോരിച്ചൊരിയുന്ന  മഴയും, തൊടിയിലെ വള്ളിപയറും, ചീരയും, വെണ്ടയും എല്ലാം അവൾ കണ്ടതെന്ന്. അവൾക്ക് ഈ വീടിന്റെ ചുറ്റുമുള്ളതും വീട്ടിലുള്ളതും മുഴുവൻ കാണാൻ കഴിയും. എന്തിന് പറയുന്നു ക്ളോക്കിലെ സമയം വരെ അവൾ കൃത്യമായി പറയും. അതാണ്. എന്റ വാവ....പിന്നെ നിങ്ങളുടെ ഉള്ളിൽ ഒരു ചോദ്യം കൂടി ഉണ്ടാകും. ഹിന്ദുവായ നന്ദന് എങ്ങനെ മുസ്ലിമായ ഷഹാനയെ കിട്ടിയെന്ന്.....?

ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറും, ടൗണിലെ സിനി സ്റ്റുഡിയോ ഉടമയുമായ നന്ദൻ മേനോൻ ആദ്യമായി ഷഹാനയെ കാണുന്നത് അവളുടെ മാമന്റെ മകളുടെ വിവാഹത്തിന് ഫോട്ടോ എടുക്കാൻ പോയപ്പോഴാണ്. വിവാഹ വർക്കുകൾ ഒരു പാട് കിട്ടാറുണ്ട് നന്ദന്. അങ്ങനെ കിട്ടിയ ഒരു വർക്കാണ് ഷഹാനയുടെ മാമന്റെ മകളുടെ വിവാഹ വർക്ക്.....

വിവാഹ വേദിയിൽ ചെറുക്കൻ വന്നത് കൊണ്ട് ഓടി നടന്നു ഫോട്ടോ എടുക്കുന്നതിന് ഇടയിലാണ്, പെണ്ണ് ഇറങ്ങാറായി അതിനു മുന്നേ അവളുടെ കുറച്ചു ഫോട്ടോസ് എടുക്കണം എന്നു ഒരാൾ വന്നു പറഞ്ഞത്. ഞാൻ ക്യാമറയും കൊണ്ട് അകത്തോട്ട് പോയി. ഡ്രസ്സ് ചെയ്യിച്ചിരുന്ന റൂമിൽ ആയിരുന്നു പെണ്ണ് ഇരുന്നിരുന്നത്. ഞാൻ റൂമിൽ ചെന്ന് കല്യാണപെണ്ണിന്റെ ഫോട്ടോസ് എടുക്കാൻ ക്യാമറ അവളുടെ നേരെ ഫോക്കസ് ചെയ്തപ്പോഴാണ്, അവിടെ എന്റെ ക്യാമറയിലോട്ട് നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഒരു തട്ടമിട്ട ഒരു മൊഞ്ചത്തി കുട്ടിയെ കണ്ടത്..എന്തോ എന്റെ ക്യാമറയുടെ ആദ്യത്തെ ഫ്‌ളാഷ് അറിയാതെ ആദ്യം മിന്നിയത് അവളുടെ മുഖത്തേക്കായിരുന്നു. അതു കണ്ട കല്യാണപ്പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.....അതേ മാഷെ അവളുടെ അല്ല കല്യാണം, എന്റെയാണ് എന്ന്. അതുകേട്ട ഞാൻ ഒരു ചമ്മലോടെ അവളുടെ മുഖത്തു നിന്നു കണ്ണെടുത്തു. കല്യാണപെണ്ണിന്റെ കുറെ ഫോട്ടോകൾ എടുത്തു. അവസാനം ഞാൻ കല്യാണ പെണ്ണിനോടും അവളോടും പറഞ്ഞു. നിങ്ങൾ രണ്ടാളും ഒരുമിച്ചു നിൽക്കൂ. ഒരു ഫോട്ടോ എടുക്കാം. അതു കേട്ട കല്യാണ പെണ്ണ് നമ്മുടെ തട്ടമിട്ട സുന്ദരിയുടെ അടുത്തു പോയി അവളുടെ തോളിൽ തല വെച്ചു നിന്നു എന്നോട് പറഞ്ഞു ഒരു ഫോട്ടോ എടുക്കാൻ..ഞാൻ അവരുടെ രണ്ടാളുടെയും ചിരിക്കുന്ന മുഖം മാത്രം ഫോക്കസ് ചെയ്തു ഒരു കിടിലൻ ഫോട്ടോ എടുത്തു. പിന്നെ ഞാൻ പറഞ്ഞു, ഇനിയുള്ള ഫോട്ടോ നമുക്ക് ഹാളിൽ വെച്ചു എടുക്കാം എന്ന്. അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ നിന്നതും, പിന്നിൽ നിന്നും നമ്മുടെ തട്ടമിട്ട സുന്ദരി കല്യാണപെണ്ണിനോട് പറയുന്നത് കേട്ടു...  ഡീ, ഞാനും ഉണ്ട് ഹാളിലോട്ട്. എന്നേം കൂടി കൊണ്ട് പോ.. എന്ന്. അതു കേട്ടതും ഞാൻ തിരിഞ്ഞു നിന്നു. കല്യാണ പെണ്ണിനോട് ഒരു ചിരിയോടെ തമാശയാൽ പറഞ്ഞു... അതെന്താ തന്റെ സഹോദരിക്ക്. ഹാളിലേക്കുള്ള വഴി അറിയില്ലേ എന്ന്... അതു കേട്ട കല്യാണ പെണ്ണ് പറഞ്ഞു.... അവൾക്ക് വഴി അറിയാഞ്ഞിട്ടല്ല... കണ്ണു കാണാഞ്ഞിട്ടാണ്. അവൾ അന്ധയാണെന്ന്. അതു കേട്ട എനിക്ക് ആകെ വിഷമം ആയി. എനിക്കെന്തോ അവളോട്‌ സഹതാപം തോന്നി... പിന്നെ ഫോട്ടോ പിടുത്തം ഹാളിൽ വെച്ചായിരുന്നു... ഹാളിൽ പെണ്ണിന്റെയും ചെറുക്കന്റെയും കൂടെ കുടുംബാംഗംങ്ങൾ  എല്ലാവരും നിരന്നു നിന്നു ഒരു ഫോട്ടോ എടുക്കാൻ നിന്നതും. അവരുടെ ഇടയിൽ നിന്ന ഷഹാനയെ നോക്കി  കല്യാണ പെണ്ണിന്റെ വാപ്പ പറഞ്ഞു. നീ അങ്ങു മാറി നിൽക്കൂ. ഇതു ഞങ്ങൾ കുടുംബക്കാർ മാത്രം ഉള്ള ഫോട്ടോയാണ്. അതിൽ ഒരു വകയിലെ പെങ്ങളുടെ മകളായ ഒരു പൊട്ടക്കണ്ണി വേണ്ടാ എന്ന്. അതു കേട്ട അവളുടെ നിറം മങ്ങിയ  കണ്ണുകളെല്ലാം നിറഞ്ഞു തുളുമ്പി... അതു കണ്ട എനിക്കും വിഷമമായി. അവൾ ഒന്നും പറയാതെ നിറഞ്ഞു തുളുമ്പിയ കണ്ണുകളും തുടച്ചു കൊണ്ട് സൈഡിലോട്ട് മാറി നിന്നു... ഞാൻ എല്ലാവരോടും  ചേർന്നു നിൽക്കാൻ പറഞ്ഞു. അവർ എല്ലാവരും ചേർന്ന് നിന്നതും എന്റെ ക്യാമറയുടെ ഫ്‌ളാഷ് മിന്നി... പക്ഷെ എന്റെ ഫ്‌ളാഷ് മിന്നിയത് അവരുടെ നേരെ അല്ലായിരുന്നു.. കുടുംബക്കാരിൽ നിന്നും അകന്നു മാറി നിൽക്കുന്ന ഷഹാനയുടെ മുഖത്തേക്കായിരുന്നു. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ നിൽക്കുന്ന വാടിയ മുഖത്തേക്കായിരുന്നു. ആ ഫോട്ടോ പ്രതിബിംബം പോലെ പതിഞ്ഞത്  എന്റെ ക്യാമറയിൽ അല്ലായിരുന്നു  എന്റെ മനസ്സിലായിരുന്നു... ഫോട്ടോ എടുത്തതും കല്യാണ പെണ്ണിന്റെ വാപ്പ ചോദിച്ചു. എല്ലാവരെയും കിട്ടിയില്ലേ... കിട്ടിയില്ലെങ്കിൽ ഒന്നും കൂടി എടുക്കാം എന്ന്. അതു കേട്ട ഞാൻ അയാളോട് പറഞ്ഞു... കിട്ടി.. എല്ലാവരെയും കിട്ടി അതു മതിയെന്ന്... പക്ഷെ അയാൾക്ക് അറിയില്ലല്ലോ എനിക്ക് കിട്ടിയത് നമ്മുടെ തട്ടമിട്ട സുന്ദരിയുടെ ഫോട്ടോയാണെന്ന്. മണ്ടൻ.... പെണ്ണും ചെക്കനും പോയി കഴിഞ്ഞപ്പോൾ ഞാൻ ക്യാമറയും എടുത്തു സ്റ്റുഡിയോയിലോട്ട് പോകാൻ നിന്നപ്പോഴാണ്, ഒരു ഗിറ്റാറിന്റെ ശബ്ദം സാഗരം കണക്കെ എന്റെ കാതിൽ മുഴങ്ങിയത്..ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. ആരാണ് ഇത്രയും മനോഹരമായി ഗിറ്റാർ വായിക്കുന്നത്. ഞാൻ ആ ശബ്ദം കേൾക്കുന്ന ഭാഗം ലക്ഷ്യമാക്കി നടന്നു.... അപ്പോൾ അതാ എന്റെ ഖൽബിൽ  പതിഞ്ഞ നമ്മുടെ തട്ടമിട്ട സുന്ദരി കുറെ കുട്ടികൾക്ക് ഇടയിൽ ഇരുന്നു ഗിറ്റാർ വായിക്കുന്നു... അതും നമ്മുടെ മിന്നാരത്തിലെ... തളിരണിഞ്ഞൊരു കിളിമരത്തിന്റെ എന്ന റൊമാന്റിക്  സോങ്... അതും എന്റെ ഫേവറേറ്റ് സോങ്. ഞാൻ കുറച്ചു നേരം അവളുടെ ഇമ്പമേറിയ ഗിറ്റാർ വായന നോക്കി നിന്നു. അവൾ ഗിറ്റാർ വായിക്കുന്നത് കണ്ടാൽ ഒരിക്കലും പറയില്ല അവൾക്ക് കണ്ണ് കാണില്ല എന്ന്. ഞാൻ ക്യാമറ എടുത്തു അവളുടെ ഗിറ്റാർ പിടിച്ചു ഇരിക്കുന്ന മൊഞ്ചുള്ള മുഖത്തിന്റെ  പല ആംഗിളിൽ ഉള്ള കുറച്ചു പിക്കുകൾ  എടുത്തു. ഓരോ ഫോട്ടോ എടുക്കുമ്പോഴും എനിക്ക് തോന്നി. ഞാൻ ഇന്നേ വരെ എടുത്ത ഫോട്ടോകളിൽ ഏറ്റവും മനോഹരമേറിയ ഫോട്ടോ ഇതാണെന്ന്. ഞാൻ അവളെയൊന്നു പരിചയപ്പെടാൻ അവളുടെ അടുത്തേക്ക് ചെന്നു ഞാൻ.. ഹായ്.." എന്ന് പറഞ്ഞതും ..എന്റെ ശബ്ദം കേട്ടതും അവൾ ഗിറ്റാറിൽ നിന്നും വിരലുകളടർത്തി കാഴ്ചയില്ലാ കണ്ണുകൾ കൊണ്ട് പരതിക്കൊണ്ടു എന്നോട് ചോദിച്ചു..

"ആരാ....?" 

ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്തി. ഞാൻ അവളുടെ പേര് ചോദിച്ചു.. അവൾ ഷഹാന എന്ന് പറഞ്ഞു... പിന്നെ ഞാൻ അവളോട്‌ ചോദിച്ചു....

"താൻ ഈ വീട്ടിലെ അല്ലെ...?"

"എന്താ അങ്ങനെ ചോദിക്കാൻ...?"

"അല്ല കല്യാണ പെണ്ണിന്റെ വാപ്പ ഫോട്ടോ എടുക്കുന്നതിന്റെ ഇടയിൽ തന്നെ മാറ്റി നിർത്തി പറയുന്നത് കേട്ടത് കൊണ്ട് ചോദിച്ചതാ..."

"ഓ അതോ. അല്ല ഞാൻ ഈ വീട്ടിലെ അല്ല എന്നാൽ ആണോ എന്ന് ചോദിച്ചാൽ ആണ്..."

"അതെന്തൊഡോ അങ്ങനെ ഒരു ഉത്തരം.. ഒന്ന് തെളിയിച്ചു പറ...."

അതു കേട്ട അവൾ പറഞ്ഞു...
കല്യാണ പെണ്ണിന്റെ വാപ്പായുടെ വാപ്പാടെ ആദ്യത്തെ ഭാര്യയുടെ മകളുടെ മകൾ ആണെന്നും. ഉമ്മയും വാപ്പയും മരിച്ചപ്പോൾ ആരുമില്ലാത്ത അവളെ  ഇങ്ങോട്ട് കൊണ്ടു വന്നതാണെന്നും. പക്ഷെ ഇവിടെ എല്ലാവർക്കും അവൾ അധിക പറ്റ് ആണെന്നും..... കാരണം കണ്ണു കാണാത്തവളല്ലേ ഒരു ബാധ്യത ആണെന്നും.

അതു കേട്ട എനിക്കാകെ വിഷമമായി. പിന്നെ ഞാൻ അവളോട് ചോദിച്ചു...

"താൻ ഈ ഗിറ്റാർ വായന എവിടന്നു പഠിച്ചു.. ?" അതു കേട്ട അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

"ടൗണിൽ കണ്ണു കാണാത്തവരെ ഗിറ്റാർ വായന പഠിപ്പിക്കുന്ന സ്ഥലം ഉണ്ട് അവിടെ പഠിക്കുന്നുണ്ട് ഞാൻ...." ഞാൻ അവളോട് ചോദിച്ചു..

"താൻ ഇപ്പോൾ വായിച്ച ആ പാട്ട് ഒന്നും കൂടി വായിക്കാൻ പറ്റുമോ. അത് എന്റെ ഫേവറേറ്റ് സോങ്ങാണ്.. താൻ അതു വായിച്ചു കേട്ടപ്പോൾ ആ പാട്ടിനു വല്ലത്തൊരു ഫീൽ. ബുദ്ധിമുട്ടില്ലങ്കിൽ എനിക്കും വേണ്ടി ഒന്നും കൂടി വായിക്കോ ? "

ഞാൻ ആവശ്യപ്പെട്ടപ്പോൾ. അവൾ ഒരു മടിയും കൂടാതെ വായിക്കാം എന്ന് പറഞ്ഞു.. അവൾ ഗിറ്റാർ നെഞ്ചോട് അടുക്കി പിടിച്ചു. വിരലുകൾ അതിൽ ഒന്നോടിച്ചതും. അതിൽ നിന്നും ശബ്ദ തരംഗങ്ങൾ പെയ്തിറങ്ങി. പിന്നെ വെളിച്ചം നഷ്ടപ്പെട്ട കണ്ണുകൾ അടച്ചു പിടിച്ചു അധരങ്ങൾ കൊണ്ട് ആ ഗാനം ഒരു നേർത്ത ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട്... കൈ വിരലുകളാൽ ഗിറ്റാറിൽ ആ വരികൾക്കനുസരിച്ചു സാഗരം തീർത്തു.... വായിച്ചു തീർന്നതും അവളുടെ അടഞ്ഞു കിടക്കുന്ന കണ്ണുകൾക്കിടയിലൂടെ കണ്ണുനീര്  നീരുറവ പോലെ വരുന്നത് ഞാൻ കണ്ടു...

"താൻ എന്തിനാ കരയുന്നത്.....?"  അതു കേട്ട അവൾ നിറം മങ്ങിയ കണ്ണുകളിലെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.....

"ഈ സോങ് എന്റെയും ഫേവറേറ്റ് ആണ്... ഈ സോങ് വായിക്കുമ്പോൾ എപ്പോഴും എനിക്ക് സങ്കടം വരും. ഈ സോങ്ങും എന്റെ ജീവിതവും തമ്മിൽ എന്തോ ബന്ധമുള്ളപോലെ. ഈ സോങ് വായിക്കുമ്പോഴെല്ലാം എനിക്ക് ഒരു നഷ്ടബോധമാണ്. ഞാൻ പോലുമറിയാതെ എന്റ  കണ്ണുകൾ  നിറയും.. ഇതു കേട്ടപ്പോൾ നിങ്ങൾക്കും ഒരു ഫീലിംഗ്‌സ് ഇല്ലേ.... ഉണ്ടാകും അത്രക്കും മനോഹരമാണ് ഇതിലെ വരികൾ....."

അവളുടെ ആ പാട്ടിനെ കുറിച്ചുള്ള വർണ്ണന കേട്ടപ്പോൾ ഞാൻ പോലും ആ പാട്ടിനെ കുറിച്ചു അപ്പോഴാണ് ചിന്തിച്ചു തുടങ്ങിയത്... സംഭവം ശരിയാണല്ലോ.. ആ പാട്ട് എപ്പോഴും നമുക്ക് ഫീലിംഗ്‌സ് തന്നെയല്ലേ.....ഞാൻ അവളോട്‌ പറഞ്ഞു...

"താൻ പറഞ്ഞത് ശരിയാണ്... മനോഹരമാണ് അതിലെ വരികൾ... ഒരു വട്ടം ആര് കേട്ടാലും പിന്നെ ഒരിക്കലും മറക്കില്ല.. അതു മനസ്സിൽ കൊത്തിവച്ച പോലെയിരിക്കും..."

"എന്താ നിങ്ങളുടെ. പേര്..... ?" അതു കേട്ട ഞാൻ പറഞ്ഞു.....

"നന്ദൻ.... നന്ദൻ മേനോൻ......"

"ഞാൻ നിങ്ങളോടു ഒരു ചോദ്യം ചോദിച്ചാൽ സത്യം പറയോ...?" അതു കേട്ട ഞാൻ ചോദിച്ചു....

"ഊം എന്താ... ചോദിക്ക്....  ?" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.....

"നിങ്ങളുടെ കണ്ണ് വെള്ളാരം കണ്ണല്ലേ.... അതായത് പൂച്ചക്കണ്ണ്... "അതു കേട്ട ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി....അവൾ പറഞ്ഞത് ശരിയാണ് എന്റെ കണ്ണ് വെള്ളാരം കണ്ണ് ആണ്..... അതു കേട്ട ഞാൻ ആകാംഷയോടെ ചോദിച്ചു.... 

"തനിക്ക് എങ്ങനെ മനസ്സിലായി എന്റെ കണ്ണ് വെള്ളാരം കണ്ണാണെന്ന്... സത്യം പറ തനിക്ക് കണ്ണ്  കാണില്ലേ.. താൻ എന്നെ പറ്റിക്കുകയല്ലേ..?"  അതു കേട്ട അവൾ  പുഞ്ചിരിയോടെ വിഷാദം കലർന്ന മുഖത്താലെ പറഞ്ഞു.....

"എനിക്ക് അറിയാൻ പറ്റും.... കാരണം ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് കാഴ്ചയുള്ള കണ്ണുകളെയാണ്. വെളിച്ചമില്ലാത്ത എന്റെ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്വപ്നം കണ്ടിട്ടുള്ളതും കാഴ്ചയുള്ള തിളക്കമുള്ള കണ്ണുകളാണ്. വെളിച്ചവും ഇരുട്ടും ഒരേ സമയം പല വർണ്ണങ്ങളിൽ കാണുന്ന നിങ്ങൾക്കറിയില്ല ആ കണ്ണിന്റ വില. പക്ഷെ എനിക്കറിയാം കാരണം എന്റെ കണ്ണിൽ എപ്പോഴും ഇരുട്ട് മാത്രം ആണ്.... ഇരുട്ട് മാത്രമുള്ള എന്റ കണ്ണുകളിൽ ഈ ലോകത്തിന്റെ ഭംഗി നിങ്ങളുടെ കണ്ണുകളിൽ കാണുന്നതിനെക്കാളും മനോഹരമാണ്.... ആ എനിക്ക് നിങ്ങളുടെ കണ്ണുകളെ കാണാൻ പറ്റും. പിന്നെ പൂച്ചക്കണ്ണുകൾ എനിക്ക് വളരെ ഇഷ്ടമാണ്.. ആ കണ്ണുകൾ ഏതു സമയവും തിളക്കമുള്ളതായിരിക്കും ആ കണ്ണുകൾ ഉള്ള മുഖത്തിന് ഒരു പ്രത്യേക തിളക്കമായിരിക്കും...."

അവളുടെ കണ്ണുകളെ കുറിച്ചുള്ള വർണ്ണന എന്നെ അത്ഭുതപ്പെടുത്തി... അവൾ ഈ ലോകത്ത് കണ്ണുകളെ അത്രയും സ്നേഹിക്കുന്നുണ്ട്.... എനിക്ക് അവളോട് സഹതാപം  തോന്നി.. ഞാൻ മനസ്സിൽ ദൈവത്തിനോട് ചോദിച്ചു... എന്തിനാ ഈശ്വരാ നീ ഈ പാവത്തിന്റെ വെളിച്ചം നഷ്ടപ്പെടുത്തിയെ... എല്ലാ രീതിയിലും എന്തിനാ ഈ പാവത്തിനെ ശിക്ഷിച്ചത്... ആദ്യം നീ ആ പാവത്തിന്റെ വെളിച്ചം കളഞ്ഞു... പിന്നെ അവളുടെ ഉറ്റവരുടെ ജീവൻ നീ കൊണ്ടു പോയി. എന്തിനാ ഈ ഇരുണ്ട ലോകത്തോട്ട് അവളെ വെളിച്ചമില്ലാതെ പറഞ്ഞയച്ചതു.....

അവളോട്‌ യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് എന്തോ ഒരു നഷ്ട ബോധം തോന്നി... വീട്ടിലെത്തി രാത്രി ഉറങ്ങാൻ കിടന്ന സമയത്തെല്ലാം, അവളുടെ തട്ടമിട്ടു ഗിറ്റാറും നെഞ്ചോട് ചേർത്തു പിടിച്ചു ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന തിളങ്ങുന്ന മുഖമായിരുന്നു മനസ്സിൽ മുഴുവൻ. ഞാൻ അവളെ അറിയാതെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഞാൻ പോലുമറിയാതെ എന്റെ മനസ്സ് അവളോട്‌ അടുക്കുകയായിരുന്നു.... എനിക്ക് അവളെ വീണ്ടും കാണണമെന്നു തോന്നി..... പിറ്റേ ദിവസം  അവൾ ഗിറ്റാർ പഠിക്കുന്ന സ്ഥലത്ത് അവളെ ഞാൻ പോയി കണ്ടു.
അവൾ എന്തിനാ വന്നത് എന്ന് ചോദിച്ചപ്പോൾ. വെറുതെ ഒന്ന് കാണാൻ വന്നതാണ് എന്ന് പറഞ്ഞു... പിന്നെ ഞാൻ ചോദിച്ചു... എനിക്ക് തന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വന്നു കണ്ടോട്ടെ എന്ന്... അതു കേട്ട അവൾ ചോദിച്ചു... എന്തിനാ കാണുന്നത് എന്ന് അതുകേട്ട ഞാൻ പറഞ്ഞു.... വെറുതെ കാണാൻ... അതു കേട്ട അവൾ ചിരിച്ചു....

പിന്നീടുള്ള മിക്ക ദിവസങ്ങളിലും  ഞാൻ അവളെ കാണാൻ അവിടെ പോകുമായിരുന്നു.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ഞങ്ങൾ ഒരുപാട് അടുത്ത സുഹൃത്തുക്കളുമായി. ഞാൻ അവളോടും അവൾ എന്നോടും എല്ലാം പരസ്പരം തുറന്നു പറഞ്ഞിരുന്നു. അവൾ അവളുടെ പല സ്വപ്നങ്ങളും സങ്കടങ്ങളും എല്ലാം  എന്നോട് പറഞ്ഞു.... ആകെ ആ വീട്ടിൽ ഒരു തണലുണ്ടായിരുന്നത് അമ്മാവന്റെ മകളായിരുന്നു. അവൾ വിവാഹം കഴിഞ്ഞു പോയതോടെ അമ്മാവന്റെ വീട്ടിലെ ജീവിതം ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ദാരുണമായി വന്നു... എന്നും അവർക്ക് കുത്തുവാക്കുകൾ പറഞ്ഞു മുറിവേല്പിക്കാൻ അവൾ ഒരു കാരണമായി... അവളുടെ വാടി തളർന്ന മുഖം കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി. ഒരു ദിവസം അവൾ എന്നോട് ചോദിച്ചു....

"അതേ മാഷെ എനിക്കൊരു കാര്യം മാഷിനോട് ചോദിക്കാനുണ്ട്. ചോദിക്കട്ടെ....?"

"എന്താ ചോദിച്ചോളൂ...."

"മാഷ്‌ക്ക് എന്നോട് ഇഷ്ടമുണ്ടോ... അല്ല മാഷിന്റെ ചില നേരത്തെ സംസാരത്തിൽ നിന്നും എനിക്കങ്ങനെ തോന്നി...." അവളുടെ തുറന്നടിച്ചുള്ള പെട്ടന്നുള്ള ചോദ്യത്തിൽ ഞാൻ അന്തം വിട്ടു.... 

"ആ.. ഉണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. നിനക്കത് ഇപ്പോഴാണോ മനസ്സിലായത്. എന്താ നിനക്കെന്നെ ഇഷ്ടമല്ലേ..... ?" എന്റെ മറുപടി കേട്ട അവൾ ഒന്നു പകച്ചെങ്കിലും... പിന്നെ ഒരു വിഷാദം നിറഞ്ഞ ചിരിയോടെ പറഞ്ഞു.....

"എന്നാലേ അതു വേണ്ട....വെറുതെ എന്തിനാ മാഷെ... അറിഞ്ഞു കൊണ്ട് ട്രെയിനിന് തലവെക്കുന്നത്... മാഷ്‌ക്ക് നല്ല വെള്ളാരം കണ്ണുള്ള മൊഞ്ചത്തി മേനോൻ കുട്ടികളെ കിട്ടും.. എന്നെ കെട്ടി വെറുതെ മാഷിന്റെ ജീവിതം കളയണ്ടാ. ഒരു മുസ്ലിമായ എന്നെ പോലത്തെ ഒരു പൊട്ടക്കണ്ണിയെ കെട്ടി എന്റെ ലോകത്തോട്ട് മാഷ് വന്നാൽ.. പിന്നെ മാഷിന്റെ ജീവിതവും മൊത്തം ഇരുട്ടാകും.... " അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു. അവൾ എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ അത് അവൾ പറയില്ല എന്ന് എനിക്ക് മനസ്സിലായി... കാരണം എന്റെ ജീവിതം അവൾ കാരണം ഇരുട്ട് കയറണ്ട എന്ന് വിചാരിച്ചാണ്. അവസാനം ഞാൻ തന്നെ അവളുടെ നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിൽ നോക്കി ചോദിച്ചു.

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ എന്നോട് സത്യം പറയോ....?"

"എന്താ... ചോദിച്ചോളൂ..."

"താൻ എന്നെ സ്നേഹിക്കുന്നില്ലേ...നീ കാരണം എന്റെ ജീവിതം നശിക്കണ്ടാ  എന്നു വിചാരിച്ചല്ലേ. തനിക്കെന്നൊടുള്ള ഇഷ്ടം താൻ മറച്ചു വെച്ചത്.. പറ ഞാൻ നിന്നെ സ്നേഹിക്കുന്ന പോലെ നീ എന്നെയും സ്നേഹിക്കുന്നില്ലേ...?"  എന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു. മൗനം വെടിഞ്ഞു എനിക്ക് എന്ത് മറുപടി തരണം എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു...

"ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ ? ..എനിക്ക് തന്നൂടെ നിന്റെ ഈ മനസ്സ്. ആരുമില്ലാത്ത നിന്നെ ഞാൻ എടുത്തോട്ടെ...?"

എന്റെ ചോദ്യം കേട്ട അവൾ ഞെട്ടി തരിച്ചു കൊണ്ട് എന്നെ കാഴ്ചയില്ലാ കണ്ണുകളുമായി നോക്കി....അതു കണ്ട ഞാൻ അവളോട് പറഞ്ഞു.... 

"ജാതിയും മതവും ഒന്നും എനിക്ക് പ്രശ്‌നമല്ല. വിവാഹം കഴിഞ്ഞാലും തനിക്ക് തന്റെ മതവുമായി ജീവിക്കാം. എനിക്ക് എന്റെ മതവുമായി ജീവിക്കാം.  തനിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം. സഹതാപം കൊണ്ട് പറയുകയല്ല. സത്യമായിട്ടും എനിക്ക് തന്നെ ഇഷ്ടമാണ്... നമ്മുടെ രണ്ടു വീട്ടുകാരും സമ്മതിക്കില്ല എന്നറിയാം. എനിക്കൊരു ജോലിയുണ്ട് സ്വന്തമായി ഒരു സ്റ്റുഡിയോയും ഉണ്ട്. നമുക്ക് സുഖമായി ജീവിക്കാനുള്ള വരുമാനം അതിൽ നിന്നും കിട്ടും. നമ്മുടെ രണ്ടു വീട്ടുകാരും നമ്മളെ അംഗീകരിക്കില്ല. ചിലപ്പോൾ നമ്മളെ ഒഴിവാക്കി എന്നും വരും... എന്തു സംഭവിച്ചാലും... ഞാൻ നിന്നെ ഒഴിവാക്കില്ല.  ഞാൻ അത്രയേറെ നിന്നെ സ്നേഹിക്കുന്നുണ്ട്... നിന്റെ വെളിച്ചമില്ലാ ലോകത്തോട്ട് ഞാനും വരട്ടെ... നീ പറഞ്ഞിട്ടില്ലേ നിനക്ക് എന്റെ വെള്ളാരം കണ്ണുകൾ ഇഷ്ടമാണെന്നു...ആ കണ്ണുകളുടെ കൂടെ എന്നെയും ഇഷ്ടപ്പെട്ടു കൂടെ....?" 

എന്റെ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ആദ്യം കുറച്ചൊക്കെ അവൾ എതിർത്തെങ്കിലും പിന്നെ അവൾ സമ്മതിച്ചു... കാരണം അവൾ എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടായിരുന്നു. അവൾക്ക് ഒഴിവാക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ഞാൻ. സ്നേഹം എന്ന് പറയുന്നത് അങ്ങനെയാണല്ലോ.  അസ്ഥിക്ക് കയറി പിടിച്ചാൽ പിന്നെ അതിന്റെ മുന്നിൽ ജാതിയും മതവും ഒന്നും ഒരു പ്രശ്നമാവില്ല..... 

പിറ്റേ ദിവസം രജിസ്റ്ററോഫീസിൽ വെച്ചു ഞങ്ങളുടെ വിവാഹമായിരുന്നു. ആളും ബഹളവും ഒന്നും ഇല്ലാത്ത വിവാഹം . വിവാഹത്തിൽ പങ്കെടുക്കാൻ വിരലിൽ എണ്ണിയാൽ തീരുന്ന എന്റെ കുറച്ചു സുഹൃത്തുക്കൾ മാത്രം . ഞങ്ങൾ  രജിസ്റ്ററിൽ ഒപ്പിട്ടു...സാക്ഷികളായി എന്റെ സുഹൃത്തുക്കളും ഒപ്പിട്ടു. കൊട്ടും കുരവയും വിവാഹ പന്തലും. നിക്കാഹും ജാതിയും മതവും ഒന്നും ഇല്ലാതെ.... ഒരു മൂർത്തിയുടെയും മുന്നിൽ പോവാതെ ഞാൻ മനസ്സിൽ ദൈവങ്ങളെ സാക്ഷി നിർത്തി അവളുടെ കഴുത്തിൽ ചരടിൽ കോർത്ത ഒരു താലിയും കെട്ടി. അതു വരെ അവൾക്ക് വഴി കാട്ടിയായിരുന്ന വലത്തെ കയ്യിൽ പിടിച്ചിരുന്ന വടി എടുത്തു ദൂരെ കളഞ്ഞ് എന്റെ വലങ്കയ്യിൽ അവളുടെ ഇടം കയ്യും പിടിച്ചു ഒരു വഴികാട്ടിയായി  ഞാൻ അവളെയും കൂട്ടി എന്റെ വീട്ടിലോട്ട് പോയി...

മകൻ ഒരു അന്യ ജാതിയിൽ പെട്ട പെണ്കുട്ടിയെ താലി കെട്ടി കൊണ്ട് വന്നത് കണ്ട അച്ഛൻ. ഞങ്ങളെ രണ്ടാളെയും വീട്ടിൽ കയറ്റിയില്ല. തറവാടിന്റെ ആഭിജാത്യവും അച്ഛന്റെ ദുരഭിമാനവും ഞങ്ങളെ സ്വീകരിക്കാതിരിക്കുവാനുള്ള ഒരു കാരണമായി.. എനിക്ക് താഴെ ഒരു പെണ്കുട്ടിയുണ്ട് അവളുടെ ഭാവി നോക്കണം, എന്നോട് അവളെയും കൂട്ടി അവിടെ നിന്നും ഇറങ്ങാൻ പറഞ്ഞു... അമ്മയും പെങ്ങളും അച്ഛനെ എതിർത്തെങ്കിലും, അതൊന്നും അച്ഛന്റെ മുന്നിൽ വില പോയില്ല... അമ്മയുടെ പേരിൽ ഒരു വീടുണ്ടായിരുന്നു... വേണമെങ്കിൽ ഞങ്ങളോട് അവിടെ പോയി താമസിക്കാം എന്നു പറഞ്ഞു... ഇനി ഒരു കാര്യത്തിനുമായി ഈ വീട്ടിലോട്ട് വരരുത് എന്നും പറഞ്ഞു... ഇതെല്ലാം ഞാൻ ആദ്യം തന്നെ പ്രതീക്ഷിച്ചതായിരുന്നു.. അതു കൊണ്ട് എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല... എനിക്കറിയാം എന്റെ അച്ഛനെയും അമ്മയെയും. ഇപ്പൊ അവർ  അംഗീകരിച്ചില്ലെങ്കിലും പിന്നെ എപ്പോഴെങ്കിലും അവർ ഞങ്ങളെ അംഗീകരിക്കും എന്നും. അവർ ഒരിക്കലും ഞങ്ങളെ ശപിക്കില്ല അനുഗ്രഹിക്കുകയെ ഉള്ളൂ.. ഞാൻ അവളേയും കൂട്ടി വേറെ എവിടെയും പോവാതിരിക്കാൻ വേണ്ടിയാണ് അച്ഛൻ അവിടെ താമസിക്കാൻ പറഞ്ഞത്. അച്ഛന് ഒരിക്കലും എന്നെ കളയാൻ പറ്റില്ല. കാരണം ഞാൻ അച്ഛന്റെ ആദ്യത്തെ കണ്മണിയാണ്.  എന്തായാലും അച്ഛന്റെ നല്ല മനസ്സുകൊണ്ട് കയറി കിടക്കാൻ ഒരു വീട് കിട്ടിയതു തന്നെ ഭാഗ്യം എന്ന് ഞാൻ കരുതി .. പിന്നെ അവളുടെ അമ്മാവന്റെ ഭാഗത്തു നിന്നും ചെറിയ പ്രശ്നം എല്ലാം ഉണ്ടായി.  അവൾ അവർക്ക് ഒരു ബാധ്യത ആയതു കൊണ്ട് പിന്നെ പതുക്കെ പിൻവലിഞ്ഞു. 

വീട്ടിൽ നിന്നും ഞാൻ അവളെയും കൊണ്ടു അമ്മയുടെ പേരിലുള്ള ആ വീട്ടിലോട്ട് പോകുന്ന വഴിക്ക്, ഞാൻ കവലയിൽ നിന്നും അവൾക്കു  ഒരു നിസ്ക്കാര കുപ്പായവും ഒരു പായയും വാങ്ങി ... പിന്നെ കുറച്ചു ഡ്രസ്സും... പിന്നെ വീട്ടിലേക്ക് അത്യാവിശ്യത്തിനുള്ള കുറച്ചു സാധനങ്ങളും.... ഞങ്ങൾ രണ്ടാളും വലതു കാൽ വെച്ചു ആ വീട്ടിലോട്ട് കയറിയത് മുതൽ  അതു വരെ ഷഹാന എന്നു വിളിച്ചിരുന്ന ഞാൻ അവളെ വാവ എന്നു വിളിച്ചു തുടങ്ങി. അവൾ എന്നെ നന്ദേട്ടാ എന്നും... പിന്നെ ആ വീടും അവളുമായി എന്റെ ലോകം. അപ്പോഴും അവളുടെ ലോകം ഞാൻ മാത്രമായിരുന്നു. അവൾക്ക് ആ വീടും പരിസരവും പരിചയം ആവുന്നത് വരെ ഞാൻ തന്നെ ആയിരുന്നു വീട്ടിലെ എല്ലാ ജോലിയും ചെയ്തിരുന്നത്. അവളും എന്റെ ഒപ്പം കൂടും.

അതു വരെ ആളും ബഹളവും അനക്കവും ഒന്നും ഇല്ലാതെ കിടന്നിരുന്ന ആ വീടിനെ ഞങ്ങൾ ചിരിയും കളിയും കൊണ്ട്. ആദവും ഹവ്വയും പാർത്ത ഏദൻ തോട്ടം പോലെയാക്കി.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ആ  വീടും പരിസരവും അവളുമായി ഇണങ്ങി ചേർന്നു. പിന്നെ അവൾ എന്നിൽ നിന്നും വീട്ടു ഭരണം ഏറ്റെടുത്തു. . ഇപ്പോൾ എന്നെക്കാളും അവൾക്ക് ആ വീടിനെയും പരിസരത്തെയും അറിയാം. എല്ലാ ഇടത്തും അവൾ തപ്പി തടയാതെ എത്തും... ഞാൻ സ്റ്റുഡിയോയിൽ പോകുമ്പോൾ അവളെ  നോക്കാൻ ഞാൻ പറഞ്ഞേൽപ്പിക്കാറു അയൽപക്കത്തുള്ള ആമിത്തായെ ആണ്. ആമിത്ത ഞങ്ങൾക്ക് അമ്മയെ പോലെയാണ്. ആമിത്താക്ക് കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ അവർക്ക് മക്കളെ പോലെ ആയിരുന്നു.... എന്നെക്കാളും അവർക്ക് ഇഷ്ട്ടം അവളോടായിരുന്നു. ഒരു ദിവസം അവളെയും കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയി. അതും ഒരു കണ്ണ് ഡോക്റ്ററെ കാണാൻ. ഡോക്റ്റർ കുറേ ടെസ്റ്റുകളെല്ലാം നടത്തിയതിന് ശേഷം പറഞ്ഞു... കണ്ണ് മാറ്റിവെച്ചാൽ അവൾക്ക് കാഴ്ച കിട്ടും എന്ന്. പക്ഷെ അതിന് ഒരു പാട് പണചെലവ് ഉണ്ട് എന്ന്.... പണം ഞങ്ങളുടെ മുന്നിൽ ഒരു വില്ലനായി നിൽക്കുന്നത് കൊണ്ട് ആ ആഗ്രഹം അകന്നു പോയി.... അവൾക്ക് കാഴ്ച നൽകാൻ എന്നെക്കൊണ്ട് കൊണ്ടു സാധിക്കാത്തതിനുള്ള വിഷമം എന്നെ വല്ലാണ്ട് വേദനിപ്പിച്ചു. അതു മനസ്സിലായ അവൾ പറഞ്ഞു... അവൾക്ക് വേറെ കണ്ണുവേണ്ട അവൾക്ക് എന്റെ കണ്ണിലൂടെ എന്റെ കയ്യും പിടിച്ചു നടന്ന് ഈ ലോകം കണ്ടാൽ മതി എന്ന്.... അതു കേട്ട ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്തു അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു... എന്റെ ഈ കൈകളിൽ നിന്നും ഞാൻ നിന്നെ എവിടേക്കും വിടില്ല മരണം വരെ നിനക്ക് വെളിച്ചമായി എന്നും ഞാൻ ഉണ്ടാകും നിന്റെ കൂടെ എന്ന്..... 

അവിടന്നിങ്ങോട്ട് നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ ആണ് ആമിത്തയുടെ ഫോൺ വന്നത്.......
 
"എന്താ ആമിത്താ...

"മോനേ നീ പെട്ടന്ന് ഇങ്ങു വാ ഷഹാന മോള് തല ചുറ്റി വീണു". 

"അയ്യോ എന്തു പറ്റി ആമിത്താ. എന്താ എന്റെ വാവക്ക് പറ്റിയത്... ?" നന്ദൻ ഇരിക്കുന്ന സീറ്റിൽ നിന്നും പരവേശത്തോടെ ചാടി എണീറ്റുകൊണ്ട് ചോദിച്ചു.... 

"പേടിക്കാൻ ഒന്നും ഇല്ല. ഞാൻ ഇവളെയും കൊണ്ട് കരുണ ഹോസ്പിറ്റലിലോട്ട് പോകാൻ നിൽക്കാണ് മോൻ അങ്ങോട്ട് വന്നാൽ മതി...."

"കുഴപ്പമൊന്നും ഇല്ലല്ലോ. ആമിത്ത കള്ളം പറയല്ലാല്ലോ. നിങ്ങൾ ഹോസ്പിറ്റലിലോട്ട് പൊക്കോ ഞാൻ അവിടെ എത്തിക്കോളാം...."

"ഇല്ല മോനെ കുഴപ്പം ഒന്നും ഇല്ല... ഞാൻ അവൾക്ക് ഫോണ് കൊടുക്കാം..."

ആമിത്ത ഷഹാനക്ക് ഫോണ് കൊടുത്തതും. അവൾ വികാരഭരിതമായി നന്ദേട്ടാ എന്ന് വിളിച്ചതും നന്ദൻ ഇടറുന്ന വാക്കുകളോടെ ചോദിച്ചു....

"വാവേ എന്താ പറ്റിയത് ? "  നന്ദന്റെ  ഇടറുന്ന വാക്കുകൾ കേട്ട ഷഹാന കണ്ണിൽ നിന്നും അടർന്ന് വീണുകൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു....

"എനിക്ക് ഒന്നും ഇല്ല നന്ദേട്ടാ... ഒന്നു തലകറങ്ങി വീണു. ഇപ്പൊ ശരിയായി നന്ദേട്ടൻ പേടിക്കണ്ട കേട്ടോ..." അവളുടെ ഇടറുന്ന സ്നേഹമേറിയ വാക്കുകൾ കേട്ട നന്ദൻ പറഞ്ഞു...

"വാവയോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിച്ചു നടക്കണം എന്ന്. നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് പിന്നെ ആരാ ഉള്ളത്...?"  നന്ദൻ സ്നേഹത്തോടെ ശാസിച്ചു കൊണ്ട് പറഞ്ഞു. നന്ദന്റെ ആ വാക്കുകൾ കേട്ട ഷഹാന ഖൽബു നിറഞ്ഞ സന്തോഷത്തോടെ പറഞ്ഞു... 

"അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ... നന്ദേട്ടൻ ടെൻഷനടിക്കാതെ...ഞങ്ങൾ ഹോസ്പിറ്റലിലോട്ട് പോകാണു. നന്ദേട്ടൻ അങ്ങോട്ട് വന്നാൽ മതി.. പിന്നെ വെപ്രാളപ്പെട്ട് സ്‌കൂട്ടർ ഓടിക്കുക ഒന്നും ചെയ്യരുത്.. പതുക്കെ വന്നാൽ മതി...."

"എന്നാൽ ശരി. നിങ്ങൾ ഹോസ്പിറ്റലിലോട്ട് പൊക്കോ ഞാൻ അങ്ങോട്ട് വരാം.... " അതും പറഞ്ഞു സ്റ്റുഡിയോയിലെ ജോലിക്ക് നിൽക്കുന്ന റാമിനോട് ഇപ്പൊ വരാം എന്നും പറഞ്ഞു. നന്ദൻ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി നേരെ ഹോസ്പിറ്റലിലോട്ടു പോയി.

നന്ദൻ സ്‌കൂട്ടർ ഹോസ്പിറ്റൽ കോംബൗണ്ടിൽ പാർക്ക് ചെയ്തു ആമിത്താക്കു ഫോൺ വിളിച്ചു. ആമിത്ത അവർ റൂം 31 ൽ ഉണ്ടെന്നു  പറഞ്ഞു. നന്ദൻ റിസപ്‌ഷനിൽ ചെന്ന്  റൂം എവിടെ ആണെന്ന് അന്വേഷിച്ചു. അവർ മുകളിലത്തെ നിലയിൽ ആണെന്ന് പറഞ്ഞു. 

നന്ദൻ കോണിപടികൾ ഓടിക്കയറി റൂ 31 ന്റെ ഡോർ തള്ളി തുറന്നു അകത്തു കയറിയപ്പോൾ കണ്ടത്. ഷഹാനയെ ട്രിപ്പ് കൊടുത്ത് കിടത്തിയിരിക്കുന്നതാണ്..... 

നന്ദൻ പേടിച്ച മനസ്സാലെ കിതച്ചു കൊണ്ട് വിളിച്ചു... വാവേ...


"നീ ഇത്ര പെട്ടെന്ന് വന്നോ...." ആമിത്തയുടെ സംസാരം കേട്ട ഷഹാന തിരിഞ്ഞു കൊണ്ടു ചോദിച്ചു....

"ആമിത്താ നന്ദേട്ടൻ വന്നോ... നന്ദേട്ടാ...എവിടെ.... ". അതു കേട്ടതും നന്ദൻ ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.. "ഞാൻ ഇവിടെ ഉണ്ട് വാവേ....." 

അവൾ നന്ദന്റെ മുഖത്തു കൈ കൊണ്ട് പരതി ഇരുട്ട് കയറിയ കണ്ണിലൂടെ കണ്ണുനീർ പൊഴിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.....

"ഒന്നും ഇല്ലടാ. ഒന്നും ഇല്ല. ഞാൻ വന്നില്ലേ. പിന്നെ എന്തിനാ കരയുന്നേ..?" അവൻ സങ്കടത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട്  ആമിത്തയോട് ചോദിച്ചു.... "എന്താ പറ്റിയത് ആമിത്താ എന്റെ വാവക്ക്.. ?" അതു കേട്ട ആമിത്ത ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.....

"ഒന്നും ഇല്ലടാ എല്ലാ പെണ്ണുങ്ങൾക്കും പറ്റുന്നത് തന്നെയാ അവൾക്കും പറ്റിയത്.... നീ ഒരു അച്ഛനാകാൻ പോകുന്നു... നിന്റെ വാവ ഗർഭിണിയാണ്...."

അതു കേട്ടതും സന്തോഷം കൊണ്ട് നന്ദന്റെ വെള്ളാരം കണ്ണുകൾ നിറഞ്ഞു. അവൻ ഷഹാനയുടെ മുഖം സ്നേഹത്തോടെ അവന്റെ മുഖത്തിന്റെ നേരെ പിടിച്ചു കൊണ്ട് ചോദിച്ചു.....

"സത്യമാണോ വാവേ ഞാൻ ഈ കേട്ടത്.. ഞാൻ ഒരു അച്ഛനാകാൻ പോവുകയാണോ....? " നന്ദന്റെ സന്തോഷത്തോടെയും ആകാംഷയോടെയും ഉള്ള ചോദ്യം കേട്ടപ്പോൾ.... ഷഹാന ചിരിച്ചു കൊണ്ട് സ്നേഹത്തോടെ കണ്ണിൽ നിന്നും ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ട് നന്ദന്റെ മുഖത്തെല്ലാം കൈ കൊണ്ട് തലോടികൊണ്ട് പറഞ്ഞു.....

"അതേ നന്ദേട്ടാ ഞാൻ അമ്മയാകാൻ പോകുന്നു. നന്ദേട്ടൻ അച്ഛനാകാനും... എന്റെ നന്ദേട്ടന് സന്തോഷമായില്ലേ.....നമ്മുക്ക് കുഞ്ഞു വരാൻ പോകുന്നു....." അതു കേട്ടതും നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവൻ അവളുടെ മുഖം പിടിച്ചു തുരു തുരാ ഉമ്മവെച്ചു.എന്നിട്ട് പറഞ്ഞു...

"സന്തോഷമായി. എന്റ വാവക്ക് സന്തോഷമായില്ലേ. ആരും ഇല്ലാത്ത നമ്മൾക്ക് ഒരു കുഞ്ഞു വരാൻ പോകുന്നു... ഇതിനും വലിയ സന്തോഷം വേറെ എന്താ എനിക്ക്..... എന്റെ വാവക്ക് എന്താ വേണ്ടത് പറ". അവൻ അവളോട്‌ ചോദിച്ചു.... അതു കേട്ട ഷഹാന പറഞ്ഞു. 

"എനിക്ക് ഒന്നും വേണ്ട. എനിക്ക് എന്റെ നന്ദേട്ടന്റെ നെഞ്ചിൽ കുറച്ചു നേരം ഇങ്ങനെ കിടന്നാൽ മതി..." അതു കേട്ട നന്ദൻ അവളെ ആ നെഞ്ചോട് ചേർത്തു പിടിച്ചു. അവൾ ഒരു കൊച്ചു കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു. അവരുടെ സ്നേഹത്തിനും സന്തോഷത്തിനും സാക്ഷ്യം വഹിച്ച ആമിത്തയുടെ കണ്ണും നിറഞ്ഞു.അവർ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.... 

"മോനെ. നിന്നോട് ഡോക്ടർ ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു... മോൻ ചെല്ലു ഡോക്ടറെ കണ്ടിട്ട് വാ...." അതു കേട്ട നന്ദൻ ഷഹാനയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളോട്‌ പറഞ്ഞു....

"മോള് ഇവിടെ ഇരി... ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം". എന്നിട്ട് ആമിത്തയോട് പറഞ്ഞു.....

"ആമിത്ത.... ഇത്തയോട് ഞാൻ എങ്ങനെയാ നന്ദി പറയാ....എന്താ ഞാൻ എന്റെ ഇത്തക്ക് തരാ. എന്റെ വാവയെ ഇങ്ങനെ നോക്കുന്നതിന്. ആരും ഇല്ലാത്ത ഞങ്ങൾക്ക് അമ്മയായതിന്..."

അതു കേട്ട ആമിത്ത അണപൊട്ടി വന്ന കരച്ചിൽ അടക്കി പിടിച്ചു, നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി പറഞ്ഞു.....

"നിങ്ങൾ രണ്ടാളും എന്റെ മക്കളല്ലേ.... മക്കളില്ലാത്ത എനിക്ക് പടച്ചോൻ കൊണ്ടു തന്നതാ നിങ്ങളെ... ഞാനുണ്ടാകും മോനെ നിങ്ങൾക്ക്.... എന്റെ മക്കളാ നിങ്ങൾ ". അതും പറഞ്ഞു അവർ ഷഹാനയുടെ ശിരസ്സ് എടുത്ത് ആ മാറോട് അണച്ചു പിടിച്ചു. അതു കണ്ട നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. നിറഞ്ഞു വന്ന കണ്ണുനീർ നന്ദൻ തുടച്ചു കൊണ്ട് പറഞ്ഞു.....

"സന്തോഷമായി ആമിത്ത. സന്തോഷമായി. ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ കൈ വിട്ടപ്പോൾ ഈശ്വരൻ കൊണ്ടു തന്നതാ ഞങ്ങൾക്ക് ഇത്തയെ ". അതും പറഞ്ഞു നന്ദൻ ഡോക്ടറെ കാണാൻ പോയി.ഡോക്ടർ നന്ദനോട് ഇരിക്കാൻ പറഞ്ഞു.എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..... 

"ഷഹാനയുടെ ഹസ്ബന്റ് അല്ലേ....?" 

"അതേ ഡോക്ടർ" ....

"വാർത്തയെല്ലാം അറിഞ്ഞല്ലോ അല്ലേ... സന്തോഷമായില്ലേ..." അതു കേട്ട നന്ദൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.....

"സന്തോഷമായോന്നോ... ഇതിൽ പരം സന്തോഷം ഉള്ള എന്താണ് ഡോക്ടർ വേറെ ഉള്ളത്... ഒത്തിരി ഒത്തിരി സന്തോഷമായി ".... 

"അതേ ഇതിലും വലിയ സന്തോഷം വേറെ എന്താ ഉള്ളത്... അപ്പൊ ഞാൻ വിളിപ്പിച്ചത്... ഷഹാനക്ക് ഒരു മൂന്നു മാസം ബെഡ് റസ്റ്റ് വേണം... അധികം അനങ്ങാനൊന്നും പാടില്ല......"  പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.... "ഇനി പഴയപോലെ അവളോട്‌ വല്ലാതെ അങ്ങോട്ട് ചേർന്നു കിടക്കണ്ടാ..... ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായല്ലോ. ഒരു മൂന്നു മാസം അവളെ വെറുതെ വിട്ടേക്കൂ....ok..." 

അതു കേട്ടപ്പോൾ ഡോക്ടർ എന്താ ഉദ്ദേശിച്ചത് എന്ന് നന്ദന് മനസ്സിലായി. നന്ദൻ ഒരു നാണം വന്ന ചിരിയാലെ ഡോക്ടറോട് പറഞ്ഞു.... " ഇല്ല ഡോക്ടർ ഇനി അധികം അവളെ ചാരാതെ നോക്കാം ".... അതു കേട്ട ഡോക്ടർ ചോദിച്ചു....

"നിങ്ങൾക്ക് പേരൻസ് ആരും ഇല്ലേ.... നിങ്ങളുടേത് ലൗ മാരേജ് ആണോ.... അല്ല ഷഹാന ഒരു മുസ്ലിമും നന്ദൻ ഒരു ഹിന്ദുവും ആയതു കൊണ്ട് ചോദിച്ചതാ....."അതു കേട്ട നന്ദൻ ഒരു വിഷമത്തോടെ പറഞ്ഞു..... 

"അതേ ഡോക്ടർ ഞങ്ങളുടേത് ലൗ മാരേജ് ആണ്... ഞങ്ങളുടെ കൂടിച്ചേരലോടെ  ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ ഒഴിവാക്കി... ഇപ്പൊ അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേ... ഉള്ളൂ "... 

അതുകേട്ട ഡോക്ടർക്ക് വിഷമമായി. ഡോക്ടർ പറഞ്ഞു....

"നിങ്ങൾ വലിയവനാണ്... കണ്ണു കാണാത്ത അവളെ സ്നേഹിച്ചു സ്വന്തമാക്കിയ നിങ്ങൾ ആണ് യഥാർത്ഥ കാമുകൻ....സത്യത്തിൽ നിങ്ങളോട് എനിക്ക് അസൂയ തോന്നുകയാണ് ".

"ആരാ പറഞ്ഞതു ഡോക്ടർ അവൾക്ക് കണ്ണു കാണില്ലാന്നു. അവൾ എല്ലാം കാണുന്നുണ്ട് എന്റെ ഈ രണ്ട് കണ്ണിലൂടെ. അവളുടെ കണ്ണുകളിലെ അണഞ്ഞു പോയ വെളിച്ചം ഞാനാണ് ഡോക്ടർ. എന്റെ ജീവിതത്തിലോട്ട് അവൾ വന്നതിന് ശേഷം ഒരിടത്തു പോലും അവളുടെ കാലിടറിയിട്ടല്ല ". 

"നിങ്ങളെ ദൈവം അനുഗ്രഹിക്കും. പിന്നെ ഇനി ഇവിടന്നങ്ങോട്ടുള്ള ഓരോ  മാസവും ചെക്കപ്പ് ചെയ്യണം. പിന്നെ സ്‌കാനിങ്ങും... ok ബാക്കി അടുത്ത മാസം സ്കാനിംഗിന് ശേഷം പറയാം... പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കണ്ട. കണ്ണുകാണാത്ത അവളുടെ കൂടെയും നിങ്ങളുടെ കൂടെയും ഇനി കുറച്ചു മാസങ്ങൾ ഞാനും ഉണ്ടാകും, അവൾക്ക് ഒരു വെളിച്ചമായി. എന്നാ ശരി നന്ദൻ പൊക്കോളൂ ".

ഡോക്ടറുടെ സ്നേഹമേറിയ വാക്കുകൾ കേട്ട നന്ദൻ സന്തോഷത്തോടെ കൈകൂപ്പി എണീറ്റ്‌ റൂമിലോട്ട് പോയി...... നന്ദൻ സന്തോഷണത്തിന്റെ പ്രതീകമായി സ്വീറ്റ്‌സ് വാങ്ങി ഹോസ്പിറ്റലിൽ മൊത്തം കൊടുത്തു..... അന്ന് പിന്നെ നന്ദൻ സ്റ്റുഡിയോയിൽ പോയില്ല. എല്ലാ സമയവും ഷഹാനയുടെ കൂടെ ഇരുന്നു.അവളെ കൊഞ്ചിച്ചും ലാളിച്ചും ഭക്ഷണം കഴിപ്പിച്ചും എല്ലാം. തപ്പി തടഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അവളുടെ കൂടെ എപ്പോഴും നന്ദന്റെ കണ്ണുകൾ ഉണ്ടായിരുന്നു. 

രാത്രി പൂര്ണചന്ദ്രന്റെ നിലാവെളിച്ചത്തിൽ ഉമ്മറ കോലായിയുടെ തിണ്ണയിൽ നന്ദന്റെ മടിയിൽ ചാരി കിടന്നു കൊണ്ട് ഷഹാന ചോദിച്ചു....

"നന്ദേട്ടാ...നന്ദേട്ടന് ഏതു കുട്ടിയെ ആണ് വേണ്ടത്. ആണോ ? പെണ്ണോ ?". 

നന്ദൻ അവളുടെ മുടികൾക്ക് ഇടയിലൂടെ തലോടിക്കൊണ്ട് പറഞ്ഞു... 

"എനിക്ക് ഏതു കുട്ടിയായാലും കുഴപ്പമില്ല. ആണായാലും പെണ്ണായാലും നമ്മുടെ മക്കളല്ലേ....?' അതു കേട്ട ഷഹാന...

"എന്നാലും നന്ദേട്ടന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടാകുമല്ലോ.പറ നന്ദേട്ടാ... ആണോ പെണ്ണോ... എനിക്ക് ഒന്നു അറിയാനാ നന്ദേട്ടാ... എന്റെ നന്ദേട്ടനല്ലേ..... "അതു കേട്ട നന്ദൻ സ്നേഹത്തോടെ ശാസിക്കുമ്പോലെ പറഞ്ഞു. 

"നീ ഒന്ന് മിണ്ടാതിരി വാവേ... ഞാൻ പറഞ്ഞില്ലേ എനിക്ക് രണ്ടും ഒരു പോലെ ആണെന്ന്..." നന്ദന്റെ സ്വരം മാറിയതും അവളുടെ മുഖം വാടി.... അവൾ പിണങ്ങിയ പോലെ കിടന്നു. അതു കണ്ട നന്ദന് വിഷമമായി. അവൻ അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞു.... 

"അപ്പോഴേക്കും എന്റെ പൊന്നും കുടം പിണങ്ങിയോ... എന്നാ ഞാൻ പറയാം എനിക്ക് എന്റെ വാവയെ പോലത്തെ ഒരു പെണ്കുഞ്ഞിനെ മതി...ഇപ്പൊ പിണക്കം മാറിയോ ?" അതു കേട്ടതും അവളുടെ ഇരുട്ട് കയറിയ കണ്ണുകൾ പ്രകാശിച്ചു. അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. പിന്നെ അവൾ പറഞ്ഞു.... 

"നന്ദേട്ടൻ ആ മുഖം ഒന്നിങ്ങു  കാണിച്ചേ..." നന്ദൻ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു. അവൾ അവന്റെ മുഖം പിടിച്ചു അവന്റെ വെള്ളാരം കണ്ണുകളിലിലും കവിളിലും മുത്തം കൊണ്ട് പൊതിഞ്ഞു.... അതു കണ്ട നന്ദൻ അവളെ ഒന്നും കൂടി അവളിലേക്ക് അടുപ്പിച്ചു കൊണ്ടു ചോദിച്ചു... 

"ഇനി നീ പറ, എന്റെ വാവക്ക് ഏതു കുഞ്ഞിനെ ആണ് വേണ്ടത്...." അതു കേട്ട അവൾ ആകാംഷയോടെ ചോദിച്ചു ....

"പറയട്ടെ... "

"ഹാ. പറയടി.. എന്റെ തങ്കക്കുടത്തിന്.... ഏതു പൊന്നും കുടത്തിനെ ആണ് വേണ്ടത്..... ഒരു ജൂനിയർ നന്ദനെയോ അതോ ഒരു ജൂനിയർ വാവയെയോ...???"

അതു കേട്ട ഷഹാന അവളുടെ മൃദുലമേറിയ കൈകൾ കൊണ്ട് അവന്റെ വെള്ളാരം കണ്ണുകളിൽ തലോടിക്കൊണ്ട് വികാരഭരിതമായി പറഞ്ഞു.... 

"എനിക്ക് എന്റെ നന്ദേട്ടന്റെ ആഗ്രഹം പോലെയുള്ള ഒരു വെള്ളാരം കണ്ണുള്ള ഒരു പെണ്കുഞ്ഞിന്‌ ജന്മം നൽകിയാൽ മതി....എനിക്ക് എന്റെ നന്ദേട്ടനെ അവളിലൂടെ കാണണം... അവൾ വലുതായി വരുമ്പോൾ എനിക്ക് അവളോട്‌ പറയണം അവളുടെ ആ കണ്ണുകളാണ് അമ്മയുടെ ജീവിതത്തിലെ വെളിച്ചം ആയിരുന്നതെന്ന്. ആ വെളിച്ചമായിരുന്നു അമ്മയുടെ ജീവിതത്തിലെ എല്ലാം എന്ന് ". അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവളുടെ സ്നേഹം നിറഞ്ഞു തുളുമ്പിയ വാക്കുകളും കണ്ണുകളും  കേട്ടും കണ്ടും നന്ദന്റെ മനസ്സും കണ്ണും നിറഞ്ഞു. നന്ദൻ ചുണ്ടുകൾ കൊണ്ട് തുളുമ്പി ഒഴുകുവാൻ നിന്ന അവളുടെ കണ്ണുകളിൽ ചുണ്ടമർത്തി. അവളുടെ മുഖം കൈകകളിൽ കോരിയെടുത്തു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു;  

"അയ്യേ എന്റെ വാവ കരയാണോ..... ഇതാപ്പോ നന്നായെ.... പിന്നെ വാവേ.. ഞാൻ ഇന്നലെ നിന്നോട് പറയാതെ ഒരു കാര്യം ചെയ്തു..... " അതു കേട്ട അവൾ എന്തു കാര്യം എന്നു ചോദിച്ചു.

"പറയാം... അതു കേൾക്കുമ്പോൾ നീ ദേഷ്യപ്പെടുകയും പിണങ്ങുകയും ചെയ്യരുത്.....ചെയ്യോ..... ?" അതു കേട്ട അവൾ അവന്റെ ദേഹത്ത് ഒന്നും കൂടി ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു....

"ഇല്ല ദേഷ്യപ്പെടില്ല... പിണങ്ങുകയും ഇല്ല... നന്ദേട്ടൻ പറ എന്താ ഇന്നലെ ചെയ്തത്.....?"

"ഞാൻ ഇന്നലെ വാവക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള എന്റെ ഈ വെള്ളാരം കണ്ണുകൾ എന്റെ മരണത്തിന് ശേഷം ദാനം ചയ്യാം എന്ന് എഴുതി കൊടുത്തു ".അതു കേട്ടതും ഷഹാന ഒന്ന് ഞെട്ടി അതു കണ്ട നന്ദൻ പറഞ്ഞു. "ഞെട്ടാനായിട്ടില്ല.... മുഴുവനും പറയട്ടെ... എന്നിട്ട് ഒരുമിച്ചു ഞെട്ടാം....അതായത് എന്റെ വാവ മരിക്കുന്നതിന് മുമ്പ് ഞാൻ മരിച്ചാൽ എന്റെ ഈ രണ്ടു കണ്ണും എന്റെ വാവക്ക് കൊടുക്കണം  എന്നും.. എന്നിട്ട് എന്റെ വാവയുടെ ഈ കണ്ണിലിരുന്നു എനിക്ക് എന്റെ വാവയെയും ഈ ലോകത്തെയും കാണണം എന്നും ഞാൻ എഴുതി കൊടുത്തു....... ഇപ്പൊ എന്റെ വാവക്ക് സന്തോഷായോ..." അതു പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ ഷഹാന നന്ദന്റെ വാ പൊത്തി . നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടെ  പറഞ്ഞു.....

"എന്റെ നന്ദേട്ടൻ ഞാൻ മരിക്കുന്നതിന് മുമ്പേ മരിക്കുകയോ.... ഇല്ല, ഒരു മരണത്തിനും ഞാൻ വിട്ടു കൊടുക്കില്ല എന്റെ നന്ദേട്ടനെ. എനിക്ക് വേണം എന്റെ നന്ദേട്ടനെ, എന്റെ മരണം വരെ.. എന്റെ നന്ദേട്ടന്റെ ഈ മടിയിൽ കിടന്നു വേണം എനിക്ക് മരിക്കാൻ... അതു വരെ ഞാൻ ഒന്നിനും വിട്ടു കൊടുക്കില്ല..." പിന്നെ ശകാരിക്കും പോലെ അവൾ പറഞ്ഞു.... "ഇനി നന്ദേട്ടൻ ഇങ്ങനത്തെ വർത്തമാനം ഒന്നും പറയരുത്. അതു എനിക്ക് സഹിക്കാൻ കഴിയില്ല... നന്ദേട്ടൻ എന്റെ കൂടെ ഇല്ലാത്ത ഒരു ജീവിതം പിന്നെ ഈ വാവക്ക് ഉണ്ടാകില്ല...."

അതു കേട്ടതും നന്ദന് ശരിക്കും വിഷമം ആയി. അതു രണ്ടു തുള്ളി കണ്ണീരായി നന്ദന്റെ മടിയിൽ കിടക്കുന്ന ഷഹാനയുടെ മുഖത്തേക്ക് വന്നു വീണു.....

"ഇല്ലടി മോളേ... മോളേ വിട്ട് നന്ദേട്ടൻ എങ്ങും പോകില്ല". പിന്നെ കണ്ണീര് തുടച്ചു കൊണ്ട് നന്ദൻ പറഞ്ഞു..... 

"എനിക്കിന്ന് നിന്റെ ഗിറ്റാർ വായന ഒന്നു കേൾക്കണം... നിന്റെയും എന്റെയും  ഫേവറെറ്റ് സോങ്ങായ... തളിരണിഞ്ഞൊരു കിളിമരത്തിന്റെ ... എന്ന മിന്നാരത്തിലെ ആ സോങ്ങില്ലേ. അത് എനിക്ക് ഇന്ന് ഒന്നു കേൾക്കണം. എന്റെ മടിയിൽ ചാരി ഇരുന്ന് നീ വായിക്കണം..." അതു കേട്ട അവൾ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
 "പിന്നെന്താ വായിക്കാമല്ലോ നന്ദേട്ടൻ ഇവിടെ ഇരി. ഞാൻ പോയി ഗിറ്റാർ എടുത്തോണ്ട് വരാം...." അതുകേട്ട നന്ദൻ പറഞ്ഞു....

"വേണ്ട വേണ്ട... നീ ഇവിടെ ഇരി ഞാൻ പോയി എടുത്തോണ്ട് വരാം... എന്റെ വാവക്ക് ഇപ്പൊ അധികം ഒന്നും അനങ്ങാൻ പാടില്ല.... അതു എന്റെ കുഞ്ഞു വാവക്ക് വേദനിക്കും. അല്ലെ മോളേ ?" നന്ദൻ അവളുടെ വയറ്റിൽ തലോടി കൊണ്ട് പറഞ്ഞു.അതു കേട്ട ഷഹാന ചിരിച്ചു.....

നന്ദൻ പോയി ഗിറ്റാർ എടുത്തു കൊണ്ട് വന്നു എന്നിട്ട് അവളുടെ കയ്യിൽ കൊടുത്തു. പിന്നെ അവളെ അവന്റെ നെഞ്ചോട് ചാരി ഇരുത്തി. അവൾ ഗിറ്റാറിൽ വിരലുകൾ കൊണ്ട് ഒന്ന് അനക്കി അപ്പോൾ ഗിറ്റാറിൽ നിന്നും ഇമ്പമേറിയ ശബ്ദ കിരണങ്ങൾ പുറത്തോട്ട് വന്നു.... പിന്നെ അവൾ കണ്ണുകൾ അടച്ചു വിരലുകൾ കൊണ്ട് ഗിറ്റാറിൽ സാഗരം തീർത്തു...........

ഷഹാന ബ്രഷ് ചെയ്തു വന്നതും നന്ദൻ അവളുടെ കയ്യും പിടിച്ചു മുറ്റത്തേക്ക് ഇറങ്ങി. ഷഹാന വെള്ളത്തിൽ കാൽ വെച്ചതും തണുപ്പുകൊണ്ടു അവൾ കാൽ വലിച്ചു.  പിന്നെ നന്ദന്റെ കയ്യും പിടിച്ചു ഇറങ്ങി നിന്നു. കാലിന്റെ ഉപ്പൂറ്റിയോളം വെള്ളം ഉണ്ടായിരുന്നു മുറ്റത്ത്. പെട്ടന്നാണ് ഇറയത്തു തണുത്തു വിറച്ചു ഇരുന്നിരുന്ന ഒരു മാക്രികുട്ടൻ വെള്ളത്തിലേക്ക് എടുത്തു ചാടിയത്. മാക്രി അവരെ രണ്ടാളെയും നോക്കി ക്രോം ക്രോം എന്ന ശബ്ദവും ഉണ്ടാക്കി ദൂരേക്ക് ചാടി ചാടി പോയി... കാർമേഘങ്ങൾക്ക് ഇടയിൽ നിന്നും ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികൾ അവരുടെ ദേഹത്തെ തഴുകി കൊണ്ടിരുന്നു. നന്ദൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പൊൻ പുലരിയിൽ ഭൂമിയിലോട്ട് പതിച്ചു കൊണ്ടിരിക്കുന്ന മഴത്തുള്ളികളെ കീറി മുറിച്ചു കൊണ്ട് മുറ്റത്തു കൂടെ നടന്നു.. നിറ വയറുമായ അവളെയും കൊണ്ട് നന്ദൻ മുവ്വാണ്ടൻ മാവിന്റെ ചുവട്ടിൽ എത്തിയതും, വീശിയടിച്ച കാറ്റിൽ മാവിന്റെ ഇലകളിലെ വെള്ളങ്ങൾ മഴത്തുള്ളികളായി അവരുടെ ദേഹത്ത് പെയ്തിറങ്ങി. ആ വെള്ളത്തിന് ഒരു പ്രത്യേക തണുപ്പായിരുന്നു. നന്ദൻ അവളുടെ കയ്യും പിടിച്ചു തൊടി മുഴുവൻ പെയ്തിറങ്ങുന്ന മഴനൂലുകളെ കീറി മുറിച്ചു നടന്നു....

"തണുക്കുന്നു നന്ദേട്ടാ.... " അതു കേട്ട അവൻ അവളെ അവന്റെ മാറോട് അണച്ചു പിടിച്ചു ചോദിച്ചു.....

"ഇപ്പൊ തണുക്കുന്നുണ്ടോ....?" അതു കേട്ട അവൾ അവന്റെ രോമം നിറഞ്ഞ നെഞ്ചിലോട്ട് തല ചായിച്ചു പിടിച്ചു. ആ നെഞ്ചിലെ ഇളം ചൂടിൽ പറ്റി നിന്നു കൊണ്ട് പറഞ്ഞു...

"ഇല്ല ഇപ്പോൾ തണുക്കുന്നില്ല... എന്റെ നന്ദേട്ടന്റെ നെഞ്ചിന് നല്ല ചൂടാണ്. എന്നെ ഒന്ന് വരിഞ്ഞു പിടിക്കൂ നന്ദേട്ടാ...." അതു കേട്ടതും അവൻ അവളെ ഒന്നു കൂടി വരിഞ്ഞു പിടിച്ചു. ആ നെറുകയിൽ ചുംബിച്ചു. കുറേ നേരം അങ്ങനെ നിന്നു....

പേമാരിക്കു ശക്തി കൂടി വന്നു മഴത്തുള്ളികൾ ശക്തിയോടെ അവരുടെ ദേഹത്ത് പതിക്കാൻ തുടങ്ങി.."ഇനി നമുക്ക് അകത്തോട്ട് പോകാം. ഇനിയും മഴ നനഞ്ഞാൽ എന്റെ വാവക്ക് പനി പിടിക്കും..." അതു കേട്ടതും അവൾ പറഞ്ഞു....."കുറച്ചും കൂടി കഴിഞ്ഞിട്ട് പോകാം...." 

"അതു വേണ്ട.... ഇനി പിന്നെ ഒരു ദിവസം മഴ നനയാം വാ" .  അതും പറഞ്ഞു നന്ദൻ അവളെയും കൂട്ടി അകത്തോട്ട് പോയി.... എന്നിട്ട് ഒരു തോർത്തു മുണ്ട് എടുത്തു അവളുടെ തല തോർത്തി കൊടുത്തു.  തോർത്തുന്നതിന് ഇടയിൽ അവൾ തുമ്മിയപ്പോൾ നന്ദൻ അകത്തു പോയി രാസനാദി പൊടി എടുത്തു കൊണ്ട് വന്നു അവളുടെ നെറുകയിൽ തിരുമ്മി..... 

ഒൻപതാം മാസത്തിലെ സ്‌കാനിങ്ങും കഴിഞ്ഞതും ഡോക്ടർ ഷഹാനയെ മാറ്റി നിർത്തി, നന്ദനെ മാത്രം ക്യാബിനിലോട്ട് വിളിപ്പിച്ചു.....

"നന്ദൻ ഷഹാനയുടെ പ്രെഗ്നന്സിയിൽ ഒരു ചെറിയ പ്രോബ്ലം ഉണ്ട് ".അതു കേട്ടതും നന്ദന്റെ ഉള്ളിൽ ഭയം ഉരുണ്ടു കൂടി...

"എന്താണ് ഡോക്ടർ കുഞ്ഞിന് എന്തെങ്കിലും .......?"

"yes. കുഞ്ഞിന് ഒരു ചെറിയ പ്രോബ്ലം ഉണ്ട് പേടിക്കാനൊന്നും ഇല്ല... കുഞ്ഞു തല തിരിഞ്ഞാണ് കിടക്കുന്നത്...പിന്നെ വയറ്റിൽ വെള്ളത്തിന്റെ കുറവ് നല്ലവണ്ണം ഉണ്ട്. അതു കുഞ്ഞിന് കിട്ടുന്ന ഓക്സിജൻ കുറക്കും.അങ്ങനെ വരുമ്പോൾ അതു അമ്മക്കും ബാധിക്കും. സുഖ പ്രസവം ബുദ്ധിമുട്ടാണ്.ചിലപ്പോൾ സിസേറിയൻ വേണ്ടി വരും. ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകാൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ബ്ലഡ് വേണ്ടി വരും.അതിന് രണ്ട് മൂന്ന് ഡോണറെ കാണണം... ഷഹാനയുടെ ബ്ലഡ് ഗ്രൂപ്പ് AB നെഗറ്റീവ് ആണ്. ആ ഗ്രൂപ്പുള്ള ബ്ലഡ് കുറച്ചു റെയർ ആണ്. ആ ഗ്രൂപ്പ്  ബ്ലഡ് ഹോസ്പിറ്റലിൽ അവയ്ലബിൾ അല്ല... പുറത്തു ബ്ലഡ് ബാങ്കുമായി കോണ്ടാക്റ്റ്  ചെയ്യണം.ഈ ഗ്രൂപ്പ്  100 ൽ ഒരാൾക്കെ കാണൂ... അതു കൊണ്ട് ഡോണർമാരെ ഇപ്പൊ തന്നെ കണ്ടു പിടിക്കണം. പിന്നെ ഡേറ്റിന്റെ ഒരു രണ്ട് ദിവസം മുന്നേ ഇവിടെ അഡ്മിറ്റ് ചെയ്യണം. വല്ലാതെ ക്ഷീണം കാണുകയാണെങ്കിൽ ഉടൻ തന്നെ ഇങ്ങോട്ട് കൊണ്ട് വന്ന് ട്രിപ്പ് കൊടുക്കണം.  പിന്നെ പെയിൻ വല്ലതും വന്നാൽ ഉടൻ ഇങ്ങോട്ട് കൊണ്ടു വരണം.. പിന്നെ ഷഹാനയോട് ഈ കാര്യം ഇപ്പോൾ പറയണ്ട... അറിഞ്ഞാൽ അവൾ ചിലപ്പോൾ ഭയപ്പെടും... അതു ചിലപ്പോൾ കുഞ്ഞിനെയും അമ്മയെയും ബാധിക്കും. ബാക്കിയെല്ലാം ഈശ്വരന്റെ കൈകളിലാണ്...നമുക്ക് പ്രാർത്ഥിക്കാം..."  നന്ദൻ ആകെ തളർന്നു... അവന് എന്തു പറയണം ചെയ്യണം എന്ന് അറിയാതെ ആയി...അവൻ തളർന്ന മനസ്സാലെ ചോദിച്ചു...

"ഡോക്ടർ എന്റെ ഷഹാനക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ലല്ലോ അല്ലേ ....?"

"പേടിക്കണ്ട നന്ദൻ... ഒന്നും സംഭവിക്കില്ല... ദൈവം കൈവിടില്ല നിങ്ങളെ... നല്ലോണം ദൈവത്തിനോട് പ്രാർത്ഥിക്കുക .. താൻ പാതി ദൈവം പാതി എന്നാണല്ലോ.. നമ്മുടെ പാതി നമ്മൾ ചെയ്യുക. ബാക്കി ദൈവം നോക്കിക്കൊള്ളും". അതും കൂടി കേട്ടതോടെ നന്ദൻ ഒന്നും കൂടി തളർന്നു. അവന്റെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ കുമിഞ്ഞു കൂടി..

"ഡോക്ടർ ഈ ഡോണറെ എങ്ങനെയാണ്  കണ്ടു പിടിക്കുക... എനിക്ക് അറിയില്ല, അതുകൊണ്ടാണ്... ഡോക്ടർക്ക് അറിയാല്ലോ ഞങ്ങൾക്ക് ആരും ഇല്ലായെന്ന്... അതുകൊണ്ട് ചോദിച്ചതാ ". അതു കേട്ടതും ഡോക്ടർക്ക് നന്ദനോട് സഹതാപം  തോന്നി....

"അതു നമുക്ക് അന്വേഷിക്കാം... ഏതെങ്കിലും രക്ത നിർണയ ക്യാമ്പുമായോ, അല്ലങ്കിൽ ബ്ലഡ് ബാങ്ക്മായോ കോണ്ടാക്റ്റ് ചെയ്താൽ മതി.. എന്റെ ഭാഗത്തു നിന്ന് ഞാൻ അന്വേഷിക്കാം... നന്ദനും അന്വേഷിച്ചോളൂ...."

"ഞാൻ അന്വേഷിച്ചോളാം ഡോക്ടർ...എവിടെ ഉണ്ടെങ്കിലും ഞാൻ കൊണ്ടു വന്നോളം ഡോണറെ. എന്റെ വാവക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ ഇരുന്നാൽ മതി. എനിക്ക് അവളല്ലാതെ വേറെ ആരും ഇല്ല. അവൾ എന്റെ ജീവിതത്തിലോട്ട് കടന്നു വന്നതിന് ശേഷം ഞാൻ അവളെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല.... അത്രക്കും പാവാണ് അവൾ. ഒരു പാവം പൊട്ടി പെണ്ണാണ് ഡോക്ടർ അവൾ... എനിക്ക് അവളെ ഇങ്ങു തിരിച്ചു തന്നേക്കണേ ഡോക്ടർ. അവളോടൊപ്പം ജീവിച്ചു കൊതി തീർന്നിട്ടില്ല അതു കൊണ്ടാണ്..."  അതു പറഞ്ഞു തീന്നപ്പോഴേക്കും നന്ദന്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ താഴേക്ക്  വീണു.അതു ഡോക്ടറുടെ കണ്ണും നിറച്ചു.അവൻ ക്യാബിൻ വിട്ട് പുറത്തു വന്നപോൾ ഷഹാന അവനെ കാത്തു പുറത്തു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൻ കണ്ണെല്ലാം തുടച്ചു മുഖത്തു ഒരു ചിരി പിടിപ്പിച്ചു.അവളുടെ അടുത്തേക്ക് നടന്നു.അവന്റെ കണ്ണൊന്ന് കലങ്ങിയാൽ അല്ലെങ്കിൽ അവന്റെ മുഖമൊന്നു വാടിയാൽ അതു അവൾക്ക് കാണാൻ കഴിയും....

"പോകാം..." നന്ദൻ അവളുടെ കൈ പിടിച്ചു പറഞ്ഞു.

"എന്തിനാ നന്ദേട്ടാ ഡോക്ടർ വിളിപ്പിച്ചത്...വല്ല പ്രശ്നവും. ഉണ്ടോ ... ഇതിന്റെ മുന്നേ ഇങ്ങനെ എന്നെ മാറ്റി നിർത്തി നന്ദേട്ടനെ മാത്രം വിളിപ്പിച്ചിട്ടില്ലല്ലോ..." അതു കേട്ടതും നന്ദന്റെ മുഖത്ത് ഒരു ഭയത്തിന്റെ നിഴൽ വന്നു.എന്താ ഇവളോടിപ്പോ പറയുക. അവളോട് ഇന്നേ വരെ നന്ദൻ കള്ളം പറഞ്ഞിട്ടില്ല.ഇവിടെ ഇപ്പോൾ കള്ളം പറഞ്ഞേ പറ്റൂ..

"അതു വെറുതെ വിളിപ്പിച്ചതാ... ഡെയ്റ്റിന്റെ കാര്യം ഒക്കെ പറയാൻ... രണ്ട് ദിവസം മുന്നേ ഇവിടെ അഡ്മിറ്റ് ആകാൻ പറഞ്ഞു...അല്ലാതെ വേറെ ഒന്നിനും അല്ല..."നന്ദൻ അവിടെയും ഇവിടെയും തട്ടാതെ പറഞ്ഞു.

"ഹാവൂ ഞാൻ പേടിച്ചു പോയി... എന്നാൽ പോകാം.."അവൾ ചിരിച്ചു കൊണ്ട് നന്ദന്റെ കയ്യിൽ പിടിച്ചു. പറഞ്ഞു.

"പോകാം...." പോകുന്നവഴിയിൽ അവൾ അവനോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.അവൻ അതിനെല്ലാം മൂളുക മാത്രമാണ് ചെയ്തത്.അവന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ പറഞ്ഞ കാര്യം ആയിരുന്നു...

ദിവസങ്ങൾ  വീണ്ടും മുന്നോട്ട് പോയി ഷഹാനയുടെ പ്രസവം അടുത്തു വന്നു. ഡോക്ടർ പറഞ്ഞ പോലെ നന്ദൻ ഓടി നടന്നു. രക്തത്തിനു വേണ്ടി രണ്ടാളെ അവൻ തയ്യാറാക്കിയിരുന്നു ഇനി ഡോക്ടർ പറഞ്ഞ ഡെയ്റ്റിന് ഒരാഴ്ച മാത്രം.. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും. നന്ദന്റെ മനസ്സിൽ പേടി കൂടിക്കൂടി വന്നു. ഇപ്പോൾ കുറച്ചു ദിവസമായി അവളുടെ പഴയ കളിയും ചിരിയും ഒന്നും അങ്ങനെ ഇല്ല. എപ്പോഴും ഒരു മൂകത മാത്രം... അവളുടെ കയ്യിലും കാലിലും മുഖത്തും എല്ലാം എല്ലാം നീര് വന്നു തടിച്ചിരുന്നു... 

രാത്രി നന്ദൻ അവളുടെ നീരു വന്ന കാൽ പാദങ്ങളിൽ ചൂട്  വെള്ളം കൊണ്ട് തുടച്ചു കൊടുക്കും. അവളുടെ കയ്യും കാലും എല്ലാം ഉഴിഞ്ഞു കൊടുക്കും... അതൊക്കെ അവൾ അവളുടെ ഉൾക്കണ്ണ് കൊണ്ട് കാണുന്നുണ്ടായിരുന്നു. നന്ദന്റെ സ്നേഹവും കഷ്ടപ്പാടും കാണുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. ഷഹാനക്ക് പഴയ പോലെ ഇരുന്ന് നിസ്ക്കരിക്കാൻ പറ്റാത്തത് കൊണ്ട് അവൾ ഇപ്പോൾ കസേരയിൽ ഇരുന്നാണ് നിസ്ക്കരിക്കാറ്. ഡേറ്റ് അടുത്തിട്ടു പോലും അവൾ അഞ്ച് നേരത്തെ നമസ്ക്കാരം ഒഴിവാക്കിയിരുന്നില്ല.

പ്രസവം അടുത്തത് കൊണ്ട് നന്ദൻ ഇപ്പോൾ സ്റ്റുഡിയോയിൽ അങ്ങനെ പോകാറില്ല.. രാത്രി നന്ദന്റെ മടിയിൽ തല വെച്ചു കിടന്നു കൊണ്ട് ഷഹാന പറഞ്ഞു.....

"എനിക്കെന്തോ നന്ദേട്ടാ ഒരു വല്ലാത്ത പേടി... ഇപ്പൊ എപ്പോഴും ഓരോ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണ് കാണുന്നത്... എനിക്ക് എന്റെ നന്ദേട്ടനെ നഷ്ടപ്പെടുന്ന പോലെ... ഞാൻ എന്റെ നന്ദേട്ടനെ വിട്ടു എങ്ങോട്ടോ പോകുന്നത് പോലെ.."

അതു കേട്ട നന്ദന്റെ ഉള്ളു പിടഞ്ഞു.. അവന്റെ മനസ്സിൽ ഡോക്ടർ പറഞ്ഞ കാര്യം ഓർമ വന്നു.അവൻ അവളുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.... 

"അതൊക്കെ നിന്റെ തോന്നലാണ് വാവേ... എന്റെ വാവക്ക് ഒന്നും സംഭവിക്കില്ല.. സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല... " അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.....

"അല്ല നന്ദേട്ടാ... എനിക്ക് ഡെയ്റ്റ് അടുക്കുന്തോറും ഒരു പേടി, ഞാൻ മരിച്ചു പോകുമോ എന്ന്. മുന്നേ എനിക്ക് മരിക്കാനായിരുന്നു ഇഷ്ടം,  ഇപ്പൊ എനിക്ക് അതിന് പറ്റില്ല. എന്റെ നന്ദേട്ടനെ വിട്ട് പോകാൻ എനിക്ക് പറ്റില്ല. സ്നേഹിച്ചു കൊതി തീർന്നില്ല നന്ദേട്ടാ എനിക്ക്. എനിക്ക് ഇനിയും ഒരു പാട് കാലം എന്റെ നന്ദേട്ടന്റെ കൂടെ ജീവിക്കണം. നമ്മുടെ കുഞ്ഞിന്റെ കൂടെയും  എന്റെ നന്ദേട്ടന്റെ കൂടെയും ജീവിക്കണം....." അതു കേട്ടതും നന്ദന്റെ നിറഞ്ഞ കണ്ണുകൾ തുളുമ്പാൻ തുടങ്ങി

"ഒന്നും ഇല്ലടാ നിനക്കൊന്നും സംഭവിക്കില്ല...ഞാൻ ജീവിച്ചിരിക്കുന്നടത്തോളം കാലം നീ എന്റെ കൂടെയുണ്ടാകും... ഒരു മരണത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല".അതും പറഞ്ഞു അവൻ അവളെ മാറോട് അണച്ചു പിടിച്ചു.....

"നന്ദേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നന്ദേട്ടൻ സത്യം പറയോ...?"

"ഊം എന്താ...ചോദിക്ക് ...."

"നന്ദേട്ടൻ എന്നോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ... ഉണ്ട് എനിക്കറിയാം... അന്ന് ഡോക്ടർ വിളിപ്പിച്ചതിനു ശേഷം നന്ദേട്ടൻ നല്ലപോലെ ഒന്ന് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.... എപ്പോഴും നന്ദേട്ടന് ഒരു ഒരു വിഷമം ആണ്...നന്ദേട്ടൻ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നു. പറ നന്ദേട്ടാ.. എനിക്കോ കുഞ്ഞിനോ വല്ല കുഴപ്പവും ഉണ്ടോ......?"

അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു...അവൻ നിറഞ്ഞ കണ്ണുകളോടെ അവളുടെ മുഖത്ത് മുഖം അമർത്തി....അവന്റെ കണ്ണീർ അവളുടെ മുഖത്ത് പതിഞ്ഞതും....

"നന്ദേട്ടൻ എന്തിനാ കരയുന്നത്...എന്താ എന്റെ നന്ദേട്ടന് പറ്റിയത്... ?"

"ഒന്നും ഇല്ലടി മോളേ... ഞാൻ നിന്നോട് കള്ളം പറഞ്ഞു... ആദ്യമായിട്ട് നിന്റെ നന്ദേട്ടൻ നിന്നോട് കള്ളം പറഞ്ഞു... ഇനിയും എനിക്ക് ഇതു കൊണ്ട് നടക്കാൻ വയ്യ..." ഡോക്ടർ അന്ന് പറഞ്ഞെതെല്ലാം നന്ദൻ അവളോട് പറഞ്ഞു.അതെല്ലാം കേട്ട അവൾ നന്ദനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു....

"അയ്യേ ഇതിനാണോ എന്റെ നന്ദേട്ടൻ കരഞ്ഞത്. നന്ദേട്ടൻ എന്തൊരു പാവാ.. ഇത്രക്കെ എന്റെ നന്ദേട്ടൻ ഉള്ളൂ. നന്ദേട്ടൻ വിഷമിക്കണ്ട. ഞാൻ നന്ദേട്ടനെ വിട്ട് എങ്ങും പോകില്ല. നന്ദേട്ടന് വാവ എന്ന് വിളിക്കാൻ ഈ വാവ എന്നും കൂടെയുണ്ടാകും. എന്നെ ജീവിതത്തിൽ ഇത്ര സ്നേഹത്തോടെ വാവ എന്നു വിളിച്ചിട്ടുള്ളത് നന്ദേട്ടൻ മാത്രമാണ്. ആ നന്ദേട്ടനെ വിട്ട് ഞാൻ പോകുവോ...." അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകളും തുളുമ്പിയിരുന്നു.  അതു കേട്ടതും നന്ദന്റെ കണ്ണുകൾ ഒന്നും കൂടി നിറഞ്ഞു തുളുമ്പി അവൻ അവളുടെ കവിളിലും മുഖത്തും ചുണ്ടിലും എല്ലാം മുത്തം കൊണ്ട് പൊതിഞ്ഞു കൊണ്ട് പറഞ്ഞു....

"മതി. ഇതു മതി എനിക്ക്... ഇതു കേട്ടാൽ മതി. എന്താന്നറിയില്ല ഡോക്ടർ അന്നങ്ങനെ പറഞ്ഞപ്പോൾ മുതൽ എനിക്ക് എന്തോ ഒരു പേടി. എനിക്കൊണ് ഉള്ളു തുറന്ന് പറയാൻ, ഒന്നു പൊട്ടികരയാൻ പോലും ആരും ഇല്ലാതെ ഇത്രയും ദിവസം ഞാൻ ഉരുകുകയായിരുന്നു ". 

"ഇപ്പൊ ആ വിഷമം മാറിയോ... ?" നന്ദൻ ആ എന്നു പറഞ്ഞു.... "എന്നാൽ എനിക്ക് ഒരു ആഗ്രഹം ഉണ്ട്...." അതു കേട്ടതും നന്ദൻ അവളെ വാരിപുണർന്നു കൊണ്ട് ചോദിച്ചു...

"പറ. എന്താ നിന്റെ ആഗ്രഹം... നിന്റെ എന്തു ആഗ്രഹവും ഞാൻ നടത്തും.... "

"അത്ര വലിയ ആഗ്രഹങ്ങളൊന്നും എനിക്കില്ല.... എനിക്കിന്ന് നന്ദേട്ടന്റെ കൂടെ ഈ രാത്രി ബൈക്കിൽ പോയി. നന്ദേട്ടൻ എനിക്ക് ഇടക്ക് മസാല ദോശ വാങ്ങിച്ചു കൊണ്ടു വരുന്ന ആ തട്ടു കടയില്ലേ,  അവിടെ  പോയി ഭക്ഷണം കഴിക്കണം.. അതു കഴിഞ്ഞു... നമുക്ക് ഈ രാത്രി ആളും ബഹളവും എല്ലാം ഒഴിഞ്ഞ ബീച്ചിൽ നന്ദേട്ടന്റെ കൂടെ കുറച്ചു നേരം ഇരിക്കണം.  കരയെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകളെയും നോക്കി നന്ദേട്ടന്റെ മടിയിൽ തല വെച്ചു കിടക്കണം.. എന്നിട്ട് എനിക്ക് കടലിനോട് വിളിച്ചു  പറയണം. എന്റെ നന്ദേട്ടന്റെ മനസ്സും കടല് പോലെ ശുദ്ധിയുള്ളതാണെന്ന്. കടലെ നിന്നെ പോലെ വിശാലമാണ് എന്റെ നന്ദേട്ടന്റെ മനസ്സും എന്ന്. ഇത്രയും മാത്രമാണ് എന്റെ ആഗ്രഹം....." അതു കേട്ടതും നന്ദൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ കവിൾ ചേർത്തു കൊണ്ട് പറഞ്ഞു...

"Ok നമുക്ക് നിന്റെ ഗിറ്റാറും കൂടി എടുക്കാം. എന്നിട്ട് ഏകാന്തമായി ആരും തഴുകാൻ ഇല്ലാതെ ശാന്തമായി ഇരമ്പി കൊണ്ടിരിക്കുന്ന കടൽ തീരത്തു ഇരുന്ന്, ആകാശത്തേക്കും കടലിലേക്കും നോക്കിയിരുന്നു, എനിക്കും നമ്മുടെ കുഞ്ഞിനും നിന്റെ ഗിറ്റാർ വായനയും ഒന്നു കേൾക്കണം....."

"Ok എന്നാൽ പോകാം". അവൾ ആവേശത്തോടെയും ആഹ്ലാദത്തോടെയും പറഞ്ഞു. അതു കണ്ട നന്ദന് അവളെ ഇത്ര സന്തോഷത്തോടെ മുന്നേ കണ്ടിട്ടില്ല എന്നു തോന്നി......

നന്ദൻ അവളെയും കൂട്ടി  അവൾ പറഞ്ഞ പോലെ ജംഗ്ഷനിലെ തട്ടുകടയിൽ ഇരുന്ന് മസാലദോശ  കഴിച്ചു... എന്നിട്ട് അവളെയും കൂട്ടി.... അസ്തമയം കഴിഞ്ഞു ശാന്തമായി, ഒഴിഞ്ഞു ആരും കൂട്ടിനില്ലാതെ തനിച്ചു കിടക്കുന്ന കടപ്പുറത്തെ മഞ്ഞ പുതച്ചു കിടക്കുന്ന മണൽ പരപ്പിലൂടെ, ഉദിച്ചു നിൽക്കുന്ന ചന്ദ്രക്കലയുടെ അരണ്ട വെളിച്ചത്തിൽ  അവളുടെ കയ്യും പിടിച്ചു കുറച്ചു നേരം നടന്നു.... എന്നിട്ട് ആർത്തിരമ്പി കരയെ തഴുകാൻ വരുന്ന തിരമാലകളെയും നോക്കി കടലിനോട് ചേർന്നിരുന്നു. ഇടക്ക് തിരമാലകൾ അവരുടെ കാൽ പാദങ്ങൾ തഴുകിക്കൊണ്ടിരുന്നു.... കടലിന്റെ വിദൂരതയിൽ നിന്നും ആർത്തു ഇരമ്പിച്ചു വരുന്ന തിരമാലകളുടെ ശബ്ദം അവരുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു... ഷഹാന നന്ദന്റെ മാറോട് ചാരി കിടന്നു കൊണ്ടു ചോദിച്ചു..... 

"നന്ദേട്ടാ ആകാശത്ത് നക്ഷത്രങ്ങൾ ഉണ്ടോ. ചന്ദ്രനും നക്ഷത്രങ്ങളും നമ്മളെ അസൂയയോടെ നോക്കുന്നുണ്ടോ...?" അതു കേട്ടതും നന്ദൻ ആകാശത്തേക്ക് നോക്കി പറഞ്ഞു....

"ഉണ്ട്. ഒരുപാട് നക്ഷത്രങ്ങൾ ഉണ്ട് ഇന്ന്.  കാരണം ഇന്ന് ഈ നക്ഷത്രങ്ങൾ മുഴുവൻ നമ്മളെ മാത്രമാണ് നോക്കുന്നത്. അവരെല്ലാം നമ്മളെ സന്തോഷത്തോടെയും അസൂയയോടും ആണ് നോക്കുന്നത്... അവരെല്ലാം ഇന്ന് നമ്മുടെ സന്തോഷത്തിൽ പങ്ക് ചേരാൻ വന്നവരാണ് ". 

"ശരിയാണ് അവയെല്ലാം നമ്മളെ മാത്രം നോക്കുകയാണ്. ഇന്ന് അവർ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികളാണ് നമ്മൾ.. ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല നന്ദേട്ടാ. ഈ ഒരു രാത്രി എനിക്ക് ഏറ്റവും സന്തോഷം തന്ന രാത്രിയാണ്... ഇതല്ലേ നന്ദേട്ടാ റൊമാന്റിക്... ഉദിച്ചു നിൽക്കുന്ന ചന്ദ്രക്കലയുടെ ചുറ്റുപാടും അംഗരക്ഷകരെ പോലെ ആയിരക്കണക്കിന് നക്ഷത്രത്തിനും താഴെ കടലിന്റെ ഇരമ്പലും തഴുകലും അനുഭവിച്ചു, ഈ കടപ്പുറത്ത് ഇങ്ങനെ നമ്മൾ ഒട്ടി ചേർന്ന് ഇരിക്കുന്ന ഈ രാത്രിയാണ് നന്ദേട്ടാ എന്റെ ജീവിതത്തിലെ ഏറ്റവും ഭംഗിയേറിയ രാത്രി ".

"എന്നാൽ നമ്മൾ ഈ സന്തോഷം ഒന്നു കൊഴുപ്പിച്ചാലോ... നക്ഷത്രങ്ങളെയും കടലിനെയും പൂർണ ചന്ദ്രനെയും കാണികളാക്കി നമുക്ക് ഗിറ്റാർ വായിച്ചാലോ....?"

"വായിക്കാം ഏതു പാട്ടാണ് വായിക്കേണ്ടത്....നന്ദേട്ടന് ഇഷ്ട്ടമുള്ള പാട്ടു പറ.. അതു വായിക്കാം ".

അതു കേട്ടതും നന്ദൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം ഒപ്പത്തിലെ... മിനുങ്ങും മിന്നാമിനുങ്ങേ.. എന്ന പാട്ട് വായിക്കാൻ പറഞ്ഞു.അവൻ ഗിറ്റാർ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.അവൾ അവന്റെ നെഞ്ചിൽ ചാരി കിടന്നു കണ്ണുകളടച്ചു ഗിറ്റാർ നെഞ്ചോട് ചേർത്തു പിടിച്ചു... ഗിറ്റാറിൽ കൈവിരലുകളാൽ... ആ പാട്ടിനെ തഴുകി ഉണർത്തി.. അതു ഒരു സാഗരം കണക്കെ കടൽ കരയിൽ ഓളം തള്ളി കൊണ്ടിരുന്നു. ഗിറ്റാറിൽ നിന്നും വരുന്ന പാട്ടിന്റെ ഈണത്തിൽ തിരമാലകൾ താളം ചവിട്ടി കൊണ്ടിരുന്നു... അതെല്ലാം കണ്ടു കൊണ്ട് ആകാശത്തു നിന്നും ചന്ദ്രനും നക്ഷത്രങ്ങളും കാണികളായി നിൽക്കുന്നുണ്ടായിരുന്നു........

ഡോക്ടർ പറഞ്ഞ പോലെ ഷഹാനയെ രണ്ട് ദിവസം മുന്നേ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അവർക്ക് എന്തിനും സഹായിയായി ആമിത്തയും കൂടെയുണ്ടായിരുന്നു..... 


ഷഹാന ഹോസ്പിറ്റൽ ഡ്രസ് മാറി വന്നതും സിസ്റ്റർ വന്നു അവളെ ട്രിപ്പ് കൊടുത്തു കിടത്തി. ഇടയ്ക്ക് ഡോക്ടർ  ഷഹാനയെ വന്നു നോക്കി. ഡോക്ടർ നന്ദനോട് പെയിൻ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു... ഷഹാനയുടെ മുഖത്ത് നല്ല പേടിയുണ്ടായിരുന്നു.. പോരാത്തതിന് നല്ല ക്ഷീണവും ഉണ്ടായിരുന്നു. അതു മനസ്സിലായ നന്ദൻ അവളെ എഴുന്നേൽപ്പിച്ചു അവന്റെ നെഞ്ചോട് ചാരിയിരുത്തി..... 

"നിനക്ക് കുറച്ചു കഞ്ഞി എടുക്കട്ടെ വാവേ...?"

"എനിക്കൊന്നും വേണ്ട നന്ദേട്ടാ, എനിക്ക് വിശപ്പില്ല...നന്ദേട്ടൻ വല്ലതും കഴിച്ചോ ?" അവൾ അവളുടെ ട്രിപ്പ് കുത്തിയ കൈ കൊണ്ട് അവന്റെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു... 

"എനിക്കും വിശപ്പില്ല.... ഞാൻ പിന്നെ കഴിച്ചോളാം..."
 പിന്നെ നന്ദൻ ആമിത്തയോട് ചോദിച്ചു. ആമിത്താക്കു വിശക്കുന്നില്ലേ എന്ന്. അപ്പൊ അവരും പറഞ്ഞു അവർക്ക് വിശപ്പില്ല എന്ന് ...ഷഹാന നന്ദന്റെ നെഞ്ചിൽ ചാരിക്കിടന്നു. വികാരഭരിതമായി നന്ദനോട് ചോദിച്ചു...

"എനിക്കൊരു കാര്യം നന്ദേട്ടനോട് പറയാനുണ്ട്..നന്ദേട്ടന് വിഷമാവോ...ചിലപ്പോൾ എനിക്ക് പിന്നെ ഇതു പറയാൻ പറ്റിയില്ലങ്കിലോ...അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു... അവൻ അവളെ ഒന്നും കൂടി അവന്റെ ദേഹത്തോട്ട് ചേർത്തു പിടിച്ചു. കൊണ്ട് പറയാൻ പറഞ്ഞു....

"എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ.. നന്ദേട്ടന്റെ ആഗ്രഹം പോലെ ഒരു പെണ്കുഞ്ഞിനെ തന്നിട്ടേ ഞാൻ പോകൂ. നാളെ അവൾ വളർന്നു വലുതായാൽ. എനിക്ക് എന്റെ മോൾക്ക്‌ കൊടുക്കാൻ പറ്റാത്ത സ്നേഹം മുഴുവൻ നന്ദേട്ടൻ അവൾക്കു കൊടുക്കണം. എന്നിട്ട് അവളോട് പറയണം അവളുടെ അമ്മ സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്ദേട്ടന്റെ വാവയായിരുന്നു എന്ന് ". അതു കേട്ടതും നന്ദൻ നിറഞ്ഞു തൂവിയ അവളുടെ കണ്ണുകളിലും മുഖത്തും ചുണ്ടുകൾ അമർത്തി വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു.... 

"നീ പോയിട്ട് അവളെ മാത്രം കിട്ടിയിട്ട് എന്തിനാ വാവേ എനിക്ക്.. എനിക്ക് നീയും അവളും വേണം. നീ ഇല്ലാതെ അവളെ എനിക്ക് വേണ്ട വാവേ..."
അതു കേട്ടതും ഷഹാന ഒരു കരച്ചിലോടെ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... 

"എന്റെ നന്ദേട്ടൻ അങ്ങനെ പറയരുത്... ഞാൻ നാളെ മരിച്ചു പോകുകയാണെങ്കിൽ എന്റെ നന്ദേട്ടന് ഒരു കുഞ്ഞിനെ തന്നിട്ട് പോകുകയാണെന്നുള്ള ആശ്വാസത്തിൽ എനിക്ക് പോകാല്ലോ. എന്നെ നന്ദേട്ടൻ സ്നേഹിച്ച പോലെ അവളെയും നന്ദേട്ടൻ സ്നേഹിക്കണം. ഈ കരങ്ങളിൽ നിന്നും ഒരിക്കലും അവളെ നന്ദേട്ടൻ ആർക്കും വിട്ട് കൊടുക്കരുത്. എന്നും ഈ നെഞ്ചോട് ചേർത്തു പിടിച്ചു ഉറക്കണം അവളെ. അമ്മയില്ലാത്തതിന്റെ വിഷമം ഒരിക്കലും അവളെ അറിയിക്കരുത്. അവളുടെ കണ്ണുകൾ ഒരിക്കൽ പോലും നിറയരുത് ".

"ഇല്ലടാ നിനക്കൊന്നും വരില്ല. ദൈവം നമ്മളെ കൈ വിടില്ല. എനിക്ക് വാവേ എന്നു വിളിക്കാൻ നീ എന്നും എന്റെ കൂടെയുണ്ടാകും " ....അതു പറയുമ്പോൾ നന്ദനും കരഞ്ഞിരുന്നു...

"നന്ദേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട് "...

"എന്താ എന്താ എന്റെ മോൾക്ക്‌ വേണ്ടത്......"   നന്ദൻ അവളുടെ മുഖത്തേക്ക് വീണ മുടി മാടിയൊതുക്കി നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു....അതു കേട്ട അവൾ വികാരഭരിതയായി നിറഞ്ഞ കണ്ണുകളോടെയും വിറച്ച ചുണ്ടുകളോടെയും പറഞ്ഞു....

"എനിക്ക് നന്ദേട്ടന്റെ അച്ഛനെയും അമ്മയെയും  ഒന്നു കാണണം. എനിക്ക് അവരുടെ സ്വരമൊന്നു കേൾക്കണം... എനിക്ക് അവരോട് മാപ്പ് ചോദിക്കണം. അവരുടെ മകനെ അവരിൽ നിന്നും അകറ്റിയതിന്. ഒന്നു പറയോ നന്ദേട്ടാ... അവരോട് ഒന്നു വരാൻ. ഞാൻ അവരുടെ കാലിൽ വീണു മാപ്പു പറഞ്ഞോളാം. പിന്നെ ചിലപ്പോ എനിക്ക് അവരെ കാണാൻ പറ്റിയില്ലെങ്കിലോ.  പക്ഷെ അവർക്ക് എന്റെ മനസ്സിൽ ഒരു മുഖം ഉണ്ട്. അവർ ഒന്നു വന്നു എന്നെ മോളേ എന്ന് ഒന്നു വിളിച്ചാൽ മതി. ആ വിളി മതി പിന്നീട് എനിക്ക് നിങ്ങളെ എല്ലാവരെയും ഓർക്കാൻ .  എന്നെ ഇതു വരെ ആരും മോളേ എന്ന് വിളിച്ചിട്ടില്ല. അതിന് എനിക്ക് ആരും ഉണ്ടായിട്ടില്ല. എന്നെ ലേബർ റൂമിലോട്ട് കൊണ്ടു പോകുമ്പോൾ നന്ദേട്ടന്റെ കൂടെ എനിക്ക് അവരെയും കാണണം. ഈ പൊട്ടക്കണ്ണിയുടെ ജീവിതത്തിലെ അവസാനത്തെ ഒരു ആഗ്രഹമാകും ചിലപ്പോൾ ഇത്. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങുമ്പോൾ അവരും വേണം എന്റെ നന്ദേട്ടന്റെ കൂടെ.  ഞാൻ മരിച്ചാൽ എന്റെ നന്ദേട്ടനും കുഞ്ഞും ആരും ഇല്ലാത്തവർ ആകരുത്. ഒന്നു ചെന്നു കൂട്ടി കൊണ്ടു വരോ നന്ദേട്ടാ അവരെ...." അതു കേട്ട നന്ദന്റെ കണ്ണുകൾ നിറഞ്ഞു തൂവി. അവൻ അവളുടെ കരഞ്ഞു കലങ്ങിയ മുഖം പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ടു പറഞ്ഞു....

"അവർ വരില്ല വാവേ... ഞാൻ നീ അറിയാതെ ഒന്നു രണ്ട് വട്ടം അവിടെ പോയിരുന്നു. നീ ഗർഭിണിയാണെന്ന വിവരവും ഇന്ന് നിന്നെ ഇവിടെ അഡ്മിറ്റ് ചെയ്യും എന്ന വിവരവും എല്ലാം ഞാൻ അവരോട് പറഞ്ഞിരുന്നു .. എന്നിട്ടും അവർ നമ്മളെ അംഗീകരിക്കാൻ തയ്യാറായില്ല... നിനക്കു വേണ്ടി ഞാൻ ഇനിയും പോകാം, കാലുപിടിക്കാം"...

പെട്ടന്നാണ് നന്ദന്റെ മൊബൈൽ ശബ്‌ദിച്ചത്. നന്ദൻ മൊബൈൽ എടുത്തു നോക്കി. സ്‌ക്രീനിൽ അച്ഛൻ എന്നു കണ്ടതും നന്ദന്റെ കണ്ണുകൾ വിടർന്നു... അവൻ ആവേശത്തോടെ ഷഹാനയോട് പറഞ്ഞു...

"വാവേ അച്ഛനാണ്.." അതു കേട്ടതും ഷഹാനയുടെ മുഖം വിടർന്നു...

നന്ദൻ കോൾ ഓണ് ചെയ്തു...... 

"അച്ഛാ...നന്ദൻ വികാരഭരിതമായി വിളിച്ചു. ആ വിളിയിൽ തന്നെ അവന്റെ കണ്ഡം ഇടറിയിരുന്നു. അതു രണ്ടു തുള്ളി കണ്ണീരായി അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു.....

"നന്ദു ഏതു ഹോസ്പിറ്റലിൽ ആണ് നിങ്ങൾ....?"

നന്ദൻ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു കൊടുത്തു.. അതുകേട്ട അച്ഛൻ പറഞ്ഞു. അച്ഛനും അമ്മയും അങ്ങോട്ട് വരുന്നുണ്ട് എന്ന്... ആ വാർത്ത കേട്ടതും.. നന്ദന് സന്തോഷം കൊണ്ട് നിറഞ്ഞു നിന്നിരുന്ന കണ്ണുകൾ നിറഞ്ഞു തൂവി... നന്ദൻ ഫോൺ വെച്ചു ഷഹാനയോടും ആമിത്തയോടും. കാര്യം പറഞ്ഞു.. അതു കേട്ട ഏവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....

"ഞാൻ പറഞ്ഞില്ലേ നന്ദേട്ടാ. അച്ഛൻ വരുമെന്ന്...എനിക്ക് വിശ്വാസം ഉണ്ടായിരുന്നു പടച്ചവൻ നമ്മളെ കൈവിടില്ലായെന്ന്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ നന്ദേട്ടന്റെ അച്ഛനല്ലേ. ആ അച്ഛനും സ്നേഹിക്കാൻ മാത്രമേ അറിയൂ...." അതും പറഞ്ഞു ഷഹാന അവന്റെ വെള്ളാരം കണ്ണിൽ ചുണ്ടമർത്തി... സത്യത്തിൽ അവർക്ക് ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു...ഇതെല്ലാം കണ്ടു കൊണ്ടു നിൽക്കുന്ന ആമിത്ത നിറഞ്ഞ കണ്ണുകൾ തുടച്ചു ഷഹാനയുടെ തലയിൽ തലോടികൊണ്ട് പറഞ്ഞു..

"ഇപ്പൊ എന്റെ മോൾക്ക്‌ സന്തോഷമായില്ലേ... പടച്ചോൻ എന്റെ മോളേ മനമുരുകിയുള്ള ദുവാ കേൾക്കാതിരിക്കില്ല..." 

സിസ്റ്റർ വന്നു നന്ദനോട് ഡോക്ടർ വിളിക്കുന്നു.ഡോക്ടറുടെ ക്യാബിനിലോട്ട് ചെല്ലാൻ പറഞ്ഞു. നന്ദൻ ഷഹാനയോടും ആമിത്തയോടും ഇപ്പൊ വരാം എന്നും പറഞ്ഞു ഡോക്ടറുടെ അടുത്തോട്ട് പോയി....

"നന്ദൻ ഷഹാനക്ക് പെയിനൊന്നും തുടങ്ങിയിട്ട് ഇല്ലല്ലോ...?"

"ഇല്ല ഡോക്ടർ..."

"പെയിൻ തുടങ്ങിയാൽ പറയണം. വൈകീട്ട് ആയിട്ടും പെയിൻ തുടങ്ങിയിട്ടില്ലെങ്കിൽ നമുക്ക് ലേബർ റൂമിലോട്ട് മാറ്റാം. ബ്ലഡ് കൊടുക്കാനുള്ള ആളുകളൊക്കെ റെഡിയായിട്ടില്ലേ ?"

"അവർ റെഡിയാണ് ഡോക്റ്റർ. എപ്പോ വിളിച്ചാലും അവർ വരും ".

"എന്നാൽ നന്ദൻ ഒരു കാര്യം ചെയ്യൂ അവരോട് രണ്ട് പേരോട് വന്നു ബ്ലഡ് കൊടുക്കാൻ പറയൂ ".

"Ok ഡോക്ടർ. ഞാൻ അവരെ വിളിച്ചു ഇപ്പൊ തന്നെ വരാം പറയാം".പിന്നെ നന്ദൻ വളരെ വിഷമത്തോടെ ചോദിച്ചു...

"ഡോക്ടർ സിസേറിയൻ വേണ്ടി വരുമോ...?"

"ഇതു വരെ പെയിൻ ഇല്ലാത്ത സ്ഥിതിക്ക് മിക്കവാറും വേണ്ടിവരും... കുറച്ചു സമയം കൂടി നമുക്ക് വെയ്റ്റ് ചെയ്യാം... പിന്നെ നിങ്ങൾ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത് കാണുമ്പോൾ ഷഹാനക്ക് അതു കൂടുതൽ ടെൻഷനുണ്ടാക്കും. ഇപ്പൊ നിങ്ങളുടെ കരുത്തും സ്നേഹവും ആണ് അവൾക്കു കൂടുതൽ വേണ്ടത്. അവളെ സന്തോഷിപ്പിക്കാനും അവൾക്കു കരുത്തു നൽകുവാനും നിങ്ങൾ മാത്രമേ ഉള്ളൂ എന്ന കാര്യം നിങ്ങൾ മറക്കരുത്. അവളെ ഒരിക്കലും ടെൻഷൻ ആക്കരുത് അതു അപകടം ആണ്... പിന്നെ പ്രാർത്ഥിക്കുക. എല്ലാം ശുഭമായി കലാശിക്കാൻ.. പ്രാർത്ഥനയോളം ശക്തി വേറെ ഒന്നിനും കിട്ടില്ല "... 

"സോറി ഡോക്ടർ.. എത്ര ശ്രമിച്ചിട്ടും എനിക്ക് അതിന് പറ്റുന്നില്ല... ഞാൻ ഇനി ശ്രദ്ധിച്ചോളാം.എനിക്ക് അവളെയും കുഞ്ഞിനെയും ഒരു കേടുപാടും ഇല്ലാതെ കിട്ടിയാൽ മതി... പിന്നെ ഒരു സന്തോഷവാർത്തയുണ്ട് എന്റെ അച്ഛനും അമ്മയും എല്ലാ തെറ്റുകളും പൊറുത്ത് ഇങ്ങോട്ട് വരുന്നുണ്ട് ". 

" ഗുഡ് ഇതിനും വലിയ ഒരു സന്തോഷവാർത്ത വേറെ എന്താണ്. കണ്ടില്ലേ എല്ലാം ശരിയായി വരുന്നത്... ഈശ്വരൻ നിങ്ങളെ കൈ വിടില്ല നന്ദൻ ". അതുകേട്ടപ്പോൾ നന്ദന് കുറച്ചു സമാധാനം ആയി. നന്ദൻ ഷഹാനയുടെ അടുത്തോട്ട് തിരിച്ചു പോയി. നന്ദൻ റൂമിൽ എത്തിയതും ഷഹാന ചോദിച്ചു...

"എന്തിനാ നന്ദേട്ടാ ഡോക്ടർ വിളിപ്പിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ...?"

നന്ദൻ. ഡോക്ടർ പറഞ്ഞ കാര്യമെല്ലാം ഷഹാനയോട് പറഞ്ഞു. പെട്ടന്നാണ് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്. നന്ദൻ പോയി ഡോർ തുറന്നപ്പോൾ കണ്ടത് അച്ഛനെയും അമ്മയെയുമാണ്. അച്ഛനെ കണ്ടതും അവന്റെ കണ്ണെല്ലാം നിറഞ്ഞു.. അവൻ അച്ഛാ എന്നും വിളിച്ചു അച്ഛന്റെ നെഞ്ചിലോട്ട് മുഖം ചേർത്തു വെച്ചു. മകന്റെ സങ്കടം കണ്ട വിശ്വനാഥൻ മേനോന്റെ അതുവരെയുള്ള ദേഷ്യവും അമർഷവും എല്ലാം ആ നിമിഷം അലിഞ്ഞു പോയി. പിന്നെ അത് കണ്ണീർ തുള്ളികളായി അയാളുടെ കണ്ണിൽ നിറഞ്ഞു നിന്നു.. അതു കണ്ട  അമ്മയുടെയും കണ്ണുകൾ നിറഞ്ഞു... 

അപ്പോഴാണ് പിന്നിൽ നിന്നും ഷഹാന വിളിച്ചു ചോദിച്ചത്...

"നന്ദേട്ടാ.. ആരാ വന്നത് അച്ഛനും അമ്മയും ആണോ...?" അതു കേട്ട നന്ദൻ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു...

"അതേ അച്ഛനും അമ്മയുമാണ് "... അതു കേട്ടതും വെളിച്ചം നഷ്ടപ്പെട്ട അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി. അവൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചതും അമ്മ നിറഞ്ഞു തൂവിയ കണ്ണുകളുമായി ഓടിച്ചെന്ന് അവളുടെ മുഖം പിടിച്ചു, ആ മാറോട് ചേർത്തു പിടിച്ചു പറഞ്ഞു... "മാപ്പ് മോളേ... അമ്മയും അച്ഛനും ഒരു പാട് വേദനിപ്പിച്ചു നിങ്ങളെ. ഇനി ഒരിക്കലും വേദനിപ്പിക്കില്ല. മക്കള് ഞങ്ങളോട് ക്ഷമിക്കൂ ".അതു കേട്ടതും അവൾ ഒരു കരച്ചിലോടെ അമ്മയെ ട്രിപ്പ് കുത്തിയ കയ്യുമായി കെട്ടിപിടിച്ചു.. അതു കണ്ട നന്ദന്റെയും അച്ഛന്റെയും കണ്ണുകൾ നിറഞ്ഞു തൂവി... വിശ്വനാഥൻ മേനോൻ ഷഹാനയുടെ അടുത്തേക്ക് ചെന്നു അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....

"മോള് ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം ഇനി അച്ഛൻ നോക്കിക്കൊള്ളാം.. പ്രസവം കഴിഞ്ഞിട്ട് നമുക്ക് കുഞ്ഞിനെയും കൊണ്ടു നമ്മുടെ വീട്ടിലോട്ട് പോകാം. ഇനി അതാണ് മോളുടെ വീട് "... അതു കേട്ടതും ഷഹാന അച്ഛന്റെ രണ്ടുകയ്യും കൂട്ടി പിടിച്ചു അതിൽ മുഖം അമർത്തിക്കൊണ്ട് കരഞ്ഞു കൊണ്ട് പറഞ്ഞു... 

"അച്ഛാ മാപ്പ് എല്ലാത്തിനും മാപ്പ്. നന്ദേട്ടൻ പാവാണ്. നന്ദേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ പൊട്ടക്കണ്ണിയെ സ്നേഹിച്ചു പോയി എന്ന ഒരു തെറ്റ് മാത്രമേ നന്ദേട്ടൻ ചെയ്തൊള്ളൂ. സ്നേഹിക്കാൻ ആരും ഇല്ലാത്ത എന്നെ നന്ദേട്ടൻ വിവാഹം കഴിക്കട്ടെ എന്നു ചോദിച്ചപ്പോൾ, ഞാനും ഒരു പാട് മോഹിച്ചു പോയി നന്ദേട്ടനെ. ആ സ്നേഹം തട്ടിക്കളയാൻ തോന്നിയില്ല. അല്ലാതെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഇപ്പൊ അച്ഛൻ എന്നെ മോളേ എന്നു വിളിച്ചപ്പോൾ എനിക്ക് എന്തൊക്കെയോ കിട്ടിയ പോലെയാണ് ആരൊക്കെയോ എന്നെ സ്നേഹിക്കാൻ ഉള്ള പോലെയാണ്. എനിക്ക് അച്ഛനെയും അമ്മയെയും ഒന്നും കാണാൻ കഴിയില്ല... പക്ഷെ നിങ്ങൾക്കെല്ലാം എന്റെ മനസ്സിൽ ഒരു മുഖമുണ്ട്. ആ മുഖത്തു നോക്കി ഒരു ആയിരം വട്ടം ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു"..അതു കേട്ടതും വിശ്വനാഥൻ മേനോന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... 

"എന്തിനു മോളേ മാപ്പ് ചോദിക്കുന്നത് ?  അതൊക്കെ കഴിഞ്ഞില്ലേ... ഇവൻ നിന്നെ വിളിച്ചിറക്കിക്കൊണ്ട് വന്നപ്പോൾ അച്ഛൻ ഒരു നിമിഷം സ്വാര്ഥനായി പോയി . പക്ഷെ ഇവൻ നിന്നെയും കൊണ്ട് അവിടെനിന്നും ഇറങ്ങിപോയപ്പോൾ എന്റെ നെഞ്ചു പിടയുകയായിരുന്നു. പിന്നെ ഞാൻ വിചാരിച്ചു കുറച്ചു ദിവസം കഴിഞ്ഞാൽ ഇവൻ നിന്നെയും കൊണ്ട് തിരിച്ചു വരും എന്ന്. പക്ഷെ നിങ്ങൾ വന്നില്ല... നിങ്ങളെ അവിടെ നിന്നും ഇറക്കിവിട്ടതിന് മാപ്പ് പറഞ്ഞു തിരിച്ചു വിളിക്കണമെന്നുണ്ടായിരുന്നു അച്ഛന്, പക്ഷെ അപ്പോഴും എന്റെ ദുരഭിമാനം അതിനു സമ്മതിച്ചില്ല... സത്യത്തിൽ എല്ലാത്തിനും ഞാനാണ് നിങ്ങളോട് മാപ്പ് ചോദിക്കേണ്ടത്. ഞാനല്ലേ നിങ്ങളെ വേദനിപ്പിച്ചത്.. എല്ലാം നമുക്ക് മറക്കാം... ഇനി അതൊന്നും ഓർക്കേണ്ട ". പിന്നെ ഷഹാനയുടെ നിറഞ്ഞു തൂവിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... "ഇനി ഒരിക്കലും നിന്റെ ഈ കണ്ണുകൾ നിറയരുത്. നിനക്ക് ഇപ്പൊ അച്ഛനും അമ്മയും ഒരു അനുജത്തിയും എല്ലാം ഉണ്ട് ".. അതു കേട്ടതും ഷഹാന നെഞ്ചിലോട്ട് മുഖം ചായിച്ചു. സത്യത്തിൽ അവൾക്ക് നഷ്ടപ്പെട്ടതെല്ലാം അവിടെ മുതൽ തിരികെ  കിട്ടുകയായിരുന്നു.അവൾ അച്ഛന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി ചോദിച്ചു...

"രാഖി എന്താ വരാഞ്ഞത് അച്ഛാ ...?"

"അവൾ കോളേജിൽ പോയിരിക്കാ, ക്‌ളാസ് കഴിഞ്ഞാൽ അവൾ നേരെ ഇങ്ങോട്ട് വരും. ഇനി മോളുടെ  പ്രസവവും കഴിഞ്ഞു, കുഞ്ഞുമായി നമ്മൾ എല്ലാവരും കൂടിയേ ഇനി വീട്ടിലോട്ട് മടങ്ങൂ ".....

അമ്മ വന്നു ആമിത്തയുടെ കയ്യിൽ പിടിച്ചു പറഞ്ഞു... 

"ആമിയോട് എങ്ങനെയാ നന്ദി പറയാ... എന്റെ മക്കളെ സ്വന്തം മക്കളെ പോലെ നോക്കിയതിന് .. ?" അതു കേട്ട ആമിത്ത വികാരഭരിതയായി പറഞ്ഞു....

"അങ്ങനെ ഒന്നും പറയരുത് മാലതി... ഇവർ എനിക്ക് മക്കളെ പോലെ അല്ല.. മക്കൾ തന്നെയാ.. ഇവരെ കിട്ടിയതിന് ശേഷമാണ്.. ഞാനും ഒരു ഉമ്മയായത് ".  ആ വാക്കുകൾ ഷഹാനയുടെയും നന്ദന്റെയും കണ്ണും മനസ്സും നിറച്ചു...

അച്ഛനും അമ്മയും വന്നതിനു ശേഷം ഷഹാനയുടെയും നന്ദന്റെയും മനസ്സിന്റെ വേദന ഒരുപാട് കുറഞ്ഞിരുന്നു. അതു അവരുടെ മുഖത്തു കാണാമായിരുന്നു.എന്തും നേരിടാനുള്ള ഒരു ശക്തി അവർക്ക് ഇപ്പോൾ കിട്ടിയ പോലെ....

നന്ദൻ വിളിച്ചു പറഞ്ഞ പ്രകാരം ബ്ലഡ് കൊടുക്കാം എന്നു പറഞ്ഞ ആളുകൾ വന്നു ബ്ലഡ് കൊടുത്തു. നന്ദൻ കണ്ണീരോടെ അവന്റെ നന്ദിയും കടപ്പാടും അവരെ അറിയിച്ചു. വൈകിട്ട് ആയിട്ടും ഷഹാനക്ക് പെയിൻ വന്നില്ല.....

കുറച്ചു സമയത്തിന് ശേഷം സിസ്റ്റർ വന്നു. ഷഹാനയെ ലേബർ റൂമിലോട്ട് മാറ്റുകയാണ് എന്നറിയിച്ചു. ഷഹാനയുടെ കയ്യിലെയും കാലിലെയും കാതിലെയും ആഭരണങ്ങൾ എല്ലാം സിസ്റ്റർ അഴിച്ചു അമ്മയുടെ കയ്യിൽ കൊടുത്തു. കഴുത്തിലെ താലിയും അഴിച്ചു അമ്മയുടെ അടുത്തു കൊടുക്കുമ്പോൾ ഷഹാനയുടെ കണ്ണ് അറിയാതെ നിറഞ്ഞു.. ഷഹാനയെ സ്‌ട്രച്ചറിലോട്ട് കിടത്തി ലേബർ റൂമിലോട്ട് നടന്നു. അച്ഛനും അമ്മയും നന്ദനും ആമിത്തയും ലേബർ റൂം വരെ ഷഹാനയുടെ കൂടെ ഉണ്ടായിരുന്നു... നന്ദൻ അവളുടെ കയ്യിൽ പിടിച്ചിരുന്നു.. ലേബർ റൂമിന്റെ മുന്നിൽ എത്തിയതും ഷഹാനയുടെ നന്ദന്റെ കയ്യിലെ പിടുത്തം മുറുകി.. നന്ദൻ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു...

"പോയിട്ട് വാ... എന്റെ വാവയെയും കുഞ്ഞിനെയും കാത്തു നിന്റെ നന്ദേട്ടൻ  ഈ വാതിൽക്കൽ ഉണ്ടാകും "... അതു കേട്ടതും ഷഹാനയുടെ വെളിച്ചം നഷ്ട്ടപ്പെട്ട കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ വെള്ളാരം കണ്ണുകളിൽ ഉമ്മ വെച്ചു കൊണ്ടു പറഞ്ഞു...

"നന്ദേട്ടന്റെ ആഗ്രഹം പോലെ ഒരു വെള്ളാരം കണ്ണുള്ള ഒരു മോൾക്ക്‌  ജന്മം നൽകിയിട്ട് ഞാൻ വരും നന്ദേട്ടാ... എന്റെ നന്ദേട്ടന്റെ കൂടെ ഇനിയും ഒരു പാട് കാലം ജീവിക്കാൻ ". 

അതു പറയുമ്പോൾ നിറഞ്ഞു നിന്നിരുന്ന അവളുടെ കണ്ണുകൾ  തുളുമ്പി. അതു കണ്ട അച്ഛന്റെയും അമ്മയുടെയും ആമിത്തയുടെയും കണ്ണുകൾ നിറഞ്ഞു .അച്ഛനും അമ്മയും ആമിത്തയും ഷഹാനക്ക് മുത്തം നൽകി ഷഹാന തിരിച്ചു അവർക്കും മുത്തം കൊടുത്തു.സിസ്റ്റർ ലേബർ റൂമിന്റെ ഡോർ തള്ളി തുറന്നു ഷഹാനയെയും കൊണ്ട് അകത്തു കയറി. വാതിൽ പതിയെ അടയുമ്പോഴും ഷഹാന അവരെ എല്ലാവരെയും പുഞ്ചിരിയോടെ നിറഞ്ഞ കണ്ണുകളോടെ നോക്കുകയായിരുന്നു,അവർ തിരിച്ചു അവളെയും...... 

ലേബർ റൂമിന്റെ മുന്നിലെ വിസിറ്റിങ് റൂമിൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവുമായി ഇരിക്കുന്ന ആളുകൾക്കിടയിൽ, നന്ദനും അമ്മയും അച്ഛനും ആമിത്തയും ഷഹാനക്കും കുഞ്ഞിനുമായുള്ള പ്രാർത്ഥനയും പ്രതീക്ഷകളുമായി ഇരുന്നു... അപ്പോഴാണ് രാഖി ക്ലാസ് കഴിഞ്ഞു അങ്ങോട്ട് വന്നത്. രാഖി നന്ദനെ കണ്ടതും നിറ കണ്ണുകളോടെ അവന്റെ അടുത്തു വന്നിരുന്നു. അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു...

"ഏട്ടത്തിയമ്മയെ എപ്പോഴാ ഏട്ടാ ലേബർറൂമിലോട്ട് മാറ്റിയെ....?"

"കുറച്ചു നേരമായി.. മോളെന്താ ഇത്ര വൈകിയേ...?'

"ബസ്സ് കിട്ടിയില്ല.. ഞാൻ ഒരു ഓട്ടോ പിടിച്ചാണ്  വന്നത്. എനിക്ക് ഏട്ടത്തിയമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു "...  അവൾ വിഷമത്തോടെ പറഞ്ഞു.

"അവൾ വരും മോളേ, എന്റെ മോൾക്ക്‌ കളിപ്പിക്കാൻ ഒരു കുഞ്ഞുമായി "... അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

ലേബർ റൂമിന്റെ വാതിൽ ഇടയ്ക്കിടയ്ക്ക് തുറന്നും അടഞ്ഞും കൊണ്ടിരുന്നു. ഓരോ വട്ടം തുറക്കുമ്പോഴും അവിടെ ഇരിക്കുന്ന ഓരോരുത്തരും പ്രതീക്ഷയോടെ അങ്ങോട്ട്‌ നോക്കി. ഒരു തലയ്ക്കൽ സ്വന്തം പ്രാണൻ പ്രസവവേദന എന്ന മരണ വേദനയുമായി മല്ലിടുന്ന വേദനയുമായും മറുതലയ്ക്കൽ. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഒന്നു കാണാൻ വേണ്ടിയും.... 

പെട്ടന്നാണ് ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ പുറത്തോട്ട് വന്നത്. എല്ലാവരും ആകാംഷയോടെ പിടയ്ക്കുന്ന മനസ്സോടെ അവരുടെ മുഖത്തോട്ട് നോക്കി...

"ആരാണ്.... രാധികയുടെ ഹസ്ബന്റ് നിരഞ്ജൻ...?"

അതു കേട്ടതും നന്ദന്റെ നേരെ മുന്നിൽ തല കുനിച്ചു കണ്ണീരോടെ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരൻ തല ഉയർത്തി, ചാടി എഴുന്നേറ്റ് സിസ്റ്ററുടെ അടുത്തേക്ക് ചെന്നത്...

"ഞാനാണ് സിസ്റ്റർ ...."

"നിങ്ങളുടെ ഭാര്യ പ്രസവിച്ചു... ആണ്കുഞ്ഞാണ് ". അതു കേട്ടതും നിറഞ്ഞു നിന്നിരുന്ന അയാളുടെ കണ്ണുകൾ  തുളുമ്പി. അയാൾ കൈ രണ്ടും കൂപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു ദൈവത്തിനോട് നന്ദി പറഞ്ഞു.തൂവി ഒലിച്ച കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു...

"സിസ്റ്റർ എന്റെ കുഞ്ഞിനും രാധികക്കും കുഴപ്പം ഒന്നും ഇല്ലല്ലോ...?"

"കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. കുഞ്ഞിനെ ഇപ്പോൾ പുറത്തോട്ട് കൊണ്ട് വരും. അമ്മക്ക് നല്ല ബ്ലീഡിങ് ഉണ്ട്. ബ്ലഡ് ഇനിയും വേണം. ബ്ലഡ് ബാങ്കിൽ അവയ്ലബിൾ അല്ല. ഉടൻ തന്നെ ഒരു ഡോണറെ കണ്ടു പിടിക്കണം. കിട്ടിയാൽ ഉടൻ തന്നെ ലാബിൽ പോയി ബ്ലഡ് കൊടുക്കണം ".അതും പറഞ്ഞു സിസ്റ്റർ അകത്തോട്ട് പോയി

അതു കേട്ടതും അയാളുടെ മുഖത്ത് വീണ്ടും വിഷമവും സങ്കടവും വന്നു. അയാൾ  വെപ്രാളത്തോടെയും നിസഹായവസ്ഥയോടെയും അവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും മുഖത്തോട്ട് നോക്കി.... പിന്നെ അയാൾ മൊബൈൽ എടുത്തു പലരെയും വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. അയാളുടെ വിഷമം കണ്ട നന്ദൻ അയാളോട് ചോദിച്ചു....

"ആരെങ്കിലും കിട്ടിയോ...?"

"ഇല്ല. പെട്ടന്ന് ആയത് കൊണ്ട് ആരെയും കിട്ടുന്നില്ല. അവരെല്ലാം കുറച്ചു കഴിഞ്ഞു വിളിക്കാം എന്നാണ് പറയുന്നത്.. കുറച്ചു റെയർ ആയ ഗ്രൂപ്പാണ്... നിങ്ങൾക്ക് ആരെയെങ്കിലും പരിചയം ഉണ്ടോ...എന്തു വേണമെങ്കിലും കൊടുക്കാം....?" അയാളുടെ നിസഹായവസ്ഥയോടെ ഉള്ള ചോദ്യം കേട്ടപ്പോൾ നന്ദന് ആകെ വിഷമം ആയി.കാരണം നന്ദനും അതു അനുഭവിച്ചതാണ്.നന്ദൻ അയാളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു....

"നിങ്ങൾ വിഷമിക്കാതെയിരിക്കൂ. നമുക്ക് അന്വേഷിക്കാം. ഏതാ ബ്ലഡ് ഗ്രൂപ്പ്  ?"

ഓ നെഗറ്റിവ്. നന്ദന്റെ അതേ ബ്ലഡ് ഗ്രൂപ്പ്.  നന്ദന്റെ മാത്രമല്ല രാഖിയുടെയും,  നന്ദൻ സന്തോഷത്തോടെ പറഞ്ഞു... 

"എന്റെ ഗ്രൂപ് ഓ നെഗറ്റിവ് ആണ്. ഞാൻ തരാം. അതു പോരെങ്കിൽ എന്റെ അനിയത്തിയുടെയും ഈ ഗ്രൂപ്പ്  തന്നെയാണ് ".അതു കേട്ടതും അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അയാൾ നന്ദന്റെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു. 

"നിങ്ങളെ ദൈവം രക്ഷിക്കും . ഒരു നിമിഷം ഞാൻ ആകെ തളർന്നു പോയി. ആരും ഒരു സഹായത്തിനു കിട്ടാതെ"... അതു പറഞ്ഞു പൂർത്തിയാക്കാൻ അയാൾക്ക് പറ്റിയില്ല. ആ വാക്കുകൾ നിറഞ്ഞ കണ്ണുകളോടെ തൊണ്ടയിൽ കുരുങ്ങി നിന്നു.... 

ലേബർ റൂമിന്റെ വാതിൽ വീണ്ടും തുറന്നു. സിസ്റ്ററുടെ കയ്യിൽ അയാളുടെ കുഞ്ഞും ഉണ്ടായിരുന്നു.സിസ്റ്റർ കുഞ്ഞിനെ അയാളുടെ കയ്യിൽ കൊടുത്തു.കുഞ്ഞിനെ കയ്യിൽ കിട്ടിയതും അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അയാൾ കണ്ണീരോടെ കുഞ്ഞിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവൻ അയാളുടെ കയ്യിൽ കിടന്നു പതിയെ അവന്റെ കുഞ്ഞി കണ്ണുകൾ തുറന്നു അയാളുടെ മുഖത്തേക്ക് നോക്കി.കുഞ്ഞിനെ കണ്ട നന്ദനും ഒരുപാട് സന്തോഷം ആയി... അയാൾ സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ നന്ദനോട് പറഞ്ഞു... 

"അഞ്ചു വർഷം നോയമ്പും വഴിപാടും കൊണ്ടു നടന്നു കിട്ടിയ എന്റെ മുത്താണ് ഇത് "...അതും പറഞ്ഞു അയാൾ കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു...

സിസ്റ്റർ കുഞ്ഞിനെ തിരിച്ചു വാങ്ങിച്ചു കൊണ്ട് പറഞ്ഞു... കുറച്ചു വിഷമത്തോടെ പറഞ്ഞു...

"നിങ്ങളെ ഭാര്യക്ക് കുറച്ചു സീരിയസ് ആണ്. ബ്ലീഡിങ് നിൽക്കുന്നില്ല...ICU വിലോട്ട് മാറ്റുകയാണ് ".

അതു കേട്ടതും അയാൾക്ക് എന്താ ചെയ്യണ്ടതെന്നു അറിയാതെ ആയി. അയാൾ പിടക്കുന്ന മനസ്സുമായി നന്ദനെ നോക്കി...

"ഞാനിപ്പോ എന്താ ചെയ്യാ.....?"

കുറച്ചു സമയത്തിനുള്ളിൽ തന്നെ രാധികയെ ഓക്സിജനൊക്കെ കൊടുത്തു ഒരു സ്‌ട്രെച്ചറിൽ ഡോക്ടർമാരുടെ അകമ്പടിയോടെ icu വിലോട്ട് മാറ്റി... നന്ദൻ ലാബിൽ പോയി ബ്ലഡ് കൊടുത്തു വന്നപ്പോഴാണ്... അച്ഛൻ പറഞ്ഞത്. ഷഹാനക്ക് സർജറി വേണം എന്ന് ഡോക്ടർ പറഞ്ഞു എന്നും സർജറിക്കുള്ള പേപ്പറിൽ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞു എന്നും.

ഷഹാനയെ ഓപ്പറേഷൻ തിയേറ്ററിലോട്ടു മാറ്റി.. സെഡേഷൻ കൊടുത്തത് കൊണ്ട് അവൾ മയക്കത്തിൽ ആയിരുന്നു... 

ഒരു സിസ്റ്റർ വന്നു ഒരു ഫോം  നന്ദന്റെ കയ്യിൽ കൊടുത്തു പറഞ്ഞു....

"ഇതു വായിച്ചിട്ട് ഇതിൽ ഒന്നു ഒപ്പിടണം ".

നന്ദൻ ആ പേപ്പർ വായിച്ചു.. സർജറിക്കിടയിൽ അമ്മയ്ക്കോ കുഞ്ഞിനോ ജീവൻ നഷ്ടപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ അതിന് ഹോസ്പിറ്റൽ മാനേജ്‌മെന്റോ ഡോക്ടർമാരോ ഉത്തരവാദികൾ അല്ല. എല്ലാം നിങ്ങളുടെ സമ്മതപ്രകാരമാണ്.... നന്ദൻ  വായിച്ചതിനു ശേഷം തകർന്ന മനസ്സോടെ അച്ഛനെ നോക്കി. അച്ഛൻ അവന്റെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു. നന്ദൻ പേപ്പറിൽ ഒപ്പിടുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ഒപ്പിട്ട പേപ്പർ സിസ്റ്ററെ ഏല്പിച്ചു സിസ്റ്റർ അകത്തോട്ട് പോയതും തിയേറ്ററിന്റെ മുകളിലത്തെ പച്ച ലൈറ്റ് കത്തി...... പിന്നെ അവിടെ ഒരു മൂകത മാത്രം  ആയിരുന്നു. നന്ദൻ വാടി തളർന്നുകൊണ്ടു തിയേറ്ററിന്റെ ചുമരിൽ ചാരി നിന്നു... 

കുറച്ചു സമയങ്ങൾക്ക് ശേഷം തിയേറ്ററിന്റെ മുകളിലത്തെ പച്ച ലൈറ്റ് കെട്ടു. അൽപ സമയത്തിനുള്ളിൽ. സിസ്റ്റർ  പുറത്തേക്ക് വന്നു പറഞ്ഞു...

"ഷഹാനയുടെ സർജറി കഴിഞ്ഞു.. പെണ്കുഞ്ഞാണ് "...അതു കേട്ടതും എല്ലാവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

"ഞങ്ങളുടെ മോൾക്കും കുഞ്ഞിനും കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ... അച്ഛൻ സിസ്റ്ററോട്  ചോദിച്ചു....

"അതൊക്കെ ഡോക്ടർ പറയും. ഡോക്ടർ ഇപ്പൊ പുറത്തോട്ട് വരും ".ഡോക്ടർ പുറത്തോട്ട് വന്നതും  അച്ഛൻ ചോദിച്ചു...

"എന്റെ മക്കൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ഡോക്റ്റർ ?"ഡോക്ടറുടെ മറുപടിക്കായി എല്ലാവരും പേടിച്ച മനസ്സാലെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി....

"ഇല്ല കുഴപ്പം ഒന്നും ഇല്ല. ഇപ്പൊ സെഡേഷനിൽ ആണ്.. കുറച്ചു സമയത്തിന് ശേഷം റൂമിലോട്ട് മാറ്റും.. പിന്നെ കുഞ്ഞിന് തൂക്കം വളരെ കുറവാണ്... അതുകൊണ്ടു ഒരു 4 ദിവസം ഇവിടെ കിടക്കേണ്ടി വരും. എല്ലാം ശുഭമായി തീർന്നതിന് ദൈവത്തിനോട് നന്ദി പറയൂ "... അതു കേട്ടതും... എല്ലാവരും കൈ കൂപ്പി ദൈവത്തിനോട് നന്ദി പറഞ്ഞു. ആ വാർത്ത കേട്ടതും നന്ദന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... 

അൽപ സമയത്തിനുള്ളിൽ  ടർക്കിയിൽ പൊതിഞ്ഞു അവരുടെ ഓമന കണ്മണിയെ സിസ്റ്റർ അമ്മയുടെ കയ്യിൽ ഏല്പിച്ചു. 'അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയതും പള്ളിയിൽ ബാംഗ് വിളിച്ചതും ഒരുമിച്ചായിരുന്നു... എല്ലാവരും അവളുടെ കുഞ്ഞി കയ്യിലും കാലിലും എല്ലാം ഉമ്മവെച്ചു. അവൾ കണ്ണു തുറന്നു എല്ലാവരെയും നോക്കി. അച്ഛൻ അവളുടെ കുഞ്ഞു വായയിൽ തേനും വയമ്പും ചലിച്ചത് തൊട്ടു കൊടുത്തു വായിൽ മധുരം തട്ടിയതും അവൾ അത് ഞൊട്ടി നുണഞ്ഞു ഇറക്കി..അമ്മ കുഞ്ഞിനെ നന്ദന്റെ കയ്യിൽ കൊടുത്തു. നന്ദൻ അവളെ കയ്യിലെടുത്തതും അവന്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ ഉറ്റി വീണു. അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ഈശ്വരമ്മാരോട് നന്ദി പറഞ്ഞു. നന്ദന്റെ ആഗ്രഹപ്രകാരം ഒരു പെണ്കുഞ്ഞിനെ തന്നെ അവന് കിട്ടി.. പക്ഷെ അവളുടെ കണ്ണുകൾ വെള്ളാരം കണ്ണല്ലായിരുന്നു. ഷഹാനയുടെ കണ്ണുപോലത്തെ നല്ല തിളക്കമുള്ള കാഴ്ചയുള്ള കണ്ണുകളായിരുന്നു....

മയക്കത്തിൽ നിന്നും ഉണർന്ന ഷഹാന ആദ്യം ചോദിച്ചത് നന്ദനെയാണ്.. നന്ദൻ  അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു അവളുടെ നെറ്റിയിൽ ആധരംഅമർത്തിയതും അവളുടെ  കണ്ണുകൾ നിറഞ്ഞു തുളുമ്പി. തുളുമ്പി ഒലിച്ച കണ്ണുനീർ തുടച്ചു കൊണ്ട് നന്ദൻ അവളുടെ വലത്തെ സൈഡിൽ കിടത്തിയ കുഞ്ഞിനെ എടുത്തു അവളുടെ മാറത്തു കിടത്തി കൊടുത്തു. അവൾ ഒരു കരച്ചിലോടെ നിറഞ്ഞു തുളുമ്പിയ വെളിച്ചമില്ലാ കണ്ണുകളുമായി കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു തുരു തുരാ ഉമ്മ വെച്ചു. എന്റ പൊന്നുമോൾ എന്നും പറഞ്ഞു കൊണ്ട്. അതു കണ്ട ചുറ്റും കൂടിനിൽക്കുന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.... പിന്നെ അവൾ നന്ദനെ അടുത്തേക്ക് വിളിച്ചു കൊണ്ട് ചോദിച്ചു....

"നന്ദേട്ടാ നമ്മുടെ മോളെ കണ്ണ് എന്റ നന്ദേട്ടന്റെ കണ്ണു പോലെ വെള്ളാരം കണ്ണാണോ "..അതു കേട്ട നന്ദൻ അവളുടെ അടുത്തിരുന്നു വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....

"അല്ല വാവേ നമ്മുടെ മോളുടെ കണ്ണുകൾ എന്റെ വാവയുടെ കണ്ണുകളെ പോലെയുള്ള തിളക്കമുള്ള നല്ല വെളിച്ച മുള്ള കണ്ണുകളാണ്..." അതു കേട്ടതും വീണ്ടും അവളുടെ തൊണ്ട ഇടറി അവളുടെ മുഖത്ത് വിഷമം തിങ്ങി നിറഞ്ഞു...

"എന്റെ നന്ദേട്ടന് നന്ദേട്ടന്റെ കണ്ണുകളെ പോലത്തെ ഒരു വെള്ളാരം കണ്ണുള്ള മോളെ തരാനായിരുന്നു. എനിക്ക് ആഗ്രഹം. എനിക്ക് അതിന് കഴിഞ്ഞില്ല ".. അതു പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു...അതു കണ്ട നന്ദൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...

"ഇതാപ്പോ നന്നായെ എനിക്ക് ഏറ്റവും ഇഷ്ട്ടം എന്റെ മോളുടെ ഈ കണ്ണുകളാണ്.. എന്റെ വാവയുടെ കണ്ണുകളെ പോലത്തെ  ഈ കണ്ണുകൾ ".. അതും പറഞ്ഞു അവൻ അവളെ അവന്റെ മാറോട് ചേർത്തു പിടിച്ചു....അതു കേട്ടതും അവൾക്ക് സന്തോഷായി...

പിന്നെ അവൾ അച്ഛനെ വിളിച്ചു അച്ഛനോട് ആവേഷത്തോടും സന്തോഷത്തോടും  പറഞ്ഞു....

"അച്ഛാ ഞാൻ കുഞ്ഞിന് ഒരു പേര് കണ്ട് വെച്ചിട്ടുണ്ട് ഇവൾ പെണ്ണാണെങ്കിൽ ഇടാൻ വെച്ച ഒരു പേര്.  ആ പേര് അച്ഛൻ തന്നെ ഇപ്പോൾ ഇവളുടെ കാതിൽ ചൊല്ലണം.. ഇവൾ ജനിക്കുന്നതിന് മുന്നേ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചതാണ്. ഇവളെ അച്ഛന്റെ മടിയിൽ കിടത്തി അച്ഛൻ ഇവളെ പേര് ചൊല്ലി വിളിക്കണം എന്ന്...."

അതു കേട്ടതും അച്ഛന്റെ മനസ്സ് നിറഞ്ഞു..അച്ഛൻ അവളുടെ അടുത്തു ചെന്ന് അവളുടെ ശിരസ്സിൽ തലോടി കൊണ്ട് നിറകണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു......

"അച്ഛന് സന്തോഷായി. സാധാരണ കുഞ്ഞിന് പേരിടൽ മാസങ്ങൾ കഴിഞ്ഞിട്ടാണ്. പക്ഷെ എന്റെ മോളുടെ ആഗ്രഹം ഇവൾക്ക് ഇപ്പോൾ പേരിടണം എന്നാണെങ്കിൽ അച്ഛൻ അതു നടത്തി തരും. പറ എന്താ എന്റ മോള് ഇവൾക്ക് കണ്ട് വച്ച പേര്..."

"അവൾ എല്ലാവരെയും നിറമില്ലാ കണ്ണുകളുമായി നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.... 

"പറയട്ടെ ഞാൻ ആ പേര് "..... അതു കേട്ടതും എല്ലാവരും ഒരേ സ്വരത്തിൽ ആവേഷത്തോടെയും ആകാംഷയോടെയും സന്തോഷത്തോടെയും പുഞ്ചിരിച്ചു കൊണ്ട് പറയാൻ പറഞ്ഞു....അതു കേട്ടതും അവൾ ഒരു ആവേശത്തോടെ പറഞ്ഞു.....

"നന്ദന.... നന്ദനാ നന്ദൻ.... ഈ പേരാണ് ഞാൻ എന്റെ മോൾക്ക്‌ കണ്ടു വെച്ചിരുന്നത്... എന്റെ നന്ദേട്ടന്റെ പേര്... എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിക്കാത്ത ഒന്നാണ് എന്റെ നന്ദേട്ടൻ. ഈ പൊട്ടകണ്ണിക്ക് കിട്ടിയ പടച്ചവന്റെ തുല്യമായ സമ്മാനം.. ആ നന്ദേട്ടന്റെ പേരാണ് ഞാൻ എന്റെ മോൾക്ക്‌ കണ്ടു വെച്ചിരുന്നത് "..... അതു കേട്ടതും നന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...... 

ഷഹാന കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തു.. അച്ഛനും അമ്മയും നിലത്ത് ചമ്രം പടിഞ്ഞു ഇരുന്നു. ഒപ്പം നന്ദനും ഇരുന്നു. ആമിത്തയും രാഖിയും ഷഹാനയുടെ കൂടെ ഇരുന്നു സന്തോഷത്തോടെ അതു നോക്കിയിരുന്നു... 'അമ്മ അച്ഛന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്തു.. അച്ഛൻ അവളെ കൈക്കുമ്പിളിൽ കോരിയെടുത്തു ചുണ്ട് അവളുടെ കുഞ്ഞി കാതിനോട് ചേർത്തു പിടിച്ചു പതിയെ മൂന്നു വട്ടം നന്ദന എന്ന് ചൊല്ലി വിളിച്ചു. ആ വിളി അവൾ കേട്ടതും അവൾ അച്ഛന്റെ കയ്യിൽ കിടന്നു ഒന്നു പുഞ്ചിരിച്ചു... പിന്നെ നന്ദനും അമ്മയും ഷഹാനയും ആമിത്തയും രാഖിയും എല്ലാം അവളെ പേര് ചൊല്ലി വിളിച്ചു........................

പിറ്റേ ദിവസം നന്ദനെ ഡോക്ടർ ക്യാബിനിലോട്ട്  വിളിപ്പിച്ചു... നന്ദന്റെ മനസ്സിൽ ഭയം വീണ്ടും ഉരുണ്ടു കൂടി. എന്തിനായിരിക്കും ഡോക്ടർ വിളിച്ചത്. എന്തെങ്കിലും കുഴപ്പം ഉണ്ടോ  ഷഹാനക്ക്....

നന്ദനും അച്ഛനും ഡോക്ടറുടെ അടുത്തോട്ട് പോയി....

"എന്തിനാ ഡോക്ടർ വിളിപ്പിച്ചത്. ഷഹാനക്കോ കുഞ്ഞിനോ എന്തെങ്കിലും പ്രശ്നം  ഉണ്ടോ... ? "അതു കേട്ടതും ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....

"ഇല്ല അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ല... ഞാൻ നിങ്ങളോട് ഒരു കാര്യം പറയാനാണ് വിളിപ്പിച്ചത് "....
അവർ ഒന്നും മനസ്സിലാകാതെ ഡോക്ടറെ നോക്കി....

"ഇന്നലെ മിസ്റ്റർ നന്ദൻ  ബ്ലഡ് കൊടുത്ത ഒരു പെണ്കുട്ടി ഉണ്ടല്ലോ രാധിക...ആ കുട്ടി മരിച്ചു ".. ആ വാർത്ത കേട്ടതും നന്ദന്റെ ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായി. നന്ദന് തന്റെ  ദേഹം മൊത്തം തളരുന്ന പോലെ തോന്നി... നന്ദൻ ഇരിക്കുന്ന കസേരയിൽ നിന്നും ചാടിയെണീറ്റു ചോദിച്ചു...

"എപ്പോഴാണ് ഡോക്റ്റർ രാധിക മരിച്ചത്..അതു ചോദിക്കുമ്പോൾ അവന്റെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു "... നന്ദന്റെ മനസ്സിലൂടെ നിരഞ്ജന്റെ ദയനീയ അവസ്ഥയിൽ ഉള്ള മുഖവും ആ ചോര കുഞ്ഞിന്റെ മുഖവും രാധികയുടെ മുഖവും എല്ലാം മിന്നി മറഞ്ഞു...

"ഇപ്പൊ കുറച്ചു മുന്നേ ഒരു മണിക്ക്യൂർ ആയികാണും എന്തു ചെയ്യാം. എല്ലാം ദൈവത്തിന്റെ ഓരോ വികൃതികൾ.  പാവം പെണ്കുട്ടി. ആ കുഞ്ഞിന്റെ മുഖം പോലും ആ കുട്ടിക്ക് നല്ല പോലെ ഒന്നു കാണാൻ പറ്റിയില്ല." അതു പറയുമ്പോൾ ഡോക്റ്ററുടെ കണ്ണും നിറഞ്ഞിരുന്നു..... "ഞാൻ നിങ്ങളെ വിളിപ്പിച്ചത് വേറെ ഒരു കാര്യം പറയാനാണ്. ഇപ്പൊൾ പറയാൻ പാടില്ലാത്ത ഒന്നാണ്... മരിച്ച ആ കുട്ടിയുടെ കണ്ണുകൾ ദാനം ചെയ്യാം എന്ന് ആ കുട്ടി എഴുതി ഒപ്പിട്ടു കൊടുത്തിരുന്നത്രെ. നിങ്ങൾ ആ കുട്ടിയുടെ ഹസ്ബന്റുമായി ഒന്നു സംസാരിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ഭാര്യക്ക് ആ കുട്ടിയുടെ കണ്ണുകളിലൂടെ ഈ ലോകം കാണാം.അയാൾ തയ്യാറാണ്.. കാരണം അവളുടെ അവസാനത്തെ ആഗ്രഹം അതായിരുന്നത്രെ... മരിക്കുമ്പോൾ ആണെങ്കിലും ഒരു പുണ്യ  കർമം ചെയ്തിട്ട് ഈ ലോകം വിട്ട് പോകണം എന്നായിരുന്നത്രെ ആ കുട്ടിയുടെ അവസാനത്തെ ആഗ്രഹം. അതറിഞ്ഞപ്പോൾ തന്നെ ഞാൻ ആ കുട്ടിയുടെ ഹസ്ബന്റ് മായി നിങ്ങളുടെ കാര്യം സംസാരിച്ചിരുന്നു. അയാൾ കൊടുക്കാം എന്ന് സമ്മതിച്ചിട്ടും ഉണ്ട്. ഇനി നിങ്ങളും കൂടി ഒന്നു സംസാരിച്ചാൽ മതി...ഞാൻ അയാളെ ഇങ്ങോട്ട് വിളിപ്പിക്കാം "....
ഡോക്റ്റർ സിസ്റ്ററെ വിട്ടു അയാളെ വിളിപ്പിച്ചു. സിസ്റ്റർ അയാളെ കൂട്ടിക്കൊണ്ടു വന്നു...

നന്ദൻ നോക്കിയപ്പോൾ അയാളുടെ കയ്യിൽ അയാളുടെ കുഞ്ഞും ഉണ്ടായിരുന്നു. അയാൾ കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചാണ് കൊണ്ടു വന്നത്. അതു കണ്ടപ്പോൾ നന്ദന്റെ സങ്കടം ഇരട്ടിച്ചു..ഡോക്ടർ അയാളോട് ഇരിക്കാൻ പറഞ്ഞു.അയാൾ നന്ദനേയും അച്ഛനെയും നോക്കി. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല നന്ദന്... അയാൾ വാടി തളർന്നു ആകെ അവശനായിരുന്നു. 

"നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്കറിയാം. പക്ഷെ നിങ്ങളുടെ ഭാര്യയുടെ അവസാനത്തെ ആഗ്രഹം, അത് നടത്തണ്ടേ.. അവയവദാനം മഹാദാനം എന്നല്ലേ. അതിനാത്രം പുണ്യം വേറെ ഒന്നും ഇല്ല ഭൂമിയിൽ. അതു നിങ്ങളുടെ ഭാര്യക്ക് നല്ല പോലെ അറിയാം അതു കൊണ്ടാണ് അവൾ മരിക്കുന്നതിന് മുന്നേ ഇങ്ങനെ ഒരു തീരുമാനം എടുത്തത്...ഇയാളുടെ ഭാര്യക്കാണ് ഞാൻ പറഞ്ഞിരുന്നത് ".

അതു കേട്ടതും അയാൾ തൊണ്ട ഇടറി കൊണ്ട് പറഞ്ഞു..

"അറിയാം ഡോക്റ്റർ എന്റെ രാധുവിന് അവസാനമായി രക്തം കൊടുത്തത് നന്ദനാണ്.. അതിന് പതില് അവൾ അവളുടെ കണ്ണുകൾ തന്നെ ഇപ്പോൾ ഇവർക്ക് കൊടുക്കുന്നു. അത്രക്കും വലിയ മനസ്സാണ് എന്റെ രാധുവിന്റേത്. കൊടുക്കാം സാർ അവളുടെ അവസാനത്തെ ആഗ്രഹമാണ്... അവളെ ഞാൻ അവളുടെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു വന്നതിന് ശേഷം ഇന്നേവരെ അവൾ ഒരു ആഗ്രഹവും എന്നോട് പറഞ്ഞിട്ടില്ല. അവളുടെ അച്ഛനെയും അമ്മയെയും പോലും ഒരു വട്ടം കാണണം എന്ന് പോലും അവൾ എന്നോട് പറഞ്ഞിട്ടില്ല. എന്നിട്ടും ഞാൻ അവളെ അവളുടെ വീട്ടിൽ കൊണ്ടു പോകാം എല്ലാവരെയും കാണിക്കാം ഞാൻ അവരോട് മാപ്പ് പറയാം എന്ന് പറഞ്ഞപ്പോഴും അവൾ പറഞ്ഞത്. അനാഥനായ എന്നെ അംഗീകരിക്കാത്ത അവരെ അവൾക്ക് വേണ്ടാ എന്നാണ്..ആദ്യമായിട്ടും അവസാനമായിട്ടും അവൾ എന്നോട് പറഞ്ഞ ഒരേ ഒരു ആഗ്രഹം  ഇതാണ്. അവൾ എന്നെയും എന്റെ മോനെയും വിട്ടു പോയില്ലേ ഇനി അവളുടെ കണ്ണുകൾ ഞങ്ങൾക്ക് എന്തിനാ..അവളുടെ കണ്ണുകൾ വേറെ ഒരാൾക്ക് വെളിച്ചം ആകുന്നത് ഒരു പുണ്യം അല്ലെ. അവരുടെ പ്രാർത്ഥനയും അവൾക്ക് കിട്ടുമല്ലോ., അവൾക്ക് വീണ്ടും ഈ ലോകം കാണാൻ പറ്റുന്നതിന് തുല്യമല്ലെ അത് ".... അതു പറഞ്ഞു തീർന്നപോഴേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു. സ്വരം ഇടറിയിരുന്നു... അതു കണ്ട നന്ദന്റെയും അച്ഛന്റെയും ഡോക്റ്ററുടെയും കണ്ണുകളെല്ലാം നിറഞ്ഞു...പിന്നെ ഡോക്റ്റർ പറഞ്ഞു...

"ഈ വിഷമഘട്ടത്തിലും നിങ്ങളുടെ ഈ ഉറച്ച വലിയ മനസ്സുണ്ടല്ലോ അതാണ് ഇനിയും നിങ്ങൾക്ക് വേണ്ടത്. നഷ്ട പെട്ടതിനെ ഓർത്തു ഒരിക്കലും വിഷ്‌മിക്കരുത് എന്ന് ഞാൻ പറയില്ല നിങ്ങളുടെ പാതിയാണ് പോയത്. എന്നാലും എല്ലാം നിങ്ങൾ സഹിക്കണം നിങ്ങളുടെ ഈ കുഞ്ഞിന് വേണ്ടി. നമ്മൾ എല്ലാവരും ഒരു ദിവസം ഇവിടം വിട്ട് പോകും. ഇതു ഒരു ചാറ്റൽ മഴയത്ത് മഴ നനയാതെ ഇരിക്കാൻ കയറി നിൽക്കുന്ന ഒരു ഇടത്താവളം മാത്രമാണ്... അവൾ ഈ ഇരുണ്ട ലോകത്ത് നിന്ന് കുറച്ചു നേരത്തെ പോയന്ന് മാത്രം.. ഈ ഒരു അവയവദാനം നാളെ ചരിത്രത്തിൽ തന്നെ ഒരു ഏടായി മാറും ".
അതും പറഞ്ഞു ഡോക്ടർ അയാളുടെ കയ്യിൽ പിടിച്ചു....

ഡോക്ടറുടെ ക്യാമ്പനിൽ നിന്നും പുറത്തോട്ട് വന്നതും നന്ദൻ അയാളുടെ കൈകളിൽ പിടിച്ചു കണ്ണീരോടെ നന്ദി അറിയിച്ചു.... 

"ഈ വിഷമഘട്ടത്തിലും. ഇങ്ങനെ ഒരു പുണ്യം ഞങ്ങൾക്ക് ചെയ്തു തന്ന നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. നിങ്ങളും രാധികയും ഇപ്പോൾ ഞങ്ങൾക്ക് ഈശ്വരന് തുല്യമാണ്. ഞാനും എന്റെ ഭാര്യയും കുഞ്ഞും എന്റെ കുടുംബവും എല്ലാം നിങ്ങളോട് എന്നും കടപെട്ടിരിക്കും. ഞങ്ങളുടെ എല്ലാ പ്രാർത്ഥനയിലും ഞങ്ങൾ നിങ്ങളെ ഉൾപ്പെടുത്തും മരണം വരെ.. ഇതിന് പ്രത്യുപകാരമായി എന്താ ഞാൻ നിങ്ങൾക്ക് തരാ. എന്ത് തന്നാലാണ് ഇതിന് പകരമാകാ..."

അതു കേട്ടതും നിറഞ്ഞ കണ്ണുകളോടെയും നിറഞ്ഞ മനസ്സോടെയും  അയാൾ ഒന്നു മാത്രമേ നന്ദനോട് ആവശ്യപ്പെട്ടൊള്ളൂ....

"എന്റെ കുഞ്ഞിന് അവന്റെ അമ്മയുടെ കണ്ണ് കാണണം എന്ന് തോന്നുമ്പോൾ അവൻ നിങ്ങളുടെ അടുത്തേക്ക് വരും ആ ആഗ്രഹം മാത്രം നിരസിക്കരുത്.. അവന്റെ  അമ്മയുടേതായിട്ട് ഈ ഭൂമിയിൽ ഇനി ഉള്ളത് ആ രണ്ട് കണ്ണുകൾ മാത്രമാണ്.... വല്ലപ്പോഴും അവൻ ആ കണ്ണുകളിൽ നോക്കി അമ്മേ എന്നു വിളിക്കുമ്പോൾ ആ വിളി നിങ്ങൾ കേൾക്കാതിരിക്കരുത്. അവന് അങ്ങനെ വിളിക്കാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ല.. അവനു  അങ്ങനെ വിളിക്കാൻ നിങ്ങളുടെ ഭാര്യയോളം അവകാശം വേറെ ആരെയും ഇല്ല " അതു പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു...ഇതു മാത്രം മതി എനിക്ക് പ്രത്യുപകാരമായി "... അതും പറഞ്ഞു അയാൾ നടന്നു നീങ്ങി...

പിന്നെ എല്ലാം പെട്ടന്നായിരുന്നു. ആ ഹോസ്പിറ്റലിലെ ഒരു കണ്ണു സ്പെഷ്യലിസ്റ്റ് സർജൻ തന്നെ രാധികയുടെ കണ്ണുകൾ ഷഹാനയുടെ കണ്ണിൽ വെച്ചു പിടിപ്പിച്ചു. ഷഹാന ആദ്യമായിട്ട് ഈ ലോകം കാണാൻ പോകുന്നു... 

ആഴ്ചകൾക്ക് ശേഷം...... ഇന്ന് ഷഹാനയുടെ കണ്ണിലെ കെട്ടഴിക്കുന്ന ദിവസമാണ്.എല്ലാവരും ഷഹാനയുടെ ചുറ്റും കൂടി നിന്നു. മുൻനിരയിൽ തന്നെ നന്ദൻ നിന്നിരുന്നു. അവളുടെ അരികത്തായിട്ട് . ഡോക്ടർ ഷഹാനയുടെ കണ്ണുകളിലെ കെട്ട് പതുക്കെ അഴിച്ചു. 

"ഷഹാന ഇനി പതുക്കെ കണ്ണു തുറക്കൂ...".

അതു കേട്ടതും ഷഹാന പതുക്കെ കണ്ണുകൾ തുറന്നു... അവളുടെ കണ്ണുകളിൽ  പ്രകാശം സൂചി കണക്കെ കുത്തികയറുന്ന പോലെ അവൾക്കു തോന്നി. അവൾ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചു. അതു കണ്ട ഡോക്ടർ കണ്ണുകൾ വീണ്ടും തുറക്കാൻ പറഞ്ഞു.അവൾ പതുക്കെ തുറന്നു... എല്ലാം ഒരു മങ്ങിയ വെളിച്ചത്തിൽ അവൾ കാണാൻ തുടങ്ങി. അവൾ എല്ലാവരെയും നോക്കി..അവൾക്ക് ആരെയും വ്യക്തമായി മനസ്സിലായില്ല. അതു കണ്ട ഡോക്ടർ അവളോട്‌ ചോദിച്ചു ;

"ഇത് ആരൊക്കെയാണെന്ന് മനസ്സിലായോ ഷഹാനക്ക്..."

അതു കേട്ടതും അവളുടെ മുഖത്തേക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്ന നന്ദനെ നോക്കി കൊണ്ട് ഇടറുന്ന സ്വരത്തിൽ പറഞ്ഞു.. എന്റെ നന്ദേട്ടൻ... അതു കേട്ടതും നിറഞ്ഞ കണ്ണുകളോടെ നന്ദൻ അവളെ വിളിച്ചു വാവേ എന്ന്.... 

പിന്നെ അമ്മ കുഞ്ഞിനെയും കൊണ്ട് അവളുടെ അരികിൽ ഇരുന്നു. അവൾ ആദ്യമായി അവളുടെ കുഞ്ഞിനെ കണ്ടു അവൾ കുഞ്ഞിനെ തുരു തുരാ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു. " എന്റെ കുഞ് ". അവൾ അമ്മയുടെ നെഞ്ചിൽ തലചായിച്ചു കൊണ്ട് "'അമ്മ എന്ന് വിളിച്ചു. ആ വിളികേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തൂവി 'അമ്മ അവളുടെ ശിരസ്സിൽ ഉമ്മവെച്ചു. പിന്നെ ആമിത്തയെ നോക്കി വിളിച്ചു. എന്റെ ആമിത്ത എന്റെ ഉമ്മ. അതു കേട്ടതും ആമിത്തയുടെ കണ്ണും മനസ്സും നിറഞ്ഞു. പിന്നെ അച്ഛനെയും രാഖിയെയും ഓരോരുത്തരെയും  ശബ്ദം   മനസ്സിലാക്കി പേര് വിളിച്ചു.അവരെല്ലാം വാത്സല്യത്തോടെ സ്നേഹം കൊണ്ട് അവളെ പൊതിഞ്ഞു... പിന്നെ അവൾ ഒരാളെയും കൂടി അന്വേഷിച്ചു വേറെ ആരെയും അല്ല... അവൾക്ക് കണ്ണു കൊടുത്ത രാധികയുടെ ഭർത്താവ് നിരഞ്ജനേയും കുഞ്ഞിനെയും... അവൾ അവൾക്ക്‌ അവരെ കാണണം എന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി.  

ആമിത്തയെ നന്ദൻ വീട്ടിൽ കൊണ്ടു വിടാൻ നിന്നതും ഷഹാന ആമിത്തയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... ആമിത്തയെ നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്രയാക്കി.. ആമിത്തയെ വീട്ടിൽ കൊണ്ടു വിട്ട് നന്ദൻ തിരിച്ചു വന്നതും എല്ലാവരും കൂടി നേരെ പോയത്, നിരഞ്ജനേയും കുഞ്ഞിനെയും കാണാൻ ആയിരുന്നു... 

അവൾ നിരഞ്ജന്റെ മുന്നിൽ നിറഞ്ഞ കണ്ണുകളോടെ കൈ കൂപ്പി നിന്ന് നന്ദി അറിയിച്ചു. പിന്നെ നിരഞ്ജന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തുരു തുരെ ഉമ്മ വെച്ചു കൊണ്ട് കുഞ്ഞിനെയും കൊണ്ട്, രാധികയുടെ കുഴിമാടത്തിൽ  നിന്നു നിറ കണ്ണുകളോടെ പറഞ്ഞു... 

"നിന്റെ കുഞ്ഞു ഒരിക്കലും അമ്മയില്ലാതെ വളരില്ല. ഇനി ഇവന്റെ അമ്മ ഞാനാണ്... എനിക്ക് ഇനി രണ്ട് മക്കളാണ്...." 

അപ്പോഴാണ് കുഞ്ഞു അവളുടെ കയ്യിൽ കിടന്നു വിശന്ന് കരഞ്ഞത്. അതു മനസ്സിലായ ഷഹാന നിരഞ്ജനോട് ചോദിച്ചു അവന് മുല കൊടുത്തോട്ടെ എന്ന്. നിരഞ്ജൻ നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു കൊണ്ട് നിറഞ്ഞ മനസ്സാലെ കൊടുക്കാൻ പറഞ്ഞു.. ഷഹാന അവന് മുല കൊടുത്തു. അവന്റെ ചുണ്ട് മുലയിൽ തട്ടിയതും ഷഹാന അപ്പോൾ മുതൽ അവന്റെ അമ്മയും കൂടി ആവുകയായിരുന്നു. അപ്പോഴാണ് മറ്റവളും വിശന്ന് കരഞ്ഞത്. നന്ദൻ അവളെയും ഷഹാനയുടെ കൈകളിൽ കൊടുത്തു. അവൾക്കും മുല കൊടുത്തു.... അവളുടെ രണ്ട് കരങ്ങളിൽ കിടന്നു രണ്ടു കുഞ്ഞുങ്ങളും മുല കുടിക്കുമ്പോൾ, ആ രണ്ടു കുഞ്ഞുങ്ങളുടെയും കുഞ്ഞി കൈകൾ  അവർ കോർത്തു പിടിച്ചിരുന്നു... അതു കണ്ട നന്ദന്റെയും നിരഞ്ജന്റെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... അന്ന് മുതൽ അവിടെ ഒരു ആങ്ങളയും പെങ്ങളും പിറക്കുകയായിരുന്നു... നന്ദൻ നിരഞ്ജനോട്  മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരിയോടെ  പറഞ്ഞു......

"നിരഞ്ജൻ ഇന്ന് മുതൽ നിങ്ങൾ എന്റെ കൂടപിറപ്പാണ്.. ഇന്ന് മുതൽ എന്റെ മകൾക്ക് ഒരു സഹോദരനെ കിട്ടി. നിന്റെ മകന് ഒരു സഹോദരിയെയും കിട്ടി..... ഇനി ഇവരായിരിക്കട്ടെ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത സഹോദരങ്ങൾ....ഇനി ഇവരിലൂടെ തുടങ്ങട്ടെ നാളത്തെ നല്ല ഒരു അധ്യായം..........

ഷഹാന കുഞ്ഞിനെ നിരഞ്ജന്റെ കയ്യിൽ തിരിച്ചേല്പിക്കുമ്പോൾ അവളുടെ മാതൃത്വം വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ  കുഞ്ഞിനെ മാറോട് അണച്ചു പിടിച്ചു ഉമ്മവെച്ചു... അതു കണ്ട നിരഞ്ജന്റെ കണ്ണും മനസ്സും നിറഞ്ഞു.. അതു കണ്ടു കൊണ്ടിരുന്ന അച്ഛന്റെയും അമ്മയുടെയും രാഖിയുടെയും കണ്ണുകൾ നിറഞ്ഞു. അവൾ കുഞ്ഞിനെ നിരഞ്ജന്റെ കയ്യിൽ മനസ്സല്ലാ മനസ്സോടെ തിരിച്ചേല്പിച്ചു.... ഇനി പിന്നൊരിക്കൽ വരാം എന്നും പറഞ്ഞു... കുറച്ചു ദിവസ്സം കഴിഞ്ഞു നിരഞ്ജനോട് കുഞ്ഞിനെയും കൊണ്ട് വീട്ടിലോട്ട് വരാനും പറഞ്ഞു. കുറച്ചു ദിവസം അവിടെ താമസിക്കണം എന്നും പറഞ്ഞു. നരഞ്ജൻ വരാം എന്ന് സമ്മതിച്ചു. നിരഞ്ജൻ അവരെ നിറഞ്ഞ മനസ്സാലെ യാത്രയാക്കി......

വീട്ടിൽ എത്തിയതും 'അമ്മ കുഞ്ഞിനെ രാഖിയുടെ കയ്യിൽ ഏല്പിച്ചു അകത്തു പോയി ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കുമായി വന്നു ഷഹാനയുടെ വലതു കയ്യിൽ കൊടുത്തു. ആരതി ഉഴിഞ്ഞു നിറഞ്ഞ മനസ്സാലെ വലതു കാൽ വെപ്പിച്ചു അകത്തു കയറ്റി......

രാത്രി എല്ലാവരും ചിരിയും കളിയുമായി ഭക്ഷണം എല്ലാം കഴിച്ചു. ഇന്ന് ആ നാലുകെട്ടിനുള്ളിൽ ആഘോഷത്തിന്റെ രാത്രിയാണ്...... രാത്രി എല്ലാവരും മാനത്തു ഉദിച്ചു നിൽക്കുന്ന ചന്ദ്രകലയുടെ അരണ്ട വെളിച്ചത്തിൽ നടുമുറ്റത്തു കൂടിയിരുന്നു....

അപ്പോഴാണ് അച്ഛൻ ഷഹാനയോട് ഒരു ആഗ്രഹം പറഞ്ഞത്.....

"മോളേ... വാവേ.. ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും നിന്റെ ആ ഗിറ്റാർ വായന ഒന്നു കേൾക്കണം.. നന്ദു പറഞ്ഞു. മോള് നന്നായിട്ട് ഗിറ്റാർ വായിക്കും എന്ന് നിന്റെ ഒരു ഫേവറേറ്റ് പാട്ടും ഉണ്ടന്ന്....ആ പാട്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവർക്കും ഒന്നു കേൾക്കണം.... അതു കേട്ടതും അവൾ ഒരു പുഞ്ചിരിയോടെ വായിക്കാം എന്നു പറഞ്ഞു...

രാഖി അകത്തു പോയി ഷഹാനയുടെ ഗിറ്റാറുമായി വന്നു... ഷഹാന ഗിറ്റാർ വാങ്ങി എല്ലാവരെയും ഒരു പുഞ്ചിരിയോടെ നോക്കി. പിന്നെ അവൾ അവൾക്ക് ദൈവം വരാധാനമായി നൽകിയ കണ്ണുകൾ അടച്ചു പിടിച്ച് നന്ദന്റെ മാറോട് ചാരിയിരുന്നു... ഗിറ്റാറിൽ....തളിരണിഞ്ഞൊരു കിളി മരത്തിന്റെ എന്ന മിന്നാരം സിനിമയിലെ ആ ഫേവറേറ്റ് ഗാനം ഗിറ്റാറിൽ അവൾ സാഗരം തീർത്തു... ആ പാട്ട് കുഞ്ഞു നന്ദന അമ്മയുടെ മടിയിൽ കിടന്നു ആസ്വദിച്ചു... ഗിറ്റാറിൽ ഈണം ആ സായം സന്ധ്യയിൽ ആ നാലുകെട്ടിന്റെ അകത്തളങ്ങളിൽ സാഗരം കണക്കെ അലയടിച്ചു കൊണ്ടിരുന്നു..ഫൈസൽകണിയാരി

#ശുഭം......🙏

                 #അവസാനിച്ചു...

#Thanks_all

രചന : ഫൈസൽ കണിയാരി 
Faisal Babu Nashva

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌