മാഞ്ഞു പോയ നിലാവ് | SHORT STORY | ✍️സുധീന അൻസാദ്
മാഞ്ഞു പോയ നിലാവ്
**************************
റംലാ.......
അടുക്കളയിൽ തീ ഊതികൊണ്ടിരുന്ന റംല വിളിച്ചു തീരുന്നതിനു മുന്നേ മുൻപിലെത്തി.കിതച്ചു കൊണ്ടവൾ ചോദിച്ചു. എന്താ ഇക്ക വിളിച്ചത്?
ഇവിടിരുന്ന എന്റെ വാച്ച് എവിടെ? ഒരു സാധനം വെച്ച വെച്ചിടത്തുണ്ടാവില്ല. അതെങ്ങനെയാ നിനക്ക് ഇതു വല്ലോം അറിയണോ. കുറേ തിന്നാൻ മാത്രം അറിയാം. കണ്ടില്ലേ ചക്കുരുള പോലെ ഇരിക്കുന്നത്.
നിറഞ്ഞു വന്ന കണ്ണുകൾ അയാൾ കാണാതെ തുടച്ചവൾ വാച്ച് എടുത്തു കൊടുത്തു. ഇന്നലെ മേശമേൽ വെച്ചിരുന്നത് ഇളയ മോൻ കളിച്ചു നടന്നപ്പോൾ കൈ കൊണ്ടു താഴെ വീണിരുന്നു. ഓടിപ്പോയി അതെടുത്തു ഭദ്രമായി അലമാരയിൽ വെച്ചതാണ്.
ആ ഞാൻ ഇറങ്ങുവാ.... എന്തെങ്കിലും മേടിക്കാൻ ഉണ്ടോ വരുമ്പോൾ.
അത്.... അത് പിന്നേ... എനിക്കൊരു...
ഹാ.... ഞാൻ ഇറങ്ങി വരുമ്പോൾ വിളിക്കാം... അപ്പൊ പറഞ്ഞാൽ മതി. നീ തന്നന്നം പാടി നിന്നാൽ കച്ചോടം വേറെ വല്ലോരും കൊണ്ടോകും.
പോകുമ്പോൾ തന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിലെന്നവൾ വെറുതെ മോഹിച്ചു. നിസാറിക്കാക്ക് അതൊക്കെ ഇപ്പോൾ കുറച്ചിലാണ്. മക്കളൊക്കെ വലുതായീ എന്ന്. മൂത്ത മോൾ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. രണ്ടാമത്തവൾ ഏഴിൽ.. മൂത്ത മോൾ എട്ടിൽ പഠിക്കുമ്പോഴാണ് വീണ്ടും ഗർഭിണി ആയത്.ഇക്കാക്ക് ആൺകുട്ടികളെ ഇഷ്ടമായത് കൊണ്ട് കുറേ നേർച്ചകൾ നേർന്നു. ഇക്ക ഒരിക്കൽ അത് പറയുകയും ചെയ്തു. നിന്നെ കൊള്ളൂല്ലാഞ്ഞിട്ടാണ് എനിക്ക് ആൺകുട്ടികൾ ഉണ്ടാവാത്തതെന്ന്.... കേട്ടപ്പോൾ ചങ്ക് തകർന്നു പോയി. ആണായാലും പെണ്ണായാലും എല്ലാം റബ്ബിന്റെ അനുഗ്രഹമല്ലേ.... ഇക്കാക്ക് പൊറുത്തു കൊടുക്കണേ എന്ന് പറഞ്ഞു അടുത്തത് ഒരാൺകുട്ടി ആവാൻ മനമുരുകി പ്രാർത്ഥിച്ചു. രണ്ടാമത്തെ മോൾക്ക് സാധാരണ കുട്ടികളുടേത് പോലെ മിടുക്കില്ല. എല്ലാത്തിനും ഞാൻ ഒറ്റൊരാളാണ് കാരണം എന്നാ ഇക്ക പറയുന്നേ.... റബ്ബിന്റെ മുന്നിൽ കരയാനല്ലാതെ എന്ത് ചെയ്യാൻ......
ഉമ്മീ..... ഉമ്മീ..... എനിക്ക് പോകാൻ സമയമായി. നിങ്ങളിതെന്ത് സ്വപ്നം കണ്ടു നിക്കാ.... വേഗം ചോറെടുത്തു വെക്ക്.
മൂത്ത മോൾടെ വിളി കേട്ടാണ് അവൾ ഓർമയിൽ നിന്ന് ഉണർന്നത്.
നിനക്കത് ആ പത്രത്തിലേക്ക് എടുത്ത് കൂടെ നാസി മോളേ...
ഓ... നിങ്ങൾക്കിവിടെ കിനാവ് കണ്ടു ഇരുന്നാൽ മതിയല്ലോ.... എനിക്കിപ്പോ ബസ് വരും എന്തേലും കഴിക്കട്ടെ... ഉമ്മിക്ക് പറ്റുമെങ്കിൽ എടുത്ത് താ. അല്ലേൽ ഞാൻ ഉപ്പാനോട് കാശ് മേടിച്ചു പുറത്തൂന്ന് എന്തേലും മേടിപ്പിച്ചോളാം.
ഓ... അതിനാണെങ്കിൽ ഞാൻ പിന്നെ എന്തിനാ വെളുപ്പിനെ എണീച്ചു ഇതൊക്കെ ഉണ്ടാക്കുന്നെ?
ഹാ... ഇനി കഥ പറയാൻ തുടങ്ങേണ്ട. എനിക്ക് കേട്ടോണ്ട് നിൽക്കാൻ നേരമില്ല. എന്നും ഇതൊക്കെ തന്നെയല്ലേ...
എല്ലാരും ഇറങ്ങി. റംല ബാക്കിയുള്ള പണികളിലേക്ക് നീങ്ങി. ഇക്കാടെ ഉമ്മാക്ക് വയ്യാത്തത് കൊണ്ടു അങ്ങനെ പണി ഒന്നും ചെയ്യൂല്ല. എന്തെങ്കിലും അരിഞ്ഞു തരും അത്ര തന്നെ. തുടക്കാൻ ഒരുങ്ങീട്ട് അവളെ കൊണ്ടു പറ്റുന്നില്ല. രണ്ട് മൂന്ന് ദിവസമായി നല്ല നടുവേദന. കാര്യം ദേഷ്യക്കാരൻ ആണെങ്കിലും നിസാരിക്കാക്ക് ഉള്ളിൽ സ്നേഹമുണ്ട്. പുറമേ പ്രകടിപ്പിക്കാൻ അറിഞ്ഞൂടാ. പക്ഷേ മറ്റുള്ളവരുടെ മുൻപിൽ വെച്ച് തന്നെ കളിയാക്കുകയും താഴ്ത്തി കെട്ടുകയും ചെയ്യുന്നത് കേൾക്കുമ്പോൾ ഉള്ളം വിങ്ങും.ഒരു കണക്കിന് തുടച്ചു പൂർത്തിയാക്കി അവൾ നിസാറിനെ വിളിച്ചു.
ആകെ ദേഷ്യത്തിൽ നിന്നിരുന്ന അവൻ ഫോൺ എടുത്തതും അവളുടെ നേരെ ചൂടായി. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. കച്ചോടത്തിനു പോകുമ്പോൾ ഇങ്ങനെ ഇടക്ക് വിളിക്കരുതെന്ന്. അതെങ്ങനെയാ അനുസരണ വഴീൽ കൂടി പോയിട്ടില്ലല്ലോ. നിന്റെയൊക്കെ തിരു മോന്ത കണ്ടിറങ്ങിയാൽ ഇതല്ല ഇതിലപ്പുറവും വരും. വീടിന് പുറത്തേക്കിറങ്ങുന്നവരുടെ ബുദ്ധിമുട്ട് വല്ലോം നിനക്കൊക്കെ അറിയണോ.. മൂന്ന് നേരം മുടങ്ങാതെ തിന്നാൻ കിട്ടിയ മതിയല്ലോ..... വെച്ചിട്ട് പോടീ....
റംലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു ഓയിന്മെന്റ് വാങ്ങിക്കാൻ പറയാൻ വിളിച്ചതാണ്.
എല്ലാം കഴിഞ്ഞു പതിനൊന്നു മണി ആയി അവൾ മോനെ എടുത്ത് തൊട്ടിലിൽ കിടത്താൻ നോക്കിയിട്ട് നടക്കുന്നില്ല. അവളുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് നിസാർ അവൾ ഉച്ചക്ക് വിളിച്ച കാര്യം ഓർത്തത്.
റംലാ.....
അവൾ ശബ്ദം ഉണ്ടാക്കാതെ അവനെ നോക്കി.
നീ എന്തിനാ ഇന്ന് വിളിച്ചത്? നിനക്കെന്താ സുഖമില്ലേ?അവൻ മോനെ വാങ്ങി തൊട്ടിയിൽ കിടത്തി. അവളെ അരികിലേക്ക് ചേർത്ത് നിർത്തി.
ഒഴുകി വന്ന അവളുടെ കണ്ണുനീർ കാൺകെ അവന്റെ ഉള്ളം നീറി. എന്തൊക്കെ പറഞ്ഞാലും തന്റെ ജീവന്റെ പാതിയാണവൾ. തന്റെ കുട്ടികളുടെ ഉമ്മി.... ജോലിയിലെ ബുദ്ധിമുട്ടും മൂത്തമോനോടുള്ള വാപ്പാടെ സ്നേഹ പ്രകടനങ്ങളും ഒക്കെ കാണുമ്പോൾ തോന്നുന്ന ദേഷ്യവും ഒറ്റപ്പെടലും എല്ലാം തീർക്കുന്നത് ഇവളിലാണ്. പാവം ഇന്നുവരെ തന്റെ ഒരു കാര്യത്തിനും മുടക്ക് വരുത്തിയിട്ടില്ല.
പിറ്റേന്ന് തന്നെ അവൻ അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോകാമെന്നവൻ പറഞ്ഞു. പക്ഷേ അവന്റെ തിരക്കുകൾ തീർന്നപ്പോൾ രാത്രിയായി.
അവൾ പിറ്റേന്ന് അവളുടെ ആങ്ങളയുടെ ഭാര്യയുടെ കൂടെ പോയി ഡോക്ടറെ കണ്ടു.വിശദമായി തന്നേ പരിശോധിച്ചു. എന്തോ സംശയം തോന്നിയ ഡോക്ടർ കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ എടുത്തു. ഒരാഴ്ചക്കകം റിസൾട്ട് വന്നു.
ക്യാൻസർ!!!
ആരെയും അവളൊന്നും അറിയിച്ചില്ല.റിസൾട്ട് അവൾ ഒറ്റക്കാണ് പോയി മേടിച്ചത്. നാത്തൂന്റെ ചോദ്യത്തിന് കുഴപ്പമൊന്നുമില്ല എന്നവൾ പറഞ്ഞു.പഴയത് പോലെ തന്നെ അവൾ എല്ലാരോടും പെരുമാറി. അവളുടെ ശരീരത്തിന്റെ എൻപത് ശതമാനവും കാൻസർ കാർന്നിരിക്കുന്നു.... ഓരോ ദിവസവും അവൾ വല്ലാതെ ക്ഷീണിച്ചു വന്നു. ഒരു ദിവസം വൈകുന്നേരം നിസ്ക്കാരപായയിൽ കിടന്നുറങ്ങുന്ന അവളെ കണ്ട് അയാൾ മുറിയിലേക്ക് കയറി.മോൻ കിടന്നു കരയുന്നത് കെട്ടിട്ടും എണീറ്റ് വരാത്ത അവളുടെ കിടപ്പ് കണ്ട് അയാൾ അവളുടെ അരികിൽ ചെന്നു......
********************************************
വാപ്പീ..... വാ നേരം ഇരുട്ടി... നമുക്ക് വീട്ടിൽ പോകാം.....
റംലായുടെ ഖബറിനരികിൽ ഇരുന്ന നിസാറിനെ ആ ഏഴു വയസ്സുകാരൻ വിളിച്ചെഴുന്നേൽപ്പിച്ചു. അഞ്ച് വർഷം..... അതേ ഇപ്പോ ഇരുട്ടാണ്.... ഈ അഞ്ച് വർഷമായി ആ ഇരുട്ടിനെ ഞാനും അറിയുന്നു. എന്റെ ജീവിതത്തിലെ നിലാവ് മാഞ്ഞിട്ട് ഇന്ന് അഞ്ച് വർഷമായി........
✍️സുധീന അൻസാദ് (അൻസു )
Comments
Post a Comment